World Diabetes Day 2014
World Diabetes Day 2014

HOME»

മനസ്സിന്റെ മാറ്റം പ്രമേഹം വരുത്തും

Article_image

പ്രമേഹം മലയാളിക്ക് അതീവ പരിചിതമായ രോഗമാണെങ്കിലും അവനവനു പ്രമേഹം ഉണ്ട് എന്ന് ആദ്യമായി അറിയുമ്പോള്‍ മുതല്‍ തന്നെ മിക്കവരും കഠിനമായ മാനസികാഘാതത്തിന് അടിമപ്പെടുന്നു. മാനസികപിരിമുറുക്കം, ദേഷ്യം, ആകാംക്ഷ, കുറ്റബോധം, ഭയം, വിഷാദം എന്നീ ഭാവങ്ങള്‍ പ്രമേഹരോഗികളില്‍ തുടക്കം മുതലേ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കണ്ടുവരുന്നു. ഈ രോഗങ്ങള്‍ കൊണ്ട് പ്രമേഹം വരാനുള്ള സാധ്യത പോലെ തന്നെയാണ് പ്രമേഹം വഴി ഈ രോഗങ്ങള്‍ വരുന്നതും. പഠനങ്ങള്‍ തെളിയിക്കുന്നതു പ്രമേഹരോഗികളില്‍ 2030 ശതമാനം പേര്‍ക്കും വിഷാദരോഗം ബാധിക്കുന്നു എന്നതാണ്. രോഗത്തിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ രോഗി പോലും അറിയാതെ സംഭവിക്കുന്നു. അതിനാല്‍ വിഷാദപ്രശ്നങ്ങള്‍ക്കും മറ്റും ചികിത്സ കിട്ടാതെ പോവുകയും ചെയ്യും. പ്രമേഹവും രോഗിയുടെ മനസ്സും പരസ്പരം വേര്‍പെടുത്തിയെടുക്കാന്‍ പറ്റാത്ത ഒന്നായതുകൊണ്ടു നമുക്ക് ഈ വസ്തുതകളെ മറ്റു ചില വീക്ഷണങ്ങളിലൂടെ പരിശോധിക്കാം.

മനസ്സിളകിയാല്‍ പ്രമേഹം‍‍‍
മാനസികസമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും ഇല്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വലിഞ്ഞു മുറുകിയ മനസ്സുമായിട്ടാണ് മിക്കവരുടേയും ദൈനംദിന ജീവിതം മുന്നോട്ടു പോകുന്നതുതന്നെ. ഇന്നത്തെ സാഹചര്യത്തില്‍ നേടങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്‍ നമുക്കു നഷ്ടപ്പെടുന്നത് മനഃശാന്തിയും മാനസികാരോഗ്യവുമാണ്. ജോലിയിലുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കല്‍, കൃത്യസമയത്തു ചെയ്തു തീര്‍ക്കല്‍, ജോലിയിലെ അമിതഭാരം, മേലധികാരികളുടെ സമ്മര്‍ദം ഇവയെല്ലാം പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കുടുംബപാരമ്പര്യമുള്ളവരിലും അമിതവണ്ണമുള്ളവരിലും ഇത്തരം സമ്മര്‍ദം ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ കൂട്ടുന്നു. മാനസിക പിരിമുറുക്കം ഇന്‍സുലിന് എതിരായി പ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ വര്‍ധനവുണ്ടാക്കുകയും ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദം പെട്ടെന്ന് ഒഴിഞ്ഞുപോകാത്ത ഒന്നായതിനാല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രമേഹത്തിലേക്ക് ഒരാളെ വലിച്ചു കൊണ്ടുപോകുന്നു.

പ്രമേഹം മൂലം മാനസികപ്രശ്നങ്ങള്‍ ‍‍‍
പ്രമേഹമുള്ളവരില്‍ ഏതാണ്ട് 30 ശതമാനത്തോളം പേരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്്. നിരാശയും വിഷാദവും താല്‍പര്യക്കുറവും ഉള്‍പ്പെടെയുള്ള വിവിധ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ പ്രമേഹരോഗിക്ക് നാലിരട്ടി കൂടുതലാണെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

വിഷാദരോഗം ചിലപ്പോള്‍ താല്‍ക്കാലികമാകാം. മറ്റു ചിലരില്‍ വന്നും പോയുമിരിക്കാം. അവരില്‍ സന്തോഷക്കുറവും താല്‍പര്യമില്ലായ്മയും ദുഃഖവും കൂടും. ന്യൂറോട്രാന്‍ സ്മിറ്ററുകളുടെ രക്തത്തിലുള്ള വ്യതിയാനമാണ് ഈ അവസ്ഥകളുണ്ടാക്കുന്നത്. ഈ വ്യതിയാനത്തിന് പ്രമേഹം ഒരു കാരണക്കാരനോ ഉല്‍പ്രേരകമോ ആയി പ്രവര്‍ത്തിക്കാം. ഇതിനെ പ്രത്യേകമായി ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പ്രമേഹചികിത്സയുടെ തന്നെ താളം തെറ്റും. ഔഷധങ്ങളിലൂടെയും കൌണ്‍സലിങ്ങിലൂടെയും വളരെ ഫലപ്രദമായി ഇതിനെ ചികിത്സിക്കുമ്പോള്‍ പ്രമേഹനിയന്ത്രണവും ഫലപ്രദമാകും.

