ഗ്രാമങ്ങൾ ദത്തെടുത്ത് ലഹരിവിമുക്തമാക്കും: മന്ത്രി കെ. ബാബു

കൊച്ചി∙ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുെട ഭാഗമായി ഗ്രാമങ്ങൾ ദത്തെടുക്കുമെന്നു മന്ത്രി കെ. ബാബു. ഈ ഗ്രാമങ്ങളെ മദ്യ–ലഹരി വിമുക്ത മാതൃകാഗ്രാമങ്ങളാക്കും. ലഹരിവിമുക്തി ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ ആരംഭിച്ച സുബോധം പ്രചാരണ പരിപാടിയുമായി സഹകരിച്ച് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ആശയക്കൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ ക്രിയാത്മകരാക്കുന്നതിനായി നാട്ടിൻപുറത്തെ നിർജീവമായിക്കിടക്കുന്ന ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കും. കായിക, കലാമൽസരങ്ങൾ പ്രോൽസാഹിപ്പിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കായി മൽസരം സംഘടിപ്പിച്ച് പുരസ്കാരങ്ങൾ നൽകും.

ലഹരി വിമോചന കേന്ദ്രങ്ങൾക്കു പ്രോൽസാഹനം നൽകും. സർക്കാർ ആശുപത്രികളുമായി ബന്ധിപ്പിച്ച് ഡീ അഡിക്ഷൻ ഡിറ്റക്ഷൻ ക്ലിനിക്കുകൾ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകളും ഘട്ടം ഘട്ടമായി ലഹരിവിരുദ്ധ കൗൺസിലിങ് കേന്ദ്രങ്ങളും ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഇതിനു സംയുക്ത പദ്ധതി നടപ്പാക്കും. സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കോർ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് ആലോചനയിലാണ്. വിശേഷ സീസണുകളുമായി ബന്ധപ്പെട്ട് എക്സൈസ്, പൊലീസ്, വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകളുടെ സംയുക്ത സഹകരണത്തിൽ ലഹരിവിരുദ്ധ മേളകൾ നടത്തും. റയിൽവേയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങളുമായി പ്രത്യേക ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ പര്യടനം നടത്തും.

കേരളോൽസവത്തിലെയും സ്കൂൾ–കോളജ് കലോൽസവത്തിലെയും കഴിയുന്നത്ര മൽസരങ്ങളിൽ ലഹരിവിരുദ്ധ വിഷയങ്ങൾ ഉൾക്കൊള്ളിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതു പ്രകാരം ഈ വർഷം അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലും അടുത്തവർഷം ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലും പാഠങ്ങൾ ഉൾപ്പെടുത്തും. അടുത്ത ഘട്ടമായി സർവകലാശാലാതലത്തിലും ലഹരിവിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തും. ബിരുദ കോഴ്സുകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പേപ്പർ നിർബന്ധമാക്കും. ഈ രംഗത്തെ ഗവേഷകരെ പ്രോൽസാഹിപ്പിക്കും. ശ്രദ്ധേയമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതു സർക്കാർ പരിഗണിക്കും. മദ്യത്തിലൂടെയും മരുന്നിലൂടെയുമുള്ള ലഹരിക്കു പകരം, സർഗാത്മകത ലഹരിയാക്കി വളർത്തുന്നതിനായി സ്കൂൾ, കോളജ് തലത്തിൽ സർഗലഹരി പദ്ധതി നടപ്പാക്കും. ലഹരിക്കെതിരെ എന്ന വിഷയം ആധാരമാക്കി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ച് സമ്മാനം നൽകും.

