World Diabetes Day 2014
World Diabetes Day 2014

HOME»

നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍

Article_image

1 പ്രമേഹരോഗി യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രമേഹരോഗി യാത്രപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധകാര്യങ്ങളുണ്ട്. പല രോഗികള്‍ക്കും മരുന്നു മുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. അതിനാല്‍ ആവശ്യമായ മരുന്നും ഇന്‍സുലിനുമൊക്കെ കരുതിയി രിക്കണം. കൂടാതെ ഒരു പ്രമേഹരോഗി തിരിച്ചറിയല്‍ കാര്‍ഡ് രോഗി കൈവശം വയ്ക്കുന്നത് അത്യാവശ്യമാണ്. അതില്‍ പ്രമേഹരോഗിയുടെ പേരും മേല്‍വിലാസ വും ഫോണ്‍ നമ്പരും മൊബൈല്‍ നമ്പരും കഴിക്കുന്ന മരുന്നുകളുടെ പേരും എഴുതിയിരിക്കണം. കൂടാതെ ഹൈപ്പോഗൈസീമിയ ഉണ്ടാകുന്ന രോഗിയാണോ? രക്തഗ്രൂപ്പ്, ചികിത്സിക്കുന്ന ഡോക്ടറുടെ പേരും നമ്പരും ഒക്കെ ഈ കാര്‍ഡില്‍ കുറിച്ചിടണം. പെട്ടെന്നു പഞ്ചസാരയുടെ അളവു കുറഞ്ഞ് അബോധാ വസ്ഥയിലേക്കു പോകുന്ന ഹൈപ്പോഗൈസീമിയ എന്ന സ്ഥിതിവിശേഷമുണ്ടായാല്‍ സഹയാത്രികര്‍ക്ക് ഇദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും ആശുപത്രിയില്‍ എത്തിച്ചാല്‍ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയുമാണ് ഈ വിവരങ്ങള്‍.കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാതെ വരുന്നത് യാത്രയില്‍ പതിവാണ്. അതിനാല്‍ കൈവശം ബിസ്കറ്റോ പഴങ്ങളോ കരുതുന്നതും ഏറെ നല്ലതാണ്.

2 പ്രമേഹരോഗി മദ്യപിക്കുന്നതില്‍ തെറ്റുണ്ടോ?
തെറ്റുണ്ട്. മിക്ക പ്രമേഹരോഗികളിലും കാണുന്ന പ്രശ്നമാണു ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പടിഞ്ഞു കരളിന്റെ വലുപ്പം കൂടുന്ന അവസ്ഥയാണിത്. തുടക്കത്തില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു ശരിപ്പെടുത്താവുന്നതേയുള്ളൂ. പക്ഷേ, ശ്രദ്ധിക്കാതെ വിട്ടാല്‍ മഹോദരമെന്ന ലിവര്‍ സിറോസിസായി പരിണമിക്കാം. മദ്യപാനികളിലും ഇതുതന്നെയാണു സംഭവിക്കുന്നത്.പ്രമേഹരോഗി മദ്യപാനികൂടി യാണെങ്കില്‍ ലിവര്‍സിറോസിസ് സാധ്യത പലമടങ്ങാവും. അതുകൊണ്ടു പ്രമേഹരോഗി മദ്യം പൂര്‍ണമായും ഒഴിവാക്കുക തന്നെ വേണം. ബിയറില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം മാത്രമല്ല പഞ്ചസാരയുടെ സാന്നിധ്യവുമുണ്ട്. അതിനാല്‍ പ്രമേഹരോഗി ബിയര്‍ ഒട്ടും കഴിക്കരുത്.

3 പ്രമേഹം ബാധിച്ചവര്‍ക്ക് വിശപ്പു കൂടുതലാണോ? ഇതെങ്ങനെ തടയാം?
വിശപ്പു പൊതുവെ പ്രമേഹരോഗികളില്‍ കൂടുതലായിരിക്കും. നാരിന്റെ അംശം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പ്രത്യേകിച്ചും പച്ചക്കറികളും മറ്റും കൂടുതല്‍ കഴിച്ചും സംഭാരം, വെള്ളം എന്നിവ വേണ്ടത്ര കുടിക്കുന്നതും നല്ലതാണ്. കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കാതെ പലതവണയായി കഴിക്കുന്നതും അമിതവിശപ്പു കുറയ്ക്കാന്‍ മാത്രമല്ല ഷുഗര്‍ നിയന്ത്രണത്തിനും നല്ലതാണ്.

