HOME»

പുതിയ ചികിത്സാനിർദേശങ്ങൾ

Article_image

പ്രമേഹത്തിന് രോഗങ്ങളെ അപേക്ഷിച്ച് വലിയൊരു പ്രത്യേകതയുണ്ട്. മിക്ക രോഗങ്ങൾക്കും മരുന്നു കഴിച്ച്, ജീവിതം ആരേഗ്യകരമായി ചിട്ടപ്പെടുത്തി, കുറച്ചുനാളുകളെങ്കിലും കഴിഞ്ഞേ ചികിത്സയുടെ ഫലമറിയാനാകൂ. എന്നാൽ‌ പ്രമേഹരോഗത്തിന്റെ കാര്യത്തിൽ ഭക്ഷണത്തിന് വലിയൊരാളവു സ്വാധീനമുള്ളതിനാൽ അന്നന്നത്തെ ചികിത്സയാണ് ഫലപ്രദം. രോഗിക്ക് മതിയായ അളവു മരുന്നാണോ ഉപയോഗിക്കുന്നത്, അതുകൊണ്ട് ഫലമുണ്ടോ എന്നൊക്കെ പെട്ടെന്നു തന്നെ അറിയാനാകും. അതായത് പ്രമേഹരോഗിയുടെ ഗ്ലൂക്കോസ് നില രക്തപരിശോധനയിലൂടെ മനസ്സിലാക്കി അതന‍ുസരിച്ച് ഇൻസുലിൻ അളവും മരുന്നിന്റെ ഡോസുമൊക്കെ ക്രമീകരിക്കാനാകും. ഇതിനെല്ലാം വേണ്ടത് തുടർച്ചയായുള്ള രക്തത്തിലെ ഗ്ലൂക്കോസ് അളവു പരിശോധനയും. ‌

ഗ്ല‍ൂക്കോമീറ്ററിൽ സ്വയം രക്തപരിശോധന നടത്തി അതിൻ പ്രകാരം ഒൗഷധങ്ങളും വ്യായാമരീതികളും ഭക്ഷണക്രമീകരണവും നടത്തുകയെന്നതാണ് പ്രമേഹചികിത്സയിലെ സുപ്രധാന ഘടകം.

എന്തിനാണ് സ്വയം പരിശോധന?
എല്ലാ പ്രമേഹരോഗികളും ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു സ്വയം രക്തപരിശോധന നടത്തുന്നത് നല്ല രീതിയിൽ രോഗം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. ഭക്ഷണം കഴിച്ച് ഒന്നരരണ്ട് മണിക്കൂറിനുശേഷമാണു പരിശോധന നടത്തേണ്ടത്. രാവിലെ ഉറക്കമെണ‍ീറ്റ ഉടനെ (വ്യായാമത്തിനു മുമ്പ്) ഫാസ്റ്റിങ് ഷുഗർ പരിശേ‍ാധിക്കണം.

ഇന്ത്യയിലെ പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് നിരീക്ഷണം എങ്ങനെ വേണമെന്നുള്ളതിന്റെ വിശദമായ മാർഗനിർ‌ദേശങ്ങൾ വൈദ്യശാസ്ത്രസംഘടനയായ ഡയബറ്റിസ് ഇന്ത്യ (Diabetes India)യുടെ നേതൃത്വത്തിൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഒാരോ പ്രമേഹരോഗിയുടെയും രോഗത്തിന്റെയും പ്രത്യേകതകളും അവസ്ഥയും പരിഗണ‍ിച്ചു കൊണ്ടാണ് ഗ്ലൂക്കോസ് നിരീക്ഷണം എപ്പോഴൊക്കെ വേണം, എങ്ങനെ വേണം എത്രത്തോളം വേണം എന്ന‍ൊക്കെ തീരുമാനിക്കുന്നത്.

അനുബന്ധ രോഗങ്ങളില്ലെങ്കിൽ
പ്രമേഹരോഗം കാരണം അനുബന്ധരോഗങ്ങൾ ഒന്നും വന്നിട്ടില്ലാത്ത താരതമ്യേന ആരോഗ്യമുള്ള ഒരു രോഗിയാണെങ്കിൽ രോഗം ഇല്ലാത്ത വ്യക്തികൾക്ക് ഉള്ളതുപോലെയുള്ള പഞ്ചസാരയുടെ അളവ് നിലനിർത്താൻ ആകണം ശ്രമിക്കേണ്ടത്. മറിച്ച് അനുബന്ധരോഗങ്ങൾ വന്നെത്തിക്കഴിഞ്ഞാൽ പഞ്ചസാര അല്പം കൂടി നിന്നാലും സാരമില്ല.

