മദ്യപാനവും കരൾ രോഗങ്ങളും

മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്. ഇന്ത്യയിൽ 2000 ബിസിയിൽ പോലും ലഹരിയുള്ള പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഇതു സ്വതന്ത്രയാകുന്നതിന് മുമ്പുള്ള ഏകദേശം 200 വർഷക്കാലം ബ്രിട്ടീഷ് സംസ്കാര സമ്മിശ്രണത്താൽ മദ്യപാനം നമ്മുടെ സമൂഹത്തിൽ വേരുറപ്പിച്ചു. യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.

ദിവസേന രണ്ടിൽ കൂടുതൽ പെഗ് മദ്യം ഉപയോഗിക്കുന്നവർക്ക് ഏകദേശം ഒരു മാസത്തിനുള്ളിൽ Fatty Liver (കരളിൽ കൊഴുപ്പടിയുന്ന അവസ്ഥ) ഉണ്ടാകുകയും തുടർന്ന് കഴിച്ചാൽ ഏകദേശം ഒരു വർഷ സമയത്തിൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (മദ്യം കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തം) ഉണ്ടാകുവാനും സാധ്യതയുണ്ട്. തുടർ മദ്യപാനികളിൽ ഏകദേശം പത്തു വർഷം കൊണ്ട് സിറോസിസ് അഥവാ കരൾവീക്കം എന്ന ജീവനു തന്നെ അപകടം സൃഷ്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചേരാം.

എങ്ങനെയാണ് മദ്യം കരളിനെ ബാധിക്കുന്നത്?
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. വയറിന്റെ വലതുഭാഗത്ത് മുകളിലായാണ് കരൾ സ്ഥിതിചെയ്യുന്നത്. ഏകദേശം രണ്ട് കിലോ ഭാരമുള്ള കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ സൂക്ഷിക്കുന്ന ഒരു കലവറയാണ് കരൾ. ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ മുഖ്യ ശത്രുവാണ് മദ്യം.

മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു. ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി ചേർന്ന് കരളിലെ രാസപദാർഥങ്ങളുടെ ഘടന തന്നെ മാറ്റിമറിക്കുന്നു. അങ്ങനെ ഒരവസ്ഥ വരുമ്പോൾ നമ്മുടെ ശരീരം തന്നെ കരളിനെതിരായി പ്രതിപ്രവർത്തിക്കുകയും കരളിന്റെ ഘടനയെയും പ്രവർത്തനത്തെയും ക്രമേണ അത് ബാധിക്കുകയും ചെയ്യുന്നു.

കരളിൽ കൊഴുപ്പടിയുക എന്ന അവസ്ഥയാണ് മദ്യം കരളിനെ ബാധിക്കുന്നതിന്റെ തുടക്കം. കരളിന്റെ പ്രവർത്തനങ്ങൾക്ക് കുഴപ്പമില്ലെങ്കിലും പരിശോധനയിൽ കരളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില എൻസൈമുകൾ (ഉദാ. എ എൽ പി, എസ് ജി പി ടി) കൂടുതലായി കാണുന്നു. അൾട്രാ സൗണ്ട് സ്കാൻ വഴിയും കരളിൽ കൊഴുപ്പടിയുന്നത് കണ്ടുപിടിക്കാം. ഈ അവസ്ഥയിൽ മദ്യപാനം തികച്ചും നിറുത്തുകയാണെങ്കിൽ കരളിനെ അതിന്റെ പൂർവ സ്ഥിതിയിലാക്കാൻ കഴിയും.

തുടർന്നും മദ്യം ഉപയോഗിക്കുമ്പോൾ അടുത്ത അവസ്ഥ മദ്യം മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ചിലർക്ക് ഉണ്ടാകാം. മദ്യം ഉപേക്ഷിക്കുന്നതോടെ ഈ അവസ്ഥയിൽ നിന്നും നമുക്ക് കരളിനെ രക്ഷിക്കാം. എന്നാൽ, തുടർച്ചയായ മദ്യപാനം കരൾ വീക്കത്തിലേക്ക് നയിച്ചാൽ പിന്നെ മദ്യം തികച്ചും ഉപേക്ഷിച്ചാൽ പോലും ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.

മദ്യം ഉപയോഗിക്കുന്ന എല്ലാവർക്കും കരൾവീക്കം ഉണ്ടാകുമോ?
ഇല്ല. ഒരപാടുകാലം മദ്യം ഉപയോഗിക്കുന്ന ഏകദേശം ‌15 ശതമാനം ആളുകളിൽ മാത്രമേ കരൾ‍വീക്കം കണ്ടുവരാറുള്ളൂ. സ്ത്രീകൾക്ക് കരൾവീക്ക സാധ്യത കൂടുതലാണ്. കൂടാതെ അമിത ഭാരമുള്ളവർ, പോഷകാഹാര കുറവുള്ളവർ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതർ, കരളിന് ക്ഷതം സംഭവിക്കാൻ സാധ്യതയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ മുതലായവരിൽ കരൾവീക്കം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചിലരിൽ ജന്മനാ കരൾരോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു.

