കാന്‍സര്‍ കൂടുന്നുവെന്നതില്‍ സംശയമില്ല

അനില്‍ മംഗലത്ത്

കാന്‍സര്‍ സംബന്ധിച്ചു വേണ്ടത്ര ബോധവത്കരണം നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ടോ? ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നും മാറില്ലെന്നും പലരും ഇപ്പോഴും കരുതുന്നുണ്ടോ?

വളരെ സങ്കടകരമായ അവസ്ഥയാണ് പ്രബുദ്ധ കേരളത്തില്‍ കാന്‍സര്‍ സംബന്ധിച്ചുള്ളത്. ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് ഡോക്ടറെ കാന്‍സര്‍ പകര്‍ച്ചവ്യാധിയല്ലേയെന്ന്. രോഗികളായ മുതിര്‍ന്നവരുടെ അടുത്തു കുട്ടികളെ പോകാന്‍പോലും പലരും അനിവദിക്കാറില്ല. കുഷ്ഠരോഗത്തിനു സമാനമായ സ്ഥിതിയിലാണു രോഗിയെ കാണുന്നത്. കാന്‍സര്‍ ചികിത്സിച്ചാല്‍ മാറില്ലെന്ന തെറ്റായ വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ഭയമാണിതിനു പിന്നില്‍ . വന്നാല്‍ കുടുംബം കുളംതോണ്ടിപോകുമെന്നു ഭയന്നു പലരും പരിശോധനയ്ക്കു പോലും പോകില്ല. എന്നാല്‍ ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും മാറാത്ത ബിപിയും പ്രമേഹവുമായി താരതമ്യം ചെയ്താല്‍ വളരെ ഭേദപ്പെട്ട ചികിത്സ കാന്‍സറിനുണ്ട് എന്നാല്‍ എം. ബി. ബി. എസ്സ് തലത്തില്‍ പോലും കാന്‍സര്‍ ചികിത്സയുടെയും ബോധവല്‍ക്കരണത്തിന്റെയും രീതികള്‍ നമുക്കില്ല. സയന്‍സ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുപോലും ഈ രോഗം മാറുമെന്ന് അറിയില്ല. ഇക്കാര്യത്തില്‍ വേണ്ടതു സഹജീവി സ്നേഹവും സാമാന്യയുക്തിയുമാണ്. സാധാരണ ക്ളിനിക്കിലെ ഡോക്ടര്‍മാര്‍ ഒരു കാന്‍സര്‍ രോഗി വന്നാല്‍ പ്രാഥമിക സഹായം പോലും ചെയ്യാതെ കാന്‍സര്‍ സെന്ററുകളിലേക്കുപറഞ്ഞുവിടുകയാണ്. ഏതു മരുന്ന് കൊടുക്കാം. ഏതു നല്‍കരുത് എന്നു മനസ്സിലാക്കാന്‍ പോലും ഈ ഡോക്ടര്‍മാര്‍ മിനക്കെടുന്നില്ല. ഇന്നസെന്റിനെയും ലീലാമേനോനെയും പോലുള്ള പ്രശസ്തര്‍ തങ്ങളുടെ കാന്‍സര്‍ ചികിത്സാ അനുഭവങ്ങള്‍ പറയാന്‍ മുന്നോട്ടുവരുന്നതു വലിയ ഗുണം ചെയ്യും. എന്നാല്‍ നമ്മുടെ സിനിമകളില്‍ കാന്‍സര്‍ വന്നു മാറി സാധാരണ ജീവിതം നയിക്കുന്നവരെ കാണാനേയില്ല. സ്കൂളില്‍ പടിക്കുമ്പോള്‍ കാന്‍സര്‍ വന്നിട്ടു ചികിത്സിച്ചു മാറി പഠിച്ചു ഡോക്ടര്‍മാരായവര്‍ നമുക്കിടയിലുണ്ട്. കാന്‍സര്‍ ബോധവത്കരണം സ്കൂള്‍ സിലബസ്സു മുതല്‍ കൊണ്ടുവന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഗുണമുണ്ടാകും. സ്തനാര്‍ബുദം വഷളായി വരുന്ന രോഗികളോടു ഞാന്‍ ചോദിക്കും ടീച്ചറാണോ? നല്ലൊരു ശതമാനം പേരും ടീച്ചര്‍മാരാണ്. കാരണം , കാന്‍സര്‍ വന്നാല്‍ ദുരഭിമാനം മൂലം ഒളിച്ചുവയ്ക്കാനും പറയാതെ കൊണ്ടു നടക്കാനും കൂടുതല്‍ ശ്രമിക്കുന്നത് അവരാണ്. ഇതിനു മറുവശം കൂടിയുണ്ട്. പാരമ്പര്യരോഗമാണെന്നും മകളുടെ കല്യാണം മുടങ്ങുമെന്നൊക്കെ പലരു ഭയക്കുന്നുമുണ്ട്.

