കൃത്യമായ വ്യായാമമാണു നടുവേദന അകറ്റാനുള്ള മികച്ച മാർഗം

കൃത്യമായ വ്യായാമമാണു നടുവേദന അകറ്റാനുള്ള മികച്ച മാർഗമെന്നു പഠനങ്ങൾ തെളിയിക്കുന്നു. പുറത്തെയും വയറ്റിലെയും മസിലുകൾ ബലപ്പെടുത്താനു വഴക്കമുള്ളതാവാനും വ്യായാമം സഹായകരമാണ്. കടുത്ത നടുവേദന അകറ്റാൻ ദിവസവും വ്യായാമം ചെയ്താൽ മതിയെന്നു സ്വീഡനിൽ നടന്ന ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പക്ഷേ വ്യായാമം മുടങ്ങാതെ ചെയ്യുകയെന്നതാണു പ്രധാനം. വ്യായാമ മുറകൾ നിർത്താതെ ചെയ്യാനാകുമെന്ന് ഉറപ്പില്ലാത്തവർ അതു ചെയ്യുകയുമരുത്. തുടങ്ങിയിട്ട് ഇടയ്ക്കുവച്ചു നിർത്തിയാൽ രോഗാവസ്ഥ ഗുരുതരമാക്കാൻ അതിടയാക്കും. യോഗാഭ്യാസത്തിലോ വ്യായാമമുറകളിലോ വൈദഗ്ധ്യം തേടിയവരുടെ അഭിപ്രായം ആരാഞ്ഞശേഷം അവരുടെ നിർദേശാനുസരണം ഓരോരുത്തർക്കും യോജിച്ച വ്യായാമമുറ അനുഷ്ഠിക്കണമെന്നു വിദഗ്ധ ഫിസിയോ തെറാപ്പിസ്റ്റുമാർ പറയുന്നു.

വ്യായാമത്തിൽ മാത്രമല്ല ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും ശ്രദ്ധിക്കാനുണ്ട്. ഭാരമുള്ള വസ്തുക്കൾ ഉയർത്താനായി നിന്നനിൽപിൽ കുനിയരുത്. മുട്ട് മടക്കിവച്ചു വേണം എടുക്കാൻ. മാത്രമല്ല വസ്തു ശരീരത്തോട് അടുപ്പിച്ചു പിടിക്കുകയും വേണം. ശരീരത്തിന്റെ ഒരു വശത്തേക്കു മാത്രമായി ഭാരം കൂടുതൽ താങ്ങുകയുമരുത്. പകരം രണ്ടു വശത്തേക്കും തുല്യമായി ഭാരം താങ്ങണം. അരക്കെട്ടിൽ നിന്നു കുനിയാതെ മുട്ടുമടക്കി ഇടിക്കുന്നതുപോലെയാക്കിയശേഷം ഉയർത്തുന്നതാണ് അഭികാമ്യം..

ഭാരമുള്ള വലിയ വസ്തുക്കൾ വലിച്ചടുപ്പിക്കുകയോ വലിച്ചിഴയ്ക്കുകയോ ചെയ്യുന്നതിനു പകരം തള്ളിക്കൊണ്ടു പോകുകയാണ് ഉചിതം. ശരീരഭാരം ഒരുപോലെ നിലനിർത്താനും ശ്രദ്ധിക്കണം. വണ്ണം കൂടുമ്പോൾ സ്വാഭാവികമായും വയറും ചാടും. വയറ്റിൽ ഒരു കിലോ ഭാരം കൂടുന്നത് നട്ടെല്ലിനെ രണ്ടരശതമാനം അധികഭാരമെടുപ്പിക്കാൻ ഇടയാക്കും.

പുകവലി ഒഴിവാക്കേണ്ടതാണ് മറ്റൊരു കാര്യം
വളഞ്ഞുകുത്തിയും ചാഞ്ഞും ചരിഞ്ഞും നിൽക്കുന്നതും ദോഷകരമാണ്. തലയുയർത്തിപ്പിടിച്ച് നിവർന്നു നിൽക്കാനും നിവർന്നിരിക്കാനും ശ്രദ്ധിക്കണം. കൃത്യമായ വ്യായാമമുറകളും ശരിയായ നടപ്പും ഇരിപ്പും ഭാരം ഉയർത്തലുമെല്ലാംകൊണ്ടു നടുവേദനനയെ പമ്പ കടത്താമെന്നും വിദഗ്ധർ പറയുന്നു.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.