ഇങ്ങനെ ഒരു തീരുമാനം എട‍ുക്കാൻ കാരണം പഞ്ചസാര തീരെ കുറഞ്ഞുപോയാൽ പ്രായമുള്ളവരിലും അനുബന്ധരോഗം ഉള്ളവരിലും മരണം വരെ സംഭവ‍ിക്കാം എന്ന കണ്ടെത്തലാണ്.

ഉച്ചയൂണു കഴിഞ്ഞും നോക്കാം
പഞ്ചസാര ഇടയ്ക്കിടെ കുറഞ്ഞുപോകാൻ സാധ്യത ഉള്ള രോഗികൾ ആണെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പായി ഗ്ലൂക്കോമീറ്ററിൽ പഞ്ചസാര നിരീക്ഷിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാര ആഹാരത്തിനു മുമ്പും പ്രഭാതഭക്ഷണത്തിനു ശേഷവും മാത്രമാണു പരിശോധിക്ക‍േണ്ടതെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്.

ഉച്ചയൂണിനും രാത്രിഭക്ഷണത്തിനു രണ്ടുമണിക്കൂറിനു ശേഷവും നോക്കുകയാണെങ്കിൽ മാത്രമേ ചിത്രം അൽപം കൂടി വ്യക്തമാകുകയുള്ളൂ.

പുതിയ ലിബ്രെ പ്രൊ 14 (കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനം) ദിവസവും ഉപയോഗിക്കുകയാണെങ്കിൽ വിരൽതുമ്പിൽ കുത്താതെ തന്നെ ഒാരോ 15 മിനിറ്റ് കൂടുമ്പോഴുള്ള പഞ്ചസാരയുടെ അളവിന്റെ അതിവിശദവും വ്യക്തവുമായ ഒരു ചിത്രം ലഭ്യമാണ്.

പ്രമേഹരോഗം നിയന്ത്രണവിധേയമല്ലാത്ത ഒരാൾക്ക് ഗ്ലൂക്കോമീറ്റർ ഒരാഴ്ചയിൽ തന്നെ പല ആവർത്തി ഉപയോഗിക്കേണ്ടതായി വരും എന്നാൽ പ്രാരംഭത്തിലെ തന്നെ പ്രമേഹം നിയന്ത്രണവിധേയമായി തുടരുന്ന ആളാണ് എങ്കിൽ ഒരു മാസം മൂന്നോ നാലോ ദിവസം മാത്രം എല്ലാ സമയങ്ങളിലും ഉള്ള രക്തപരിശോധന നടത്തിയാൽ മതിയാകും. ഗ്ലൂക്കോമീറ്ററിൽ രക്തപരിശോധന നടത്തുമ്പോൾ ഒാരോ രോഗിക്കും ചികിത്സാസംഘം വ്യത്യസ്തമായ അളവുകോലുകളാകും ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, അനുന്ധരോഗങ്ങൾ ഒന്നും വന്നിട്ടില്ല‍ാത്ത പൂർണആരോഗ്യമുള്ള ആൾക്ക് ഭക്ഷണത്തിനു രണ്ടു മണിക്കൂറിനു ശേഷം 140 mg/dlൽ കൂട‍ാതിരിക്കാനാകും ശ്രമിക്കുക.

ഇതുവഴി ഭാവിയിലെ അനുബന്ധരോഗങ്ങൾ വരെ തടയുവാൻ കഴിയും. എന്നാൽ പ്രമേഹരോഗം വന്നു വർഷങ്ങളോളം നിയന്ത്രണവിധേയമല്ലാതെ തുടരുന്ന ഒരാൾക്ക് ഭക്ഷണം കഴിച്ചതിനുശേഷമുള്ള പഞ്ചസാരയുടെ അളവ് 180200 mg/dl വരെ നിലനിർത്ത‍ുവാൻ ആകും ചിലപ്പോൾ ചികിത്സകൻ തീരുമാനിക്കുന്നത്.