 

സത്യത്തില്‍ കാന്‍സറില്‍ കുറച്ചു പാരമ്പര്യഘടകങ്ങള്‍ ഇല്ലേ?

വളരെ കുറച്ചു മാത്രമേയുള്ളു. മൊത്തമെടുത്താല്‍ പരമാവധി 10 ശതമാനം വരെ. എന്നാല്‍ അമ്മ കീമോതെറപ്പി നടത്തിയിട്ടുണ്ടെങ്കില്‍ മകളും നടത്തേണ്ടിവരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് വലിയ കഷ്ടമാണ്. കാന്‍സര്‍ ഒരു ശതമാനം പോലും പകരില്ല. ചില വൈറസ് രോഗങ്ങള്‍ വന്നാല്‍ ആ വൈറസുകളുടെ ജീനിന്റെ ഒരു ഭാഗം നമ്മുടെ ജീനിലേക്കു കടക്കും. അങ്ങനെയാണു വൈറസ് ബാധയില്‍ നിന്നു കാന്‍സര്‍ ഉണ്ടാകുന്നത്. അല്ലാതെ പകരുന്നതല്ല.

 

കാന്‍സര്‍ കേരളത്തില്‍ വന്‍തോതില്‍ കൂടുന്നുണ്ടോ? പരിശോധനകള്‍ കൂടിയതുകൊണ്ടു രോഗികളുടെ എണ്ണം കൂടിയെന്നു തോന്നുന്നതാണോ?

കാന്‍സര്‍ മലയാളികളുടെ ഇടയില്‍ കൂടുന്നുവെന്നതില്‍ സംശയമില്ല. മൂന്നു തരത്തിലാണിത്. . കേരളത്തില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സ്വഭാവികമായും അവരില്‍ കാന്‍സര്‍ കൂടുതലാണ്. പരിശോധനകള്‍ മൂലം കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു ശരിക്കുള്ള വര്‍ധനതന്നെയാണ്. പുകയില , പാന്‍, അന്തരീക്ഷമലിനീകരണം , കീടനാശിനികളുടെ ഉപയോഗം , റേഡിയേഷന്‍ പ്രശ്നങ്ങള്‍ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്സ്റ്റൈല്‍ മാറ്റങ്ങള്‍ വരെ ഇതിനു കാരണമാകുന്നു. പാന്‍പരാഗ് പോലുള്ളവയുടെ ഉപഭോഗം വര്‍ധിച്ചതിനാല്‍ തലയിലെയും കഴുത്തിലെയും അര്‍ബുദം കേരളത്തില്‍ ഇടയ്ക്കു വീണ്ടും വര്‍ധിച്ചത് ഏറ്റവും ഭീഷണിപ്പെടുത്തുന്ന വസ്തുതയാണ്. ഹോര്‍മോണ്‍ കലര്‍ന്ന മാംസഭക്ഷണം, കീടനാശിനി കലര്‍ന്ന പഴങ്ങള്‍ , പച്ചക്കറികള്‍ , ഗര്‍ഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാന്‍സര്‍ വര്‍ധിപ്പിക്കുന്നവയാണ്. ഇതു സംബന്ധിച്ച ശരിയായ പഠനങ്ങള്‍ നമ്മുടെ ഇടയില്‍ ഇല്ലെങ്കിലും സെര്‍വിക്കല്‍ (ഗര്‍ഭാശയഗള) കാന്‍സറിനേക്കാള്‍ കൂടൂതല്‍ ഇപ്പോള്‍ കേരളത്തില്‍ സ്തനാര്‍ബുദം കാണുന്നു. ആര്‍ത്തവം നേരത്തെയാകുന്നവരിലും ആര്‍ത്തവപ്രശ്നങ്ങള്‍ കൂടൂന്നവരുടെയിടയിലും കാന്‍സര്‍ വര്‍ധിക്കുന്നുണ്ടോയെന്നു കൂടൂതല്‍ പഠിക്കേണ്ടതുണ്ട്. എന്തായാലും മുമ്പു 40 കഴിഞ്ഞവരിലായിരുന്നു സ്തനാര്‍ബുദം വന്നിരുന്നത്. ഇന്നതു 25 വയസ്സിന് അടുത്തു വന്നു

