World Diabetes Day 2014
World Diabetes Day 2014

HOME»

പ്രമേഹദോഷം കുറയ്ക്കാന്‍ പ്രത്യേക വ്യായാമം

Article_image

പൊതുവേ ഏറ്റവും ലളിതമായി ചെയ്യാവുന്ന നടത്തം പോലുള്ള വ്യായാമങ്ങളാണ് പ്രമേഹരോഗികളോട് നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്താന്‍ ഏറ്റവും മികച്ചത് അപ്പര്‍ ബോഡി വ്യായാമങ്ങള്‍ എന്ന മേല്‍ ശരീരവ്യായാമങ്ങളാണ്. ശരീരത്തിലെ താരതമ്യേന വളരെ കുറച്ചുമാത്രം വ്യായാമം ലഭിക്കുന്ന ഭാഗമാണു ശരീരത്തിന്റെ മേല്‍ പകുതി ഇതിനു കാരണം, ദൈനംദിന ജീവിതത്തില്‍ ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിനെതിരായി നിവര്‍ന്നുനില്‍ക്കാനും സഞ്ചരിക്കാനുമെല്ലാം ശരീരത്തിന്റെ അരക്കെട്ടിനു താഴേക്കുള്ള കീഴ്പകുതിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പക്ഷേ, ആധുനിക മനുഷ്യനാകട്ടെ നില്‍ക്കുന്നതും നടക്കുന്നതും കുറവായതിനാല്‍ കൊഴുപ്പുകൂടി ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ദുര്‍മേദസ്, കൊളസ്ട്രോള്‍, ഹൃദ്രോഗം, ചിലതരം കാന്‍സറുകള്‍, സന്ധിരോഗങ്ങള്‍ മുതലായവയ്ക്ക് അടിമപ്പെടേണ്ടിവരുന്നു. കാലുകളും മുകള്‍ശരീരവും തമ്മില്‍ പേശികളുടെ കാര്യത്തില്‍ ഘടനാപരമായും പ്രവര്‍ത്തനശേഷിയിലും വ്യത്യാസമുണ്ട്.

പേശികളറിഞ്ഞു വ്യായാമം
മനുഷ്യപേശികളെ പ്രവര്‍ത്തനക്ഷമതയുടെയും കാര്യശേഷിയുടെയും അടിസ്ഥാനത്തില്‍ പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ തരംതിരിക്കാം. കൂടുതല്‍ കാര്യക്ഷമത ഉള്ളവയാണ് ടൈപ്പ് 1 പേശീതന്തുക്കള്‍. ഇവ താരതമ്യേന സാവധാനം പ്രവര്‍ത്തിക്കുകയും ഓക്സീകൃത ഊര്‍ജോല്‍പാദനത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുമാത്രം ഇന്ധനം (ഗൂക്കോസ്, ഫാറ്റി ആസിഡ് മുതലായവ) മതിയാവും. അതായത് ഇത്തരം പേശികള്‍ക്ക് ആയാസമുണ്ടാക്കുന്ന നടത്തം പോലുള്ള വ്യായാമം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം ഗൂക്കോസും കൊഴുപ്പുമേ ഊര്‍ജമായി മാറുകയുള്ളൂ എന്നര്‍ഥം. തന്മൂലം തന്നെ മറ്റു പേശികളെ അപേക്ഷിച്ച് ഇവയ്ക്കു പെട്ടെന്നു ക്ഷീണം വരില്ല. ലോവര്‍ബോഡിയിലെ കാല്‍വണ്ണയിലെ പേശികളില്‍ 80 ശതമാനവും തുടയിലെ പേശികള്‍ 50 ശതമാനവും ഇത്തരത്തിലുള്ളതാണ്.

ടൈപ്പ് 1 പേശികളെക്കാള്‍ കുറഞ്ഞ കാര്യക്ഷമതയാണ് ടൈപ്പ് 2 പേശികള്‍ക്കുള്ളത്. എന്നാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ ശക്തി ഉല്‍പാദിപ്പിക്കുകയും ചെയ്യും. ഇവ കൂടുതലായും ഗൂക്കോസും കൊഴുപ്പും വിനിയോഗിച്ചാണ് ശക്തിനേടുന്നത്. അതുമൂലം അവയുടെ രക്തത്തിലെ അളവു കുറയും. വേഗം ക്ഷീണിക്കുകയും ചെയ്യും. മേല്‍ ശരീരത്തിന്റെ മുഖ്യഭാഗങ്ങളായ നെഞ്ചിലെയും തോളിലെയും വയറിലെയും പേശീതന്തുക്കളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളവയാണ്. ചുരുക്കി പറഞ്ഞാല്‍ ഈ പേശികള്‍ ഉപയോഗപ്പെടുത്തുന്ന മേല്‍ശരീരവ്യായാമങ്ങള്‍ പ്രമേഹരോഗിക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് മനസിലായിക്കാണുമല്ലോ.