സ്കൂളും കോളജും കേന്ദ്രീകരിച്ചുള്ള ഓപ്പറേഷൻ യുവ ലഹരിമരുന്ന് റെയ്ഡ് വ്യാപകമാക്കും. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്സ് (എൻഡിപിഎസ്) ആക്ടിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിനു കത്തു നൽകിയതായി മന്ത്രി പറഞ്ഞു. ചെറിയ അളവ് ലഹരിവസ്തു പിടിച്ചെടുത്താലും കടുത്ത ശിക്ഷ ലഭിക്കുന്നവിധം നിയമഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലഹരിയുടെ അടിവേരുകൾ അറുക്കണം
നമ്മുടെ കുട്ടികളെ നമുക്ക് വീണ്ടെടുക്കണം, ലഹരിയുടെ അടിവേരുകൾ അറുത്തെറിയണം... ലഹരി വിമുക്തി ആശയക്കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവരും ആവർത്തിച്ചത് ഇക്കാര്യമാണ്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ലഹരിയുടെ വലയിലാവുന്നതു നമ്മൾ അറിയാതെ പോവുന്നത്. മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോഴും അതു വിശ്വസിക്കാതെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്?

രക്ഷിതാക്കൾ വിദ്യാർഥികളായിരുന്ന കാലത്തെ അന്തരീക്ഷമല്ല ഇന്നു വിദ്യാലയങ്ങളിലും കലാലയങ്ങളിലും നിലനിൽക്കുന്നത്. പണ്ടുകാലങ്ങളിൽ ലഹരിയെ പടിക്കു പുറത്തു നിറുത്താൻ പ്രാപ്തമായ സംഘടിത ശക്തി വിദ്യാർഥികൾക്കുണ്ടായിരുന്നത് ഇന്നില്ല. കുട്ടികളുടെ പുതിയ ചിന്തകളേയും ആശയങ്ങളേയും തിരിച്ചറിയാനുള്ള സംവേദന ശീലം അധ്യാപകർക്കും നഷ്ടപ്പെട്ടു. വിദ്യാർഥികൾ നേരിടുന്ന മാനസിക പിരിമുറുക്കവും പരാജയഭീതിയും മനസിലാക്കാത്തവരാണ് അവർക്കുവേണ്ടി ജീവിക്കുന്നതായി അവകാശപ്പെടുന്ന രക്ഷിതാക്കളിൽ നല്ലൊരു ശതമാനം.

ലഹരിയുടെ വേരറുക്കാനുള്ള പ്രാപ്തി വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നഷ്ടപ്പെടുന്ന സാഹചര്യം ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഇങ്ങനെ വരച്ചുകാട്ടി. ഇതിനെല്ലാം പകരമായി വിദ്യാർഥികളുടെ ഇടയിലേക്കു കടന്നുവരുന്ന സാങ്കേതിക വിദ്യ അവരെ നയിക്കുന്ന വഴികളെ തിരിച്ചറിയാനും മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നില്ല. ഈ സാഹചര്യം മുതലെടുക്കാൻ ലഹരി റാക്കറ്റിനു കഴിയുന്നുണ്ട്. ലഹരിയെ പ്രകീർത്തിക്കുന്ന തെറ്റിധാരണാ ജനകമായ ലഘുചിത്രങ്ങളും വിവരങ്ങളും കുട്ടികളെ വിശ്വസിപ്പിക്കുന്ന തരത്തിൽ സാങ്കേതിക തികവോടെയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതു കണ്ടും കേട്ടും വിശ്വസിച്ചു പോവുന്ന പ്രായത്തിൽ ചതിക്കുഴികളെ തിരിച്ചറിയാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണം. വർഷങ്ങൾക്കു ശേഷം കാൻസർ വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞതു കൊണ്ടു കാര്യമില്ല. ലഹരി ഉപയോഗിക്കുന്ന നിമിഷം അവരുടെ ബുദ്ധിയെ അതു മന്ദീഭവിപ്പിക്കുന്നതും അവരേക്കാൾ ബുദ്ധിശക്തി കുറവുള്ള കുട്ടികൾ പോലും അവരെ മറികടന്നു ജീവിത വിജയം നേടുന്നതും ചൂണ്ടി കാണിക്കാൻ ശ്രമിക്കണം.

വേണ്ടത് രാജ്യത്തിനു മാതൃകയാക്കാവുന്ന ലഹരി മോചന കേന്ദ്രങ്ങൾ
ലഹരിയെന്ന രോഗത്തിന് അടിമപ്പെട്ടവരെ ചികിൽസിച്ചു സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാൻ മികച്ച ലഹരി മോചന കേന്ദ്രങ്ങൾ ഇല്ലാത്തതാണ് കേരളത്തിന്റെ അടിസ്‌ഥാന പ്രശ്‌നമെന്നു ലഹരിക്കെതിരെ ആശക്കൂട്ടത്തിൽ പങ്കെടുത്ത വിദഗ്‌ധർ അഭിപ്രായപ്പെട്ടു. എംഎസ്‌ഡബ്ല്യു ബിരുദം പോലും ഇല്ലാത്തവരാണ് ലഹരി മോചന കേന്ദ്രത്തിൽ രോഗികളെ ചികിൽസിക്കുന്നത്. ഇത്തരക്കാരുടെ ഇടപെടൽ ലഹരി മോചന കേന്ദ്രങ്ങളുടെ അടിസ്‌ഥാനശിലയെ തന്നെ അട്ടിമറിക്കും. ലഹരിക്ക് അടിമപ്പെട്ടവരുടെ എണ്ണത്തിന് ആനുപാതികമായി കേരളത്തിൽ മോചന കേന്ദ്രങ്ങളില്ല. ഉള്ളവയിൽ മതിയായ സൗകര്യമോ കൃത്യമായ ചികിൽസ രീതികളോ ഇല്ല. രാജ്യത്തിനു തന്നെ മാതൃകയാകാവുന്ന തരത്തിൽ സർക്കാരിനു കീഴിൽ മികച്ച ലഹരി മോചന കേന്ദ്രം തുടങ്ങണമെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

ലഹരിയോടുള്ള ആസക്‌തി രോഗമാണെന്നും ചികിൽസയുള്ളതാണെന്നും സമൂഹം തിരിച്ചറിയണം. ലഹരിക്ക് അടിമപ്പെടുന്നവരെ തള്ളിക്കളയുന്നതാണ് നമ്മുടെ രീതി. സ്‌കൂളുകളാണെങ്കിൽ ടിസി നൽകി വിടും. എന്നാൽ, ഇവരെ തിരിച്ചു പിടിക്കാൻ വേണ്ടതു കൃത്യമായ പരിചരണവും ചികിൽസയുമാണ്. ചികിൽസയിലൂടെ രോഗിക്കു ലഹരിയോട് അമർഷമുണ്ടാക്കാൻ സാധിക്കണം. ചികിൽസയുടെ കാര്യത്തിൽ ഏകീകൃത സ്വഭാവം ഉണ്ടാകണമെന്നും നയം രൂപവൽക്കരിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ലഹരി മോചനം ഗൗരവമുള്ള വിഷയമാണ്. ലഹരി ഉപയോഗിക്കുന്നവർ ഏതാണ്ട് ഒരു കോടിയോളം വരുമെന്നാണ് കണക്ക്. അടിമപ്പെട്ടവരുടെ ചികിൽസ വലിയ ഉത്തരവാദിത്തമാണ്. ഇവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനത്തിനു സർക്കാർ ആദ്യ പരിഗണന നൽകണം. ചികിൽസയിലൂടെ മോചനം നേടിയവരെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും വേണം.

തൊട്ടടുത്തുണ്ട് ലഹരി
ലഹരി ഇന്നല്ലെങ്കിൽ നാളെ നമ്മുടെ കുട്ടികളെ തേടിയെത്താം. കാരണം, കയ്യെത്തും ദൂരത്ത് ലഹരി അതിന്റെ സ്വാധീനം ഉറപ്പിച്ചു നിൽപ്പുണ്ട്. കണ്ണൊന്നു തെറ്റിയാൽ, ശ്രദ്ധയൊന്നു പതറിയാൽ അത് നമ്മുടെ കുട്ടിയുടെ ജീവിതവുമായി കടന്നു കളയാം. സ്കൂൾ പരിസരത്ത് രണ്ടു രൂപയ്‌ക്കു കിട്ടുന്ന അച്ചാറിന്റെ രൂപത്തിൽവരെ ലഹരി സജീവമാണ്. ഓരോ കുട്ടിയും ലഹരിയുടെ ഭീഷണിയിൽ തന്നെയാണ്. കുടുംബവും വിദ്യാലയവും സമൂഹവും ചേർന്നു സൃഷ്‌ടിക്കുന്ന സംരക്ഷണ മതിൽക്കെട്ടിനു മാത്രമേ കുട്ടികളെ രക്ഷിച്ചു നിർത്താൻ കഴിയൂ എന്ന് മലയാള മനോരമ സംഘടിപ്പിച്ച ലഹരിക്കെതിരെ ആശയക്കൂട്ടം അഭിപ്രായപ്പെട്ടു. സ്‌കൂളിനു ചുറ്റും നമ്മുടെ കരുതൽ കൂട്ടികളെ രക്ഷിക്കുന്ന കവചമായി മാറണം. കല, രാഷ്‌ട്രീയം, സ്‌പോർട്‌സ് തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ നിന്നു കുട്ടികൾ അകലുമ്പോൾ അവർക്കു കൂട്ടായെത്തുന്നത് ലഹരിയാണെന്ന മുന്നറിയിപ്പും സെമിനാർ നൽകി. ശീലങ്ങൾ രൂപപ്പെടുന്ന 13 – 17 വയസിനിടയിൽ അതീവ ശ്രദ്ധ നമ്മുടെ കുട്ടികളുടെ മേൽ ഉണ്ടാവണം. കുട്ടികളെ നേർവഴിക്കു നയിക്കുന്നവർ ആദ്യം നേർവഴിയിൽ നടക്കണം. മാതാപിതാക്കളും ഗുരുക്കന്മാരും സ്വന്തം ജീവിതം നേരായ പാതയിൽ ക്രമപ്പെടുത്താതെ ഉപദേശത്തിനു മുതിർന്നാൽ തിരിച്ചടികളുണ്ടാകും. മദ്യം ഉപയോഗിക്കുന്ന അച്‌ഛൻ മകനെ ഉപദേശിച്ചാൽ അവൻ എങ്ങനെ അനുസരിക്കുമെന്നു ചിന്തിക്കണം. മദ്യ വിളമ്പുന്ന ചടങ്ങുകൾക്കെതിരെയും നടപടികൾ ഉണ്ടാകണം. ചടങ്ങുകളിൽ മദ്യം വിളമ്പുന്നത് നിരോധിക്കണം. മദ്യം വിളമ്പുന്ന ചടങ്ങുകൾ ആശീർവദിക്കാൻ പോകില്ലെന്ന് ആധ്യാത്മിക നേതാക്കൾ നിലപാടെടുക്കണം. കുട്ടികളെ അറിയാൻ മാതാപിതാക്കൾ വൈകരുതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ പങ്കുവയ്‌ക്കാൻ കുട്ടികൾ തയാറാകുന്ന തരത്തിൽ മാതാപിതാക്കൾ കുട്ടികളുമായി ബന്ധം സ്‌ഥാപിക്കണം. വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വലിയതാണ്. ബിഎഡ് പരിശീലനത്തിലടക്കം ലഹരി മോചന പരിശീലനം അധ്യാപകർക്കു നൽകണം. വിദ്യാർഥികൾക്കു മുന്നിൽ മാതൃകയാകാനും അധ്യാപകർ ശ്രദ്ധിക്കണം. സ്‌കൂളിലും കോളജുകളിലും കുട്ടികളുടെ ചുമതല അധ്യാപകർക്ക് എണ്ണം തിരിച്ചു നൽകണം. സ്‌റ്റുഡന്റ് പൊലീസ് അടക്കമുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ പുറത്തു നിന്നുള്ള ഇടപെടലുകൾ കുറയും. മാതാപിതാക്കൾ കുട്ടികളെ ഹൃദയ ബന്ധത്തിലൂടെ ചേർക്കണമെന്നും ആശയക്കൂട്ടം അഭിപ്രായപ്പെട്ടു.