HOME»

വീട്ടുമുറ്റത്തെ ഒൗഷധങ്ങൾ

Article_image

പ്രമേഹചികിത്സയിൽ പണ്ടുമുതലേ തന്നെ പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പാവയ്ക്ക ജ്യൂസും ഇൻസുലിൻ ചെടിയും പോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. കുറഞ്ഞ ചെലവിൽ അധികമെച്ചം നൽകുന്ന ഇത്തരം ചികിത്സകളോട്. പൊതുവേ പ്രമേഹരോഗികൾ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷേ പലപ്പോഴും അശാസ്ത്രീയവും അബദ്ധവുമെന്നും ഇത്തരം ഒൗഷധങ്ങളെക്കുറിച്ച് തെറ്റിധാരണകൾ പരക്കാറുണ്ട്. ഇതിന്റെ പ്രധാനകാരണം ഉപയോഗിക്കുന്നതിലെ തെറ്റായ രീതികളാണ്.

ഉദാഹരണത്തിന്, പാവയ്ക്കയിൽ പ്രമേഹം കുറയ്ക്കുന്നതിനു സഹായകമായ ചില ഘടകങ്ങൾളുണ്ടെന്നുള്ളതു ശരി തന്നെ. ശാസ്ത്രീയ പഠനങ്ങൾ ഇതു സംബന്ധിയായി വന്നിട്ടുമുണ്ട്. എന്നുകരുതി ഉയർന്ന ഷുഗർ നിരക്കുള്ള ഒരു രോഗി വിചാരിക്കുകയാണ് നാളെ മുതൽ മരുന്നും പരിശോധനയുമൊന്നും വേണ്ട, പാവയ്ക്കനീരു കുടിച്ചുകൊണ്ടിരുന്നാൽ മതിഇത് അശാസ്ത്ര‍ീയമായ നിലപാടാണ്. മരുന്നിനും ഭക്ഷണക്രമീകരണത്തിനുമൊപ്പം ഇത്തരം ചില ഒൗഷധങ്ങളും നിയന്ത്രിതമായി ഉപയോഗിക്കുകയാണ് ശരിയായ രീതി. മരുന്നു വേണ്ടാത്ത, പ്രമേഹപൂർവ അവസ്ഥയില‍ുള്ള രോഗികൾക്കായാലും ഭക്ഷണക്രമീകരണത്തിന്റെ കൂടെ ഇത്തരം ഒൗഷധങ്ങളും എന്ന രീതിയാണ് നല്ലത്. മരുന്നിനും ഭക്ഷണക്രമീകരണത്തിനും പകരമല്ല ഇത്തരം ഒൗഷധങ്ങൾ എന്നു സാരം. വിദൂരഭാവിയിൽ, മരുന്നിന്റെ ഡോസ് കുറച്ചുകൊണ്ടുവരാൻ ഒരുപക്ഷേ ഇത്തരം പച്ചമരുന്നുകൾ സഹായകമായേക്കാം. എങ്കിലും അങ്ങനെ തീരുമാനിക്കും മുമ്പ് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം കൂടി അറിയണം. ഒപ്പം പരിശോധനകൾ തുടരുകയും വേണം.

വീട്ടിലും ചുറ്റുപാടുമുള്ള പ്രമേഹ ഒൗഷധങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഞാവൽക്കുരു
കടുത്ത വയലറ്റുനിറമുള്ള തുടുത്ത് അൽപം നീണ്ട ഞാവൽക്കായും അതിന്റെ ചവർപ്പു കലർന്ന ഇളം മധുരവും പലർക്കും നൊസ്റ്റാൾജിയയാണ്. കഴിക്കുമ്പോൾ നാവിനെ വയലറ്റാക്കുന്ന മാന്ത്രികവിദ്യ മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനുള്ള സിദ്ധിയും ഈ ഫലത്തിനു സ്വന്തം. കുരുവാണ് പ്രധാന ഒൗഷധം. പ്രമേഹം നിയന്ത്രിക്കാനായി ഞാവൽക്കായുടെ ഉള്ളിലുള്ള കുരു ഉണക്കിപ്പൊടിച്ചെടുത്തത് 1 ഗ്രാം മുതൽ മൂന്നു ഗ്രാം വരെ ദിവസവും മൂന്നു നേരം കഴിക്കുന്ന ഒരു ഒറ്റമൂലി പ്രയോഗം പണ്ടു മുതലേ നിലവിലുണ്ട്.

