കരുത്തേകാൻ കർക്കടകക്കഞ്ഞി

വീണ്ടും കർക്കടകം. ശരീരത്തെ വാഹനമായി സങ്കൽപി ച്ചാൽ അതിനെ ‘പണിക്കു കയറ്റുന്ന’ കാലമാണു കർക്കടകം. മനസ്സിനെ കുളിർപ്പിക്കുന്ന മഴയുടെ ഇൗ മാസത്തെ, ശരീരത്തിനു നവജീവൻ നൽകുന്ന ചികിൽസകൾക്ക് ഏറ്റവും അനുയോജ്യമായ കാലമെന്നാണു പൂർവികർ പറയുക. പ്രതിരോധശേഷി വർധിപ്പിച്ച്, വിഷാംശങ്ങൾ പുറത്തുകളഞ്ഞ്, ത്രിദോഷങ്ങളായ വാത പിത്ത കഫങ്ങളെ നിലയ്ക്കു നിർത്തി ശരീരത്തിനു നവജീവൻ നൽകാനുള്ള ചികിൽസകളിൽ പ്രധാനമാണു കർക്കടകക്കഞ്ഞി അഥവാ മരുന്നുകഞ്ഞി. വഴിവക്കുകളിലും തൊടിയിലും കാണുന്ന പച്ചമരുന്നുകളിട്ടാണ് ഇൗ കഞ്ഞി പണ്ടു തയാറാക്കിയിരുന്നത്. ചെലവു തീരെക്കുറവായിരുന്നുവെന്നർഥം. എന്നാൽ, ഇപ്പോൾ അങ്ങാടിമരുന്നുകടകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഇപ്പോഴാകട്ടെ, പല കമ്പനികളും പായ്ക്കറ്റ് കർക്കടകക്കഞ്ഞിതന്നെ മാർക്കറ്റിൽ എത്തിച്ചുകഴിഞ്ഞു.മരുന്നുകഞ്ഞി നിർമാണത്തിൽ ഓരോ നാടിനും വ്യത്യസ്ത രീതിയാണ്. വലിയ ചെലവില്ലാതെ പച്ചമരുന്നുകൾ ചേർത്തു നമുക്കുതന്നെ ഇതു തയാറാക്കാം.

അതിനുള്ള വിധം: ഒരു വാളകം (നാഴി) ഉണക്കലരി ഉപയോഗിച്ചു മരുന്നുകഞ്ഞി ഉണ്ടാക്കാൻ വേണ്ടത്:
ചെറുപുള്ളടി സമൂലം
പച്ചക്കുറുന്തോട്ടി സമൂലം
കയ്യുണ്ണി സമൂലം
ബലിക്കറുക സമൂലം
പർപ്പടകപ്പുല്ല് സമൂലം
ചെറുചീര സമൂലം
ചെറുപൂള സമൂലം
കൊഴുപ്പ സമൂലം

വിധം: മേൽപ്പറഞ്ഞ പച്ചമരുന്നുകൾ ഓരോ പിടിവീതം ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക. അരി വെന്തുവരുമ്പോൾ ഈ മിശ്രിതം അതിൽ ചേർത്തു വീണ്ടും വേവിക്കുക. വെന്തുകഴിയുമ്പോൾ പച്ചമരുന്നുനീരിന്റെ ആകെ അളവിനു സമം തേങ്ങാപ്പാൽ കഞ്ഞിയിൽ ചേർക്കുക. ഇതിലേക്ക് ഒരു നാഴി പശുവിൻപാലോ ആട്ടിൻപാലോ (സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്) ചേർത്ത് ഒരുവശത്തേക്കുതന്നെ ഇളക്കുക (മറുവശത്തേക്ക് ഇളക്കിയാൽ കഞ്ഞി പിരിയും). കഞ്ഞി വാങ്ങിവച്ചശേഷം അൽപ്പം ജീരകപ്പൊടിയും നെയ്യും ചേർത്ത് ആവശ്യത്തിന് ഉപ്പുകൂട്ടി കഴിക്കാം. തണുത്തുപോകുംമുൻപു കഴിച്ചാലേ പൂർണഗുണം കിട്ടൂ. ഈ രീതിയിൽ തയാറാക്കുമ്പോൾ കഞ്ഞിക്ക് അരുചി ഉണ്ടാകില്ല. ചുവന്ന ഇരുപ്പുഴുക്കൻ അരിയും കഞ്ഞിവയ്ക്കാൻ ഉപയോഗിക്കാം. പക്ഷേ, ഇതു മായം ചേർന്നതല്ലെന്ന് ഉറപ്പുവരുത്തണം. അരി കഴുകുമ്പോൾ ചുവന്ന നിറം ഇളകിവരികയാണെങ്കിൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാം.

