മെലിയാനൊരു പ്രകൃതിപാഠം

അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും കലോറി കുറഞ്ഞതുമായ ആഹാരമാണു തിരഞ്ഞെടുക്കേണ്ടത്.

ഉപവാസം
15 കിലോ ഗ്രാം വരെ അമിതഭാരമുള്ള ശരീരത്തില്‍ ഏകദേശം 1,41,000 കലോറി വരെ അമിതമായി അടങ്ങിയിരിക്കും. ആയതിനാല്‍ ഉപവാസം അത്യാവശ്യമായി വരുന്നു. ഭാരം കുറയണമെങ്കില്‍ ആഹാരനിയന്ത്രണം അത്യാവശ്യമാണ്. ഉപവാസ സമയത്തെ ശരീരത്തെ അമിത കൊഴുപ്പിനു വിഘടനം സംഭവിക്കുകയും കീറ്റോണ്‍ ബോഡീസ് ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് അസിഡിക് സ്വഭാവമാണ്. ഇതിന്റെ അളവു രക്തത്തില്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് കീറ്റോ അസിഡോസിസ്. ഇതു കാരണം ഓക്കാനം ഛര്‍ദ്ദി, തലവേദന, വയറിന്റെ ഭാഗത്തുള്ള വൈഷമ്യം, വയറിളക്കം എന്നിവ ഉണ്ടാകാറുണ്ട്.

ഈ അവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. മറ്റു ഭക്ഷണപാനിയങ്ങള്‍ക്കു പുറമേ രണ്ടര ലിറ്റര്‍ വെള്ളം കുടിക്കുക. ഉപവാസത്തിന്റെ ദിവസങ്ങളിലെടുക്കുന്ന ടോണിക് എനിമ തല വേദനകളെയും മറ്റു വൈഷമ്യങ്ങളെയും കുറയ്ക്കാന്‍ സഹായിക്കും.

തിരുമ്മി മാറ്റാം
അമിതകൊഴുപ്പിനെ നിയന്ത്രിക്കുന്നതിനുള്ള ഒരുപാധിയായി തിരുമലിനെ ഉപയോഗപ്പെടുത്താം. അമിതവണ്ണമുള്ള ആളുകള്‍ക്കു പൊതുവെ ശാരീരികവും മാനസികവുമായ ക്ഷീണമനുഭപ്പെടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു രക്തയോട്ടം കുറയുകയും ചെയ്യുന്നതിനാല്‍ ഇതു ശരീരത്തിന്റെ ലിംഫാറ്റിക് ഡ്രെയിനേജിനെ ബാധിക്കുന്നു. മസാജ് ചെയ്യുന്ന സമയത്തു ശരീരത്തില്‍ അടങ്ങിയി രിക്കുന്ന കൊഴുപ്പിനു വിഘടനം സംഭവിക്കുകയും ചെറിയ കൊഴുപ്പിന്റെ കണങ്ങളായി ലിംഫാറ്റിക് സിസ്റ്റത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു. മാംസപേശികളില്‍ അനുഭവപ്പെടുന്ന വരിഞ്ഞു മുറുക്കല്‍, വേദന ഇവ തിരുമ്മികൊണ്ടു പരിഹരിക്കാവുന്നതാണ്.

മാനസികവും ശാരീരികവുമായുണ്ടാക്കുന്ന പിരിമുറുക്കം, ഉറക്കമില്ലായ്മ, ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന വൈഷമ്യങ്ങള്‍, ശരീരത്തില്‍ നീരുകെട്ടല്‍, വെരിക്കോസ് വെയിന്‍, ത്വക്കിന്റെ പുറത്തുണ്ടാ കുന്ന പാടുകള്‍ (സ്റ്റച്ച് മാര്‍ക്ക്) ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ, ഡിപ്രഷന്‍, നടുവേദന, സന്ധിവേദന ഇവയ്ക്കെല്ലാം ഈ ചികിത്സ പ്രയോജനപ്രദമാണ്.

ജലചികിത്സ
ദിവസവും 8 മുതല്‍ 10 ഗാസ് വരെ വെള്ളം ഓരോരുത്തരും കുടിക്കേണ്ടതാണ്. ഒരു വിശപ്പ് ശമനിയായി ഇതു പ്രവര്‍ത്തിക്കുന്നു. കരള്‍ പാന്‍ക്രിയാസ്, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കു വാന്‍ സാധിക്കുന്ന വിവിധതരം ജലചികിത്സാരീതികളുണ്ട്. ആവി സ്നാനം വഴിയായി ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളുന്നതും അമിതകൊഴുപ്പിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനും സഹായിക്കുന്നു.

അമിതവണ്ണമുള്ള കുട്ടികള്‍ പൊതുവെ മടിയന്മാരും മാനസിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്നവരുമാണ്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം. അമിതരക്തസമ്മര്‍ദം, അസ്ഥികള്‍ തേയ്മാനം എന്നിവ ക്ഷണിച്ചുവരുത്തുന്നു. ആയതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുത്ത് ദിവസവും വ്യായാമം പരിശീലിക്കുവാനും ഭക്ഷണത്തില്‍ ക്രമീകരണം നടത്താനുമുള്ള ബോധവത്കരണം നടത്തേണ്ടതുമാണ്.

പ്രകൃതി ചികിത്സയില്‍ അനുശാസിക്കുന്ന ഭക്ഷണക്രമീകരണം, ഉപവാസം, ക്രമീകൃതമായ വ്യായാമം, യോഗാസനമുറകള്‍, പ്രകൃതി ചികിത്സയിലെ അനുഷ്ഠാനങ്ങള്‍, ജലചികിത്സാ ടെക്നിക്കുകള്‍ ഇവ വഴി അമിതഭാരം നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.