പാവയ്ക്ക
കയ്പ് രുചിയാണെങ്കിലും പ്രമേഹം കുറയ്ക്കുന്ന കാര്യത്തിൽ മുമ്പനാണ് പാവയ്ക്ക. പ്രമേഹത്തെ തടുക്കാൻ കഴിവുള്ള മൂന്നു ഘടകങ്ങളെങ്കിലും പാവയ്ക്കയിലുണ്ട്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ചാരന്റൈൻ, വിസിൻ, ഇൻസുലിനു സമാനമായ സംയുക്തമായ പോളിപെപ്റ്റൈഡ് പി എന്നിവയാണത്. പാവയ്ക്കയിലെ ലെക്റ്റിൻ എന്ന ഘടകം വിശപ്പു തടുത്തുനിർത്തി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

നിരവധി ക്ലിനിക്കൽ ട്രയലുകളിൽ പാവയ്ക്കയുടെ ഈ ഒൗഷധഗുണങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. എത്നേ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും 2000 മി.ഗ്രാം വീതം പാവയ്ക്ക കഴിക്കുന്നത് ടൈപ്പ്2 പ്രമേഹ രോഗികളിൽ പ്രമേഹനിയന്ത്രണത്തിനു സഹായകമാണെന്നു പറയുന്നു. ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിന് വരെ പാവയ്ക്കയിലെ ചില ഘടകങ്ങൾക്കു കഴിയുമെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ചൈനയും ഫിലിപ്പീൻസും പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ പ്രമേഹന‍ിയന്ത്രണത്തിന് പാവയ്ക്കയും കുരുവും ഇലയുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദത്തിൽ സസ്യ ഇൻസുലിനായാണ് പാവയ്ക്കയെ കരുതിപ്പോരുന്നത്. ഭ‍ാവിയിൽ പ്രമേഹ ഒൗഷധമെന്ന നിലയിൽ പാവയ്ക്ക കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാണ് സാധ്യത.

കറ്റാർവാഴ
സൗന്ദര്യസംരക്ഷണത്തിനുള്ള ഒൗഷധമായാണ് കറ്റാർവാഴ (അലോവേര) നമുക്കു പരിചിതം. എന്നാൽ‌ പ്രമേഹനിയന്ത്രണത്തിലും കറ്റാർവാഴ ഉത്തമമാണ്. ഈ വിഷയത്തിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ കുറവാണെങ്കിലും പ്രാഥമികതലത്തിലുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരനിയന്ത്രിക്കുന്നതിനു കറ്റാർവാഴ ജ്യൂസ് സഹായകമാണെന്നാണ്.

കറുവ മുതൽ ഇഞ്ചി വരെ
പ്രമേഹനിയന്ത്രണത്തിനു നമ്മുടെ സ്വന്തം അടുക്കളയിലേക്കു തിര‍ിഞ്ഞാൽ‌ മതിയെന്നാണ് മസാലക്കൂട്ടുകൾക്ക് പ്രമേഹനിയന്ത്രണത്തിനുള്ള സ്വാധീനം കാണുമ്പോൾ തോന്നുക. ഉലുവ, കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി എന്നിങ്ങനെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ പ്രമേഹനിയന്ത്രണത്തിനു സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാരമ്പര്യ വൈദ്യത്തിലും ഇവ അടിസ്ഥാനമാക്കിയുള്ള ഒറ്റമൂലികൾ പണ്ടുമുതലേ നിലവിലുണ്ട്.

