സൗന്ദര്യപ്രശ്നം മാത്രമല്ല പൊണ്ണത്തടി

അമിതവണ്ണം അഥവാ പൊണ്ണത്തടി സാംക്രമിക രോഗമല്ല. പക്ഷേ, പകര്‍ച്ചവ്യാധിപോലെയാണ് അമിതവണ്ണക്കാരുടെ എണ്ണം കൂടിവരുന്നത്. അമിതവണ്ണത്തെ രോഗാവസ്ഥയായല്ല, മറിച്ച് സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് ഏറെയും. എന്നാല്‍, ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കുള്ള കുറുക്കുവഴിയാണ് ഈ ദുര്‍മേദസ് എന്നറിയുക.

ലോകത്ത് നൂറുകോടിയിലേറെപ്പേര്‍ക്ക് അമിതവണ്ണം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിലാകട്ടെ പത്തുകോടി ജനങ്ങള്‍ പൊണ്ണത്തടിക്കാരാണത്രേ. രാജ്യത്തെ 45% സ്ത്രീകളും 29% പുരുഷന്‍മാരും ദുര്‍മേദസ് ഉള്ളവരാണെന്നു ന്യൂട്രീഷ്യന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കും വ്യക്തമാക്കുന്നു. കേരളത്തിലും പൊണ്ണത്തടിക്കാരുടെ എണ്ണം ഏറുന്നതായാണ് കണക്ക്. മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികളും പൊണ്ണത്തടിക്കാരാവുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആഹാരം കൂടുതല്‍; വ്യായാമം കുറവ് ‍
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഊര്‍ജവും അതിന്റെ വിനിയോഗവും എപ്പോഴും സന്തുലിതമായിരിക്കണം. എന്നാല്‍, ഭക്ഷണത്തിന്റെ അളവു വര്‍ധിക്കുകയും അതിനനുസരിച്ച് മെയ്യനങ്ങിയുള്ള പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ ഊര്‍ജ വിനിയോഗം സാരമായി കുറയുകയും ഇതുമൂലം അധികമുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. പൊണ്ണത്തടിയിലേക്കു വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം ഇതാണ്. തെറ്റായ ആഹാര രീതി, ആവശ്യത്തിനു വ്യായാമം ഇല്ലാതിരിക്കല്‍ എന്നിവതന്നെയാണു പ്രധാന പ്രശ്നമെന്നു ചുരുക്കം.

ജനിതക കാരണങ്ങള്‍, മാറുന്ന ജീവിതശൈലി, പാരിസ്ഥിതികമായ പ്രചോദനം, മാനസിക പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, ഹൈപ്പോതലാമസിന്റെ വര്‍ധിച്ച പ്രവര്‍ത്തനം ഇവയെല്ലാം പൊണ്ണത്തടിയിലേക്കു വഴിയൊരുക്കാം. മാതാപിതാക്കളില്‍ ഒരാള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ കുട്ടിക്ക് അമിതവണ്ണം ഉണ്ടാവാനുള്ള സാധ്യത 50 ശതമാനത്തില്‍ കൂടുതലാണ്. സാധാരണയായി കൗമാരപ്രായത്തിലാണ് അമിതവണ്ണം ആരംഭിക്കുന്നത്. 1013 വയസ്സിനിടയ്ക്ക് ഒരു കുട്ടിക്ക് അമിതഭാരമുണ്ടെങ്കില്‍ പ്രായമാകുമ്പോള്‍ ദുര്‍മേദസ് ഉണ്ടാവാനുള്ള സാധ്യത 80 ശതമാനമാണ്.

നടപ്പ് കുറഞ്ഞപ്പോള്‍ തടിയേറുന്നു ‍
അമിതവണ്ണമുള്ളവരില്‍ കൊഴുപ്പിന്റെ (കൊളസ്ട്രോള്‍) അളവ് കൂടുതലായിരിക്കും. എന്നാല്‍, മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ കൊളസ്ട്രോള്‍ അധികം ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. അതേസമയം, ശരീരം അനങ്ങാതെ മണിക്കൂറുകളോളം ഒരിടത്ത് ഇരുന്നു ജോലിചെയ്യുന്ന ഐടി പ്രഫഷനലുകള്‍ പോലുള്ളവരില്‍ പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. തിരക്കിട്ട ജോലിക്കും വിശ്രമത്തിനും ഇടയില്‍ വ്യായാമത്തിന് അരമണിക്കൂര്‍ പോലും സമയം കണ്ടെത്താനാവുന്നില്ല എന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം.