മനസ്സിനും ചികിത്സവേണം
പ്രമേഹത്തെക്കുറിച്ചുള്ള ഭയം, ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആകാംക്ഷ, അത് മനസ്സില്‍ സൃഷ്ടിക്കുന്ന ദേഷ്യം, പ്രതികൂലമായ ഗൃഹാന്തരീക്ഷം, നിയന്ത്ര ണത്തിനു വേണ്ട ചിട്ടകള്‍ ശരിയാകുന്നില്ല എന്ന തോന്നല്‍, എന്നിവയൊക്കെ പ്രമേഹനിയന്ത്രണത്തെ കാര്യമായി ബാധിക്കുന്നു. ഇവരില്‍ കാണുന്ന ഉത്സാഹക്കുറവ്, ഓര്‍മ ക്കുറവ്, താല്‍പര്യക്കുറവ് എന്നിവയും രോഗത്തെ നിയന്ത്രിക്കുന്നതിന് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു പ്രമേഹരോഗി കേള്‍ക്കുന്നതുതന്നെ, കാല്‍മുറിച്ച് മാറ്റിയതും കാഴ്ച നഷ്ടപ്പെട്ടതും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചുപോയതുമായ സംഭവങ്ങള്‍ മാത്രമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.

ജീവിതത്തെ സ്നേഹിക്കുക
ഒരു പരിധി വിട്ടു പോയാല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലേക്കു പോകാതിരിക്കാന്‍ ഒരു പ്രമേഹരോഗി മനസ്സുവെച്ചാല്‍ സാധിക്കും. തനിക്കുണ്ടാകുന്ന മാനസികമായ സുഖമില്ലായ്മകള്‍ പ്രമേഹം ഏല്‍പ്പിക്കുന്ന ആഘാതങ്ങളാവാം എന്ന തിരിച്ചറിവാണ് രോഗിക്ക് ആദ്യം വേണ്ടത്. അതു മനസ്സിലാക്കിയാല്‍ സജീവമായ ഒരു ജീവിത ശൈലിയിലൂടെയും വിശ്രാന്തിമാര്‍ഗങ്ങളിലൂടെയും അതിനെ അതിജീവിക്കാനും അങ്ങനെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താനും കഴിയും.രാവിലത്തെ നടത്തം, വ്യായാമം, നല്ല പുസ്തകപാരായണം, നല്ല സംഗീതം ആസ്വദിക്കല്‍, തോട്ടപ്പണി, മറ്റു ഹോബികള്‍ എല്ലാം മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഉപകാരപ്പെടും. പ്രമേഹത്തിനാവശ്യമായ എല്ലാ നിയന്ത്രണങ്ങളോടും കൂടി ജീവിതം പരമാവധി ആസ്വദിക്കാന്‍ തയാറാവുക. പ്രമേഹം ജീവിതത്തില്‍ ഒന്നും നഷ്ടപ്പെടുത്തുന്നില്ല. കൂടുതല്‍ നല്ല ജീവിതചര്യകള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്ന നിലയില്‍ പ്രമേഹത്തെ പോസിറ്റീവായി കാണുക.

വിശ്രാന്തിക്ക് മെഡിറ്റേഷന്‍
പ്രമേഹരോഗി ദിവസം ഒരു നേരമെങ്കിലും ബോധപൂര്‍വമായ റിലാക്സേഷന് സമയം കണ്ടെത്തണം. ഫലപ്രദമായി ചെയ്യാവുന്ന ഒരു റിലാക്സേഷന്‍ ടെക്നിക്കാണ് മെഡിറ്റേഷന്‍ എന്ന ധ്യാനം. നടു നിവര്‍ത്തി, തല ഉയര്‍ത്തിപ്പിടിച്ച് സൌകര്യപ്രദമായ രീതിയില്‍ സ്വസ്ഥമായി ഇരിക്കുക. നന്നായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് കണ്ണടച്ചിരിക്കുക. അപ്പോള്‍ മറ്റെല്ലാ ചിന്തകളും ഒഴിവാക്കി നമ്മുടെ നെഞ്ചിലും വയറ്റിലും വരുന്ന ഉയര്‍ച്ചയും താഴ്ചയും മാത്രം ശ്രദ്ധിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കാനായി ശ്വാസോച്ഛ്വാസം എണ്ണാവുന്നതാണ്. തനിക്കു പ്രിയപ്പെട്ട എന്തെങ്കിലും പദം ഉരുവിട്ടുകൊണ്ടേയിരിക്കലും ശ്രദ്ധമാറിപ്പോവാതിരിക്കാന്‍ നന്നായിരിക്കും. മന്ത്രജപ രീതിയും സ്വീകരിക്കാം. അല്ലെങ്കില്‍ ഒന്നുമുതല്‍ പത്തുവരെ മെല്ലേ എണ്ണിക്കൊണ്ടേയിരിക്കുമ്പോള്‍ ശ്രദ്ധ മാറിപ്പോയെങ്കില്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങുക. ഏകദേശം 20 മിനിറ്റ് ഈ രീതിയില്‍ തുടര്‍ന്നാല്‍ കണ്ണു തുറന്നു മെല്ലെ പരിസരബോധം വീണ്ടെടുത്ത് സമയമെടുത്ത് കൊണ്ട് എഴുന്നേല്‍ക്കുക. മനസിനും ശരീരത്തിനും സുഖം കൈവരുന്നത് മനസ്സിലാക്കാം.

ശ്യാം സുന്ദര്‍
ഡയബെറ്റിസ് എഡ്യുക്കേറ്റര്‍, സൈക്കോ തെറപ്പിസ്റ്റ്,
ഡയാകെയര്‍ സെന്റര്‍ ഫോര്‍ ഡയബറ്റിസ്,കണ്ണൂര്‍.

ഡോ സബീര്‍ ടി കെ
കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍, ഡയാകെയര്‍ സെന്റര്‍ ഫോര്‍ ഡയബെറ്റിസ്,കണ്ണൂര്‍.‍