ഗ്ലൂക്കോമീറ്ററുകൾ ഉപയോഗിക്കുമ്പോൾ പഞ്ചസാര അധികമായി കണ്ടാൽ ഉപകരണത്തിനെ സംശയിക്കുകയല്ല വേണ്ടത്. മറിച്ച് ചികിത്സാസംഘത്തെ വിവരം അറിയിക്കുകയാണു വേണ്ടത്.

ടൈപ്പ് 1 രോഗ‍ികൾക്ക്
ടൈപ്പ് 1 പ്രമേഹരോഗികൾ ഒരു ദിവസം നിരവധി പ്രാവശ്യം സ്വയം രക്തപരിശോധന നടത്തണം പ്രധാന ഭക്ഷണം കഴിക്കുന്നതിനു മുമ്പായി രക്തത്തിലെ പഞ്ചസാര പരിശോധിച്ചിട്ട് വേണം ഇൻസുലിന്റെ ഡോസ് എത്രയാണ് വേണ്ടതെന്നു തീരുമാനിക്കാൻ.

ദിവസവും നാലു നേരം ഇൻജക്ഷൻ എടുക്കുന്ന രോഗികളും ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്ന രോഗികളും എല്ലാം തന്നെ ഈ വിധത്തിൽ പ്രതിദിനം അഞ്ചു മുതൽ എട്ടു പ്രാവശ്യം വരെ രക്തത്തിലെ പ‍‌ഞ്ചസാര പരിശോധിച്ചിരിക്കണം.

എന്നാൽ ദിവസവും രണ്ടു പ്രാവശ്യം മാത്രമുള്ള ഇൻജക്ഷനുകൾ ടൈപ്പ് 1 പ്രമേഹരോഗ ചികിത്സയ്ക്ക് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

ടൈപ്പ് 2 രോഗം നോക്കണം
ടൈപ്പ് 2 പ്രമേഹരോഗികളാണ് എങ്കിൽ രോഗത്തിന്റെ പ്രത്യ‍േകതകൾ മാനിച്ചാണു ചികിത്സാസംഘം സ്വയം രക്തപരിശോധന എപ്പോഴൊക്കെ വേണമെന്ന് നിർദേശിക്കുന്നത്. HbA1c വളരെ സ്വീകര്യമായ രീതിയിൽ തുടരുകയും പഞ്ചസാരയുടെ വ്യതിയാനങ്ങൾ അത്രയധികമൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന രോഗികളിൽ ദിവസവും നാലോ ആറോ പ്രാവശ്യം അതും ഒരു മാസം ഒന്നോ രണ്ടോ പ്ര‍ാവശ്യം മാത്രം പരിശോധന മതിയാകും.

ദൈനംദിനചികിത്സയിലെ എട്ടു കാര്യങ്ങൾ
ഒരോ വ്യക്തിയുടെയും ശരീരഘടനയും മാനസിക വ്യാപാരവും അവരുടെ ജോലിയുടെ പ്രത്യ‍േകതകളും ഉയർച്ച താഴ്ചകളെ സ്വാധീനിക്കുന്നത്. ഒരോ ദിവസത്തെയും ഒാരോ നിമിഷത്തെയും പ്രവർത്തികളും ചിന്തകളും രക്തത്തിലെ പഞ്ചസാരയെ എത്രത്തോളം സ്വാധീനിക്കുന്നു എന്നു കാണുമ്പോൾ അത്ഭുതപ്പെട്ടുപോകും. കൂടിനിൽക്കുന്ന വേളകൾ ചിലപ്പോൾ മിനിറ്റുകൾ മാത്രമായിരിക്കും. പക്ഷേ, അതും ഫലപ്രദമായി എങ്ങനെ തടയുവാൻ കഴിയും എന്ന് ബുദ്ധിപൂർവം ഇതു പഠിക്കുന്ന രോഗികൾക്ക് നടപ്പിലാക്കാൻ കഴിയും.

പരിശോധനകളെപ്പോലെ തന്നെ പ്രമേഹരോഗി, രോഗചികിത്സയിൽ ദിവസവും ശ്രദ്ധിക്കേണ്ടതായ എട്ടു വിഷയങ്ങൾ‌ കൂടിയുണ്ട്.