നടത്തവും വേണം
സമാന്തര ചികിത്സകളായി പ്രചാരം നേടിയ മധുരചികിത്സയോടൊപ്പവും അല്ലാതെയും വ്യായാമത്തിലൂടെ പ്രമേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിയുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു പരാജയപ്പെടുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. നടത്തവും കാലുകളുടെ വ്യായാമവും തീരെ കുറച്ചാല്‍ കാലുകളുടെ പേശീഘടന മാറും. അതുകൊണ്ടു തന്നെ മേല്‍ശരീരവ്യായാമം ചെയ്യുന്നതോടൊപ്പം കാലുകളുടെ വ്യായാമവും മിതമായ തോതില്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യായാമം തുടങ്ങുമ്പോള്‍
വ്യായാമം ചെയ്യാന്‍ വേണ്ടി പൊതുവെ വില കൂടിയ തരം ഉപകരണങ്ങള്‍ വാങ്ങണമെന്നില്ല. ശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി രണ്ടു ഡംബലുകള്‍ ഉണ്ടെങ്കില്‍ നന്ന്. വ്യായാമം തുടങ്ങുമ്പോള്‍ വാം അപ്, അവസാനിപ്പിക്കുമ്പോള്‍ കൂള്‍ഡൌണ്‍ മുതലായവ നല്ലതാണ്. വാംഅപ്നായി അഞ്ചോ പത്തോ തവണ കൈകള്‍ വശങ്ങളിലേക്കും മുന്നിലേക്കും മുകളിലേക്കും നിവര്‍ത്തുകയും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയും ആവാം. കഴുത്തു സാവധാനം ഇരുവശങ്ങളിലൂടെയും വട്ടം കറക്കുന്നതും നല്ലതാണ്. അതുപോലെതന്നെ പാദങ്ങളും കാലുകളും വശങ്ങളിലേക്കും മുന്‍പിന്‍ ഭാഗങ്ങളിലേക്കും അകറ്റുകയും പൂര്‍വാവസ്ഥയില്‍ വരികയും ചെയ്യുക. മുട്ടുകള്‍ മടക്കാതെ തന്നെ സാവകാശം കുനിഞ്ഞു (പരമാവധി) നിവരുക. വശങ്ങളിലേക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാല്‍ വേദന വരുന്ന രീതിയില്‍ ഇവ ചെയ്യരുത്.

ഈ വ്യായാമങ്ങള്‍ ചെയ്യാം
വയറിനും പുറത്തും വശങ്ങളിലുമുള്ള പേശികള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില മേല്‍ശരീരവ്യായാമങ്ങള്‍ എങ്ങനെ ചെയ്യണമെന്നറിയാം.

