">
World Diabetes Day 2014
World Diabetes Day 2014

HOME»

പ്രമേഹമരുന്നുകള്‍: പരമാവധി ഗുണം കിട്ടാന്‍

Article_image

ഭക്ഷണരീതികളിലും ജീവിതശൈലിയിലും മാറ്റം വരുത്തിയിട്ടും പ്രമേഹം വരുതിയിലാകുന്നില്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മരുന്നു കഴിക്കേണ്ടിവരും. പനിക്കും തലവേദനയ്ക്കും മരുന്നു കഴിക്കുന്ന പോലെ രോഗം വേഗം മാറും, ഉടന്‍ മരുന്നു നിര്‍ത്താം എന്നു പ്രതീക്ഷിക്കരുത്. ജീവിതകാലം മുഴുവന്‍ ചിലപ്പോള്‍ പ്രമേഹമരുന്നുകള്‍ ഉപയോഗിക്കേണ്ടി വന്നുവെന്നു വരാം. മരുന്നുകള്‍ കഴിച്ചതുകൊണ്ടോ ഇന്‍സുലിന്‍ എടുത്തതു കൊണ്ടോ മാത്രം പ്രമേഹ ചികിത്സ കൃത്യമാകണമെന്നില്ല. മറിച്ച് മരുന്നുകളുടെ പരമാവധി ഫലം ലഭിക്കാന്‍ അവ കഴിക്കേണ്ട വിധം, ഉപയോഗിക്കേണ്ട രീതികള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവയെപ്പറ്റി രോഗിക്ക് നല്ല ധാരണയും വേണം.

പ്രമേഹ മരുന്ന് ‍‍
രക്തത്തിലെ ഗൂക്കോസിന്റെ അമിതമായ അളവാണ് പ്രമേഹം. ഗൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുന്ന ശരീരത്തിലെ ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ അളവോ പ്രവര്‍ത്തനക്ഷമതയോ കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരനില ക്രമാതീതമാകും. ചില പ്രമേഹ ഔഷധങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമ്പോള്‍ മറ്റുള്ളവ ഉല്‍പാദനശേഷി കൂട്ടുന്നു. ഇന്‍സുലിന്‍ നേരിട്ട് രക്തത്തിലേക്ക് കുത്തിവെയ്പിലൂടെയും മറ്റും എത്തിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ടൈപ് 1 പ്രമേഹമെന്ന കുട്ടിക്കാലം മുതലാരംഭിക്കുന്ന പ്രമേഹത്തില്‍, ഇന്‍സുലിന്‍ ഉല്‍പാദനം ശരീരത്തില്‍ തീരെയില്ലാത്തതിനാല്‍ ദിവസം രണ്ടോ മൂന്നോ തവണ ഇന്‍സുലിന്‍ കുത്തിവെയ്ക്കേണ്ടി വരും.

പ്രമേഹമരുന്നുകളുടെ പ്രവര്‍ത്തനരീതി അറിഞ്ഞിരുന്നാല്‍ അത് രോഗിക്ക് കൂടുതല്‍ ഗുണം ചെയ്യും. ഉദാഹരണത്തിന് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന മെറ്റ്ഫോമിന്‍ എന്ന ഗുളിക കഴിക്കുന്നവര്‍ വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ചിട്ടയായ വ്യായാമവും ആഹാരക്രമവും കൊണ്ട് അമിതവണ്ണവും തൂക്കവും കുറയ്ക്കുന്നത് ഇന്‍സുലിന്‍ സന്തുലനത്തിന് സഹായിക്കും. മരുന്നുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചറിയുന്നത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് സള്‍ഫണിലൂറിയാസ് ഗണത്തില്‍ പെടുന്ന ഗൈബന്‍ക്ളമൈഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കും. ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ വരാം. അതിനാല്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുന്നത് നല്ലതാണ്.

കഴിക്കേണ്ട സമയം ‍‍
മരുന്നുകള്‍ കഴിക്കേണ്ട കൃത്യമായ സമയം വളരെ പ്രധാനപ്പെട്ടതാണ്. ചില മരുന്നുകള്‍ ആഹാരത്തിനുമുമ്പുതന്നെ കഴിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്‍സുലിന്‍ അളവ് കൂട്ടുന്ന ഗിമിപെറൈഡ് പോലുള്ള മരുന്നുകള്‍. അകാര്‍ബോസ് പോലുള്ള മരുന്നുകളാകട്ടെ ആഹാരത്തോടൊപ്പം കഴിക്കേണ്ടവയാണ്. ആഹാരത്തിന്റെ ദഹനസമയം കൂട്ടാനായി ആമാശയത്തിലെ ദഹനഎന്‍സൈമുകളുടെ ഉത്പാദനം നിയന്ത്രിക്കും. ഇവയുടെ ഉപയോഗത്തിലൂടെ ആഹാരത്തിനു ശേഷം പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ധന നിയന്ത്രിക്കാന്‍ കഴിയും. ഇന്‍സുലിന്‍ എടുക്കുന്ന കാര്യത്തിലും ഈ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പരമ്പരാഗതരീതിയില്‍പെട്ട പല ഇന്‍സുലിനുകളും ആഹാരത്തിന് അരമണിക്കൂര്‍ മുമ്പ് എടുക്കുമ്പോള്‍ ചിലതരം പുതിയ ഇന്‍സുലിനുകള്‍ ആഹാരത്തിന് തൊട്ടുമുമ്പ് എടുക്കേണ്ടവയാണ്.

