കാൻസർ ശസ്ത്രക്രിയ

കാൻസർ ചികിത്സയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശസ്ത്രക്രിയ. കാൻസർ ശസ്ത്രക്രിയ വളരെയധികം പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ. കാൻസർ ശസ്ത്രക്രിയ എന്നു കേൾക്കുമ്പോൾ, കാൻസർ ബാധിച്ച അവയവം മുഴുവൻ നീക്കം ചെയ്യലാണെന്നും, അതിലൂടെ രോഗി വിരൂപനാക്കപ്പെടുമെന്നുമാണ് പലരുടെയും മനസിൽ തോന്നുന്ന കാര്യം. പക്ഷേ ഇപ്പോൾ കൂടുതലായും ഓർഗൻ കൺസർവേഷൻ അഥവാ അവയവം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണ് ചെയ്തുവരുന്നത്. ഉദാഹരണത്തിന് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന സ്തനാർബുദം പണ്ട് കാലത്ത് മാസെക്ടമി(സ്തനം മുഴുവനായി നീക്കം ചെയ്യുന്നത്) യിലൂടെയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ ഇന്ന് സ്തനങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയകൾ കൂടുതൽ പ്രചാരത്തിലായി. മാസ്റ്റെക്ടമിയുമായി താരതമ്യം ചെയ്യുമ്പോൾ രോഗം വീണ്ടും വരുവാനുള്ള സാധ്യത ഒട്ടും കൂടുതലല്ലായെന്നുള്ളതിന് പഠനങ്ങളുടെ പിൻബലമുണ്ട്. സ്തനാർബുദം ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ് ലിംഫെഡിമ(കൈയ്യിലെ നീര്) പണ്ടത്തെ ശസ്ത്രക്രിയ രീതിയിൽ രോഗികൾക്ക് കൈകളിൽ ഭയാനകമായ രീതിയിൽ നീര് വന്ന് വിങ്ങുമായിരുന്നു ഇതിന്റെ കാരണം കക്ഷത്തിലെ കഴലകൾ (ലിംഫെഡിമ) നീക്കം ചെയ്യുന്നതായിരുന്നു. എന്നാൽ ശസ്ത്രക്രിയ ടെക്നിക് പുരോഗമിച്ചതിന്റെ ഫലമായി ലിംഫെഡിമ വരാതെ തന്നെ കക്ഷത്തിലെ കഴലകൾ നീക്കം ചെയ്യുവാൻ സാധിക്കും. കഴിഞ്ഞ കുറേ വർഷത്തെ എന്റെ അനുഭവത്തിൽ, ബ്രസ്റ്റ് കൺസർവേഷൻ ശസ്ത്രക്രിയ ചെയ്തവരിലും മാസ്റ്റെക്ടമി ചെയ്തവരിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ലിംഫെഡിമ വന്നിട്ടുള്ളു. അവർക്കു തന്നെ മറ്റ് പല കാരണങ്ങളിലാണ് അത് ഉണ്ടായത്.

ഓർഗൻ കൺസർവേഷൻ ശസ്ത്രക്രിയയുടെ നേരെ വിപരീതമായ മറ്റൊരു പുരോഗതി കാൻസർ ശസ്ത്രക്രിയയിൽ വന്നിട്ടുണ്ട്. അത് ചില അവയവങ്ങളിൽ വരുന്ന കാൻസർ മുഴുവനായി നീക്കം ചെയ്യാനാവില്ലെന്നും, അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അനവധി സങ്കീർണ്ണത ഉണ്ടാകുമെന്നും, രോഗിയുടെ ജീവനു തന്നെ അപകടമാകുമെന്നും മുമ്പ് വിചാരിച്ചിരുന്നു. എന്നാൽ ശരീരഘടന കൂടുതൽ കൂടുതൽ മനസിലാക്കപ്പെടുകയും അതിനനുസൃതമായി സർജറി ടെക്നിക്കുകൾ പുരോഗമിക്കുകയും ചെയ്തതോടുകൂടി മുകളിൽ പറഞ്ഞത് വെറും മിഥ്യാധാരണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തൈറോയിഡ് സർജറി. രോഗം ബാധിച്ച് തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കം ചെയ്യാൻ ശ്രമിച്ചാൽ പാരാതൈറോയിഡ് ഗ്രന്ഥികൾക്കും സ്വനപേടകത്തെ നിയന്ത്രിക്കുന്ന ഞരമ്പിനും ക്ഷതമുണ്ടാകുമെന്നും അതുകൊണ്ട് ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ ശ്രമിക്കരുതെന്നുമാണ് മുൻപ് പഠിച്ചിരുന്നത്. ഈ ധാരണ തെറ്റാണെന്നും യാതൊരു സങ്കീർണ്ണതയും ഇല്ലാതെ ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ സാധിക്കുമെന്നും ഉള്ളത് ഒരു യാഥാർഥ്യമാണ്. ഇതിനകം 700-ൽ അധികം ടോട്ടൽ തൈറോടെക്ടമി കഴിഞ്ഞ കുറേ വർഷത്തിനിടയ്ക്ക് ഞാൻ ചെയ്തിട്ടുണ്ട്. ഒരാൾക്ക് പോലും ഹൈപ്പോപാരാ തൈറോയിഡിസമോ ഞരമ്പുകൾക്ക് തകരാറോ ഉണ്ടായിട്ടില്ല.

മറ്റൊരു പ്രധാനപ്പെട്ട ചോദ്യം കാൻസർ ചികിത്സ ആരു ചെയ്യുമെന്നുള്ളതാണ്. സാധാരണ സർജൻസ് ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട ഫലപ്രാപ്തിയും ജീവിതദൈർഘ്യവും ലഭിക്കുന്നത് കാൻസർ സർജനോ, കാൻസർ സർജറിയിൽ പരിശീലനം ലഭിച്ചോ ആളോ ചെയ്യുമ്പോഴാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യമാണ്. ആധുനിക കാൻ‍സർ ശസ്ത്രക്രിയ വിഭാഗങ്ങളിൽ തലയിലും കഴുത്തിലും ശ്വാസകോശത്തിലും സ്തനങ്ങളിലും ബാധിക്കുന്ന അർബുദത്തിനും തലച്ചോറിലെ ട്യൂമറിനും ശസ്ത്രക്രിയകൾ പതിവായി ചെയ്യുന്നുണ്ട്.

ഡോ അക്വിബ് ഷേയ്ക്
കൺസൽട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ

© Copyright 2016 Manoramaonline. All rights reserved.