ഹൃദയമിടിപ്പുകൾ ക്രമീകരിക്കാം; ജീവിതത്തിലേക്ക് മടങ്ങാം

ഹൃദ്രോഗം എന്നാൽ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടർന്നുള്ള രോഗമാണ്. എന്നാൽ നിശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികൾ  ഹൃദയത്തിനുള്ളിൽ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 

അതിന്റെ താളപ്പിഴകൾ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുകൾ ഇതിന്റെ ഫലമായി ഉണ്ടാകാം. തലചുറ്റൽ, ബോധക്ഷയം, നെഞ്ചിടിപ്പ് തുടങ്ങിയവ ഇതിന്റെ രോഗലക്ഷണങ്ങളാണ്. 

മറ്റു ചിലരിൽ ഹൃദയ പേശികളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കർ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളിൽ ഘടിപ്പിക്കുന്നത്. പേസ്മേക്കർ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത് ‘ഹൃദയമിടിപ്പുകളുടെ ക്രമീകരണം’ എന്നാണ് വളരെ കുറഞ്ഞ വേഗത്തിൽ പ്രവർത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്റെ ധർമ്മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാത്രം നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിൽ ഇതിനെ ‘ പ്രോഗ്രാം’ ചെയ്യുവാൻ സാധിക്കും. 

രോഗിയെ ബോധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ വഴി പേസ്മേക്കർ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ഒരു ആധുനിക പതിപ്പാണ് ഐ സി ഡി അഥവാ Implantable Cardioverter Defibrillator പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടർന്നുള്ള മരണത്തിൽ നിന്നു ‘ ഷോക്ക്’ നൽകി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ യന്ത്രത്തിനു കഴിയും. 

ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയ പേശികളുടെ തളർച്ച മൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവയ്ക്കൽ എന്ന അവസാന വാക്കിനു തൊട്ടു മുൻപ് മറ്റൊരു തരത്തിലുള്ള പേസ്മേക്കർ ചില പ്രത്യേകതരം രോഗികളിൽ ഘടിപ്പിക്കാവുന്നതാണ്. ഇതിനെ കാർഡിയാക് റീസിൻക്രണൈസേഷൻ തെറാപ്പി എന്നു വിശേഷിപ്പിക്കുന്നു. സദാ പ്രവർത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഉപകരിച്ചിട്ടുണ്ട്. 

മറ്റൊരു ചികിത്സാരീതിയായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ഹൃദയത്തിലെ ഷോർട്ട് സർക്യൂട്ടുകളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കുന്ന ചികിത്സാ രീതിയാണ്. അതായത് താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാൽ ജീവിതത്തിന്റെ താളം തെറ്റില്ല 

ഡോ. ആർ. മീര
കൺസൽട്ടന്റ്,
കാർഡിയോളജി, കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.