1. വ്യായ‍ാമം
പ്രമേഹചികിത്സയിൽ ഒൗഷധങ്ങളെക്കാൾ പ്രാധാന്യം കൽപിക്കേണ്ട ഒന്നാണു വ്യായാമം. പ്രമേഹപൂർവാവസ്ഥയിൽ (HbA1c 5.7% to 6.4%) ഉള്ളവർക്ക് വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും പ്രമേഹത്തെ ഫലപ്രദമായി തടയുവാൻ സാധിക്കും. സമയമുണ്ടെങ്കിൽ ദിവസവും 30മുതൽ 45 മിനിറ്റുവരെ വ്യായാമം ചെയ്യാവുന്നതാണ്. സമയക്കുറവ് ഉണ്ടെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം, അതായത് 30 മിനിറ്റ് വീതം അഞ്ചു ദിവസമെങ്കിലും അങ്ങനെ വ്യായാമം ചെയ്യുമ്പോൾ തുടർച്ചയായി രണ്ടു ദിവസത്തിൽ കൂടുതൽ ഇടവേളകൾ പാടില്ല.

50 വയസ്സ് കഴിഞ്ഞ പ്രമേഹരോഗികൾ ആണെങ്കിൽ വ്യായാമത്തിന്റെ ഗുണം പൂർണമായും ലഭിക്കണമെന്നുണ്ടെങ്കിൽ ദ‍ിവസവും ചെയ്യേണ്ടതായി വരു‍ം.

2. ഒൗഷധങ്ങൾ
ഒൗഷദങ്ങൾ ഉപയോഗിക്കുന്ന സമയം പ്രധാനമാണ്. രാവിലെ ഭക്ഷണത്തിന് അര മണിക്കൂർ മുൻപുള്ള ഒൗഷധമാണ് എങ്കിൽ അതു മറക്കാതെ ഉപയോഗിക്കുവാൻ ശ്രമിക്കുക. ഉദാ: ഇൻജക്ഷൻ മിക്സാറ്റാർഡ്, ഇൻജക്ഷൻ നോവോമിക്സ്, ഗുളികകളായ ഗ്ലിമിപ്രൈഡ്, ഗ്ലൈക്കാസൈഡ് ഇവയെല്ലാം ഭക്ഷണത്തിന് 1015 മിനിറ്റു മുമ്പാണ് ഉപയോഗിക്കേണ്ടത്. ഭക്ഷണത്തിനു മുമ്പ് ഉപയോഗിക്കേണ്ടതായ ഒൗഷധങ്ങൾ ഭക്ഷണത്തിന് ഒപ്പമോ അതിനുശേമോ ഉപയോഗിക്കുമ്പോൾ അതിന്റെ മുഴുവൻ ഫലവും ലഭിക്കാതെ പോകുന്നു.

ഭക്ഷണം കഴിക്കുന്ന വേളയിൽ രക്തത്തിലെ പ‍ഞ്ചസാര പെട്ടെന്ന് ഉയരുകയാണ് ചെയ്യുന്നത്. അതിനുമുമ്പ്, ഒൗഷധം അവിടെ എത്തിച്ചേർന്നാൽ മാത്രമേ ആ പ്രതിഭാസം ഫലപ്രദമായി തടയാൻ കഴിയുകയുള്ളൂ.

ഭക്ഷണത്തിന് ഒപ്പം കഴിക്കേണ്ട ഒൗഷധങ്ങൾ (ഉദാ: വോഗ്ല‍ിബോസ്) ആഹാരം കഴിക്കുന്ന വേളയിലാണ് ഒപ്പം കഴിക്കേണ്ടത്. ഭക്ഷണവുമായി ബന്ധമില്ലാത്ത നിരവധി ഒൗഷധങ്ങളുണ്ട്. ഉദാ: ഇൻജക്ഷൻ ലാന്റ്സ്, ഇൻജക്ഷൻ ട്രസിബ, ഗുളികകളായ ജനൂവിയ, ഫോർക്സിഗ തുടങ്ങിയവ. ഭക്ഷണവുമായി ബന്ധമില്ല എങ്കിൽപോലും ഇത്തരം ഒൗഷധങ്ങൾ എല്ലാ ദിവസവും ഡോക്ടർ നിർദേശിച്ചിരിക്കുന്ന സമയത്തു കൃത്യമായി ഉപയോഗിക്കുവാൻ ശ്രമിക്കുക.

