World Diabetes Day 2014
World Diabetes Day 2014

HOME»

പ്രമേഹം പൂര്‍ണമായി മാറ്റാം

Article_image

ദിവസവും 600 കാലറി ആഹാരം കഴിച്ച് എട്ടാഴ്ച കൊണ്ട് പ്രമേഹത്തെ തോല്‍പിക്കാം. പ്രമേഹം വന്നാല്‍ നിയന്ത്രിക്കാമെന്നല്ലാതെ പൂര്‍ണമായും മാറ്റാനാകില്ല എന്ന ധാരണ ഇനി തിരുത്താം. ലോക മെമ്പാടും കോടിക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന അത്ഭുകതണ്ടെത്തലാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലുണ്ടാകുന്ന പ്രമേഹം പൂര്‍ണമായും (ടൈപ്പ് 2 ഡയബറ്റിസ്) പൂര്‍ണമായും ചികിത്സിച്ചു മാറ്റാം എന്നാണു ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ഈ ചികിത്സകയിലുമുണ്ട് ഒരു അപൂര്‍വത. മരുന്നില്ല. കര്‍ശനമായ വ്യായാമങ്ങളുമില്ല. ഭക്ഷണം നിയന്ത്രിച്ചുള്ള ചികിത്സ മാത്രം.

എട്ടാഴ്ചത്തെ കഠിന ഭക്ഷണ നിയന്ത്രണത്തിനുശേഷം 11 രോഗികളില്‍ ഏഴുപേരും പ്രമേഹത്തില്‍ നിന്നും പൂര്‍ണമായി മുക്തരായി. മാത്രമല്ല, ഇവര്‍ക്കു പിന്നീട് സാധാരണ ആഹാരം കഴിക്കുകയുമാകാം. ഡയബറ്റിസ് യു. കെയുടെ ധനസഹായത്തോടെ നടന്ന ഈ പഠനം ഈയിടെ പ്രബന്ധമായി അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷ ന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ കുട്ടികളിലുണ്ടാകുന്ന ടൈപ്പ് 1 പ്രമേഹത്തിന് ഈ ഭക്ഷണചികിത്സ പ്രയോജനം ചെയ്യില്ല എന്ന കാര്യവും എടുത്തുപറഞ്ഞുകൊള്ളട്ടെ.

ടൈപ്പ് 2
ലോകമെമ്പാടുമായി ഏതാണ്ട് 350 ദശലക്ഷം ഡയബറ്റിസ് രോഗികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ 90 ശതമാനം പേരും ടൈപ്പ് 2 രോഗികളാണ്. ടൈപ്പ് 2 പ്രമേഹം പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രായമാകുമ്പോള്‍ വരുന്നത്, മുതിര്‍ന്നവരില്‍ വരുന്നത്, പൊണ്ണത്തടി മൂലം വരുന്നത് എന്നിങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ (ഗൂക്കോസ്) അളവുകൂടി നില്‍ക്കുക എന്നതാണു രോഗം ശരീരത്തിലെ ഈ ഗൂക്കോസിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതു ഹോര്‍മോണായ ഇന്‍സുലിനാണ്. ആമാശയത്തിന്റെ അടിയിലായുള്ള പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ആണ് ഇന്‍സുലിന്‍ നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഡയബറ്റിസ് രോഗികളില്‍ ഇന്‍സുലിന്റെ ഉല്‍പാദനവും അതുപോലെ അതിന്റെ കൃത്യമായ ഉപയോഗവും എപ്പോഴും തടസ്സപ്പെട്ടാണിരിക്കുന്നത്. അക്കാരണത്താല്‍ രക്തത്തിലെ ഗൂക്കോസ് കോശങ്ങളിലേക്ക്് ഊര്‍ജമായി കയറ്റി സംഭരിക്കാനാകാതെ വരുന്നു. തന്മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും കൂടി നില്‍ക്കുന്നു. അമിതവണ്ണമുള്ളരില്‍ കൊഴുപ്പു താരതമ്യേന കൂടുതലാണെന്നതിനാല്‍ ഇന്‍സുലിന് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകാതെ വരുന്നു. ഈ അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം.

