തടി കണ്ടു തകരരുത്

പൊണ്ണത്തടിയന്മാര്‍ ക്ഷമിക്കുക.
പൊണ്ണത്തടിയനെ എന്തിനു കൊള്ളാം
വലിയപുരയ്ക്കൊരു തൂണിനു കൊള്ളാം എന്നു പറഞ്ഞത് കുഞ്ചന്‍ നമ്പ്യാരാണ്.

ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം, നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ക്ഷീണം, കിതപ്പ്, പിന്നെ ആകെക്കൂടി ഒരു വിമ്മിട്ടം. പൊണ്ണത്തടി സ്വയം ആസ്വദിക്കുന്നവരുടെ എണ്ണം തീരെ മെലിഞ്ഞതായിരിക്കും. തടി കുറയ്ക്കണമെന്ന് എല്ലാ പൊണ്ണത്തടിയന്മാരും ആഗ്രഹിക്കും. ഒരുപക്ഷേ, ഭക്ഷണം കഴിക്കുമ്പോഴാവും അവര്‍ക്ക് ഇക്കാര്യം ആലോചിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം കിട്ടുന്നത്.

നല്ലതുപോലെ ഭക്ഷണം കഴിക്കുക. തടി കുറയാന്‍ ഏറ്റവും ലളിതവും അനായാസവുമായ ആദ്യമാര്‍ഗം അതു തന്നെ. നല്ലതുപോലെ എന്നത് അളവിലല്ല, ആസ്വാദനത്തില്‍. ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ കഴിച്ചാല്‍ നമ്മള്‍ അറിയാതെ തന്നെ ആവശ്യത്തില്‍ക്കൂടുതല്‍ അകത്തു ചെല്ലും. എന്നാല്‍ സ്വാദുപിടിച്ചു കഴിക്കുന്നവരാണെങ്കില്‍, എപ്പോള്‍ രുചികേട് തോന്നുന്നോ അപ്പോള്‍ തന്നെ ഭക്ഷണം നിര്‍ത്തും. പിന്നെ, രുചി തോന്നുന്ന ഭക്ഷണം കിട്ടിയാലേ കഴിക്കാനും തോന്നൂ.

തടികുറയ്ക്കുന്നതില്‍ വ്യായാമം അതിപ്രധാനമാണ്. എന്നാല്‍ ശരീരം അനക്കാന്‍ മടി കാണിച്ച് ഭക്ഷണം കുറച്ചു മാത്രം തടിയുടെ പിടിയില്‍ നിന്നു രക്ഷതേടാന്‍ ശ്രമിക്കുന്നവരുണ്ട്. ഈ പരിപാടി വിജയിക്കില്ലെന്നാണ് അനുഭവ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രം പറയുന്നത്. കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ആവശ്യത്തില്‍ക്കൂടുതല്‍ നിയന്ത്രണം വേണ്ടി വരും. കാര്യമായി വിശക്കാനും തുടങ്ങും. ഭക്ഷണനിയന്ത്രണം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ 15 മിനിട്ടെങ്കിലും ദിവസവും ലഘുവ്യായാമം ചെയ്യുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്തു നോക്കൂ. തടി കുറയും. ഉറപ്പ്.

ചിലര്‍ ഭക്ഷണകാര്യത്തില്‍ കടുകട്ടി നിയന്ത്രണങ്ങളാണ്. കൊഴുപ്പു കുറയ്ക്കാനുള്ള ശ്രമത്തില്‍ വീട്ടിലെ മറ്റുള്ളവരും ഭക്ഷണപീഡനങ്ങള്‍ മുഴുവന്‍ സഹിക്കേണ്ടി വരും. എന്നാല്‍ വൈകുന്നേരമായാല്‍ രണ്ടെണ്ണം വീശുന്ന കാര്യത്തില്‍ ഒട്ടും നിയന്ത്രണമുണ്ടാവുമകയുമില്ല. ഒാരോ പെഗ്ഗിലും അടങ്ങിയിട്ടുള്ള കലോറി അളവ് ഏറെക്കൂടുതലാണ്. പലപ്പോഴും കലോറി അളന്നു കഴിക്കുന്നവര്‍ മദ്യത്തിന്റെ കണക്ക് ഉള്‍പ്പെടുത്താറില്ല. അതുകൊണ്ട് വെളളമടിക്കും മുന്‍പ് മദ്യത്തിലും കലോറിയുണ്ടെന്ന് മനസിലാക്കുക.