കറുവപ്പട്ട
കറുവ മരത്തിന്റെ തൊലി ചെത്തിയെടുത്ത് ഉണക്കിയാണ് കറി മസ‍ാലകളിലെ പ്രധാനഘടകമായ ഈ സുഗന്ധവ്യഞ്ജനം ഉണ്ടാക്കുന്നത്. ഇൻ‌സുലിൻ സംവേദനത്വം കൂട്ടാനും ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാണ് കറുവപ്പട്ട എന്നാണ് പാരമ്പര്യവൈദ്യം പറയുന്നത്.

കറുവപ്പട്ടയുടെ ഒൗഷധഗുണത്തെക്കുറിച്ച് ചില പഠനങ്ങളും വന്നിട്ടുണ്ട്. ഇവയിലെ വെള്ളത്തിൽ ലയിക്കുന്ന ഫിനോളിക് സംയുക്തങ്ങളാണ് പ്രമേഹത്തെ തടുക്കാനുള്ള കഴിവു നൽകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. 2003ൽ ഡയബറ്റിസ് കെയർ ജേണലിൽ വന്നലേഖനത്തിൽ ടൈപ്പ്2 പ്രമേഹരോഗികളിൽ കറുവപ്പട്ടയുടെ ഉപയോഗം രക്ത്തിലെ ഷുഗർ നിരക്ക് സന്തുലിതമായി നിൽക്കാൻ സഹായിക്കുന്നുവെന്നും പ്രമേഹവും ഹൃദയധമനീരോഗങ്ങളും മൂലമുള്ള സങ്കീർണതകൾ കുറയ്ക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

അമേരിക്കൻ ജേണൽ ഒാഫ് ക്ലിനിക്കൽ ന്യൂട്രിഷൻ പറയുന്നത് ആറു ഗ്രാം കറുവപ്പട്ട കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കുകയും ഭക്ഷണശേഷം രക്തത്തിൽ ഗ്ലൂക്കോസ് അമിതമായി ഉയരുന്നതു തടയുകയും ചെയ്യുമെന്നാണ്.

ഉലുവയിലെ ലയിക്കുന്ന നാരുകൾ ആണ് പ്രമേഹരോഗികൾക്ക് ഗുണകരമാകുന്നത്. നിരവധി പഠനങ്ങൾ ഉലുവയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്നിട്ടുണ്ട്. ദിവസം രണ്ടു നേരം 2.5 ഗ്രാം വീതം ഉലുവ മൂന്നുമാസത്തേക്കുകഴിച്ച ചില ടൈപ്പ്2 പ്രമേഹബാധിതരിൽ പ്രമേഹം നിയന്ത്രിതമായതായി കണ്ടിട്ടുണ്ട്. ഇഞ്ചി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഇൻ‌സുലിൻ സഹായമില്ലാതെ തന്നെ പേശ‍ീകലകളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം വർധ‍ിക്കുമെന്നും പഠനങ്ങളുണ്ട്. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ഘടകം പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്.

നെല്ലിക്ക
വിറ്റമിൻ സിയുടെ സമൃദ്ധ സ്രോതസ്സായ നെല്ലിക്ക രോഗപ്രതിരോധശേഷിക്കും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും ഉത്തമമാണെന്നു നമുക്കറിയാം. എന്നാൽ, ഇതു മാത്രമല്ല പ്രമേഹശമനത്തിനും നെല്ലിക്ക നല്ലതാണെന്നു പാരമ്പര്യവൈദ്യം പറയ‍ുന്നു. നെല്ലിക്കനീര്, പച്ചമഞ്ഞൾ എന്നിവ സമമെടുത്ത് ദിവസവും ഒ‍ാരോ നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഉത്തമമായ ഒറ്റമൂലിയാണ്.

നെല്ലിക്കയിലെ ചില ഘടകങ്ങൾ കാർബോഹൈഡ്ര‍േറ്റ് ഉപാപചയത്തിനു സഹായിക്കുന്നവയാണ്. ഇൻസുലിൻ സ്രോതസ്സായ പാൻക്രിയാസിനെ വീക്കത്തിൽ നിന്നും മറ്റ് അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

മോര്
മോരിലുള്ള ചില പ്രത്യേകതരം ഫാറ്റി ആസിഡുകളാണ് പ്രമേഹത്തിന്റെ ദോഷം തടയുന്നത്. ഇൻസുലിന്റെ രക്തത്തിലേക്കുള്ള ആഗിരണതോതു വർധിക്കാനും മോരു കാരണമാകുന്നു. അനൽസ് ഒാഫ് ഇന്റേണൽ മെഡിസിൻ ജേണലിൽ വന്ന പഠനത്തിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്.