ഇണങ്ങുന്ന മരുന്ന് ‍‍
മെറ്റ്ഫോമിന്‍, ഗിപ്റ്റിന്‍സ് മുതലായവയുടെ ഉപയോഗം പഞ്ചസാരനില അപകടകരമായി കുറയ്ക്കില്ല. എന്നാല്‍ ഇന്‍സുലിന്‍ ഉപയോഗം ഹൈപ്പോഗൈസീമിയയിലേക്ക് എത്തിക്കാം. അതിനാല്‍ ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നവര്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഹൈപ്പോഗൈസീമിയ ഉണ്ടാക്കാത്തതരം മരുന്നുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് ആഹാരകാര്യത്തില്‍ അത്രതന്നെ സമയനിഷ്ഠ വേണ്ടി വരുന്നില്ല. അഭിഭാഷകര്‍, എക്സിക്യൂട്ടീവുകള്‍ തുടങ്ങി തിരക്കേറിയ ജീവിതശൈലിയുള്ളവര്‍ ഹൈപ്പോഗൈസീമിയ ഉണ്ടാക്കാത്ത മരുന്നുകള്‍ വേണം സ്വീകരിക്കാന്‍. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍ പല പ്രമേഹമരുന്നുകള്‍ക്കും അവയുടെ യഥാര്‍ഥ ഉപയോഗത്തിനു പുറമേ മറ്റ് പല ഗുണഫലങ്ങളും കാണാറുണ്ട്. ഉദാഹരണമായി മെറ്റ്ഫോമിന്‍ എന്ന മരുന്ന് പഞ്ചസാര കുറയ്ക്കുന്നതിനു പുറമേ അമിത തൂക്കവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രമേഹം രക്തക്കുഴലുകളില്‍ വരുത്താവുന്ന ജീര്‍ണതകളെ കുറയ്ക്കാനും സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങള്‍
മുമ്പു പറഞ്ഞ ഹൈപ്പോഗൈസീമിയ വരാതെ നോക്കുകയെന്നതാണ് പ്രമേഹമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. മരുന്നിന്റെ അമിത ഉപയോഗം, അമിത വ്യായാമം, സമയത്ത് ആഹാരം കഴിക്കാതിരിക്കുക എന്നിവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയ്ക്കും. ഇങ്ങനെ സംഭവിച്ചാല്‍ അമിതമായ വിയര്‍പ്പ്, വിശപ്പ്, അസ്വസ്ഥത, താളം തെറ്റിയ ഹൃദയമിടിപ്പ് തുടങ്ങി ബോധക്ഷയവും ചിലപ്പോള്‍ മരണം തന്നെയും സംഭവിച്ചേക്കാം. ഹൈപ്പോഗൈസീമിയയ്ക്ക് ഏറ്റവും പ്രധാന കാരണക്കാര്‍ ഇന്‍സുലിനും സള്‍ഫണിലൂറിയാസ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുമാണ്. ഇവ ഉപയോഗിക്കുന്ന രോഗികള്‍ കൃത്യസമയത്ത് ആഹാരം കഴിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. ഗൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ശരീരഭാരം കൂട്ടുന്നവയാണ്. എന്നാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ക്രമമായ ആഹാരവും വ്യായാമവും ശരീരഭാരം കൂടുന്നത് തടയുന്നു. വളരെ വ്യാപകമായി ഉപയോഗിക്കുന്ന പയോഗിറ്റാസോണ്‍ മരുന്നും പാര്‍ശ്വഫലങ്ങളില്‍ നിന്ന് മുക്തമല്ല. ഈ മരുന്ന് സ്ത്രീകളില്‍ അമിതഭാരത്തിന് ഇടയാക്കും. കാലുകളിലെ നീര്‍ക്കെട്ടിനും എല്ലുകള്‍ ഒടിയുന്നതിനും വഴിതെളിക്കും. ബ്ളാഡര്‍ കാന്‍സറിനു കാരണമാകുന്നു എന്നതിനാല്‍ ഇടക്കാലത്ത് ഈ മരുന്ന് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ നിരോധനം അടുത്ത കാലത്ത് പിന്‍വലിച്ചു. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ.