 

കാന്‍സറിന്റെ വര്‍ധനയില്‍ വന്ന മാറ്റം ചികിത്സയില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ടോ? രണ്ടാമതു കാന്‍സര്‍ വരുമെന്ന ഭീതി ഇപ്പോഴും വ്യാപകമാണല്ലോ?

സത്യത്തില്‍ കാന്‍സര്‍ ചികിത്സ നല്‍കുന്നതല്ല ഇപ്പോഴത്തെ ബുദ്ധിമുട്ട്. രോഗിയെയും ബന്ധുക്കളെയും സമുഹത്തെയും ഇതു സംബന്ധിച്ചു ബോധവല്‍ക്കരിക്കുന്നതാണ്. എരിതീയില്‍ നിന്നും വറചട്ടിയിലേക്കാണ് ഒരു കാന്‍സര്‍ രോഗിയുടെ യാത്ര. ചികിത്സാസമയത്ത് ആശുപത്രിയിലെ പരിചരണവും അടുത്ത ബന്ധുക്കളും ഒപ്പമുണ്ട്. അതു കഴിഞ്ഞാല്‍ ആരുമില്ല. ഇക്കാര്യത്തില്‍ ആര്‍. സി. സി പോലുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ബോധവത്കരണം നടത്തുന്നില്ല, രണ്ടാമതും രോഗം വരുന്നതു രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ്. ആദ്യം വന്നപ്പോഴുള്ള രോഗത്തിന്റെ തീവ്രതയും ഏതുതരം കാന്‍സറാണെന്നതും ആദ്യം രോഗം വന്ന കാരണവും സാഹചര്യവും വീണ്ടും ഉണ്ടായാല്‍ രോഗം തിരിച്ചുവരാം. എന്നാല്‍ , കാന്‍സര്‍ പൂര്‍ണമായി മാറി എന്നു ബോധ്യമായാലും അവരെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാകുന്നില്ല. കാന്‍സര്‍ മാറിയ കുട്ടിക്കു കോളേജ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവത്തിലെ പ്രതി വിപ്ളവസംഘടന തന്നെയായിരുന്നു. രോഗം മാറി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നാട്ടുകാരുടെ ചോദ്യശരങ്ങള്‍ ഭയന്നു പള്ളിയില്‍ പോലും പോകാത്തവരുണ്ട്.

 

സാധാരണക്കാരനു കേരളത്തില്‍ മികച്ച കാന്‍സര്‍ ചികിത്സ കിട്ടുന്നുണ്ടോ? വിദേശങ്ങളില്‍ മാത്രമേ മികച്ച കാന്‍സര്‍ ചികിത്സ ഉള്ളുവെന്ന് ചിലര്‍ക്കു പക്ഷമുണ്ട്?