4 ഭക്ഷണനിയന്ത്രണത്തിന് ലളിതമായ ഒരു മാര്‍ഗരേഖ പറയാമോ?
പ്രമേഹരോഗി ശര്‍ക്കര, തേന്‍, പഞ്ചസാര, കല്‍ക്കണ്ടം, മധുരമുള്ള ബേക്കറി സാധനങ്ങള്‍, ലഡു, ജിലേബി, പായസം, ഐസ്ക്രീം എന്നിവ തീര്‍ത്തും വര്‍ജിക്കണം. എന്നാല്‍ സാധാരണ കഴിക്കാറുള്ള അരിഭക്ഷണം, ഗോതമ്പ്, മുത്താറി, ധാരാളം പച്ചക്കറികള്‍, മത്സ്യം, പാട നീക്കിയ പാല്‍ എന്നിവ വ്യക്തിയുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ചു കഴിക്കാവുന്നതാണ്. അധികം പഴുക്കാത്തപഴങ്ങളില്‍ ഏതെങ്കിലുമൊരു പഴം ദിവസവും കഴിക്കാവുന്നതാണ്. മധുരം കഴിക്കണമെങ്കില്‍ കൃത്രിമമായ കാലറിയില്ലാത്ത മധുരം മിതമായ തോതില്‍ ഉപയോഗിക്കാവുന്നതാണ്. മരുന്നുകടകളിലും മറ്റും ഇവ ലഭ്യമാണ്.

പ്രമേഹവും വേദനയും‍‍‍‍
5 പെരിഫറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടോ?
പെരിഫറല്‍ ന്യൂറോപ്പതി എന്നു പറയുന്ന വേദനയോ, മരവിപ്പോടുകൂടിയ ഒരു പ്രത്യേക അവസ്ഥയോ പ്രമേഹരോഗിയുടെ കൈകാലുകളെ ചിലപ്പോള്‍ ബാധിക്കാറുണ്ട്. പാദങ്ങളില്‍ ചുട്ടുനീറ്റലും അനുഭവപ്പെടും. ചില സന്ദര്‍ഭങ്ങളില്‍ വേദന അറിയുവാനുള്ള ശക്തി നഷ്ടപ്പെട്ടു പോകും. വിരലുകളിലും പിന്നീടു പാദത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് അനുഭവപ്പെടാം. തല്‍ഫലമായി കാലിലുണ്ടാകുന്ന മുറിവുകള്‍, പൊള്ളലുകള്‍ എന്നിവ കണ്ടു മാത്രം മനസിലാക്കേണ്ട അവസ്ഥ സംഭവിക്കുന്നു. പലപ്പോഴും കണ്ടുപിടിക്കുമ്പോഴേക്കും പാദങ്ങള്‍ക്കു ദോഷകരമായ രീതിയില്‍ മുറിവുകള്‍ നിയന്ത്രണാതീതവുമായി തീരുന്നു. വേദന അനുഭവപ്പെടാത്ത പ്രശ്നത്തിനും മരുന്നു ഫലപ്രദമാണ്. ബി1, ബി2, ബി6 എന്നിവ അടങ്ങിയ ബി കോംപ്ളക്സ് മരുന്നുകളും ഗുണം ചെയ്യും.
6 അണുബാധ കൂടുതല്‍ ബാധിക്കുമെന്നു പറയുന്നത് ശരിയാണോ?
ശരിയാണ്. പ്രമേഹരോഗിക്ക് അണുബാധകള്‍ കൂടാം. ചര്‍മത്തിലും മൂത്രാശയത്തിലും ശ്വാസകോശത്തിലുമൊക്കെ അണുബാധ കൂടാന്‍ അനിയന്ത്രിതമായ പ്രമേഹം ഒരു പ്രധാന കാരണമാണ്. പ്രമേഹം നിയന്ത്രിക്കുകയാണ് ഇതു പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കാരണം രക്തത്തിലെ ഉയര്‍ന്ന ഗൂക്കോസ് നില രോഗാണുക്കള്‍ക്കു പറ്റിയ മാധ്യമമാണ്. അതും അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടും. കൂടാതെ പ്രമേഹം പ്രതിരോധശക്തി കുറയ്ക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹ രോഗി അണുബാധ സാധ്യതയുള്ള സാഹചര്യങ്ങള്‍ (രോഗികളെ സന്ദര്‍ശിക്കുന്നതുപോലുള്ള) കുറയ്ക്കുകയും സാധിക്കുമെങ്കില്‍ ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ക്ക് വാക്സിനുകള്‍ എടുക്കുന്നതും നല്ലതാണ്.