എങ്ങനെ കഴിക്കണം?
ഗുളികകള്‍ സമയാസമയങ്ങളില്‍ കഴിച്ചാല്‍ പോരേ എന്നാണ് പല രോഗികളുടെയും വിചാരം. എന്നാല്‍ ഇതു വാസ്തവമല്ല. അകാര്‍ബോസ് പോലെ ചില മരുന്നുകള്‍ ഭക്ഷണത്തിനൊപ്പം കഴിക്കേണ്ടതാണ്. മറ്റു ചില വകഭേദങ്ങള്‍ ചവച്ചരച്ചു കഴിക്കേണ്ടവയും നാക്കിനടിയില്‍ വച്ച് കഴിക്കേണ്ടവയും ഒരു ഗാസ് വെള്ളത്തിനൊപ്പം കഴിക്കേണ്ടവയുമാണ്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുക. ഒരു നേരം പോലും മുടങ്ങാതെ മരുന്നു കഴിക്കുക എന്നത് പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരു ദിവസം രാവിലത്തെ ഭക്ഷണത്തോടൊപ്പമുള്ള മരുന്ന് മുടങ്ങിയാല്‍ തന്നെ ബ്ളഡ്ഷുഗര്‍ നില ഉയരാന്‍ തുടങ്ങും. ഉച്ചഭക്ഷണത്തോടും രാത്രിഭക്ഷണത്തോടും ഒപ്പമുള്ള മരുന്നും ഒഴിവാക്കിയാല്‍ ഷുഗര്‍ലെവല്‍ നിയന്ത്രണാതീതമാകും. അതിനു ശേഷം ദിവസങ്ങളോളം ചിട്ടയായ മരുന്നും ഭക്ഷണവും പിന്തുടര്‍ന്നാലേ പൂര്‍വസ്ഥിതിയിലെത്താന്‍ സാധിക്കൂ. മരുന്നു കഴിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഹൃദ്രോഗം, വൃക്ക, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ ഡെഗൂഡെക്ക് പോലെ 36 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ തന്നെ കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ് അഭികാമ്യം.

ഇന്‍സുലിന്‍ എടുക്കാം
ഇന്‍സുലിന്‍ കുത്തിവെയ്പ് വേണ്ടിവരുന്നവരുടെ എണ്ണം കൂടിവരികയാണ്. പരമ്പരാഗത ഇന്‍സുലിനുകള്‍ക്കു പകരം ഇപ്പോള്‍ ജിഎല്‍പി1 പോലെയുള്ള ആധുനിക ഇന്‍സുലിനുകളുടെ ഉപയോഗം സാര്‍വത്രികമായിട്ടുണ്ട്. കുത്തിവയ്പ് എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ നീളത്തിലുള്ള സൂചികള്‍ വേദന കുറയ്ക്കുന്നതിനൊപ്പം പേശികള്‍ക്കു മുറിവേല്‍പിക്കുകയുമില്ല. പേശികളില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കപ്പെട്ടാല്‍ പെട്ടെന്ന് തന്നെ ശരീരം അതിനെ സ്വാംശീകരിക്കുകയും ഹൈപ്പോഗൈസീമിയ എന്ന അവസ്ഥയില്‍ എത്തുകയും ചെയ്യും. അതേപോലെ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇന്‍ജക്ഷന്‍ എടുത്തുകൊണ്ടിരുന്നാല്‍ അവിടെ കൊഴുപ്പടിഞ്ഞുകൂടി ലൈപോഹൈപ്പര്‍ട്രഫി എന്ന അവസ്ഥയുണ്ടായി ഇന്‍സുലിന്‍ ശരീരം വലിച്ചെടുക്കാത്ത സ്ഥിതിവരും. അതുമൂലം ഇന്‍സുലിന്‍ എടുത്തതിനു ശേഷവും രക്തത്തിലെ പഞ്ചസാരനില ഉയര്‍ന്നു നിന്നേക്കാം. അതിനാല്‍ ദിവസേന ഇന്‍ജക്ഷന്‍ എടുക്കുന്ന സ്ഥാനം മാറ്റാന്‍ മറക്കരുത്.