ലോകത്തില്‍ കൊടുക്കാന്‍ പറ്റുന്ന മികച്ച ചികിത്സ ഇന്നു കേരളത്തിലും നല്‍കാനാകും. യുവരാജ് സിംഗ് ഒക്കെ ചികിത്സയ്ക്കു പുറത്തുപോകേണ്ട ഒരു കാര്യവുമില്ല. മികച്ച പരിശോധനാമാര്‍ഗങ്ങള്‍, മരുന്നുകള്‍, ശസ്ത്രക്രിയ തുടര്‍ ചികിത്സാപദ്ധതികള്‍ എല്ലാം നമുക്കുണ്ട്. സിനിമയിലൊക്കെ കാണിക്കുന്ന വിദേശത്തുനിന്നും വരുത്തുന്ന പ്രത്യേക കാന്‍സര്‍ മരുന്നൊക്കെ പഴങ്കഥയാണിപ്പോള്‍. വിദേശത്തെ ഏതു പുതിയ ചികിത്സയും ഒരു മാസത്തിനുള്ളില്‍ ഇവിടെ കിട്ടും. വേണമെങ്കില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അല്പം പിന്നാക്കമാണെന്നു പറയാം. തിരുവനന്തപുരത്ത് ആര്‍. സി. സി, എറണാകുളത്തെ സ്വകാര്യ ആശുപത്രികള്‍, തൃശൂരിലെ അമല, കോഴിക്കോട് മിംസ്, പരിയാരത്തെ കാന്‍സര്‍ സെന്റര്‍ നല്ല ചികിത്സ എല്ലായിടത്തുമുണ്ട്. സര്‍ക്കാര്‍ ഒരു രോഗിക്കു 50,000 രൂപ ചെലവാക്കുന്നുവെങ്കില്‍ അതുകൊണ്ടു പ്രയോജനം കിട്ടിയോ, വേണ്ട രീതിയിലാണോ ചെലവാക്കിയതെന്നു മെഡിക്കലായും സാമ്പത്തികമായുള്ള ഒാഡിറ്റിംഗ് നമുക്കില്ല. സര്‍ക്കാരിനെ അപാകതകള്‍ പറഞ്ഞു മനസ്സിലാക്കാനും സംവിധാനമില്ല. ഒരുദാഹരണം പറയാം. ധനികയായ ഒരു സ്ത്രീ ഒരിക്കല്‍ എന്നോടു പറഞ്ഞു. എനിക്ക് ഇനി ലക്ഷങ്ങള്‍ മുടക്കി ചികിത്സിച്ചിട്ടു കാര്യമില്ല. പ്രയോജനം കിട്ടുമെന്നുള്ളവരെ ഡോക്ടര്‍ എന്റെ പണം കൊണ്ടു ചികിത്സിച്ചോളൂ. ഒരു വ്യക്തിക്കുണ്ടാകുന്ന ഈ തിരിച്ചറിവ് സര്‍ക്കാരിനില്ല. ഒരു ഒാങ്കോളജിസ്റ്റ് പോലുമില്ലാത്തിടത്ത് കീമോതെറപ്പി മരുന്നിനു ലക്ഷങ്ങള്‍ നമ്മള്‍ ചെലവഴിക്കും.

 

മോഡേണ്‍ മെഡിസിന്‍ ഇത്രയധികം ശക്തമായിട്ടും കാന്‍സറിന് ഒറ്റമൂലി പ്രയോഗങ്ങള്‍ ധാരാളമുണ്ടല്ലോ?

