ഹൃദയതാളം തെറ്റിക്കരുതേ...

രേഖ അഭിലാഷ്

മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന്‍ മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെ. 

ഹൃദയവും രോഗങ്ങളും
ഹൃദയത്തിന്റെ ഭിത്തികളിലൂടെ പോകുന്ന രക്തക്കുഴലുകളില്‍ (കൊറോണറി ധമനി) അകത്ത് കൊഴുപ്പ് അടിയുമ്പോള്‍ ഇവ പൂര്‍ണമായോ ഭാഗികമായോ അടയുന്നു. അങ്ങനെ അതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതു നെഞ്ചുവേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു. പെട്ടെന്ന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ ഇവിടുത്തെ മാംസപേശികള്‍ കേടായി തുടങ്ങും. ഇതിന്റെ ഫലമായി നെഞ്ചിന്റെ മധ്യഭാഗത്ത് വലിഞ്ഞു മുറുകുന്നതായും വേദനയായും നെഞ്ചില്‍ എന്തോ ഭാരം എടുത്തു വച്ചതുപോലെയുള്ള തോന്നലും കിതപ്പുമെല്ലാം അനുഭവപ്പെടുന്നു.താടിയെല്ലില്‍ കഴമ്പ്, നെഞ്ചിന്റെ മധ്യഭാഗത്ത് വേദന, ഇടതു കൈ തരിപ്പ്, അമിതമായി വിയര്‍ക്കല്‍, ഛര്‍ദിക്കാനുള്ള തോന്നല്‍, ശ്വാസ തടസം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമായേക്കാം.

ഇവയെ സൂക്ഷിക്കുക
40 വയസിനു മുകളില്‍ പ്രായമുള്ള പലരിലും പൊതുവായി കണ്ടുവരുന്ന രോഗങ്ങളാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ. പുകവലി, അമിത മദ്യപാനം, ഫാസ്റ്റ്ഫുഡ് എന്നിവയാണ് ഇപ്പറഞ്ഞ പല രോഗങ്ങളിലേക്കും വഴിതെളിക്കുന്നത്. ഇതു കൂടാതെ പാരമ്പര്യമായും ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം. കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ ഇത്തരം രോഗബാധിതരായുണ്ടെങ്കില്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കാനുള്ള സാഹചര്യവുമുണ്ട്. ഹൃദ്രോഗത്തിന് വഴിവെച്ചേക്കാവുന്ന ഇത്തരം കാരണങ്ങള്‍ നേരത്തേ തന്നെ കണ്ടു പിടിച്ച് ചികിത്സിക്കേണ്ടതാണ്.

കുട്ടികളും ഹൃദയരോഗങ്ങളും
ജന്‍മനാല്‍ തന്നെ ചില കുട്ടികളില്‍ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ഹൃദയതകരാര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഹൃദയത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളാണ് സാധാരണയായി കുട്ടികളില്‍ കണ്ടു വരുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപ്പ് വച്ചു നോക്കിയും എക്കോ കാര്‍ഡിയോഗ്രാഫിയിലൂടെയും മനസ്സിലാക്കാവുന്നതാണ്. തകരാര്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ ചികിത്സ തുടങ്ങി അത് ഭേദമാക്കാവുന്നതേയുള്ളു.

ചികിത്സ എങ്ങനെ?
ഇസിജി, എക്കോടെസ്റ്റ്, ട്രെഡ്മില്‍ ടെസ്റ്റ്, ആന്‍ജിയോഗ്രാം എന്നിവയാണ് സാധാരണയായി ചെയ്തുവരാറുള്ള രോഗ നിര്‍ണ്ണയ രീതികള്‍. നെഞ്ചുവേദനയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഒരു രോഗിയുടെ ഇസിജി എടുക്കുകയാണ് ചികിത്സയുടെ ഭാഗമായി ആദ്യം ചെയ്യുന്നത്. ഹൃദയത്തിന്റെ എവിടെയെങ്കിലും ബ്ളോക്കുകളോ, ഹൃദയമിടിപ്പിലുള്ള തകരാറുകളോ ഉണ്ടെങ്കില്‍ ഇസിജിയില്‍ മനസിലാക്കാവുന്നതാണ്. ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തന ക്ഷമതയും വാല്‍വുകളുടെ പ്രവര്‍ത്തനവും എക്കോടെസ്റ്റ് വഴി നിര്‍ണയിക്കാവുന്നതാണ്. ഇവ രണ്ടും റെസ്റ്റ് പീരീഡില്‍ ചെയ്യുന്ന ടെസ്റ്റുകളാണ്. നടക്കുന്ന സമയത്ത് എന്തെങ്കിലും വ്യതിയാനം കാണുന്നുണ്ടോ എന്നറിയാനാണ് ട്രെഡ്മില്‍ ടെസ്റ്റ് ചെയ്യുന്നത്. ഈ സമയത്ത് ഹൃദയത്തിന്റെ മിടിപ്പ് കൂടുകയും രക്ത സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. അപ്പോള്‍ ഹൃദ്രോഗത്തിന്റെ സൂചനയുണ്ടെങ്കില്‍ ഇസിജിയില്‍ തെളിയുകയും ചെയ്യും.

ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ചിത്രം എടുക്കുകയാണ് ചെയ്യുന്നത്. കാലിന്റെയോ കൈയുടെയോ ഞരമ്പുകളിലൂടെ ഒരു വയര്‍ ഹൃദയത്തിലേക്ക് കടത്തി അത് വഴി ഒരു ഡൈ ഇന്‍ജക്ട് ചെയ്യുന്നു. ത്രോംബസ് ഉള്ള ഭാഗത്തുവച്ച് ഡൈ കടന്നു പോകാതെ തടസം സൃഷ്ടിക്കുന്നു. ഇങ്ങനെ ബ്ളോക്ക് ഉള്ള ഭാഗം കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ആന്‍ജിയോഗ്രാം ടെസ്റ്റിന്‍ ബ്ളോക്ക് ഗുരുതരം ആണെന്നു കാണുകയാണെങ്കില്‍ രോഗിയെ ഉടന്‍ തന്നെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരാക്കും. കൂടുതല്‍ ബ്ളോക്കുകളാണെങ്കില്‍ ബൈപ്പാസ് സര്‍ജറി ചെയ്യേണ്ടതായും വരുന്നു. ശരീരത്തിന്റെ മറ്റു ചില ഇടങ്ങളില്‍ നിന്നെടുക്കുന്ന ധമനിയുടെയോ സിരകളുടേയോ ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് ബൈപ്പാസ് ഓപ്പറേഷന്‍ ചെയ്യുന്നത്.

ഭക്ഷണക്രമം എങ്ങനെ?
കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടത്. മട്ടണ്‍, റെഡ്മീറ്റ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ സാച്ചുറേറ്റഡ് ആയി മാറും. ഈ എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവയില്‍ ഷുഗര്‍ കണ്ടന്റ് കൂടുതലാണ്, മാത്രമല്ല ഇവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവേഴ്സും കളറുകളും ഉപയോഗിക്കുന്നുമുണ്ട്. അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ അകറ്റി നിര്‍ത്തണം.

ചൂര, മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ഫ്രൈ ചെയ്യാതെ കറി വച്ചു കഴിക്കാവുന്നതാണ്. പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. കിഴങ്ങുവര്‍ഗങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മധുരം കുറഞ്ഞതരം പഴവര്‍ഗങ്ങള്‍ കഴിക്കാം. മുരിങ്ങ, ചീര തുടങ്ങിയ ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. നാരുകള്‍ കൂടതലായി അടങ്ങിയ ധാന്യവിഭവങ്ങള്‍ ഹൃദയത്തിനു നല്ലതാണ്. ഇത് ദഹനപ്രക്രിയയെ എളുപ്പത്തിലാക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം ആവശ്യമോ?
ചിട്ടയായ വ്യായാമത്തിലൂടെ ഒരളവു വരെ ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്. മാംസത്തിന്റെ ഒരു സഞ്ചിയാണ് നമ്മുടെ ഹൃദയം. ഹൃദയം നന്നായി നന്നായി പമ്പ് ചെയ്യപ്പെടണമെങ്കില്‍ കൃത്യമായി എന്നാല്‍ കാഠിന്യമേറാതെയുള്ള വ്യായാമം നല്‍കേണ്ടതാണ്. എല്ലാ ദിവസവും കുറഞ്ഞത് 45 മിനിട്ടെങ്കിലും നടക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് വ്യായാമം ലഭിക്കാതെ ഒരു സ്ഥലത്ത് ഇരുന്ന് മാത്രം ജോലിചെയ്യുന്നവര്‍ കൃത്യമായ വ്യായമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള സോഷ്യല്‍ ഗെയിമുകളുടെ ഭാഗമാകാം. ഒപ്പം ഇത് നമ്മുടെ സാമൂഹ്യപരമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍തുടങ്ങിയ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുക, ഓഫീസിലേക്കോ, ജോലിസ്ഥലത്തേക്കോ ഒക്കെ പോകുന്നത് ചെറിയ ദൂരമാണെങ്കില്‍ വാഹനം ഒഴിവാക്കി നടന്നു പോകുന്നതും സൈക്കിള്‍ ഉപയോഗിക്കുന്നതും പരോക്ഷമായി നല്ലൊരു വ്യായാമമാണ്.

ഹൃദ്രോഗികള്‍ ഓര്‍മ്മിക്കേണ്ടത്?
ഒരിക്കല്‍ ഹൃദ്രോഗമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ കൃത്യമായി മരുന്നുകള്‍ ആരംഭിക്കുകയും, ഗുരുതരമായ ബ്ളോക്കുകളാണെങ്കില്‍ എത്രയും പെട്ടെന്ന് അതിനുള്ള പരിഹാരമാര്‍ഗങ്ങളടങ്ങിയ ചികിത്സ നടത്തുകയും വേണം. വൈകുന്തോറും ഹൃദയ പേശികള്‍ കേടായി നാം നിത്യരോഗിയായി മാറുകയോ ഒരു ദിവസം പെട്ടെന്ന് ഹൃദയം നിന്നുപോയി മരണപ്പെടുകയോ ചെയ്തേക്കാം. വളരെ സുപ്രധാനമായ മറ്റൊരു കാര്യം ഒരു കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദ്ദേശമില്ലാതെ ഹൃദയരോഗത്തിനുള്ള മരുന്നുകള്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യാന്‍ പാടില്ല. കൃത്യമായ ചികിത്സ തക്കസമയത്ത് എടുക്കുകയും തുടരുകയും ചെയ്യുന്നതിലൂടെ ഇന്ന് നമുക്ക് ഹൃദയാരോഗ്യം ഫലപ്രദമായി സംരക്ഷിക്കുവാന്‍ സാധിക്കും.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.