പ്രിയങ്കരം, ഈ ജീവിതം

രേഖ അഭിലാഷ്

കാന്‍സറിനു മുന്‍പും കാന്‍സറിനു ശേഷവും എന്ന രീതിയില്‍ വേര്‍തിരിക്കപ്പെട്ട രണ്ടു ഘട്ടങ്ങളുടെ ആകെത്തുകയാണ് പ്രിയ ഹബീബിന്റെ ഇപ്പോഴത്തെ ജീവിതം. അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ ചിരിയോടെ നേരിട്ട പ്രിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

 

അന്യമതസ്ഥനായ ഹബീബിനെ വീട്ടുകാരുടെ എതിര്‍പ്പു മറികടന്ന് ജീവിതപങ്കാളിയാക്കിയപ്പോള്‍ അതൊരു സ്വപ്ന ജീവിതത്തിന്റെ തുടക്കമായിരുന്നു. സ്വപ്നങ്ങളുടെ വഴിയെ സഞ്ചരിച്ചൊഴുകുമ്പോഴാണ് ദു:ഖവിധിയായി കാന്‍സറിന്റെ കടന്നുവരവ്. ആദ്യത്തെ മകന്‍ ജാവേദിനു രണ്ടു വയസുള്ളപ്പോഴാണ് വിധി പ്രിയയെ പരീക്ഷിക്കാനെത്തിയത്. ഭര്‍ത്താവ് ഹബീബും ഹബീബിന്റെ അമ്മയും സഹോദരിയും പ്രിയയ്ക്ക് പൂര്‍ണധൈര്യമേകി കൂടെനിര്‍ത്തി.

 

കീമോ ചെയ്തു തുടങ്ങിയപ്പോള്‍ റേഡിയേഷന്റെ ഫലമായി നീണ്ട ഇടതൂര്‍ന്ന മുടികള്‍ പ്രിയയോടു ഗുഡ്ബൈ പറഞ്ഞു. അപ്പോഴും വിഷമം വരാതിരിക്കാന്‍ ഹബീബ് പറഞ്ഞ വാക്കുകള്‍ പ്രിയയ്ക്കു ശക്തിയായി, മുടി പോയി മൊട്ട ആയപ്പോള്‍ താന്‍ വീണ്ടും ക്യൂട്ട് ആയി എന്നായിരുന്നു ഹബീബിന്റെ കമന്റ്.

 

മകന്‍ ജാവേദിനെ ഒറ്റയ്ക്കാക്കി പലപ്പോഴും പ്രിയ കീമോ ചെയ്യാന്‍ എത്തുമായിരുന്നു. സഹായത്തിനായി ഹോംനഴ്സിനെ വച്ചെങ്കിലും അവരുടെ പെരുമാറ്റം വേദന ഉണ്ടാക്കിയപ്പോള്‍ അതും വേണ്ടെന്നു വച്ചെന്നു പ്രിയ പറയുന്നു. പക്ഷേ ഇവിടെയും സഹായത്തിനായി ചികിത്സിക്കുന്ന ഡോക്ടര്‍ എന്നതിലുപരി കൂട്ടുകാരിയായി ഡോക്ടര്‍ അനുപമ ഉണ്ടായിരുന്നു. ഒരു അപകടം പറ്റി കിടക്കുകയാണെന്നു മാത്രം കരുതിയാല്‍ മതിയെന്ന ഡോക്ടറുടെ വാക്കുകള്‍ പ്രിയയ്ക്കു നല്‍കിയ ആശ്വാസം തെല്ലൊന്നുമല്ല. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ കൂടിയായപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും തനിച്ചല്ലെന്നും കാന്‍സറിനെ തോല്‍പ്പിച്ച് തിരികെയെത്തുമെന്നും മനസില്‍ ദൃഢപ്രതിജ്ഞ എടുത്തു കഴിഞ്ഞിരുന്നു.

 

അതേ, ഈ നിശ്ചയദാര്‍ഢ്യത്തോടെ തിരികെ എത്തിയ പ്രിയ ഇപ്പോള്‍ ജാവേദിന്റെ മാത്രമല്ല ഒരു വയസുകാരന്‍ റയാന്റെ കൂടി അമ്മയാണ്. രണ്ടാമതും ഗര്‍ഭം ധരിച്ചപ്പോള്‍ നെഗറ്റീവു വാക്കുകളുമായെത്തിയവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഇപ്പോള്‍ മുറ്റത്തുകൂടി ഓടിക്കളിച്ച് കലപില പറഞ്ഞ് ചേട്ടനോടു കൂട്ടുകൂടിയും പിണങ്ങിയുമൊക്കെ നടക്കുന്ന റയാന്‍.

 

കാന്‍സര്‍ എന്ന രോഗം പിടികൂടുന്നതിനു മുന്‍പ് ജീവിതത്തിന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കു ലക്ഷ്യങ്ങളുണ്ട്. കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളിലും മറ്റും ഞാന്‍ പങ്കെടുക്കുന്നുണ്ട്. നാട്ടില്‍ ആമി മെയ്ക്ക് ഓവര്‍ സ്റ്റുഡിയോ എന്ന സ്വയംസംരംഭം തുടങ്ങി ഏവര്‍ക്കും പ്രചോദനമായിരിക്കുകയാണ് പ്രിയ ഹബീബ്.

© Copyright 2015 Manoramaonline. All rights reserved.