അമിതവണ്ണം ആരോഗ്യത്തിന് ആപത്ത്

ആരോഗ്യത്തിന്റെ നല്ലനടപ്പിനുവേണ്ടി മുതിര്‍ന്ന തലമുറയും ഫിറ്റ്നെസിന്റെ ശരീരസൗന്ദര്യം തേടി യുവാക്കളും പ്രഭാതസവാരിയും ഹെല്‍ത്ത് ക്ളബും ദിനചര്യയുടെ ഭാഗമാക്കിക്കഴിഞ്ഞു. പക്ഷേ, തടി യല്‍പ്പം കൂടിയെന്നു സുഹൃത്ത് സംശയം പറഞ്ഞാല്‍, വയറല്‍പ്പം ചാടിയല്ലോയെന്നു കൂട്ടുകാരി കളിയാക്കിയാല്‍ ഉടന്‍ ക്രാഷ് ഡയറ്റിന്റെ പിന്നാലെ പായുകയായി. പട്ടിണി കിടന്നെങ്കിലും ശരീരഭംഗി നേടണമെന്ന നിശ്ചയദാര്‍ഢ്യം. എന്നാല്‍, അമിത വണ്ണം (ഒബീസിറ്റി) സൗന്ദര്യപ്രശ്നമല്ല, രോഗാവ സ്ഥയാണെന്നു തിരിച്ചറിയുന്നില്ല മലയാളികള്‍. അമേരിക്കന്‍ ജനതയുടെ നാലിലൊന്ന് മുതിര്‍ന്ന വരെയും 14% കുട്ടികളെയും ബാധിക്കുന്ന ഈ ആരോഗ്യപ്രശ്നം ഇന്ത്യയിലും വര്‍ധിക്കുകയാണ്. അമിതവണ്ണക്കാരില്‍ പഞ്ചാബ് ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ രണ്ടാമതിടത്ത് കേരളമാണെന്ന് അറിയുക.

അമിതവണ്ണം രോഗം
ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ആവശ്യത്തിലും കൂടുന്ന രോഗാവസ്ഥയാണ് അമിതവണ്ണം അഥവാ ഒബീസിറ്റി. ആഹാരരീതി, വ്യായാമം ഇല്ലാതിരിക്കുക, മാതാപിതാക്കളുടെ വണ്ണക്കൂടുതല്‍ തുടങ്ങി സങ്കീര്‍ണമായ വിവിധ ഘടകങ്ങള്‍ അമിതവണ്ണം ഉണ്ടാക്കാം. ഈയിടെ നടത്തിയ പഠനങ്ങളനുസരിച്ച് ഉയര്‍ന്ന അളവിലെ മദ്യപാനത്തേക്കാളും പുകവലിയേക്കാളും കടുത്തതാണ് അമിതവണ്ണംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍.

ശരീരത്തിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളെയും ഒബീസിറ്റി ബാധിക്കുന്നു. ഹൃദയം, ശ്വാസകോശം, മസിലുകള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യംതന്നെ അപകടഭീഷണിയുടെ നിഴലിലാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ഉറക്കപ്രശ്നങ്ങള്‍, ഹൃദയാഘാതം തുടങ്ങി യൂട്രസ്, സെര്‍വിക്സ്, പ്രോസ്റ്റേറ്റ്, കോളണ്‍, ഗാള്‍ബ്ളാഡര്‍, ബ്രെസ്റ്റ് കാന്‍സറിനു വരെ അമിതവണ്ണം കാരണമായേക്കാം.

ചികിത്സാ രീതികള്‍
ശരീരഭാരം വര്‍ധിക്കാതെ നിലനിര്‍ത്തുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ബിഎംഐ അനുസരിച്ച് ശരീരഭാരം കൂടുതലുള്ളവര്‍ക്ക് ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍തന്നെ അമിതവണ്ണമെന്ന അപകടത്തിലേക്കു വഴുതി വീഴാതെ ആരോഗ്യം കാത്തുരക്ഷിക്കാം. ഇതിനായി വ്യായാമവും ആഹാരരീതിയും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയാല്‍ മതി. അമിതവണ്ണമുള്ളവര്‍ക്ക് തടി കുറയ്ക്കാനുള്ള മരുന്നുകളെക്കൂടി ആശ്രയിക്കേണ്ടിവരും. അധികഭാരത്തിന്റെ 1015% വരെ കുറയ്ക്കാന്‍ സാധിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇതു തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, പൊണ്ണത്തടിയുള്ള (അപകടകരമായ ഒബീസിറ്റി) വ്യക്തികളില്‍ മേല്‍പ്പറഞ്ഞ രണ്ടു രീതികളും ഫലപ്രദമാകില്ല. ഇവര്‍ക്ക് ഒബീസിറ്റി സര്‍ജറി ആവശ്യമായി വരും.

ഒബീസിറ്റി സര്‍ജറി‍
പ്രമേഹം, ഉറക്കക്കുറവ് (സ്ലീപ് അപ്നിയ), ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ അപകട ഭീഷണിയുള്ളവര്‍ക്കും ഡയറ്റും വ്യായാമവും വഴി കാര്യമായ രീതിയില്‍ ഭാരം കുറയ്ക്കാനാകാത്ത വര്‍ക്കും സര്‍ജറി അത്യന്താപേക്ഷിതമാകും. ഓപ്പണ്‍, ലാപ്രോസ്കോപിങ് എന്നീ രണ്ടു തരത്തിലും ഒബീസിറ്റി സര്‍ജറി സൌകര്യമുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുക, ശരീരം കാലറി സ്വീകരി ക്കുന്നതിന്റെ അളവു കുറയ്ക്കുക, വിശപ്പ് തോന്നിക്കുന്ന ഹോര്‍മോണിന്റെ അളവു കുറയ്ക്കുക എന്നീ മൂന്നു രീതിയിലാണ് സര്‍ജറി സാധ്യമാകുന്നത്. ഇതുവഴി സര്‍ജറിക്കുശേഷം പഴയ രീതിയുള്ള തടിയി ലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനാല്‍ അമിതമായി ആഹാരം കഴിക്കാന്‍ തോന്നുകയില്ല. എന്നാല്‍, സര്‍ജറിക്കുശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ജീവിതരീതി ക്രമപ്പെടുത്തുക കൂടി വേണം. ആഹാരത്തിന്റെ അളവു കുറയുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്ന ഡയറ്റ് രീതി പിന്തുടരണമെന്നതുകൂടി പ്രധാനമാണ്.