വായുവില്‍ സൈക്കിള്‍ ചവിട്ടുക
മലര്‍ന്നു കിടന്നശേഷം കാലുകള്‍ പൊക്കിയും കൈകള്‍ ശരീരത്തിനിരുവശത്തും തറയിലുറപ്പിച്ചും സാങ്കല്‍പിക സൈക്കിള്‍ ചവിട്ടുക. നാലഞ്ചുതവണയോ കൂടുതലോ സൌകര്യം പോലെ ചെയ്ത ശേഷം കുറച്ചു സെക്കന്‍ഡുകള്‍ വിശ്രമിച്ചു വീണ്ടും ആവര്‍ത്തിക്കുക.
കാലുയര്‍ത്തല്‍
പായയില്‍ മലര്‍ന്നു കിടന്നു കൈകള്‍ വശങ്ങളില്‍ വച്ചു കാലുകള്‍ രണ്ടും നേരെ ശരീരത്തിന് 90 ഡിഗ്രി ലംബമാക്കി ഉയര്‍ത്തുക. കാല്‍മടമ്പ് മുകളിലോട്ട് ഉയര്‍ന്നു നില്‍ക്കണം. പത്തു സെക്കന്‍ഡ് അങ്ങനെ വച്ചശേഷം സാവകാശം കാലുകള്‍ താഴ്ത്തി പൂര്‍വസ്ഥിതിയില്‍ വരിക. ഇതു പത്തോ ഇരുപതോ പ്രാവശ്യം ആവര്‍ത്തിക്കാം.
തലയുയര്‍ത്തല്‍ ‍
മലര്‍ന്നു കിടന്നു കാലുകള്‍ നിവര്‍ത്തി കൈകള്‍ ശരീരത്തിനിരുവശവും ഉറപ്പിച്ചശേഷം സാവകാശം തലയും കഴുത്തും തോളിന്റെ മുകള്‍ഭാഗവും തറയില്‍ നിന്നുയര്‍ത്തി പത്തു സെക്കന്‍ഡ് നില്‍ക്കുകയും പിന്നീട് പൂര്‍വസ്ഥിതിയിലേക്കു വരികയും ചെയ്യുക. ഇതും സൗകര്യപൂര്‍വം പത്തോ അധികമോ തവണ ആവര്‍ത്തിക്കുക.
ശരീരം തിരിക്കല്‍ ‍
വശങ്ങളിലെ പേശികള്‍ക്കു വേണ്ടി ചെയ്യാവുന്നതാണിത്. മുട്ടുകള്‍ മടക്കി പാദങ്ങള്‍ തറയിലുറപ്പിച്ചു കിടക്കുക. ഓരോ വശത്തെയും തോള്‍ പൊക്കി ശരീരം (അരക്കെട്ടിനു മുകള്‍ വരെ) മറുവശത്തേക്കു തിരിക്കുക. പത്തു സെക്കന്‍ഡിനു ശേഷം തിരികെ വന്നു മറുവശത്തേക്ക് ഇത് ആവര്‍ത്തിക്കുക. ഇങ്ങനെ പത്തു പ്രാവശ്യം ചെയ്യുക.
പുഷ്അപ്‍
നിലത്തു കമിഴ്ന്നു കാലുകളും കൈകളും തോളകലത്തില്‍ കുത്തിവച്ചു താഴുകയും പൊങ്ങുകയും ചെയ്യുക. ഇങ്ങനെ സൗകര്യപൂര്‍വം പലതവണ ആവര്‍ത്തിക്കുക. മികച്ച ഒരു മേല്‍ശരീരവ്യായാമമാണ് പുഷ് അപ്.

ഡംബല്‍ വ്യായാമങ്ങള്‍
പ്രമേഹരോഗി ചെയ്യേണ്ട മേല്‍ ശരീരവ്യായാമങ്ങളില്‍ വളരെ ലളിതവും പ്രയോജനപ്രദവുമാണ് ഡംബല്‍ വ്യായാമങ്ങള്‍. ഒരു ജോഡി ഒരേതൂക്കമുള്ള ഡംബലുകളാണ് ഇതിനാവശ്യം. ഓരോരുത്തരുടെയും കായിക പരിമിതിക്കും ശക്തിക്കും അനുയോജ്യമായി രണ്ടു കിലോയില്‍ തുടങ്ങി അഞ്ചു കിലോ വരെ പടിപടിയായി ഭാരം കൂട്ടിക്കൊണ്ടുവരാവുന്നതാണ്.

ഒരു ബെഞ്ചില്‍ മലര്‍ന്നു കിടക്കുക. ബെഞ്ചിനിരുവശത്തുമായി വച്ചിട്ടുള്ള ഒരേ തൂക്കമുള്ള രണ്ടു ഡംബലുകള്‍ കൈയിലെടുത്ത് കൈകള്‍ ഇരുവശങ്ങളിലേക്കും നിവര്‍ത്തി വച്ചു കൈമുട്ടു മടക്കാതെ രണ്ടു വശങ്ങളില്‍ നിന്നും നേരെ മുന്‍ഭാഗത്തേക്കു മുകളിലേക്കുയര്‍ത്തുക. വീണ്ടും സാവധാനം വശങ്ങളിലേക്കുതന്നെ താഴ്ത്തുക. ഇങ്ങനെ അഞ്ചോ പത്തോ തവണയില്‍ തുടങ്ങി ഇരുപത്തഞ്ചോ മുപ്പതോ തവണ സൗകര്യംപോലെ ചെയ്യാം.

ഇനി കൈകള്‍ രണ്ടും ബെഞ്ചിനോടടുപ്പിച്ച് അരക്കെട്ടിനു സമാന്തരമായി മുകളിലേക്കുയര്‍ത്തിക്കൊണ്ടുവന്ന് വീണ്ടും താഴ്ത്തുക. ഇതും സൗകര്യം പോലെ പലതവണ ആവര്‍ത്തിക്കുക.

ഡംബലുകളുമായി കൈകള്‍ മുട്ടുമടക്കി നെഞ്ചിനിരുവശത്തും ഉയര്‍ത്തിനിര്‍ത്തുക. എന്നിട്ടു മുട്ടുകള്‍ നിവര്‍ത്തി നേരെ മുകളിലേക്കുയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. പലതവണ ആവര്‍ത്തിക്കുക.

ഇനി എണീറ്റിരിക്കുക. ഒരു മിനിറ്റു വിശ്രമത്തിനുശേഷം കൈമുട്ടുകള്‍ മൃദുവായി തുടയില്‍ സപ്പോര്‍ട്ടു ചെയ്തശേഷം മുട്ടുമടക്കി തോളിനഭിമുഖമായി ഡംബല്‍ ഉയര്‍ത്തുകയും വീണ്ടും കൈ നിവര്‍ത്തുകയും ചെയ്യുക. ഇതും ആവര്‍ത്തിക്കുക. ഇതു മറ്റേ കൈയിലും ചെയ്യുക. ഇനി ബെഞ്ചില്‍ കമിഴ്ന്നു കിടക്കുക. നേരത്തെ മലര്‍ന്നു കിടന്ന് ആദ്യം ചെയ്തപോലെ ഡംബലുകള്‍ രണ്ടും കൈകള്‍ നിവര്‍ത്തി വശങ്ങളിലേക്കു പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇതാവര്‍ത്തിക്കുക. ഇതു തന്നെ ശരീരത്തിനു സമാന്തരമായി മുന്‍പോട്ടും പിന്‍പോട്ടും പലതവണ ചെയ്യുക.

നിലത്തു നിവര്‍ന്നു നില്‍ക്കുക. ഡംബലുകള്‍ കൈമുട്ടു മടക്കി തലയ്ക്കിരുവശത്തും തോളിനു സമാന്തരമായി കൊണ്ടുവരിക. ഇനി മുട്ടു നിവര്‍ത്തി തലയ്ക്കിരുവശത്തുകൂടി മേല്‍പോട്ടുയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഇതു പലതവണ ആവര്‍ത്തിക്കുക. കുറച്ചു സെക്കന്‍ഡുകളോ ഒരു മിനിറ്റോ വിശ്രമിച്ചശേഷം വീണ്ടും കൈമുട്ടുകള്‍ മടക്കി ഡംബലുകള്‍ രണ്ടും രണ്ടു തോളിനും മുന്‍വശത്തായി കൊണ്ടുവരിക. ഇനി മുട്ടു നിവര്‍ത്തി തറയ്ക്കു സമാന്തരമായി മുന്നോട്ടു തള്ളുകയും വീണ്ടും മുട്ടുമടക്കി പൂര്‍വസ്ഥിതിയിലേക്കു വരികയും ഇതുതന്നെ പലകുറി ആവര്‍ത്തിക്കുകയും ചെയ്യുക.

വീണ്ടും ചെറിയ ഇടവേളയ്ക്കു ശേഷം ഡംബലുകള്‍ ശരീരത്തിന് ഇരുവശത്തും തുടകള്‍ക്ക് അടുപ്പിച്ച് തൂക്കിപിടിക്കുക. ഇനി കൈമുട്ടുകള്‍ മടക്കാതെ തന്നെ കൈകള്‍ സമാന്തരമായി മുന്‍വശത്തേക്കു തോളുയരത്തില്‍ ഉയര്‍ത്തുക. പത്തു സെക്കന്‍ഡ് അങ്ങനെ പിടിച്ച ശേഷം താഴ്ത്തി പൂര്‍വസ്ഥാനത്തെത്തിക്കുക. പലതവണ ഇതാവര്‍ത്തിക്കുക. ഇനി ഒരേ ഡംബല്‍ തന്നെ രണ്ടു കൈകൊണ്ടും തലയ്ക്കു പിന്നിലായി കുത്തനെ പിടിച്ചു പലതവണ മേല്‍പോട്ടുയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. രണ്ടു കൈകളിലും ഡംബലുകള്‍ എടുത്തശേഷം കാലുകള്‍ തോളകലത്തില്‍ അകത്തിവച്ചശേഷം 90 ഡിഗ്രി ഇരുവശങ്ങളിലേക്കും തിരിയുന്നതും നല്ലതാണ്. എല്ലാ ഡംബല്‍ വ്യായാമങ്ങളും കുറച്ചെണ്ണത്തില്‍ തുടങ്ങി സാവകാശം എണ്ണം സൌകര്യമായി കൂട്ടിക്കൊണ്ടുവരികയാണ് ഉത്തമം.

ലോവര്‍ബോഡി വ്യായാമങ്ങള്‍
നടത്തം പോലെയുള്ള കീഴ്ശരീര വ്യായാമങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യണം. കാലുകളിലെ പേശികള്‍ക്ക് നല്ല വ്യായാമം കിട്ടുന്ന മറ്റു ചില വ്യായാമങ്ങള്‍ കൂടി അറിയാം.
സാങ്കല്‍പിക കസേര ‍
കാലുകള്‍ തോളകലത്തില്‍ അകറ്റി നിര്‍ത്തി കൈകള്‍ രണ്ടും ഭൂമിക്ക് സമാന്തരമായി മുന്നോട്ടു നിവര്‍ത്തി 10 മുതല്‍ 30 തവണ വരെ സാങ്കല്‍പിക കസേരയില്‍ ഇരിക്കുകയും നിവരുകയും ചെയ്യുക. കാല്‍മുട്ടു തേയ്മാനമുള്ളവര്‍ ഇതു ചെയ്യരുത്. അങ്ങനെയുള്ളവര്‍ ഒരു കസേരയില്‍ ഇരുന്നശേഷം കാലുകള്‍ രണ്ടും ഭൂമിക്കു സമാന്തരമായി പൊക്കി പത്തുസെക്കന്‍ഡ് വയ്ക്കുക. പാദങ്ങള്‍ പത്തുതവണ കീഴ്പോട്ടും മേല്‍പോട്ടും വട്ടത്തിലും ചലിപ്പിക്കുക. വീണ്ടും കാലുകള്‍ താഴ്ത്തി അഞ്ചു സെക്കന്‍ഡിനു ശേഷം ഇതാവര്‍ത്തിക്കുക. ഇങ്ങനെ പല തവണ ചെയ്യുക.
നിന്നിടത്തുതന്നെയുള്ള ഓട്ടം ‍
നടക്കാനും ജോഗിങ്ങിനുമൊന്നും സൌകര്യമില്ലാത്തവര്‍ക്കു വ്യായാമം ചെയ്യുന്നിടത്തു തന്നെ ജോഗിങ്ങിന്റെ ഭാഗികഗുണം ലഭിക്കുന്ന സ്പോട്ട് റണ്ണിങ് നടത്താം. നിന്നിടത്തുനിന്നു മുന്നോട്ടു പോകാതെ കാലുകളും കൈകളും ഓടുന്ന രീതിയില്‍ ചലിപ്പിച്ച് ഇരുകാലുകളിലും മാറിമാറി ചെറുതായി ചാടിയോടുക. പാദങ്ങള്‍ക്കു പരിക്കുപറ്റാതിരിക്കാന്‍ വേണ്ടി ഇതു ചെയ്യുമ്പോള്‍ സ്പോര്‍ട്സ് ഷൂ ധരിക്കുന്നതാണുത്തമം. എന്നാല്‍ റോപ്പ് ജംപിങ് (സ്കിപ്പിങ്) പോലുള്ള വ്യായാമങ്ങള്‍ പാദരോഗങ്ങളുള്ള പ്രമേഹരോഗികള്‍ ഒഴിവാക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്‍
നമുക്ക് ആസ്വാദ്യകരമായ വിധത്തിലും തീവ്രതയിലും വീണ്ടും ചെയ്യാനുള്ള ആഗ്രഹമുണ്ടാവുന്ന വിധത്തില്‍ മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവൂ. എങ്കിലേ അതു തുടര്‍ന്നുകൊണ്ടു പോകാനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയുമുള്ളൂ.
രോഗങ്ങള്‍ ഉള്ളപ്പോഴും വല്ലാതെ ക്ഷീണം തോന്നുമ്പോഴും വ്യായാമം ഒഴിവാക്കാം.
വ്യായാമം ചെയ്യുന്നതിനു മുമ്പ് ഇന്‍സുലിനോ മരുന്നുകളോ ഉപയോഗിക്കരുത്. കാരണം പഞ്ചസാരയുടെ അളവു കുറഞ്ഞു ബോധം നഷ്ടപ്പെടാം.
ചെറുതായി (ബിസ്കറ്റോ മറ്റോ) കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതു നല്ലതാണ്.
പ്രധാന ഭക്ഷണശേഷം വ്യായാമം ഒഴിവാക്കണം.
വ്യായാമം ആദ്യമായി തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