കൊഴുപ്പു കുറഞ്ഞ ഭക്ഷണത്തെ ആശ്രയിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാരണം അനാവശ്യമായ സുരക്ഷാബോധത്തോടെ മറ്റുള്ളവരെക്കാള്‍ ഭക്ഷണം കഴിക്കാന്‍ പലപ്പോഴും ഇതു കാരണമാകും. സ്വയം നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ രീതി ഫലം ചെയ്യൂ. ഭൂരിഭാഗം പേരെക്കൊണ്ടും ഇതിന് കഴിയില്ല.

അനാവശ്യഭക്ഷണം ഒഴിവാക്കുകയെന്നതും പ്രധാനമാണ്. ബേക്കറി ഷെല്‍ഫില്‍ പലഹാരങ്ങള്‍ നിരന്നിരിക്കുന്നതു കാണുമ്പോള്‍ നമുക്ക് ഭക്ഷണത്തോട് ഒരു താല്‍പര്യം തോന്നും. പലപ്പോഴും വിശപ്പാണെന്നാവും നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. ഇതു പോലുള്ള സാഹചര്യങ്ങള്‍ ദിവസവും തന്നെ സംഭവിക്കും. അതുകൊണ്ട് വിശന്നാല്‍ അല്‍പനേരം കാത്തിരിക്കുക. എന്നിട്ടും വിശപ്പു തോന്നുന്നുണ്ടെങ്കില്‍ മാത്രം കഴിക്കുക. ഏതെങ്കിലും ഭക്ഷണസാധനം കണ്ട് കൊതി തോന്നിയുള്ള വിശപ്പാണെങ്കില്‍ ഏറെ നേരം ആയുസുണ്ടാവില്ല.

വ്യായാമം ചെയ്യുന്നതുകൊണ്ടു മാത്രം ഭാരം കുറയണമെന്നില്ല. കാരണം വ്യായാമം ചെയ്യുന്തോറും മസിലുകള്‍ക്ക് കട്ടിവയ്ക്കും. തടിയും കൊഴുപ്പും കുറഞ്ഞാലും വെയിങ് മെഷീനില്‍ നിന്നു നോക്കുമ്പോള്‍ ഒാരോ തവണയും ഭാരം കൂടുന്നുണ്ടെന്നാവും കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ട് തടിയുടെ ഗതി മനസിലാക്കാന്‍ എപ്പോഴും ടേപ്പ് ഉപയോഗിച്ച് ശരീര ചുറ്റളവ് എടുക്കുന്നതാവും ഉചിതം.

അതുപോലെ തന്നെ, സമയത്തു മാത്രം കഴിക്കുക. കയ്യില്‍കിട്ടുന്നത് എപ്പോഴാണെങ്കിലും കഴിക്കാന്‍ മടിക്കാത്തവരാണ് മിക്ക തടിയന്മാരും. മൂന്നു നേരം ഭക്ഷണമെന്ന അടിസ്ഥാന പ്രമാണം ഇവരില്‍ പലര്‍ക്കും 30 നേരം എന്നാണ്. അതു മാറണം. കുറച്ചുദിവസം കൊണ്ട് ശീലിച്ചെടുക്കാവുന്ന രീതിയാണിത്.

തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുന്നവര്‍ ഭക്ഷണം മടുപ്പിക്കാതെ നോക്കണം. പ്രത്യേക ഭക്ഷണം കുറച്ചുകാലം തുടര്‍ന്നാല്‍ മടുക്കും. സര്‍വ നിയന്ത്രണങ്ങളും തെറ്റും. അതുകൊണ്ട് പുതിയ വിഭവങ്ങള്‍ ഒാരോ ആഴ്ചയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വ്യത്യസ്തതരം പഴങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയാലും മതി. ഭക്ഷണത്തോടു മാത്രം ഒരിക്കലും ബോറടി തോന്നരുത്. നല്ലതുപോലെ സ്നേഹിക്കണം. എന്നാലേ നിയന്ത്രണങ്ങള്‍ക്കും കഴിയൂ.