കൊഴുപ്പാണു വില്ലന്‍
ടൈപ്പ് 2 പ്രമേഹകാരണങ്ങളില്‍ പാരമ്പര്യവും ജനിതകകാരണങ്ങളും പിണഞ്ഞുകിടക്കുന്നുണ്ട്. പ്രമേഹം ക്രമേണയാകും കടന്നു വരിക. 45 വയസ്സിനുശേഷമുള്ളവര്‍ക്കു ടൈപ്പ്2 പ്രമേഹസാധ്യത എപ്പോഴും കൂടുതലാണ്. അമിതവണ്ണവും വ്യായാമക്കുറവും അശാസ്ത്രീയ ഭക്ഷണരീതിയുമൊക്കെ പ്രമേഹത്തിനു കാരണമാണ്. കൂടാതെ വളരെ മെലിഞ്ഞവരിലും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാം. ഇതു പക്ഷേ വളരെ പ്രായം ചെന്നവരിലാകും ഉണ്ടാകുക എന്നുമാത്രം .എച്ച് ഡി എല്‍ കൊളസ്ട്രോള്‍ 35 mg/dl ല്‍ താഴെ ഉള്ളവരിലും ഉയര്‍ന്ന ട്രൈഗിസറൈഡ് ഉള്ളവരിലും ഉയര്‍ന്ന 250 mg/dl ല്‍ കൂടുതല്‍ ഉള്ളവരിലും പ്രമേഹസാധ്യത പൊതുവേ കൂടുതലായിരിക്കും.(ഇന്‍സുലിന്റെ കുറവും അഭാവവും ഉണ്ടാക്കുന്ന പ്രമേഹമാണു കുട്ടികളിലെ ടൈപ്പ് 1 ഡയബറ്റിസ്. കൗമാരക്കാരെയും യൗവനത്തിലുള്ളവരെയുമൊക്കെ ബാധിക്കുന്നതും ടൈപ്പ് 1 പ്രമേഹമാണ്. ഇതിന് ഇന്‍സുലിന്‍ അല്ലാതെ മറ്റു ചികിത്സയില്ല.

പുതുപുത്തന്‍ ആഹാരചികിത്സ
ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കാണ് ഈ ഭക്ഷണനിയന്ത്രണ ചികിത്സ പ്രയോജനം ചെയ്യുന്നത്. ദിവസം വെറും 600 കാലറി മാത്രമടങ്ങുന്ന ഭക്ഷണരീതിയാണ് അവലംബിക്കേണ്ടത്. എട്ടാഴ്ചയാണ് ഈ ചികിത്സ. ഭക്ഷണം എന്നാല്‍ ഡയറ്റ് ഡ്രിങ്സും (വേണ്ട പോഷകങ്ങളടങ്ങിയ ജ്യൂസ് ) അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും മാത്രമേ കാണു. ഏതു ഭക്ഷണമായാലും 1000 കാലറിയില്‍ താഴെയുള്ള ഭക്ഷണത്തില്‍ ശരീരത്തിനുവേണ്ടത്ര വിറ്റമിനുകളോ, മിനറലുകളോ ഫാറ്റി ആസിഡോ വേണ്ടത്ര കാണുകയില്ല. അതിനാല്‍ ഇവയെല്ലാം ഈ ഡയറ്റ് ഡ്രിങ്സില്‍ ഉള്‍പ്പെടുത്തേണ്ടിവരും. അല്ലാതെ എട്ടാഴ്ച പിടിച്ചുനില്‍ക്കാനാവില്ല.