3. വിവാഹങ്ങൾ
ആഘോഷങ്ങൾ മലയാളികളുടെ സന്തോഷമാണ്. പ്രമേഹരോഗികൾക്കാണെങ്കിൽ മധുരം ഭക്ഷിക്കുവാൻ വീണുകിട്ടുന്ന ഒരവസരമാണ്. വിവാഹം പോലെയുള്ള ആഘോഷവേളകളിൽ പങ്കുകൊള്ളുമ്പോൾ ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും അതോടൊപ്പം ഇൻസുലിനോ, ഗുള‍ികകളോ കൂടുതലായി ഉപയോഗിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും രോഗികൾക്ക് ചിക‍ിത്സാസം ഘവുമായി ചർച്ച ചെയ്തു ത‍ീരുമാനിക്കാം. ഉദാ: ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്ന രോഗികൾക്ക് അധികമായി കഴിക്കുന്ന മധുരം രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാതെ തന്നെ സ്വയം നിയന്ത്രിക്കുവാൻ സാധിക്കും.

4. ദുഃഖം, ദേഷ്യം
പ്രമേഹരോഗികൾക്കു വികാരങ്ങൾ വരുമ്പോൾ ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കുക വഴി രക്തത്തിൽ പ‍ഞ്ചസാര പെട്ടെന്ന് വർധിക്കുവാനും ദീർഘനേരം അങ്ങനെതന്നെ നിലനിൽക്കുവാനും സാധ്യത കൂടും. കൂട‍ുതൽ സന്തോഷം വരുമ്പോൾ പഞ്ചസാര കുറയുന്നതായും കണ്ടുവരുന്നു.

ഗ്ലൂക്കോമീറ്ററോ, സി.ജി.എം. ഉപകരണങ്ങളോ സ്വയം ഉപയോഗിക്കുന്ന രോഗികൾക്ക് ഇത്തരം വ്യതിയാനങ്ങൾ പെട്ടെന്നു തിരിച്ചറിയുവാനും അതിനു പ്രതിവിധികൾ തേടുവാനും സാധിക്കും .

5. തിരക്കോടുതിരക്ക്
തിരക്ക‍ു പ്രധാനമായും ബ‍ാധിക്കുന്നത് ഭക്ഷണം കഴിക്കലിനെയാണ്. പ്രമേഹരോഗ ചികിത്സയ‍ുടെ വിജയത്തിനു കൃത്യമായ സമയത്തു ഭക്ഷണം കഴിക്കേണ്ടതിനുള്ള പ്രാധാന്യം വളരെക്കൂടുതലാണ്. രോഗത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ലഘുഭക്ഷണം പ്രധാനഭക്ഷണങ്ങൾക്കിടയ്ക്ക് കഴിക്കുവാൻ നിർദേശിച്ചു എന്നുവരും. ചില പ്രമേഹരോഗികളുണ്ട്, ഇൻസുലിനും ഗുളികകളും ഒക്കെ ഉപയോഗിക്കുകയാണെങ്കിൽ കൂടിയും ഭക്ഷണത്തിന് രണ്ടു മണിക്കൂർ ശേഷമുള്ള പഞ്ചസാരയുടെ അളവ് വളരെ വിജയകരമായി 140 മി.ഗ്രാം ശതമാനത്തിനു താഴെ നിലനിർത്തുന്നതുകാണാം. അങ്ങനെയാകുമ്പോൾ ലഘുഭക്ഷണം ഒഴിവാക്കുകയോ, പ്രധാന ഭക്ഷണം വൈകിപ്പോകുകയോ ചെയ്താൽ പഞ്ചസാര പെട്ടെന്നു താഴ്ന്നുപോയി എന്നുവരാം. ഹൈപ്പോഗ‍്ലൈസീമിയ എന്ന അവസ്ഥ വന്നതിനുശേഷം പെട്ടെന്നു മധുരമോ ഭക്ഷണമോ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര സാധ‍ാരണഗതിയിലാകുന്നതിനു പകരം പെട്ടെന്ന് അതു ക്രമാതീതമായി വർധിക്കുകയാണ് ചെയ്യാറ്. ഇതു കൂടെക്കൂടെ ആവർത്തിക്കുകയാണ് എങ്കിൽ മാസങ്ങൾ പിന്നിടുമ്പോൾ പ്രമേഹം അനിയന്ത്രിതമായി മാറും. ചികിത്സാച്ചെലവും ക്രമാതീതമായി വർധിച്ചു കൊണ്ടിര‍ിക്കും.

