കാൻസറിനെ അടുത്തറിയാം

കാൻസർ എന്ന രോഗത്തെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ബി.സി. 420-ലേയ്ക്ക് പോകണം.അക്കാലത്താണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്, ഞണ്ട് എന്നർത്ഥം വരുന്ന ‘കാർസിനോസ്’, കാർസിനോമ എന്നീ ഗ്രീക്ക് പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്.

ഒരു ട്യൂമറിന്റെ പരിശോധനയിൽ, എല്ലാ വശങ്ങളിലേയ്ക്കും വ്യാപിച്ച് കിടക്കുന്ന ഞരമ്പുകൾ ഞണ്ടിന്റെ കാലുകൾ പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. ഇതാവാം അദ്ദേഹത്തിന് ഞണ്ടിനെ ഈ രോഗവുമായി ബന്ധിപ്പിക്കാൻ പ്രചോദനമായത്. ബി.സി 25-ന് ശേഷമാണ് സെൽസസ് എന്ന വൈദ്യശാസ്ത്രജ്ഞൻ ഞണ്ട് എന്ന ഗ്രീക്ക് പദമായ കാർസിനോസിനെ ലാറ്റിനിലേയ്ക്ക് തർജ്ജമ ചെയ്ത് കാൻസർ എന്ന വാക്കിന് രൂപം നൽകിയത്.

ആദ്യകാലങ്ങളിൽ ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്ന ഒരു വിഷമായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അക്കാലത്ത് കാൻസറിനെപ്പറ്റി നിരവധി തെറ്റി:ധാരണകൾ പടർന്നിരുന്നു. ഇന്നും ജനങ്ങളിൽ ഭീതിയും അതിലുപരി നിരവധി മിഥ്യാധാരണകളും നിലനിൽക്കുന്നതിനാലാകാം കാൻസർ എന്ന രോഗം ഇത്രത്തോളം വളർന്നത്. ഈ രോഗത്തെ കൂടുതലായി അടുത്ത് അറിയുകയും പൂർണ്ണമായ അറിവ് നേടുകയും ചെയ്താൽ മാത്രമേ നമുക്ക് ഈ മഹാവ്യാധിയെ പിടിച്ചുകെട്ടുവാൻ സാധിക്കുകയുള്ളു. പ്രമേഹവും രക്തസമ്മർദ്ദവും പോലെ ഒരിക്കൽ വന്നാൽ എന്നും കൂടെ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയേക്കാൾ ഫലപ്രദമായ രീതികൾ കാൻസർ ചികിത്സയ്ക്ക് ഇന്നുണ്ട്. ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് അത് പൂർണ്ണമായി ഭേദമായവരുടെ എണ്ണവും. കാൻസർ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ അവരാരും തന്നെ ഇക്കാര്യം സമൂഹവുമായി പങ്കുവെയ്ക്കാൻ തയാറാകാറില്ല.

മറ്റ് അസുഖങ്ങളെപ്പോലെതന്നെ നമുക്ക് കാൻസറിനെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗം തുടക്കത്തിൽതന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളും ഭേദമാക്കാൻ കഴിയും എന്നുള്ളതാണ് വസ്തുത. ഇതിനായി നമ്മുടെ ചികിത്സാരംഗത്ത് വന്നിട്ടുള്ള മുന്നേറ്റങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. സർജറി, റേഡിയേഷൻ,കീമോതെറാപ്പി എന്നീ ചികിത്സാരംഗങ്ങളിൽ വൈദ്യശാസ്ത്രം വളരെയധികം മുന്നേറിക്കഴിഞ്ഞു.

കാൻസർ ചികിത്സയിൽ കീമോതെറാപ്പിയുടെ മുന്നേറ്റം അർബ്വുദ കോശങ്ങളെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധങ്ങൾ ഗുളികയായോ കുത്തിവയ്പ്പായോ നൽകുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. ഇന്ന് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചികിത്സാവിഭാഗവും ഈ മരുന്ന് ചികിത്സ തന്നെയാണ്. എന്നാൽ കാൻസർ കോശങ്ങൾക്കൊപ്പം സാധാരണ കോശങ്ങളും നശിക്കുമെന്നതാണ് കീമോതെറാപ്പിയുടെ പാർശ്വഫലം. സാധാരണ കോശങ്ങളുടെ നാശം കുറയ്ക്കുന്നതിനായി കീമോതെറാപ്പി ചികിത്സയിൽ അടുത്ത കാലത്തായി പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

ഇത്തരം കീമോതെറാപ്പി മരുന്നുകൾ കാൻസർ രോഗികളിലേയ്ക്ക് കടന്ന് പാർശ്വഫലങ്ങൾ കുറച്ച് രോഗം ശമിപ്പിക്കുന്നവയാണ്. ഇവയിലൊന്നാണ് നാനോ-ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന കീമോതെറാപ്പി മരുന്നുകൾ. കാൻസർ കോശങ്ങളിൽ എത്തുന്ന മരുന്ന് നാനോ കവചത്തിൽ നിന്നും പുറത്തേയ്ക്ക് വരികയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

ഇമ്മ്യൂണോ തെറാപ്പി
അടുത്ത കാലങ്ങളിലായി പ്രാധാന്യം നേടുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. ഇത്തരത്തിലുള്ള ഒരു വാക്സിൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാൻസറിന് ഉപയോഗിച്ചുവരുന്നുണ്ട്. കാൻസർ ചികിത്സ പരാജയപ്പെടുന്നതിന്റെ ഒരു കാരണം കാൻസറിന്റെ മൂലകോശങ്ങൾ നശിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ്. സാധാരണയായി ഇത്തരം കോശങ്ങൾ മരുന്നുകളോട് പ്രതികരിക്കാത്തവയാണ്. അത് മറികടക്കാനുള്ള ഗവേഷണങ്ങൾ ധാരാളമായി നടന്നുവരികയാണ്.

ടാർഗെറ്റെഡ് തെറാപ്പി
സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുകയുള്ളു. ഇത്തരത്തിൽ ആദ്യമായി പ്രയോഗത്തിൽ വന്നത് ക്രോണിക് മൈലോയിഡ് ലൂക്കേമിയയ്ക്ക് ഉപയോഗിക്കുന്ന ഇമാറ്റിനിബ് എന്ന മരുന്നായിരുന്നു.ശ്വാസകോശാർബുദം, ലിംഫോമ, സ്തനാർബുദം എന്നിവയുടെ ചികിത്സയിൽ ടാർഗെറ്റെഡ് തെറാപ്പി കാര്യമായ ഫലം നൽകുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡീസ് വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ കണ്ടുപിടിത്തമാണ് ഈ ചികിത്സയിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട നേട്ടം. ഈ ആന്റിബോഡികൾ കാൻസർ കോശങ്ങളിൽ ഒട്ടിപ്പിടിക്കുകയും ശരീരത്തിലെതന്നെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് അവയെ കൂട്ടുപിടിക്കുന്നതിനും നശിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തക്കുഴലുകൾ പുതുതായി ഉണ്ടാകുന്നത് തടയുന്നതുമൂലം ട്യൂമറിന്റെ തുടർന്നുള്ള വളർച്ച തടയുകയോ ട്യൂമർ നശിക്കുന്നതിനു തന്നെ കാരണമാകുകയോ ചെയ്യുന്നു. ഇത്തരം മരുന്നുകൾ രക്താർബുദത്തിനും സ്തനാർബുദ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്.

ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം

© Copyright 2016 Manoramaonline. All rights reserved.