കരൾ വീക്കത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായ രോഗലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. തുടർന്ന് ശരീരത്തിലും, പ്രത്യേകിച്ച് കാലിൽ നീരുണ്ടാകുകയും ക്രമേണ വയറ്റിൽ നീരു നിറഞ്ഞ് വയറ് വലുതാവുകയും ചെയ്യുന്നു. ചെറിയ മുറിവിൽ നിന്നുപോലും രക്തം കട്ടപിടിക്കാതെ പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. ആമാശയത്തിനുള്ളിൽ നിന്നും മൂലക്കുരുവിൽ നിന്നും ചിലപ്പോൾ അതികഠിനമായ രക്തസ്രാവമുണ്ടാകാം. അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെങ്കിൽ മരണത്തിന് വരെ ഇത് കാരണമാകാം.

രോഗം വർധിക്കുന്നതോടെ പോഷകാഹാരക്കുറവും നീരു വർധിക്കുകയും രോഗിക്ക് മഞ്ഞപ്പിത്തം പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം, വയറിനുള്ളിലെ രക്തസമ്മർദം വർധിക്കുകയും പ്ലീഹ ക്രമാതീതമായി വലുതാവുകയും ചെയ്യുന്നു.. ഈ അവസ്ഥയിൽ രോഗമുക്തി അസാധ്യമായിത്തീരുകയും ഹൃദയത്തിലും ശ്വാസകോശങ്ങളിലും നീരു നിറഞ്ഞോ രക്തം ഛർദ്ദിച്ചോ അല്ലെങ്കിൽ മഞ്ഞപ്പിത്തം അധികരിച്ചോ രോഗി മരണത്തിന് കീഴ്പ്പെടുന്നു.

എങ്ങനെയാണ് രോഗനിർണയം?
രക്ത പരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിങ് സി ടി സ്കാനിങ് മുതലായ പരിശോധനയിലൂടെയുമാണ് രോഗം നിർണയിക്കുന്നത്. ലിവർ പ്രൊഫൈൽ അഥവാ കരളിലെ പ്രവർത്തനക്ഷമത മനസിലാക്കുന്നതിന് രക്ത പരിശോധന സഹായിക്കും. കൂടാതെ, എൻഡോസ്കോപ്പി പരിശോധനയിലൂടെ ആമാശയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലുമുള്ള രക്തക്കുഴലുകളുടെ വീക്കം കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും. ചിലരിൽ ബയോപ്സി ടെസ്റ്റ് വേണ്ടിവന്നേക്കാം.

കരൾ വീക്കത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ?
മുമ്പ് പറഞ്ഞപോലെ മദ്യം കരളിനെ ബാധിച്ചു തുടങ്ങുന്ന അവസരത്തിൽ തന്നെ മദ്യം പൂർണമായും ഉപേക്ഷിച്ചാൽ കരൾവീക്കം എന്ന ഈ മാരകരോഗത്തിൽ നിന്ന് തികച്ചും മുക്തിനേടാം. എന്നാൽ ഒരിക്കൽ കരൾവീക്കം തുടങ്ങിയാൽ പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാണ്. മദ്യം നിറുത്തുന്നതോടെ രോഗത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പതുക്കെയാക്കാൻ സാധിക്കും.

രോഗചികിത്സയിൽ മുഖ്യമായുള്ളത് പോഷകാഹാരക്കുറവ് നികത്തുകയും രോഗസങ്കീർണതകൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിക്കുക എന്നതുമാണ്. ഉദാഹരണമായി, ആമാശയത്തിനുള്ളിലെ രക്തക്കുഴലുകളുടെ വീക്കം എൻഡോസ്കോപ്പി വഴി ചികിത്സിക്കുന്നതിലൂടെ വയറ്റിനുള്ളിലെ രക്തസ്രാവ സാധ്യത ഗണ്യമായി കുറയ്ക്കാനും അതിലൂടെ മരണത്തിൽ നിന്നും രോഗിയെ ഒരു പരിധിവരെ രക്ഷിക്കാനും സാധിക്കും.

എന്നാൽ രോഗം മൂർച്ഛിച്ചാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ. 15 മുതൽ 20 ലക്ഷം വരെ ചെലവുള്ള ഈ ചികിത്സാരീതി കരൾവീക്ക രോഗത്താൽ കഷ്ടപ്പെടുന്ന രോഗിക്കും കുടുംബത്തിനും പലപ്പോഴും അപ്രാപ്യമായിരിക്കും. അതുകൊണ്ടു തന്നെ വിധിക്ക് കീഴടങ്ങുകയേ വഴിയുള്ളൂ. മദ്യം കരളിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. വായിലും അന്നനാളത്തിലും അർബുദ രോഗങ്ങൾ, മാനസിക വിഭ്രാന്തി, അപകട മരണങ്ങൾ, ആത്മഹത്യ, കുടുംബപ്രശ്നങ്ങൾ അക്രമവാസന, സമൂഹത്തിലും കുടുംബത്തിലും ദുഷ്പേര് മുതലായവയ്ക്കും ഈ ശീലം കാരണമാകുന്നു. മദ്യത്തിന്റെ ഈ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ് വരും തലമുറയെങ്കിലും ഈ ദുശ്ശീലത്തിൽ നിന്ന് പിന്മാറട്ടെ