ദിവസം വെറും 600 കാലറി എന്നു പറയുമ്പോള്‍ അതിതീവ്രമായ ഡയറ്റിങ് (ക്രാഷ് ഡയറ്റ്) ആണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. എങ്കിലും പ്രമേഹം പൂര്‍ണമായും സുഖപ്പെടും എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ചികിത്സയ്ക്ക് ഒരു മരുന്നും വേണ്ട. ഭക്ഷണനിയന്ത്രണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴേക്കും പ്രഭാത ഭക്ഷണത്തിനു മുമ്പുള്ള ഗ്ലൂക്കോസ്നില സാധാരണ നിലയിലെത്തും. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ അളവു കൂട്ടും. എട്ടാഴ്ച കഴിയുമ്പോഴേക്കും ഇതു സാധാരണ നിലയില്‍ (പ്രമേഹം ഇല്ലാത്ത ആളിന്റേതുപോലെ) ആയിത്തീരും മൂന്നു മാസങ്ങള്‍ക്കു ശേഷവും ഈ നില തുടരും. പ്രമേഹം സുഖപ്പെട്ട രോഗികള്‍ക്ക് പിന്നീടങ്ങോട്ടു സാധാരണ ഭക്ഷണം കഴിക്കാനാവും. എങ്കിലും ഒരു കരുതല്‍ എപ്പോഴും നന്നായിരിക്കുമെന്നാണു ഗവേഷകര്‍ ഉപദേശിക്കുന്നത്.

കാലറി കുറഞ്ഞാല്‍
ന്യു കാസില്‍ സര്‍വകലാശാലയിലെ റോയി ടെയ്ലര്‍ ആണ് ഈ ചികിത്സയുടെ ഉപജ്ഞാതാവ്. അമിത വണ്ണം കുറയ്ക്കാനായി സാധാരണ ചെയ്യാറുള്ള സ്റ്റൊമക് സ്റ്റേപ്ളിങ് ആന്‍ഡ് ബാരിയാട്രിക് ശസ്ത്ര ക്രിയ നടത്തിയവരില്‍ ടൈപ്പ്2 പ്രമേഹം അപ്രത്യക്ഷമാകുന്ന തായി അദേഹം നിരീക്ഷിക്കുകയുണ്ടായി. സര്‍ജറി ചെയ്ത രോഗികളില്‍ ഹോര്‍മോണ്‍ വ്യത്യയാനം മൂലമാണ് ഇതു സംഭവിക്കുന്നത് എന്നാണു കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയായിരിക്കില്ല, കാലറി കുറയ്ക്കല്‍ ഇവരില്‍ വളരെ അധികമായി ഉണ്ടാകുന്നതു കാരണം പാന്‍ക്രിയാസിലും കരളിലും ഉള്ള കൊഴുപ്പു മാറ്റപ്പെടുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന് അദേഹം എംആര്‍ഐ സ്കാന്‍ ഉപയോഗിച്ചു കണ്ടുപിടിച്ചു. അങ്ങനെയാണു കാലറി കുറച്ചാല്‍ പ്രമേഹം പൂര്‍ണമായും സുഖപ്പെടുത്താം എന്നു മനസ്സി ലാക്കിയത്. ദിവസം വെറും 600 കാലറി മാത്രം ഉപയോഗിക്കുമ്പോള്‍ എട്ട് ആഴ്ചകഴിയുമ്പോഴേക്കും പാന്‍ക്രിയാസിലെ കൊഴുപ്പു മുഴുവനും മാറും ഇന്‍സുലിന്‍ നന്നായി ഉല്‍പാദിപ്പിക്കപ്പെട്ട് പുറത്തോട്ടു തടസ്സമില്ലാതെ വരും. അങ്ങനെ പ്രമേഹരോഗി എന്നന്നേക്കുമായി സുഖം പ്രാപിക്കും.

പ്രത്യേകം ശ്രദ്ധിക്കാന്‍
നിലവിലുള്ള ചിന്താഗതികളെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തല്‍ എങ്കിലും ദീര്‍ഘകാലടിസ്ഥാന വ്യതിയാനങ്ങള്‍ ഇനിയും മനസിലാക്കേ ണ്ടിയിരിക്കുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശമോ മേല്‍നോട്ടമോ കൂടാതെ ഈ ക്രാഷ് ഡയറ്റ് എടുക്കരുത്.

ഡോ ടൈറ്റസ് ശങ്കരമംഗലം
ഇരവിപേരൂര്‍ തിരുവല്ല