തുളസിയില, ചുക്ക്, ജീരകം, കുരുമുളക്, ഉലുവ, കറുക എന്നിവ പൊടിച്ചു ചേർത്തും കഞ്ഞി തയാറാക്കാം. മധുരത്തക്കാളി എണ്ണയിൽ വഴറ്റിയെടുത്ത് ഇതോടൊപ്പം ചേർക്കുന്ന പതിവും ചില നാടുകളിലുണ്ട്. തഴുതാമ, കീഴാർനെല്ലി, വള്ളിയുഴിഞ്ഞ, നിലപ്പന, വിഷ്ണുക്രാന്തി, പൂവാംകുറുന്തൽ, മുയൽചെവിയൻ, കറുക, തിരുതാളി, മുക്കുറ്റി, പനിക്കൂർക്ക, തൊട്ടാവാടി, ശംഖുപുഷ്പം, കൊടിയാവണക്ക്, ആടുതിന്നാൻപാല, ചെറുകടലാടി എന്നീ പച്ചമരുന്നുകളും മരുന്നുകഞ്ഞിയിൽ ചേർക്കാറുണ്ട്. നവരപ്പൊടിയരിയിൽ ആട്ടിൻപാലും പശുവിൻപാലും വെള്ളവും കുറുന്തോട്ടിവേര്, ജീരകം, പഴുക്കാപ്ലാവിലഞെട്ട് എന്നിവ അരച്ചതും ചേർത്തു തിളപ്പിച്ചും ഉപയോഗിക്കാം. രാമച്ചം, ശതാവരി, മൂവില, ഓരില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി, കക്കുംകായ് തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിടു കളയാത്ത നവരയരിയും ഉലുവയും ആശാളിയും ചേർത്തു തയാറാക്കുന്ന മരുന്നുകഞ്ഞിയുമുണ്ട്.

ചെറുപനച്ചി, കുടങ്ങൽ, തൊട്ടാവാടി, നെയ്വള്ളി, ചങ്ങലംപരണ്ട എന്നിവ ചതച്ചു നേർത്ത തുണിയിൽ കിഴികെട്ടുക. ചുവന്ന ഇരുപ്പുഴുക്കൻ അരികൊണ്ടു കഞ്ഞിവച്ചു തിളച്ചുവരുമ്പോൾ ഈ കിഴി കഞ്ഞിയിലേക്ക് ഇടുക. കുരുമുളകു ചതച്ചതും ജീരകപ്പൊടിയും ചുക്കുപൊടിയും ഒന്നോ രണ്ടോ തുണ്ടു കറുവാപ്പട്ടയും കഞ്ഞിയിൽ ചേർത്ത് അടുപ്പിൽനിന്നു വാങ്ങി ചെറുചൂടോടെ കഴിക്കാം. കിഴി കഞ്ഞിയിൽനിന്നു മാറ്റുമ്പോൾ പിഴിഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ പൂർണഗുണം ലഭിക്കൂ. ഉലുവയും ഏലക്കയും മരുന്നുകഞ്ഞിയിൽ ചേർത്താൽ സ്വാദേറും. ആരോഗ്യം വർധിപ്പിക്കുന്നതോടൊപ്പം പല രോഗങ്ങളും അകറ്റാനും മരുന്നുകഞ്ഞി ഉപയോഗിക്കാം. അത്താഴസമയത്താണു മരുന്നുകഞ്ഞി കഴിക്കേണ്ടത്. മറ്റു ചികിത്സാവിധികളിൽനിന്നു വ്യത്യസ്തമായി മരുന്നുകഞ്ഞി കുടിക്കുമ്പോൾ പഥ്യം നോക്കേണ്ടതില്ല. എങ്കിലും, മത്സ്യമാംസാദികൾ ഒഴിവാക്കുന്നതു നന്ന്. ലഹരിപദാർഥങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണം. പത്തുദിവസംവരെ മരുന്നുകഞ്ഞി സേവിച്ചാൽ പൂർണഗുണം ലഭിക്കും.

രക്തസമ്മർദം, പ്രമേഹം, വായുകോപം എന്നിവ അകറ്റാനും ഹൃദയ ശ്വാസകോശ സംരക്ഷണത്തിനും മരുന്നുകഞ്ഞി ഉത്തമമാണ്. വാതം, പിത്തം, വിശപ്പില്ലായ്മ, നെഞ്ചുവേദന, ശ്വാസംമുട്ടൽ, മൂത്രത്തിൽ പഴുപ്പ്, അർശസ് എന്നിവ ശമിപ്പിക്കാനും ഇതിനാകും. വർഷകാലത്തെ പച്ചമരുന്നുസേവമൂലം ശരീരവേദനകൾക്ക് ആശ്വാസം ലഭിക്കും. കർക്കടകത്തിൽ നെയ്സേവ നടത്തുന്നതു ശരീരം നന്നാകാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇതുപോലെതന്നെ പ്രധാനമാണു തേച്ചുകുളി. ദേഹമാസകലം എണ്ണതേച്ചുപിടിപ്പിച്ചശേഷം ഇളംചൂടുവെള്ളത്തിൽ കുളിക്കാം. എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവുമേറും.