World Diabetes Day 2014
World Diabetes Day 2014

HOME»

പാദങ്ങള്‍ക്കായി ഈ കരുതലുകള്‍

Article_image

നാലരകോടി പ്രമേഹരോഗികളുള്ള ഇന്ത്യയില്‍ പാദപ്രശ്നങ്ങള്‍ കാരണം ഒരുവര്‍ഷം കാല്‍ മുറിച്ചു മാറ്റേണ്ടിവരുന്നവരുടെ എണ്ണം അമ്പതിനായിരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടവിധം നിയന്ത്രിക്കാത്തവരിലാണ് പാദരോഗങ്ങള്‍ കൂടുതല്‍ കാണുന്നത്. ഇത്തരം പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കും. അതു വേണ്ടവിധം ശ്രദ്ധിക്കാതെപോയാല്‍ രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് പാദരോഗങ്ങള്‍ക്ക് തുടക്കമിടും. ഇതോടൊപ്പംപുകവലിക്കുകയും കൂടി ചെയ്യുന്ന പ്രമേഹരോഗികളില്‍ ഞരമ്പു സംബന്ധമായ രോഗങ്ങള്‍ വളരെ വേഗം ബാധിക്കാം. ഈ ഞരമ്പു പ്രശ്നങ്ങളാണ് പിന്നീട് കണ്ണുകളേയും വൃക്കകളേയും പാദങ്ങളെയും ബാധിക്കുന്ന മാരകരോഗങ്ങളായി മാറുന്നത്.


ആദ്യലക്ഷണങ്ങള്‍
ഏതാണ്ട് 15 ശതമാനം പ്രമേഹരോഗികള്‍ക്കും പാദപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഒരു പഠനം പറയുന്നു. കാലിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകളുടെ ആദ്യ സൂചനകള്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടാന്‍ വൈകരുത്. പാദങ്ങളിലും കാലുകളിലും സൂചികൊണ്ടു കുത്തുന്നതു പോലുള്ള വേദനകള്‍ പാദപ്രശ്നങ്ങളുടെ ഒരു പ്രധാന ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. ഈ സമയത്ത് മിക്കവരും ചൂടുപിടിച്ചും മറ്റും വേദനയും തരിപ്പും മാറ്റാന്‍ ശ്രമിക്കും. ഇതുചെയ്യുന്നത് രോഗം കൂടുതല്‍ ഗുരുതരമോ സങ്കീര്‍ണമോ ആക്കാനേ സഹായിക്കൂ.പ്രമേഹരോഗി ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും മുമ്പുതന്നെ രോഗസാധ്യത മനസിലാക്കാനും രോഗം വരാതെ നോക്കാനുമുള്ള ചികിത്സ, പരിശോധനാ സംവിധാനങ്ങള്‍ ഇന്നുണ്ട്.

ന്യൂറോപ്പതിയുടെ മരവിപ്പ്
പ്രമേഹരോഗിയില്‍ പാദരോഗം കൂടുന്നതിന് വിവിധകാരണങ്ങളുണ്ട്. അതില്‍ ഒരു പ്രധാന കാരണമാണ് ഡയബെറ്റിക് ന്യൂറോപതി. പ്രമേഹരോഗം നീണ്ടുനില്‍ക്കുന്തോറും അത് ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കി ഞരമ്പുകളുടെ ശേഷിക്കുറവ് അഥവാ ന്യൂറോപതി എന്ന അവസ്ഥയില്‍ എത്തുന്നു. മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇതൊന്നും തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെ കാലു മുറിഞ്ഞാലോ, കാലില്‍ വ്രണങ്ങള്‍ രൂപപ്പെട്ടാലോ ഒന്നും ഇവര്‍ അറിയില്ല. രോഗം വഷളാവാനും കാലു മുറിക്കാനുമൊക്കെ ഇടയാക്കുന്നത് ഒരു പരിധി വരെ ഈ അവസ്ഥയാണ്. പാദത്തിന്റെയും വിരലുകളുടെയും ആകൃതി വരെ മാറ്റും ഈ അസുഖം.

ഞരമ്പുകളുടെ ശേഷിക്കുറവുമൂലം പാദത്തില്‍ തഴമ്പോ, കുരുക്കളോ ഉണ്ടാകാനും സാധ്യതകൂടുതലാണ്. ഒപ്പം പാദത്തിനടിയില്‍ സാധാരണമല്ലാത്ത സമ്മര്‍ദകേന്ദ്രങ്ങളും രൂപം കൊള്ളാം. ഇങ്ങനെയുണ്ടാകുന്ന ചെറിയ രൂപ മാറ്റങ്ങള്‍പോലും പിന്നീട് വüലിയ വ്രണങ്ങള്‍ക്കു കാരണമാകാം. രോഗപ്രതിരോധ ശക്തി പ്രമേഹരോഗികള്‍ക്ക് പൊതുവെ കുറവാണ്. ഇതുമൂലം വ്രണങ്ങള്‍ മാരകമാവാം. നന്നായി ചികിത്സിച്ചാല്‍ പോലും മുറിവു കരിയാന്‍ അസാധാരണമാം വിധം കാലതാമസം ഉണ്ടായെന്നും വരാം. ചില രോഗികളില്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവരും. ഉചിതമായ ചികിത്സ കിട്ടാതെ പോയാല്‍ ചിലപ്പോള്‍ മരണകാരണവുമാകാം. അതുകൊണ്ടാണ് കാലില്‍ പരുക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

രക്തയോട്ടം കുറയുമ്പോള്‍
പ്രമേഹം ശരീരത്തിലെ രക്തചംക്രമണത്തെ കാര്യമായി ബാധിക്കാറുണ്ട്. അതിന്റെ ഭാഗമായി കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. കാലിലേക്കും പാദത്തിലേക്കുമുള്ള രക്തക്കുഴലുകള്‍ സങ്കോചിച്ച് അങ്ങോട്ടൊഴുകുന്ന രക്തത്തിന്റെ അളവു കുറയ്ക്കും. തല്‍ഫലമായി ആ ഭാഗത്തേക്കു രക്തത്തില്‍കൂടി ചെല്ലുന്ന ഓക്സിജനും പോഷകാംശങ്ങളും കുറയും. ഫലമോ? മുറിവുകള്‍ ഉണങ്ങാന്‍ വൈകുകയും ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യാം.

എങ്ങനെ പാദം രക്ഷിക്കാം? ‍
നിസാരമായ മുറിവുപോലും പ്രമേഹരോഗികളില്‍ ഗുരുതരമാകും. അതുകൊണ്ടു തന്നെ മുറിവുണ്ടാകാതെ നോക്കുന്നതാണ് പരമപ്രധാനം. അതിനുള്ള ഏറ്റവും നല്ല ഉപായം നല്ല പാദരക്ഷകള്‍ തന്നെ. മിക്കപ്പോഴും പ്രമേഹപാദസംരക്ഷണത്തിന് ഇണങ്ങുന്ന പാദരക്ഷകളല്ലേ രോഗികള്‍ ധരിക്കുന്നത്. പാദത്തിലേക്ക് എന്തെങ്കിലും തറച്ചോ മറ്റോ മുറിവു ണ്ടാകുന്നതു പോലെ തന്നെ അപകടകരമാണ് ഉചിതമല്ലാത്ത പാദരക്ഷകള്‍ അണിയുന്നതുമൂലമുണ്ടാകുന്ന ഉരഞ്ഞുപൊട്ടലും പൊള്ളലും. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പാദങ്ങള്‍ക്ക് മുറിവുണ്ടാക്കാത്ത മികച്ച പാദരക്ഷകള്‍ കൂടിയേ കഴിയൂ.പാദത്തിലെ എല്ലുകള്‍ മുഴച്ചു നില്‍ക്കുന്ന ഭാഗങ്ങളില്‍ അധികമര്‍ദം വരാത്ത രീതിയിലുള്ള പാദരക്ഷകള്‍ ധരിക്കണം. പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പാദരക്ഷകള്‍ ഇന്നു ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കു ന്നത് പാദത്തില്‍ മുറിവുണ്ടാകുന്നതു തടയാന്‍ സഹായിക്കും.പ്രമേഹരോഗിക്ക് വൈകുന്നേരങ്ങളില്‍ കാലില്‍ നീരുണ്ടാകുന്നത് (ന്യൂറോപ്പതിക് എഡിമ) സാധാരണമാണ്. അതിനാല്‍ വൈകുന്നേരം വേണം പാദരക്ഷ തിരഞ്ഞെടുക്കാന്‍. മറ്റു സമയങ്ങളില്‍ തിരഞ്ഞെടുക്കുന്ന പാദരക്ഷകള്‍ വൈകുന്നേരം വലിഞ്ഞുമുറുകാനും പാദത്തില്‍ ഉരഞ്ഞ് മുറിവുണ്ടാകാനും കാരണമായെന്നു വരാം.മുറിവുകളോ വ്രണങ്ങളോ ഒക്കെ പാദത്തില്‍ ഉണ്ടായി ഒന്നു രണ്ടു ദിവസത്തിനുശേഷവും കരിഞ്ഞു തുടങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കാന്‍ മടിക്കരുത്. മുറിവുണ്ടായി അതു വ്രണമായാല്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ചു നീക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ വഴങ്ങണം. അല്ലെങ്കില്‍ കൂടുതല്‍ ഭാഗം പിന്നീടു മുറിച്ചുമാറ്റേണ്ടി വരാം.

പാദരോഗം വരാതിരിക്കാന്‍‍
പതിവായി ചെറുചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കി വയ്ക്കുന്നതും പാദം സൂക്ഷ്മമായി പരിശോധിച്ച് മുറിവോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും പാദരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.ചൂടു കൂടുതലുള്ള വെള്ളത്തില്‍ കഴുകുകയോ അതില്‍ പാദം മുക്കിവയ്ക്കുകയോ ചെയ്യരുത്. പാദം എപ്പോഴും നല്ലതുപോലെ തുടച്ചു വൃത്തിയാക്കി വെക്കണം പ്രത്യേകിച്ചു വിരലുകളുടെ ഇടയ്ക്കുള്ള സ്ഥലം. ഈ സ്ഥലത്തു ടാല്‍കം പൌഡര്‍ ഇട്ടു നനവു തട്ടാതെ സൂക്ഷിക്കണം. പാദത്തിന്റെ മുകളിലും അടിയിലും സ്കിന്‍ ലോഷനോ ക്രീമോ പുരട്ടി മാര്‍ദവം നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിരലുകളുടെ ഇടയില്‍ പുരട്ടരുത്. വീട്ടിനകത്തുപോലും സ്കോസും ഷൂസുമിട്ടേ നടക്കാവൂ.കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ കാല്‍ പൊക്കിവയ്ക്കുന്നതും ദിവസം രണ്ടുമൂന്നു വട്ടം പാദങ്ങള്‍ ചുഴറ്റി വ്യായാമം ചെയ്യുന്നതും നല്ലതാണ്. പാദത്തിലേക്കുള്ള രക്തയോട്ടം അതു വര്‍ധിപ്പിക്കും. ഡോക്ടറുമായി ആലോചിച്ച് ഒരു വ്യായാമമുറ ക്രമീകരിക്കുന്നത് പാദസംരക്ഷണത്തിനു മാത്രമല്ല പ്രമേഹരോഗ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമാണ്. നടപ്പ്, ഡാന്‍സ്, നീന്തല്‍, സൈക്കിള്‍ ചവിട്ട് എല്ലാം പാദത്തിനു നല്ലതാണ്.പ്രത്യേകം ശ്രദ്ധിക്കുക, പുകവലിക്കരുത്. പുകവലി കാലിലേക്കുള്ള രക്തഒഴുക്കിനെ തടയും. പാദരോഗം വിളിച്ചുവരുത്തും. ഏറ്റവും താഴെയുള്ള ഭാഗമാണു പാദം എന്നതുകൊണ്ട് ഏറ്റവും പ്രാധാന്യം കുറഞ്ഞ ഭാഗമാകുന്നില്ല. അതിലുണ്ടാകുന്ന ഒരു ചെറിയമുറിവ് ജീവന്‍ തന്നെ അപഹരിച്ചേക്കാം.

കാല്‍ മിനുസമായാല്‍‍‍
കാലിലെ രോമങ്ങള്‍ പൊഴിഞ്ഞു പോകുന്നതും ചര്‍മം കൂടുതല്‍ മിനുസമുള്ളതായി മാറുന്നതും പാദങ്ങളിലും കാലുകളിലും രക്തയോട്ടം കുറയുന്നതിന്റെ സൂചനയാണ്. ഒപ്പം ചര്‍മത്തില്‍ കറുത്ത പുള്ളികള്‍ പ്രത്യക്ഷപ്പെടാനും ഇടയുണ്ട്. കാലിലും പാദങ്ങളിലുമുണ്ടാകുന്ന മരവിപ്പ്, തരിപ്പ്, സൂചികൊണ്ടു കുത്തുന്നതുപോലുള്ള വേദന, ചെറിയ ദൂരം നടക്കുമ്പോള്‍ തന്നെ പാദങ്ങളിലും കാലുകളിലും ഉണ്ടാകുന്ന വേദന തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം. ഈ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ പോഡിയാട്രി വിദഗ്ധന്റെ സഹായത്തോടെ പാദപരിശോധന നടത്തി രോഗസാധ്യതയില്ലെന്ന് ഉറപ്പാക്കണം.

ഡോ ഹരീഷ് കുമാര്‍
എന്‍ഡോക്രൈനോളജി, ഡയബറ്റിസ് വിഭാഗം പ്രഫസറും മേധാവിയും
എഐഎംഎസ്, കൊച്ചി.

ഡോ അജിത് വര്‍മ
പ്രഫസര്‍,ഡയബറ്റിക് ഫൂട് സര്‍ജറി,
എഐഎംഎസ്,കൊച്ചി.‍‍‍