പ്രകൃതിയെ പ്രണയിച്ച് രോഗം തടയാം

രേഖ അഭിലാഷ്

പ്രകൃതിയിലേക്കു മടങ്ങുക, മനോധൈര്യം കൊണ്ട് കാന്‍സര്‍ കീഴടക്കിയ പ്രശാന്ത് രാജിന് ഏവരോടും പറയാനുള്ളത് ഇതു മാത്രം. നമ്മുടെ ജീവിതശൈലി തന്നെയാണ് പലപ്പോഴും കാന്‍സറിനു കാരണമാകുന്നത്. പ്രകൃതിയിലേക്കു മടങ്ങി, പ്രകൃതിയുമായി കൂട്ടുകൂടി ജീവിച്ചാല്‍ പല രോഗങ്ങളെയും പടിക്കു പുറത്തു നിര്‍ത്താന്‍ സാധിക്കും.

 

സാമൂഹികപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവുമൊക്കെയായി നടന്ന പ്രശാന്തിന് 2001ല്‍ തലവേദനയുടെ രൂപത്തിലാണ് കാന്‍സര്‍ പിടികൂടിയത്. ആകെ തളര്‍ന്നു പോയ തനിക്ക് എന്തിനെയും നേരിടാനുള്ള മനക്കരുത്ത് നല്‍കി കൂടെ നിര്‍ത്തിയത് വെളിയം ഭാര്‍ഗവനായിരുന്നെന്ന് പ്രശാന്ത്് സ്മരിക്കുന്നു. കൂടാതെ പന്ന്യന്‍ രവീന്ദ്രനെപ്പോലുള്ള നേതാക്കളുടെ പിന്തുണ കൂടി ആയപ്പോള്‍ കാന്‍സറിനെ ചവിട്ടിപ്പുറത്തു കളഞ്ഞ് വീറോടെയും വാശിയോടെയും തിരിച്ചെത്തുമെന്ന് പ്രശാന്ത് ഉറപ്പിച്ചിരുന്നു. ഈ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഇപ്പോള്‍ ഇദ്ദേഹത്തെ മനോരമ ഓണ്‍ലൈന്‍ വായനക്കാരുടെ മുന്നില്‍ എത്തിച്ചതും.

 

വിഷമിക്കേണ്ട, കൂടെ ഞങ്ങളുണ്ട്... എന്ന വാക്കുകള്‍ മനസിലെ പേടി ഇല്ലാതാക്കാന്‍ സഹായിച്ചു. ഏറ്റവും സങ്കടകരമായ കാലം കീമോയുടെ വിവിധ ഘട്ടങ്ങളായിരുന്നു. ഇതിന്റെ പരിണിതഫലത്തെക്കുറിച്ച് നഴ്സുമാര്‍ പറഞ്ഞു തന്നിട്ടുള്ളതിനാല്‍ അതിനെയും ധൈര്യപൂര്‍വം നേരിടാനായി. ഈ സമയം വായന എന്ന പുതിയ ശീലത്തിലേക്കു മാറി. എല്ലാ പത്രങ്ങള്‍ക്കും പുറമേ ആനുകാലികങ്ങളും മാഗസിനുകളും എന്നു വേണ്ട കൈയില്‍ കിട്ടുന്നതെന്തും വായിക്കും. പിന്നെ പതുക്കെപ്പപതുക്കെ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. അവ അച്ചടിച്ചുവന്നതോടെ ആത്മവിശ്വാസം ഇരട്ടിയായി. വീട്ടുകാരുടെയും ഡോ.ഗംഗാധരന്റെയും ഒക്കെ പിന്തുണ കൂടിയായപ്പോള്‍ ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.

 

രോഗം ബാധിച്ചു ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍, പ്രത്യേകിച്ച് കീമോയുടെ നാളുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നത് നല്ലതാണെന്നാണ് പ്രശാന്തിന്റെ അഭിപ്രായം. കാരണം മറ്റൊന്നുമല്ല, കീമോ ചെയ്തു തുടങ്ങുമ്പോള്‍ ശരീരം വല്ലാത്തൊരു സ്റ്റേജിലായിരിക്കും, പ്രതിരോധശേഷി നഷ്ടമാകും. ജലദോഷമൊക്കെ പോലുള്ള ചെറിയ രോഗങ്ങളെ അവഗണിച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുമൊക്കെ എത്തുന്ന സന്ദര്‍ശകരില്‍ നിന്ന് പെട്ടെന്നു തന്നെ അണുബാധ ഏല്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാല്‍ത്തന്നെ ഈ സമയം രോഗിക്ക് കൂടുതല്‍ പരിഗണന കൊടുത്ത് അത് നിയന്ത്രിക്കുന്നതാണ് നല്ലത്. എന്റെ വീട്ടുകാര്‍ എനിക്ക് അത്തരമൊരു സാഹചര്യം ഒരുക്കിത്തന്നത് ജീവിത്തില്‍ വളരെ പോസിറ്റീവ് ആയി. പിന്നെ ഡോ.ഗംഗാധരനെ കണ്ടു കഴിഞ്ഞാല്‍ത്തന്നെ നമ്മുടെ പകുതി അസുഖവും മാറും.

 

രോഗമെല്ലാം ഭോദമായിക്കഴിഞ്ഞ് വിവാഹം കഴിച്ചു. കാന്‍സറിനെ തെല്ലും ഭയമില്ലെന്നു പറഞ്ഞ് വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന്, സ്വീകരിക്കാനെത്തിയ ബിന്ദു ആണ് ജീവിതസഖി. അവിടെയും പെണ്‍കുട്ടിയുടെ കന്യാദാനം നിര്‍വഹിച്ചത് ഡോ.ഗംഗാധരന്‍ തന്നെയായിരുന്നു. ഇപ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയാണ് ബിന്ദു. രോഗം ഭേദമായിക്കഴിഞ്ഞ ആദ്യ കാലങ്ങളില്‍ അടച്ചു പൂട്ടി കാറിലൊക്കെയായിരുന്നു യാത്ര. പൊടിയൊന്നും ഏല്‍ക്കാതെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലായത് അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ പ്രതിരോധശേഷി വീണ്ടും നഷ്ടമാകുകേയ ഉള്ളൂവെന്നും ഇവിടെ ജീവിക്കുന്നതിന് ഇത്തരം സാഹചര്യം അനുകൂലമാകില്ലെന്നും. ഉടന്‍ തന്നെ യാത്ര ബൈക്കിലാക്കി. എന്നാല്‍ മാത്രമേ അന്തരീക്ഷത്തോട് ഇണങ്ങി ജീവിക്കാന്‍ സാധിക്കൂ. ആദ്യം സമൂഹത്തിന്റെ കാന്‍സര്‍ മാറണം, എങ്കില്‍ മാത്രമേ ഇവിടെ നിന്നും കാന്‍സര്‍ രോഗവും ഇല്ലായ്മ ചെയ്യാന്‍ സാധിക്കൂവെന്നാണ് പ്രശാന്തിന്റെ പക്ഷം.

© Copyright 2015 Manoramaonline. All rights reserved.