പുതിയ ജീവിതശൈലിയുടെ കൂടി സംഭാവനയാണു പൊണ്ണത്തടി. നടപ്പ് ശീലമാക്കിയിരുന്ന ഒരു തലമുറയുടെ സ്ഥാനത്ത് അത്യാവശ്യത്തിനു പോലും നടന്നു യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നടക്കുന്നതും ഓടുന്നതും പോലെ സൈക്കിള്‍ ചവിട്ടുന്നതും മികച്ച വ്യായാമമാണെങ്കിലും സൈക്കിള്‍ യാത്രയും പുതിയ തലമുറയ്ക്കിടയില്‍ ഔട്ട് ഓഫ് ഫാഷന്‍ ആയിക്കഴിഞ്ഞു. കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡും ശീതളപാനീയങ്ങളും വ്യാപകമായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.

പൊണ്ണത്തടി ഹൃദയത്തിലേക്ക് ‍
പൊണ്ണത്തടിയുള്ളവരില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തവും ക്രമരഹിതവുമായ നിലയിലായിരിക്കും. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ക്ളേശപൂര്‍ണമായിത്തീരും. പൊണ്ണത്തടി ഏറ്റവും ശക്തമായ ഭീഷണി ഉയര്‍ത്തുന്നതു ഹൃദയത്തിനു തന്നെയാണ്. ദുര്‍മേദസ് ഉള്ളവരില്‍ ഹൃദ്രോഗത്തിനു കാരണമാകുന്ന ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍) വളരെ കൂടുതലും നല്ല കൊളസ്ട്രോള്‍ (എച്ച്ഡിഎല്‍) വളരെ കുറവുമായിരിക്കും. ചീത്ത കൊളസ്ട്രോള്‍ രക്തത്തില്‍ വര്‍ധിക്കുമ്പോള്‍ ഓക്സീകരണ പ്രക്രിയ വഴി ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞുകൂടി ഉള്‍വ്യാസം ചെറുതാകുന്നു. ഇത്തരത്തില്‍ ധമനികളിലൂടെയുള്ള രക്തയോട്ടം ദുഷ്കരമാകുമ്പോള്‍ ഹൃദയപേശികള്‍ നശിക്കുന്നു. ഇതാണു ഹൃദയാഘാതത്തിലേക്കു വഴിതെളിക്കുന്നത്.

പൊണ്ണത്തടി ഹൃദ്രോഗത്തിലേക്കെന്നപോലെ പ്രമേഹത്തിലേക്കും കുറുക്കുവഴി തീര്‍ക്കുന്നുണ്ട്. ശരീരഭാരം കൂടിയവരില്‍ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറഞ്ഞു വരുന്നതായാണു കാണപ്പെടുന്നത്. ഇന്‍സുലിന്‍ ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആ ഹോര്‍മോണിനോടുള്ള ശരീരത്തിന്റെ പ്രതിരോധം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുന്നു. ക്രമേണ പ്രമേഹരോഗികളായി മാറുകയും ചെയ്യുന്നു. പൊണ്ണത്തടിക്കാരില്‍ പ്രമേഹം മൂന്നുമുതല്‍ ഏഴിരട്ടി വരെ കൂടാം.

പല രോഗങ്ങളുടെ പടിവാതില്‍‍
അമിതവണ്ണമുള്ളവരെ ബാധിക്കുന്ന പ്രധാന രോഗാവസ്ഥയാണു മെറ്റാബോളിക് സിന്‍ട്രോം. ഒട്ടേറെ സങ്കീര്‍ണ രോഗാവസ്ഥകള്‍ ഒത്തുചേരുന്നതാണ് ഇത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കുടവയര്‍, ഹൃദയധമനികള്‍ ചുരുങ്ങുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കൊച്ചിയില്‍ നടത്തിയ ബൃഹത്തായ പഠനത്തില്‍ പൊണ്ണത്തടിയുള്ള സ്കൂള്‍ കുട്ടികളില്‍ അഞ്ചിലൊരാള്‍ക്കുവീതം കടുത്ത രക്തസമ്മര്‍ദവുമുണ്ടെന്നു കണ്ടെത്തി. പെണ്‍കുട്ടികളിലായിരുന്നു ഇതേറെ കണ്ടെത്തിയത്. പൊണ്ണത്തടിക്കാരില്‍ വിശപ്പ്, ദാഹം, ഉറക്കം എന്നിവ അമിതമായിരിക്കും. ഇതു കൂടാതെ ഹൃദയപേശീ വീക്കം, അര്‍ബുദം, പിത്തസഞ്ചി രോഗം, സന്ധിവാതം, ശ്വാസകോശ രോഗം, ഉറക്കത്തില്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ(സ്ലീപ് അപ്നിയ) തുടങ്ങിയ രോഗങ്ങളും പൊണ്ണത്തടിക്കാരെ പിടികൂടാനുള്ള സാധ്യത വളരെ ഏറെയാണ്. പൊണ്ണത്തടിയുള്ളവരില്‍ 80 ശതമാനത്തിലേറെപ്പേര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. ഗര്‍ഭിണികള്‍ക്കും പൊണ്ണത്തടി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

കടപ്പാട്: ഡോ. ജോര്‍ജ് തയ്യില്‍,
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്,
ലൂര്‍ദ് ആശുപത്രി, എറണാകുളം