7 പ്രമേഹം മൂലം വയറിളക്കം ഉണ്ടാകുമോ?
വയറിളക്കം പ്രമേഹരോഗികളില്‍ ഉണ്ടാകുമ്പോള്‍ അത് അണുബാധ മൂലമോ അല്ലെങ്കില്‍ ചെറുകുടലിന്റെയും വന്‍കുടലിന്റെയും ചലനഗതിയിലെ മാറ്റം കൊണ്ടോ ആകാം. പ്രമേഹം കൊണ്ടുണ്ടാകുന്ന ചെറുകുടലിന്റെയും വന്‍കുടലിന്റെയും അനിയന്ത്രിതമായ ചലനമാണ് (ഡയബെറ്റിക് ഗ്യാസ്ട്രോപെരേസിസ്) ഇതിനു കാരണം. അനിയന്ത്രിതമായ പ്രമേഹമാണ് ഇതിനു വഴിവയ്ക്കുന്നത്. പ്രമേഹം നിയന്ത്രണവിധേയമാകുമ്പോള്‍ രോഗശമനവും ഉണ്ടാകും. പ്രോബയോട്ടിക് ഇനത്തില്‍പ്പെട്ട വിറ്റമിന്‍ പോലുള്ള ഗുളികകളും ലാക്ടോബാസിലസ് അടങ്ങിയ മരുന്നുകളും ഇതു തടയാന്‍ ഫലപ്രദമാണ്. 8 പ്രമേഹരോഗിയില്‍ അമിതവിയര്‍പ്പു കണ്ടാല്‍? പ്രമേഹത്തിന്റെ സങ്കീര്‍ണതയായ ഓട്ടോണമിക് ന്യൂറോപ്പതിയുടെ ലക്ഷണമായി അമിതവിയര്‍പ്പ് കാണാറുണ്ട്. പ്രമേഹം ബാധിച്ചുകഴിഞ്ഞശേഷം മുമ്പില്ലാത്തവിധം വിയര്‍പ്പു കണ്ടാല്‍ രോഗ സാധ്യത സംശയിക്കാം. പ്രമേഹം നിയന്ത്രണവിധേയമാകുമ്പോള്‍ പ്രശ്നം മാറും. ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തു ണ്ടാകുന്ന അമിതവിയര്‍പ്പ് ഓട്ടോണമിക് ന്യൂറോപ്പതിയുടെ ഒരു ലക്ഷണമാണ്.

9 മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ ഗൂക്കോസ് നില കൂടുമോ?
ചില മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരനില ഉയരാന്‍ കാരണമാകാറുണ്ട്. ശ്വാസംമുട്ടല്‍, അലര്‍ജി, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കു കഴിക്കുന്ന സ്റ്റിറോയ്ഡ് ഗുളികകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കാം. ശരീരത്തിന്റെ ഭാരവും കുറയാം. ഇത്തരം മരുന്നുകള്‍ നിര്‍ത്തുന്നതോടെ പ്രമേഹാവസ്ഥ മാറാറുണ്ട്. എന്നാല്‍ ദീര്‍ഘകാലം സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചവരില്‍ പ്രമേഹം തുടര്‍ന്നേക്കാം.വൃക്കരോഗികള്‍ക്കുള്ള ചില ഗുളികകളും പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരം പുതിയ അവയവത്തെ തിരസ്കരിക്കാതിരിക്കാന്‍ നല്‍കുന്ന മരുന്നുകളും പ്രമേഹമുണ്ടാക്കും. ഈ സാഹചര്യങ്ങളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പം പ്രമേഹ മരുന്നുകള്‍ കൂടി ഉപയോഗിക്കേണ്ടിവരും.

10 അമിതവണ്ണം കുറയ്ക്കുന്നത് എത്രത്തോളം നല്ലതാണ്?
പ്രമേഹരോഗികളില്‍ അമിതവണ്ണം കുറയ്ക്കുന്നതിലൂടെ പ്രമേഹം നിയന്ത്രണം എളുപ്പമാക്കാം എന്നതുമാത്രമല്ല ഹൃദ്രോഗമുള്‍പ്പെടെയുള്ള അനുബന്ധരോഗങ്ങളുടെ സാധ്യതയും കുറയ്ക്കാനാകും. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ടൈപ് 2 പ്രമേഹത്തിനു പ്രധാന കാരണം ഇന്‍സുലിന്‍ റസിസ്റ്റന്‍സായതുകൊണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. അമിതവണ്ണം ഈ അവസ്ഥയുടെ സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഇതിനെ മറികടക്കാന്‍ അത്യാവശ്യമാണ്.

11 പ്രമേഹരോഗിയില്‍ മലബന്ധം കൂടാന്‍ ഇടയുണ്ട്. ശരിയാണോ?
ഏതാണ്ട് നാലിലൊന്നു പ്രമേഹ രോഗികളിലും മലബന്ധം സ്ഥിരം പ്രശ്നമായി കാണാറുണ്ട്. പ്രായമേറുന്തോറും ഈ പ്രശ്നം കൂടാം. നാരുകുറഞ്ഞ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിലും തൈറോയ്ഡ് ഹോര്‍മോണ്‍ നില ഉയര്‍ന്നു നില്‍ക്കുന്നവരിലും മലബന്ധം കാണാറുണ്ട്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരില്‍ നാഡീതകരാറുകളുണ്ടാകാം. അവരിലും മലബന്ധസാധ്യത കൂടും. നാരിന്റെ അംശം കൂടിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ഇതിന്റെ നല്ല പരിഹാരമാണ്. രക്തത്തിലെ ഷുഗര്‍നില നല്ല നിയന്ത്രണത്തിലാകുമ്പോള്‍ മലബന്ധത്തിനും ആശ്വാസം കാണാറുണ്ട്. മലബന്ധം കുറയ്ക്കാനുള്ള മരുന്നുകളും ഫലപ്രദമാണ്. അതുപോലെ ചെറിയ പഴങ്ങള്‍ (വാഴപ്പഴങ്ങള്‍) മിതമായി കഴിക്കാം.

12 അറിയാതെ മൂത്രം പോകുന്ന പ്രശ്നം പ്രമേഹം മൂലമാണോ?
ദീര്‍ഘകാലം പ്രമേഹമുള്ളവരില്‍ അറിയാതെ മൂത്രം പോകല്‍, മൂത്രം പൂര്‍ണമായി പോകാതിരിക്കല്‍, ദുര്‍ബലമായി മൂത്രം പോകല്‍ മുതലായ പ്രശ്നങ്ങള്‍ കാണാറുണ്ട്. യൂറിനറി ബ്ളാഡറിനെ നിയന്ത്രിക്കുന്ന ഞരമ്പുകളെ പ്രമേഹം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ന്യൂറോജെനിക് ബ്ളാഡര്‍ എന്ന പ്രശ്നമാണ് ഇതിനു കാരണം. ബ്ളാഡര്‍ നിറയുന്ന വിവരം തലച്ചോറിനെ ധരിപ്പിക്കുന്ന നാഡികളുടെ പ്രവര്‍ത്തനപരാജയമാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഇതിനു പരിഹാരം നിര്‍ദേശിക്കാന്‍ ന്യൂറോളജിസ്റ്റിന്റെ സഹായവും വേണ്ടിവരും.പ്രമേഹ രോഗികളില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും കൂടുതല്‍ കാണാറുണ്ട്. നാല്‍പതു വയസുകഴിഞ്ഞ പ്രമേഹരോഗികളായ പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.

13 കിടക്കയില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം?
എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം പെട്ടെന്ന് രക്തസമ്മര്‍ദത്തിലുണ്ടാകുന്ന മാറ്റം കൊണ്ടാണ്. പോസ്റ്റുറല്‍ ബി പി എന്നാണ് ഇതിനെ വിളിക്കുക. പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലച്ചോറിലേക്ക് വേണ്ടത്ര രക്തം എത്തുന്ന വിധത്തില്‍ രക്തസമ്മര്‍ദം ഇല്ലാതിരിക്കുമ്പോഴാണ് താല്‍ക്കാലികമായി ഈ തലകറക്കം അനുഭവപ്പെടുന്നത്. പത്തുവര്‍ഷത്തിലേറെയായി പ്രമേഹരോഗം അനുഭവപ്പെടുന്നവരില്‍ പ്രത്യേകിച്ചും പ്രായമേറിയവരില്‍ ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്. സാവധാനത്തില്‍ എഴുന്നേല്‍ ക്കുന്നതും കാലുകളില്‍ ഇലാസ്റ്റിക് സപ്പോര്‍ട്ടിങ് സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്. കൂടുതല്‍ ഗൌരവമായി അനുഭവപ്പെടുന്നവര്‍ കട്ടിലിന്റെ തലഭാഗം അര മുക്കാല്‍ അടി ഉയര്‍ത്തിവെയ്ക്കാം. പ്രമേഹരോഗിയില്‍ ഓട്ടോണമിക് ന്യൂറോപ്പതി എന്ന പ്രശ്നത്തിന്റെ ആരംഭത്തില്‍ തന്നെ ഈ പ്രശ്നം കണ്ടുതുടങ്ങാം. അവസ്ഥ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ തേടണം.

മുട്ടുവേദനയുള്ളപ്പോള്‍ വ്യായാമം
14 .മുട്ടുവേദനയുള്ളപ്പോള്‍ നടത്തം ഉള്‍പ്പെടെയുള്ള വ്യായാം സാധ്യമാകാതെ വരും. അപ്പോള്‍?
ശരിയാണ്. പ്രായമേറിയ പല പ്രമേഹരോഗികള്‍ക്കും മുട്ടുവേദന മൂലം കൂടുതല്‍ ദൂരം നടക്കാന്‍ കഴിയില്ല. അവര്‍ക്ക് വ്യായാമങ്ങളില്‍ ഏറ്റവും നല്ലത് നീന്തല്‍ ആണ്. പക്ഷേ, അത് മിക്കവര്‍ക്കും പ്രായോഗികമാവില്ല. അത്തരക്കാര്‍ക്ക് കുറച്ച് ഉയരത്തിലിരുന്നു കാലുകള്‍ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുന്നതും ദിവസവും (20 മിനിറ്റ് നേരം) വളരെ നല്ലതാണ്. അതുപോലെ ഇരുന്നുകൊണ്ടു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങളും പരിശീലിക്കാവുന്നതാണ്.

15. വിശപ്പു കുറയുന്ന അവസ്ഥയും സംഭവിക്കാറുണ്ടോ?
ശരിയാണ്. ചില പ്രമേഹരോഗികളില്‍ വിശപ്പു കുറയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ദഹനത്തിനു സഹായിക്കുന്ന ആഗ്നേയഗ്രന്ഥിയിലെ ചില എന്‍സൈമുകളുടെ ഉല്‍പാദനം കുറയുമ്പോള്‍ അങ്ങനെ സംഭവിക്കാം. അതിനു പരിഹാരമായി പാന്‍ക്രിയാറ്റിക് എന്‍സൈമുകള്‍ അടങ്ങിയ മരുന്നുകള്‍ നല്ലതാണ്. കൂടാതെ ഡോം പെരിഡോണ്‍ പോലുള്ള മരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതും ഫലപ്രദമാണ്.

16. അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ?
അഞ്ചാറു തവണ വയറുനിറയെ ഭക്ഷിക്കാമെന്നു മോഹം വേണ്ട. സാധാരണ മൂന്നു നേരം കഴിക്കുന്ന ഭക്ഷണം ഒരു പ്രമേഹരോഗിക്ക് അഞ്ചോ ആറോ അതില്‍ കൂടുതലോ തവണകളായി കഴിക്കാം. അതായത് ഒരു ദിവസം ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരാതെ അത് പലതവണയായി കഴിക്കുന്നുവെന്നു മാത്രം. കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കുമ്പോള്‍ രക്തത്തില്‍ ഗൂക്കോസ് അളവ് കൂടുതല്‍ ഉയര്‍ന്നു നില്‍ക്കും. ഇടവേള കൂടുമ്പോള്‍ ഗൂക്കോസ് നില കുറഞ്ഞുപോകാനും ഇടയുണ്ട്. ഗൂക്കോസ് നിലയിലെ ഈ ചാഞ്ചാട്ടം പ്രമേഹരോഗിക്ക് നന്നല്ല. മറിച്ച് ഭക്ഷണം ചെറിയ അളവില്‍ പല നേരമായി കഴിക്കുമ്പോള്‍ ഗൂക്കോസ് അളവ് അമിതമായി ഉയരാതെയും താഴാതെയും നില്‍ക്കും. ഗൂക്കോസ് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമവുമാകും.

17. പ്രമേഹ രോഗി ഹെല്‍ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യം?
സാധാരണ നിലയില്‍ ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കേ ഹെല്‍ത് ഇന്‍ഷുറന്‍സിന്റെ ക്ളെയിം ലഭിക്കൂ. പ്രമേഹരോഗികളില്‍ മിക്കവരും രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുപോലൊരു അവസ്ഥ ഉണ്ടാകില്ല. അതുകൊണ്ട് പ്രമേഹരോഗികളില്‍ മിക്കവരും ഇന്‍ഷുറന്‍സിനോട് പ്രത്യേകതാല്‍പര്യം കാണിക്കാറില്ല. പക്ഷേ, ഇന്നത്തെ നിലയ്ക്കു തുടര്‍ച്ചയായി മൂന്നുകൊല്ലം ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായിരുന്നശേഷമേ പ്രമേഹരോഗിക്കു ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും ആനുകൂല്യം ലഭിക്കുകയുള്ളൂ. അതുകൊണ്ട് എത്രയും നേരത്തെ പ്രമേഹരോഗി ഇന്‍ഷുറന്‍സില്‍ അംഗമാകണം. പ്രമേഹം മറ്റ് സങ്കീര്‍ണ രോഗങ്ങളിലേക്കുള്ള പടിവാതിലാണെന്ന കാര്യവും മറക്കേണ്ട. അതിനാല്‍, എല്ലാ പ്രമേഹരോഗികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. 18. പ്രമേഹം വരാതിരിക്കാന്‍ എപ്പോള്‍ മുതല്‍ ശ്രമം തുടങ്ങണം? ടൈപ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്ര പ്രായോഗികമല്ല. എന്നാല്‍ സാധാരണ കാണുന്ന ടൈപ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് നല്ല ഫലം ഉണ്ട്. പ്രമേഹം വരാതിരിക്കാനുള്ള ശ്രമം നവജാതശിശുക്കളില്‍ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രമേഹം പാരമ്പര്യമായിട്ടുള്ള കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കു പശുവിന്‍പാല്‍ കൊടുക്കാതിരിക്കുന്നതു പ്രമേഹത്തെ അകറ്റാന്‍ സഹായിക്കും എന്നു ശാസ്ത്രീയ പഠനങ്ങള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ പൊണ്ണത്തടി, ദുര്‍മേദസ് എന്നിവ കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ 30 വയസു കഴിയുന്നതു മുതല്‍ ഏതൊരാളും രക്തപരിശോധന നടത്തി പ്രമേഹം പൂര്‍വാവവസ്ഥയില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രമേഹപൂര്‍വാവസ്ഥയാണെന്നു കണ്ടാല്‍ വിദഗ്ധ നിര്‍ദേശമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ഭാരം കുറച്ച് വ്യായാമം ചെയ്ത് പ്രമേഹം വരാതെ നോക്കാം.