മരുന്നു ഫലിക്കുന്നുണ്ടോ? പ്രമേഹരോഗികള്‍ക്ക് പഞ്ചസാരനില കൂടുന്ന അവസ്ഥയില്‍ അധികവിശപ്പ്, തൂക്കം നഷ്ടപ്പെടല്‍, അണുബാധയ്ക്കുള്ള സാധ്യത എന്നിവ സാധാരണമാണ്. എന്നാല്‍ പഞ്ചസാരനില നോര്‍മല്‍ ആകുന്നതോടു കൂടി ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണ് പതിവ്. എങ്കില്‍ക്കൂടി ഇടവേളകളില്‍ ലാബറട്ടറിയില്‍ കൂടിയുള്ള പരിശോധന ഒഴിവാക്കരുത്. എച്ച്ബിഎ എല്‍സിഎന്ന രക്തപരിശോധനയിലൂടെ മൂന്നുമാസത്തെ ഗൂക്കോസ് നിലയുടെ തോത് ബോധ്യമാകും. ഈ ടെസ്റ്റിന്റെ മൂല്യം ഏഴുശതമാനത്തില്‍ കുറവെങ്കില്‍ ബ്ളഡ്ഗൂക്കോസ് ലെവല്‍ നിയന്ത്രണ വിധേയമാണെന്ന് മനസിലാക്കാം. പ്രത്യേകകാരണമൊന്നും കൂടാതെ ഈ ടെസ്റ്റിന്റെ വാല്യൂ ഏഴു ശതമാനത്തില്‍ കൂടുകയാണെങ്കില്‍ സിജിഎംഎസ് എന്ന ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇതുവഴി ഒരു ദിവസം 288 തവണ ഗൂക്കോസ് നില എന്ന കണക്കില്‍ മൂന്ന് ദിവസത്തേക്ക് ഗൂക്കോസ് ലെവല്‍ അറിയാന്‍ സാധിക്കും. ഉണര്‍ന്നിരിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, ജോലി ചെയ്യുമ്പോഴോ ഉള്ള ഗൂക്കോസ് ലെവലിന്റെ ഏറ്റക്കുറച്ചിലുകള്‍ ഈ ടെസ്റ്റില്‍ നിന്നു മനസിലാക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ പ്രമേഹരോഗികള്‍ തങ്ങള്‍ക്കു കഴിക്കേണ്ട മരുന്നുകളുടെ അളവ്, കഴിക്കേണ്ട സമയം, എന്നിവയെപ്പറ്റി തികച്ചും ബോധവാന്മാരായിരിക്കണം. അതേപോലെ തങ്ങള്‍ക്കു കിട്ടുന്ന വിവരങ്ങളുടെ ആധികാരികതയെപ്പറ്റിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിലൂടെയോ കേട്ടുകേള്‍വിയിലൂടെയോ ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിച്ച് ആധികൊള്ളേണ്ടെന്നു സാരം.

ഗൂക്കോമീറ്റര്‍ ഉപയോഗിക്കാം
കേവലം ജിജ്ഞാസ കാരണം ഗൂക്കോമീറ്റര്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും ഷുഗര്‍ ലെവല്‍ അളക്കുന്നവരുണ്ട്. ഇതില്‍ തെറ്റൊന്നുമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനെപ്പറ്റി അമിതമായ ഉത്കണ്ഠ അത്ര നല്ലതല്ല. പ്രത്യേകിച്ചും ഒരു മരുന്ന പുതിയതായി കഴിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കില്‍. പഞ്ചസാരയുടെ അളവ് സാധാരണ ഗതിയിലാകാന്‍ അല്‍പം താമസിച്ചേക്കാം. എന്നാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ പതിവായി അധികഡോസില്‍ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ദിവസവും നാലോ അഞ്ചോ തവണയോ അതില്‍ കൂടുതലോ ഗൂക്കോസ് ലെവല്‍ നോക്കേണ്ടി വന്നേക്കാം. ഇവിടെയും ഒരു ഡോക്ടറുടെ നിര്‍ദേശം വളരെ പ്രധാനപ്പെട്ടതാണ്. ഗുളിക കഴിക്കുന്നവരെ അപേക്ഷിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്ളഡ്ഷുഗര്‍ ലെവല്‍ കൂടുതല്‍ തവണ പരിശോധിക്കേണ്ടി വന്നേക്കാം. വീട്ടില്‍ പരിശോധിക്കുന്നതിനേക്കാള്‍ കൃത്യത ലാബിലെ പരിശോധനകള്‍ക്കായിരിക്കും. പക്ഷേ, സൗകര്യം ഗൂക്കോമീറ്റര്‍ തന്നെയാണ്.

ഡോ. എ. ജി. ഉണ്ണികൃഷ്ണന്‍
സി ഇ ഒ + എന്‍ഡോക്രൈനോളജിസ്റ്റ്,
ചെല്ലാറാം ഡയബെറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെ