World Diabetes Day 2014
World Diabetes Day 2014

HOME»

പ്രമേഹത്തിന് 10 ആയുര്‍വേദ ലഘുചികിത്സകള്‍

Article_image

ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തില്‍ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ളമേഹം, ലാലാമേഹം, ശനൈര്‍മേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങള്‍ പത്തുവിധത്തിലുണ്ട്.ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായമേഹങ്ങള്‍ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങള്‍ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാല്‍ത്തന്നെ ശാസ്ത്രീയമായ ആയുര്‍വേദചികിത്സയ്ക്ക് വിദഗ്ധമായ രോഗനിര്‍ണയം അത്യാവശ്യമാണ്.

മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ചികിത്സ അസാധ്യമായി സംഹിതകള്‍ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തില്‍ പറയുന്ന പ്രമേഹം എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാല്‍ത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിര്‍ദേശപ്രകാരം ദീര്‍ഘകാലം ശീലി ക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങള്‍ക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങള്‍ ചുവടെ നല്‍കുന്നു.

ലഘു പ്രയോഗങ്ങള്‍‍.‍
1 പച്ചമഞ്ഞള്‍, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേര്‍ത്ത് രാവിലെ വെറുവയറ്റില്‍ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൌണ്‍സ് നീരില്‍ രണ്ട് ടീസ്പൂണ്‍ വരട്ടുമഞ്ഞളിന്റെ പൊടി ചേര്‍ത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേര്‍ത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റില്‍ സേവിക്കുന്നതും ഗുണകരമാണ്.
2 തേറ്റാമ്പരല്‍ നാല്അഞ്ച് എണ്ണം വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.
3 ചിറ്റമൃതിന്റെ നീര് 25 മില്ലിതേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.
4 ഏകനായകത്തിന്‍വേര് (പൊന്‍കുരണ്ടി, തേറ്റമ്പരല്‍ എന്നിവ തുല്യ അളവില്‍ പൊടിച്ചു രണ്ടു ടേബിള്‍ സ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.
5 ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരില്‍ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാല്‍ പ്രമേഹത്തിന് ശമനമുണ്ടാവും.
6 പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് 50 മി ലീ വീതം ഒരു ടീസ്പൂണ്‍ ഞവരഅരിയുടെ തവിടു ചേര്‍ത്ത് രണ്ടു നേരം സേവിച്ചാല്‍ പ്രമേഹരോഗം തടയാം.
7 മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം) മോരിലോ തേനിലോ ചേര്‍ത്ത് സേവിക്കുന്നതു ഹിതമാണ്.
8 അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.
9 ത്രിഫല, മഞ്ഞള്‍, ഞാവല്‍ത്തൊലി, നാല്‍പാമരത്തൊലി, നീര്‍മാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കില്‍ ഇവയില്‍ ലഭ്യമായ മൂന്നു മരുന്നുകള്‍ തുല്യ അളവില്‍ ഏകനായകവുമായി ചേര്‍ത്തോ കഷായം വച്ചു കഴിച്ചാല്‍ പ്രമേഹം ശമിക്കും.
10 കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേന്‍ ചേര്‍ക്കേണ്ട യോഗങ്ങളില്‍ വിശ്വാസയോഗ്യമായ ചെറുതേന്‍ ആണ് ഉപയോഗിക്കേണ്ടത്).

പഥ്യം ഏതു വിധം?‍‍
ഏറ്റവും പഥ്യമായത് ശരിയായ വ്യായാമമാണ്. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറുയോജന കാല്‍നടയായി യാത്ര ചെയ്താല്‍ പ്രമേഹശമനമുണ്ടാവുമെന്നു ചക്രദത്തം അനുശാസിക്കുന്നു. ദിവസവും 45 മിനിറ്റ് നേരത്തെ കൈവീശിക്കൊണ്ടു വേഗത്തിലുള്ള നടത്തം ധാരാളം രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.ആഹാരത്തിലാകട്ടെ മോര്, ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന രസം (എണ്ണയും തേങ്ങയും ചേര്‍ക്കാത്തത്), നെല്ലിക്ക, മഞ്ഞള്‍, പടവലം, മലര്‍ എന്നിവ കൂടുതലായി കഴിക്കാം. എള്ള്, ഭൂമി, സ്വര്‍ണം ഇവയുടെ ദാനം, കിണര്‍, കുളം, തണ്ണിര്‍പന്തങ്ങള്‍ ഇവയുടെ നിര്‍മാണം എന്നിവയും ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്നു.

നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ‍‍
പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവന്‍പഴം, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ആഹാരത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.