ഒറ്റമൂലിക്കാരെക്കൊണ്ടു ഞങ്ങള്‍ തോറ്റിരിക്കുകയാണ്. ഇന്നസെന്റ് ഈയിടെ പറഞ്ഞു: വീട്ടിലെ ഒരു മുറി മുഴുവന്‍ ഒറ്റമൂലികള്‍ നിറച്ചിട്ടിരിക്കുകയാണെന്ന്. നാടന്‍ ഒറ്റമൂലിക്കാര്‍ മുതല്‍ മരുന്നല്ലാതെ ഭക്ഷണമാതൃകയില്‍ മരുന്നു വിതരണം ചെയ്യുന്ന അന്തരാഷ്ട്ര ഒറ്റമൂലികള്‍ വരെയുണ്ട്. ഇവര്‍ക്ക് ആശുപത്രികളില്‍ ഏജന്റുമാര്‍ ഉണ്ടാകും 500 രൂപയ്ക്കു മരുന്നുവാങ്ങാന്‍ തയാറല്ലാത്തവര്‍ ഇവരുടെ മരുന്നുകള്‍ 5000 രൂപയ്ക്കു വാങ്ങും. എന്നെക്കാണാന്‍ വരുന്നവരില്‍ 10 ശതമാനം പേരെങ്കിലും ഒറ്റമൂലിക്കാരുടെ അടുത്തു പോയവരാണ്. വ്യജമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുമെന്നു മാത്രമല്ല യാതൊരു ടെസ്റ്റും നടത്താന്‍ ഇവര്‍ സമ്മതിക്കില്ല. പാലക്കാട് തേന്‍ മാത്രമാണ് ഒറ്റമൂലിയെങ്കില്‍ പാലായില്‍ ചെല്ലുമ്പോള്‍ തേനും റമ്മും ആകും. തിരുവനന്തപുരത്താകട്ടെ തേനും പപ്പായക്കറയുമായി മാറും. വലിയ പഥ്യമൊക്കെ പറഞ്ഞു പലരെയും പോഷണദാരിദ്യ്രം വരുത്തി കൊല്ലുമിവര്‍. കുട്ടികളില്‍ പോലും ഒറ്റമൂലി പ്രയോഗിക്കാന്‍ പലര്‍ക്കും മടിയില്ലെന്നതാണ് ദുഃഖകരം. എന്നാല്‍ ആന്റിഒാക്സിഡന്റുകളായ ഗ്രീന്‍ടീ പോലുള്ളവ കഴിക്കുന്നത് ദോഷം ചെയ്യില്ല നല്ലതാണ്.

 

കാന്‍സര്‍ ചികിത്സാമേഖലയിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ഒാങ്കോളജി വിദഗ്ധരാകാന്‍ യുവഡോക്ടര്‍മാര്‍ തയാറാകുന്നുണ്ടോ?

സത്യത്തില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ധന്മാരെ സാധാരണ രോഗികള്‍ക്കു കാണാന്‍ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്നതു സത്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന് , പ്രധാന ആശുപത്രികള്‍ ഡോക്ടര്‍മാരെ നേരിട്ടു കാണുന്നതു പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണ്. മറ്റൊരു പ്രധാന കാരണം. മറ്റു സ്പെഷാലിറ്റികളിലെ ഉന്നത പഠനത്തിനു കാണിക്കുന്ന താല്‍പര്യം യുവഡോക്ടര്‍മാര്‍ ഒാങ്കോളജിയില്‍ കാണിക്കുന്നില്ല. എപ്പോഴും ദുഃഖം മാത്രമുള്ള ഒരു മേഖലയായാണു പലരും ഇതിനെ കാണുന്നത്. നിലവിലുള്ള സ്പെഷാലിറ്റി ഡോക്ടര്‍മാരില്‍ കൂടൂതല്‍ പേര്‍ പൊതു രംഗത്തേക്കിറങ്ങിയാല്‍ സ്ഥിതി മാറും.

 

ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കു ജീവിതത്തോടുള്ള മനോഭാവം എന്താണ്? ചികിത്സ മനസ്സിനെ വിഷമപ്പെടുത്തുന്നുണ്ടോ?

ഈ വീടിന്റെ അകത്തളങ്ങളില്‍ കാണുന്ന ഒാരോ സമ്മാനത്തിലും ഒാരോ ജീവിതമുണ്ട്. ഒരു നദിയുടെ മുകളില്‍ക്കൂടി നൂലിന്മേല്‍ രോഗിയെയും കൊണ്ടു പോകുന്നവരാണ് കാന്‍സര്‍ ചികിത്സകര്‍. ഒരു പേഷ്യന്റ് മരിച്ചാല്‍ എനിക്കു ദുഃഖമുണ്ടാകും. അതിന്റെ നൂറിരട്ടി സന്തോഷം ചികിത്സ വിജയിച്ചവര്‍ ഇങ്ങോട്ടു തരും. ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ പറ്റുമെങ്കില്‍പ്പോലും ഞാന്‍ സന്തുഷ്ടനാണ്. ഒരു ആരോഗ്യ ആക്ടിവിസ്റ്റാണ് എന്നും ഞാന്‍ . മെഡിക്കല്‍ പഠനക്ളാസ്സുകളെക്കാള്‍ പൊതുസ്ഥലങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. പൊതു സമൂഹത്തെയും.

© Copyright 2015 Manoramaonline. All rights reserved.