എത്രയല്ല, എന്തു കഴിക്കുന്നു എന്നതാണു കാര്യം

പൊണ്ണത്തടിയുടെ കാര്യമായാലും വന്നതിനുശേഷം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വരാതെ സൂക്ഷിക്കുന്നതാണു നല്ലത്. ഇതിന് ചിട്ടയായ ആഹാരക്രമവും ജീവിത ശൈലിയും ചെറുപ്പത്തിലേതന്നെ രൂപപ്പെടുത്തുകയാണു വേണ്ടത്.

കൂടുതല്‍ ആഹാരം കഴിച്ചാല്‍ കരുത്തും ആരോഗ്യവും വര്‍ധിക്കും എന്നൊരു ധാരണ വച്ചുപുലര്‍ത്തുന്നവര്‍ ഏറെയുണ്ട്. ആദ്യം ഉപേക്ഷിക്കേണ്ടത് ഈ തെറ്റിദ്ധാരണയാണ്. കഴിക്കുന്ന അളവിനേക്കാള്‍ എന്തു കഴിക്കുന്നു എന്നതാണ് പ്രധാനം. ഭാരം കുറയ്ക്കാന്‍ ഡയറ്റിങ് എന്ന പേരില്‍ പട്ടിണി കിടക്കുന്നതു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ദോഷം ചെയ്യുകയും ചെയ്യും. ദിവസവും 1500 കലോറി ലഭ്യമാകുന്ന തരത്തില്‍ ഭക്ഷണം കഴിച്ചിരിക്കണം. ഇതില്‍ കുറഞ്ഞാല്‍ ശരീരത്തില്‍ ജീവകങ്ങളുടെയും കാല്‍സ്യത്തിന്റെയും മറ്റു ധാതുപദാര്‍ഥങ്ങളുടെയും അപര്യാപ്തത ഉണ്ടാവും.
∙ കൊളസ്ട്രോള്‍ അധികമടങ്ങിയ മാംസം (ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവ മുഖ്യം), പാലും പാല്‍ ഉല്‍പ്പന്നങ്ങളും, വെളിച്ചെണ്ണ, പാമോയില്‍, വെണ്ണ, കൊക്കോ, മുട്ട, ക്രീം, ഐസ്ക്രീം, കേക്ക്, പേസ്ട്രി, ചാപ്സ്, കുക്കീസ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
∙ അമിതവണ്ണമുള്ളവര്‍ അന്നജത്തിന്റെ അളവ് കര്‍ശനമായി നിയന്ത്രിക്കുന്ന തരത്തിലുള്ള ആഹാരം ശീലിക്കുക. അരി, ഉഴുന്ന്, പഞ്ചസാര, മധുരപലഹാരങ്ങള്‍ എന്നിവയുടെ അളവ് കുറയ്ക്കുക.
∙ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ തോത് ദിവസവും 200 മില്ലി ഗ്രാമില്‍ കവിയരുതെന്നാണ് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത്.
∙ മധുരമില്ലാത്ത പാനീയങ്ങളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക.
∙ മെയ്യനങ്ങിയുള്ള ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും (കുട്ടികള്‍ ഒരു മണിക്കൂര്‍) വ്യായാമത്തിനായി നീക്കിവയ്ക്കുക. നടക്കുക, നീന്തുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നൃത്തം ചെയ്യുക തുടങ്ങിയ എയ്റോബിക് വ്യായാമ മുറകള്‍ തന്നെയാണ് ഉത്തമം.
∙ കലോറി കളയാനും ബോഡി ബില്‍ഡിങ്ങിനും ജിംനേഷ്യത്തിലും മറ്റും ചെയ്യുന്നതുപോലുള്ള അനെയ്റോബിക് വ്യായാമ മുറകള്‍ നല്ലതാണെങ്കിലും ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭികാമ്യമല്ല. ഇത്തരക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമുള്ള വ്യായാമമാണ് ശീലിക്കേണ്ടത്.

ഗുളിക മുതല്‍ ശസ്ത്രക്രിയ വരെയുള്ള പ്രതിവിധികള്‍ പൊണ്ണത്തടിക്കാര്‍ക്ക് ആശ്വാസം പകരാനുണ്ട്. വിശപ്പും കൊഴുപ്പിന്റെ ആഗിരണവും കുറയ്ക്കുക, ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഹൃദയധമനികളില്‍ കൊഴുപ്പ് അടിയുന്നത് ഇല്ലാതാക്കുക തുടങ്ങി പലതരത്തില്‍ പ്രവര്‍ത്തിക്കുന്ന ഔഷധങ്ങളുണ്ട്. അധികമുള്ള കൊഴുപ്പ് നീക്കം ചെയ്ത് അമിതഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയകളെയും ഏറെപ്പേര്‍ ആശ്രയിക്കുന്നു. കുറച്ച് ഭക്ഷണം മതിയാവുന്ന തരത്തില്‍ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന വിവിധ ശസ്ത്രക്രിയകളും നിലവിലുണ്ട്. ബിഎംഐ 40ല്‍ കൂടിയവരിലാണ് ഇതു ചെയ്യുന്നത്.

എന്താണ് അമിതവണ്ണം?‍
ശരീരത്തില്‍ അമിത അളവില്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ആകെയുള്ള കൊഴുപ്പിന്റെ അളവ് പുരുഷന്‍മാരില്‍ 18 മുതല്‍ 23% വരെയും സ്ത്രീകളില്‍ 2530 ശതമാനവുമാണ്. പുരുഷന്‍മാരില്‍ കൊഴുപ്പിന്റെ അളവ് 25 ശതമാനത്തിലും സ്ത്രീകളില്‍ 30 ശതമാനത്തിലും അധികമായാല്‍ അവരെ ദുര്‍മേദസ് (അമിതവണ്ണം) ഉള്ളവരായി കണക്കാക്കാം. ആവശ്യമുള്ള തൂക്കത്തെക്കാള്‍ 20% വര്‍ധിച്ചാല്‍ ദുര്‍മേദസ് ഉണ്ടെന്നര്‍ഥം.

ശരീരഭാരം ശാസ്ത്രീയമായി നിര്‍ണയിക്കുന്ന മാനദണ്ഡമാണ് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്സ്). തൂക്കവും ഉയരവും തമ്മിലുള്ള അനുപാതമാണിത്. കിലോഗ്രാമിലുള്ള ഒരാളുടെ ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയാണിത്. (1.80 മീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക് 80 കിലോ ഭാരമുണ്ടെങ്കില്‍ 24.69 ആണ് ബിഎംഐ).

ബിഎംഐ 18.5നും 24.9നും ഇടയിലാണെങ്കില്‍ ആവശ്യത്തിനുള്ള വണ്ണമേ ഉള്ളൂ എന്നര്‍ഥം. ഇത് 25ല്‍ കൂടിയാല്‍ അമിത ഭാരമാണ്. 30ല്‍ അധികമായാല്‍ നിങ്ങള്‍ ദുര്‍മേദസ് അഥവാ പൊണ്ണത്തടിക്ക് അടിപ്പെട്ടിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 40ല്‍ അധികമാണെങ്കില്‍ ദുര്‍മേദസ്സുകൊണ്ടുള്ള അപകടസാധ്യത, പ്രത്യേകിച്ചും ഹൃദ്രോഗസാധ്യത വളരെ ഏറെയാണ്. അരക്കെട്ടിന്റെ ചുറ്റളവാണ് അമിതവണ്ണം അറിയാനുള്ള മറ്റൊരു മാര്‍ഗം. നാഭിക്കു മുകളില്‍ അളക്കുമ്പോള്‍ ചുറ്റളവ് പുരുഷന്‍മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും അധികമായാല്‍ പൊണ്ണത്തടിയുണ്ടെന്നര്‍ഥം. കുടവയറും ദുര്‍മേദസിന്റെ ലക്ഷണം തന്നെയെന്നു വ്യക്തം.

ബിഎംഐ 29ല്‍ കൂടിയവര്‍ക്ക് ഹൃദ്രോഗസാധ്യത നാലിരട്ടിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു കിലോഗ്രാം ശരീരഭാരം കൂടിയാല്‍ ഹൃദ്രോഗസാധ്യത ഒരു ശതമാനം കൂടുന്നതായാണ് മറ്റൊരു പഠനത്തില്‍ വ്യക്തമായത്.