HOME»

ചെറുകടികളും രാത്രി ഭക്ഷണവും

Article_image

കാലറിയും കൊഴുപ്പും കുറഞ്ഞ രാത്രി ഭക്ഷണമാണ് പ്രമേഹനിയന്ത്രണത്തിനു നല്ലതെന്ന് ഈയടുത്ത് ഡയബറ്റോളജിക്ക ജേണലിലെ (യൂറോപ്യൻ അസോസിയോഷന്റെ പ്രമേഹ ജേണൽ) പഠനത്തിൽ പറയുന്നു. പ്രാതൽ രാജാവിനെപ്പോലെയും രത്രിഭക്ഷണം യാചകനെപ്പോലെയും ആവണമെന്നായിരുന്നല്ലോ പഴമക്കാരുടെ ഭക്ഷണചിട്ട. അതിൽ കാര്യമുണ്ടെന്നു പറയേണ്ടി വരും.

ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും കാലറി കുറഞ്ഞതാകണം അത്താഴം. ആവിയിൽ പുഴുങ്ങിയോ സാലഡായോ പച്ചക്കറികൾ‌ നിർബന്ധമായും കഴിക്കണം. അത് ആവശ്യത്തിനു നാരുകൾ ലഭിക്കാൻ സഹായിക്കും. രാത്രി ഒരു പാട് താമസിച്ച് ഭക്ഷണം കഴിക്കരുത്. ഉറങ്ങാൻ പോകും മുമ്പ് കഴിച്ച ഭക്ഷണം ദഹിച്ചിരിക്കണം എന്നു സാമാന്യമായി പറയാം. അതായത് 10 മണിക്ക് ഉറങ്ങണമെങ്കിൽ എട്ടു മണിക്ക് ഭക്ഷണം കഴിക്കണം.

പഴങ്ങൾ സ്നാക്കുകളാക്കാം
തേങ്ങയും മധുരവും ചേർക്കാതെ ആവിയിൽ വേവിച്ചുണ്ടാക്കുന്ന കൊഴുക്കട്ട, ഇലയട പോലുള്ള നാടൻ പലഹാരങ്ങളാണ് എണ്ണയിൽ മുക്കി വറുക്കുന്ന നാലു മണി സ്നാക്കുകളേക്കാൾ ഉത്തമം. മധുരം ചേർക്കാത്ത കാപ്പി 67 കാലറിയും മധുരം ചേർത്തത് 86 കാലറിയുമാണ്.

പഴങ്ങളും നല്ലതാണ്. എങ്കിലും എല്ലാ പഴങ്ങളും അനുയോജ്യമല്ല. നന്നായി പഴുത്ത പഴങ്ങളേക്കാൾ നല്ലത് പാതി പഴുത്ത പഴങ്ങളാണ്. പേരയ്ക്കപോലുള്ള പഴങ്ങളിൽ നാരു കൂടുതലുണ്ട്. ധൈര്യമായി കഴിക്കാം. സാധാരണ പഴങ്ങളിൽ ഞെട്ട് പച്ചയും തോട് മഞ്ഞയുമായ പഴങ്ങൾ കുഴപ്പമില്ല. റോബസ്റ്റ പഴം നല്ലതാണ്. പാളയൻകോടനും ഞാലിപ്പൂവനും മിതമായി കഴിക്കുക. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ പൊതുവേ ഗുണകരമാണ്.

പ്രധാനപ്പെട്ട പഴങ്ങളും ഏകദേശ ഗ്ലൈസീമിക് നിരക്കും
ആപ്പിൾ-38,
പഴുക്കാത്ത ഏത്തയ്ക്ക-30,
നന്നായി പഴുത്ത ഏത്തയ്ക്ക-52,
ഈന്തപ്പഴം-103,
മുന്തിരി-46-49,
മാങ്ങ-51,
ഒാറ‍ഞ്ച്-42,
പപ്പായ-59,
പൈനാപ്പിൾ-66,
ഉണക്കമുന്തിരി-64,
തണ്ണിമത്തൻ-72