മാറി മാറി പരീക്ഷിക്കാം
വ്യായാമവും നടത്തവും തീരെ ഇല്ലാത്തവരില്‍ കാലിലെ പേശികള്‍ പോലും കാര്യമക്ഷമത കുറഞ്ഞ മേല്‍ശരീരപേശികളെ പോലെ ആയി മാറും. ഇതു മൂലമാണു തീരെ വ്യായാമമില്ലാതിരിക്കുന്ന പ്രമേഹരോഗികള്‍ നടത്തം തുടങ്ങുന്ന ആദ്യകാലങ്ങളില്‍ രക്തത്തില്‍ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവു നന്നായി കുറയുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ അത്രതന്നെ ഫലപ്രാപ്തി ഇക്കാര്യത്തില്‍ കാണാതെ വരുന്നതും. അതിനാല്‍ അമിതവ്യായാമം ഒഴിവാക്കുന്നതും നടത്തവും പുഷ്അപ് പോലുള്ള മേല്‍ശരീരവ്യായാമങ്ങള്‍ (വ്യത്യസ്ത പേശീഗ്രൂപ്പുകള്‍) മാറിമാറി പരീക്ഷിക്കുന്നതും കഠിനമായ വ്യായാമത്തിന് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള കൊടുക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും.

മസില്‍ടോണും പ്രമേഹവും
പേശികളുടെ സ്ഥായിയായ ദൃഢതയെയാണു മസില്‍ ടോണ്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ വിശ്രമിക്കുമ്പോള്‍തന്നെ മസില്‍ ദൃഢമായിരിക്കുകയും അല്ലാത്തവരില്‍ മൃദുവായിരിക്കുകയും ചെയ്യുമെന്നതു സാമാന്യമായ അറിവാണല്ലോ. പേശീതന്തുക്കള്‍ വിശ്രമാവസ്ഥയിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ദൃഢത അനുഭവപ്പെടുന്നത്. തന്മൂലം ഇത്തരം പേശികള്‍ വിശ്രമവേളകളിലും ഗൂക്കോസിനെ (ഗൈക്കോജന്‍ഗൂക്കോസ് തന്മാത്രകളാല്‍ നിര്‍മിതമായത്) ഉപയോഗപ്പെടുത്തി രക്തത്തില്‍ ഗൂക്കോസിന്റെ അളവ് അമിതമായി ഉയരാതെ നോക്കാം. പ്രമേഹരോഗികള്‍ മിതമായെങ്കിലും നിത്യവ്യായാമം ചെയ്യേണ്ടതിന്റെയും മസില്‍ടോണ്‍ വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യം ഇതില്‍ നിന്നു മനസിലാവുമല്ലോ. രക്തത്തിലെ ഗൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനു ഭാഗികമായി മരുന്നിന്റെ ഫലം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാവും. എന്നാല്‍ വലിയതോതില്‍ പ്രമേഹമുള്ളവരിലും ദീര്‍ഘനാളായി രോഗമുള്ളവരിലും മരുന്നിനുപകരമാവാന്‍ വ്യായാമത്തിനാവില്ലെങ്കിലും മരുന്നുകളുടെ അളവ് നിയന്ത്രിക്കാന്‍ ഇതുപകരിക്കും.

ഡോ. പി. സുരേഷ് കുമാര്‍ ചെയര്‍മാന്‍,
ചീഫ് ഡയബെറ്റോളജിസ്റ്റ്,
ഡയാബ്കെയര്‍ ഇന്ത്യ, കോഴിക്കോട്