ഒറ്റമൂലികൾ
∙ തലേദിവസം 30ഗ്രാം ഉലുവ വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് ക‍ാലത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും.
∙ രാത്രി പേരയ‍ില ഇട്ടു വെള്ളം തിളപ്പിച്ചു രാവിലെ കുടിക്കുക.
∙കറിവേപ്പില ജ്യൂസ് അടിച്ച് പതിവായി കുടിക്കുന്നത് പ്രമേഹന‍ിയന്ത്രണത്തിനു നല്ലതാണ്.
∙ കിളുന്നു തൊട്ടാവാടി സമൂലം ഇടിച്ചുപിഴ‍ിഞ്ഞ് നീരെടുത്തു കുടിക്കുന്നതും തൊട്ടാവാടി സമൂലം ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.
∙ കൊഴുപ്പു നീക്കിയ പാലു കൊണ്ടുള്ള മോരിൽ കറിവേപ്പിലയും ഉള്ളിയും ഇഞ്ചിയും ചതച്ചിട്ടു ദിവസവും രണ്ടു ഗ്ലാസ് വീതം കുടിക്കുക.
∙ കോവയ്ക്കയിൽ ഇൻസ‍ുലിനു സമാനമായ ഘടകങ്ങളുണ്ട്. കറിയായി കഴിക്കുന്നതാണു നല്ലത്.

പ്രമേഹം കുറയ്ക്കാൻ പ്രത്യേക നടത്തം
പ്രമേഹരോഗിക്ക് ഗുണകരമായ വ്യായാമമാണ് നിത്യേനയുള്ള നടത്തം. എന്നാൽ സാധാരണ നടത്തം വഴി കാലിലെ പ്രഷർ പോയിന്റുകൾക്ക് വേണ്ടത്ര ഉത്തേജനം ലഭിക്കുകയില്ല. നടത്തത്തെ ഒന്നു പരിഷ്കര‍ിച്ചെടുത്താൽ പാൻക്രിയാസുമായി ബന്ധപ്പെട്ട് കാലിലുള്ള പ്രഷർ പോയിന്റുകൾ ഉത്തേജിതമാക്കാനും ഇൻസുലിൻ ഉൽപാദനത്തെ സ്വാധീനിക്കാനുമാകും. ഉദാഹരണത്തിന് പുഴയിൽ നിന്നും മൂർച്ചയുള്ള അരികില്ലാത്ത മിനുസമുള്ള ഉരുളൻ കല്ലുകൾ എടുക്കുക. 2*2 അടി വിസ്തൃതിയിൽ സിമന്റ് കുറച്ച് ഉരുളൻ കല്ലുകൾ ഇതിൽ കുത്തിനിർക്കുക. ദിവസവും ഇതിനു മേൽ ജോഗിങ് ചെയ്യുന്നതു പ്രമേഹരോഗികൾക്ക് ഗുണകരമ‍ാണ്. നിരവധി ശാഖകളുള്ള ഒരു മരക്കമ്പ് എടുത്ത് അതിന്റെ മുട്ടുകളെ സാൻഡ് പേപ്പർ കൊണ്ട് ഉരച്ച് മിനുസമാക്ക‍ുക. ഇതു തറയിലിട്ട് കാലുകൊണ്ട് ഉരുട്ടുന്നതും പ്രമേഹരോഗികൾക്ക് നല്ലതാണ്.

തയാറാക്കിയത് ആശാ തോമസ്
വിവരങ്ങൾക്ക് കടപ്പാട് ഡോ. ജി. ഹരികുമാർ
കൺസൾട്ടന്റ് അലോപ്പതി, ഹോമിയോ ആയുർവേദ, തിരുവനന്തപുരം