6. രഹസ്യമാക്കി വയ്ക്കരുത്
പ്രമേഹം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഒാരോ താളത്തിനെയും സ്വാധീനിക്കുന്ന രോഗമാണ്. അതിനാൽ രോഗം ഒളിച്ചുവയ്ക്കുന്നത് ആത്മഹത്യാപരമാണ്. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുഞ്ഞുങ്ങൾ ഒരു കാരണവശാലും രോഗം കൂട്ടുകാരിൽ നിന്നുമോ കുടുംബാഗങ്ങളിൽ നിന്നുമോ ഒളിച്ചുവയ്ക്കാൻ പാടില്ല. രോഗം രഹസ്യമാക്കിവയ്ക്ക‍ുന്ന മാതാപിതാക്കളും രോഗികളും ദയവായി മനസ്സിലാക്കുക, അങ്ങനെയുവള്ളർക്ക് ആയുർദൈർഘ്യം നന്നേ കുറവായിരിക്കും. എന്നാൽ കൂടുതൽ പ്രാവശ്യം കുത്തിവയ്പുകൾ എടുക്കുന്നവരും കൂടുതൽ പ്രാവശ്യം രക്തപരിശോധന നടത്തുന്നവരുമാണ് യഥാർഥത്തിൽ നന്നായി പ്രമേഹരോഗം ചികിത്സിക്കുന്നവരും ദീർഘകാലം സുഖമായി ജ‍ീവിച്ചിരിക്കുവാന‍ും സാധ്യതയുള്ളവർ.

7. സെക്സും പ്രമേഹവും
പ്രാരംഭത്തിലെ തന്നെ ശാസ്ത്രീയവിധി പ്രകാരമുള്ള പരിശോധനകളും ചിക‍ിത്സകളും സ്വീകരിക്കുന്ന പ്രമേഹരോഗികൾക്ക് ആരോഗ്യത്തോടെ തന്നെ ലൈംഗികബന്ധത്തിലേർപ്പെടുവാനും സന്തോഷകരമായ കുടുംബജീവിതം നയിക്കുവാനും സാധ‍ിക്കും. പ്രമേഹരോഗികൾ നിരർബന്ധമായും സാധാരണപോലെ തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടണം. വ്യായാമം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാര കുറ‍ഞ്ഞപ പോകുവാൻ സാധ്യതയുള്ളതുപോലെ തന്നെ ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴും പഞ്ചസാര കുറയുവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയുള്ള രോഗികൾ അൽപം ലഘുഭക്ഷണം കഴിച്ചിട്ടുവേണം ലൈംഗികബന്ധത്തിലേർപ്പെടാൻ. ദീർഘകാലം പ്രമേഹം അനിയന്ത്രിതമായി തുടരുമ്പോഴും പ്രമേഹത്തെ അവഗണിക്കുമ്പോഴും അതു ലൈംഗികശേഷിയെ ബാധിക്കാം. പ്രമേഹചികിത്സയിൽ രോഗം പൂർണമായും അനിയന്ത്രിതമാകുന്നതിനു മുമ്പ് ഇൻ‌സുലിൻ ഇൻഞ്ച‍ക്ഷനുകൾ ആരംഭിക്കേണ്ടതാണ്.

8. ഉറക്കവും പ്രമേഹവും
ഏഴു മുതൽ എട്ടു മണിക്കൂർ വരെ സുഖനിദ്ര പ്രമേഹരോഗികൾക്ക് അനിവാര്യമാണ്. ഉറക്കത്തിനിടയിൽ കൂടുതലായി കൂർക്കം വലിയുണ്ടെങ്കിൽ പങ്കാളി അതു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ഇങ്ങനെ പ്രമേഹത്തെ പഠിക്കുവാൻ കഴിഞ്ഞ രോഗിക്ക് പ്രമേഹം ശത്രുവല്ല, സുഹൃത്താണ്.

ഒാരോ അഞ്ചു മിനിറ്റിലും പരിശോധന
ഗ്ലൂക്കോസ് നിരീക്ഷണത്തിന് ഗ്ലൂക്കോമീറ്റർ പോലെ തന്നെ ഉപയോഗിക്കുന്ന ഉപകരണമാണ് കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിങ്. 20032004 കാലഘട്ടത്തിലാണ് കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിങ് സാങ്കേതികവിദ്യ ആദ്യമായി കേരളത്തിൽ എത്തിയത്. ഇപ്പോൾ മൂന്നുതരം തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങൾ ലഭ്യമാണ്. സ‍ൂചികൊണ്ടു കുത്തി പരിശോധിക്കാതെ തന്നെ രക്തത്തിലെ പഞ്ചസാര എല്ലാ അഞ്ചു മിനിറ്റും പരിശോധിക്കുന്ന ഉപകരണമാണ് െഎ പ്രൊ 2. ഇതു തുടർച്ചയായി ഏഴു ദിവസം വരെ ഉപയോഗിക്കാവുന്നതാണ്.

2015 ഫെബ്രുവരി മാസം ഉപയോഗിച്ചു തുടങ്ങിയ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചു രൂപപ്പെടുത്തിയ ഉപകരണമാണ് ആബട്ട് ല‍ിബ്രെ പ്രൊ(Abbott Libre Pro). ചരിത്രത്തിൽ ആദ്യമായി പതിനാലു ദിവസം വരെ തടർച്ചയായി ഇത് ഉപയോഗിക്കാൻ സാധിക്കും. ഒരു രൂപ തുട്ടിന്റെ മാത്രം വലിപ്പമുള്ള സെൻസർ കൈയിലൊട്ടിച്ചുവച്ചാണ് ഇതു സാധ്യമാകുന്നത്. എല്ലാ പതിനഞ്ചു മിനിറ്റിലുമുള്ള രക്തത്തിലെ പഞ്ചസാര ഇതിൽ സ്വയം പരിശോധിച്ചുകൊണ്ടിരിക്കും. ഗ്ലൂക്കോമീറ്റർ ഉപയോഗ‍‌ിച്ച് ഇടയ്ക്കിടെ രക്തപരിശോധന നടത്തേണ്ടതില്ല എന്നതാണ് ലിബ്രെ പ്രൊയുടെ സവിശേഷത. മറ്റു CGM ഉപകരണങ്ങൾക്ക് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു കാല‍ിബ്രേഷൻ നടത്തേണ്ടതായുണ്ട്. പതിനാലു ദിവസം രക്തപര‍ിശോധന നടത്തുമ്പോൾ Ambulatory Glucose Profile എന്ന ഗ്രാഫും ഒാരോ പതിനഞ്ചു മിന‍ിറ്റിലും ഉള്ള രക്തത്തിലെ പഞ്ചസാരയുടെ കൃത്യമായ അളവും നമുക്ക് ലഭിച്ചുകൊണ്ടിരിക്കും.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വേദനാരഹിതമായ പുത്തൻ പരിശോധന ഉപകരണങ്ങൾ കേരളത്തിലും ഇന്ത്യയിലും നിലവിൽവരും എന്നു പ്രതീക്ഷിക്കപ്പെടുന്നു. കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിങ് റിപ്പോർട്ട് ചികിത്സാസംഘം അപഗ്രഥിക്കുന്നതു കൂടാെത രോഗിയും കുടുംബാംഗങ്ങളും ഒന്നുരണ്ടു മണിക്കൂറുകൾ ചിലവഴിച്ച് അപഗ്രഥിക്കുകയാണെങ്കിൽ മാത്രമേ പ്രയോജനകരമാകുകയുള്ളൂ.

ഡോ. ജ്യോതിദേവ് കേശവദേവ്
കൺസൾട്ടന്റ് ഇൻ ഡയബറ്റിസ് ആൻഡ് ജീറിയാട്രിക്സ്
ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റർ, തിരുവനന്തപുരം