അർബുദം വേദനയും മിഥ്യകളും ചില യാഥാർഥ്യങ്ങളും

കാൻസർ ചികിത്സയിലെ സാന്ത്വന പരിചരണത്തിന്റെ വ്യാപ്തി ഇന്ന് വളരെ വലുതാണ്. മരണശയ്യയിലാകുന്ന രോഗിക്ക് മാത്രമല്ല ഇന്ന് സാന്ത്വന ചികിത്സയുടെ പ്രയോജനം ലഭിക്കുന്നത്. രോഗം കാൻസറാണെന്ന് തിരിച്ചറിയുന്ന സമയം മുതൽ സാന്ത്വന പരിചരണത്തിന്റെ കൈത്താങ്ങ് രോഗിക്ക് ലഭിക്കുന്നു. രോഗം കണ്ടെത്തി ആദ്യ നാളുകളിൽ ഏറ്റവും കൂടുതൽ മാനസിക പിന്തുണ ആവശ്യമായി വരുന്നത്. കാൻസർ ചികിത്സയ്ക്കിടയിൽ ഉണ്ടാകുന്ന വേദന നിയന്ത്രിക്കുന്നതിനും പാർശ്വ ഫലങ്ങൾ തടയുന്നതിനും സാന്ത്വന ചികിത്സ അത്യാവശ്യമാണ്. കാൻസർ ബാധിച്ചതിനുശേഷവും എല്ലാ മനുഷ്യരെയും പോലെ ക്രിയാത്മകവും അർഥവത്തായതുമായ ഒരു ജീവിതം നയിക്കുവാൻ സാന്ത്വന ചികിത്സ രോഗിയെ സഹായിക്കുന്നു. സാന്ത്വന ചികിത്സയെയും വേദന നിയന്ത്രിക്കുന്ന പല മരുന്നുകളെയും പറ്റിയുള്ള അജ്ഞത ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അവയെപ്പറ്റിയുള്ള യാഥാർഥ്യത്തിലേക്ക്.

മിഥ്യ 1 : വേദന അനിവാര്യമാണ്. അത് ഒഴിവാക്കാൻ സാധ്യമല്ല. നമുക്ക് ഒന്നു നോക്കാം.
യാഥാർഥ്യം: ഏതു രോഗാവസ്ഥയിലാണെങ്കിലും രോഗി വേദന അനുഭവിച്ചേ മതിയാകൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. രോഗി വേദന അനുഭവിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഒഴിവാക്കാനും സ്വസ്ഥത നൽകാനും സാധിക്കുന്ന ഒരുപാടു കാര്യങ്ങൾ ചെയ്യുവാനും സാധിക്കും. ഏത് രോഗാവസ്ഥയിലാണെങ്കിൽപ്പോലും വേദന നിയന്ത്രിക്കുവാനുള്ള മരുന്ന് ഉപയോഗിച്ചും അല്ലാതെയുള്ള സൗകര്യങ്ങൾ സാന്ത്വന ചികിത്സ വഴി ഇന്ന് ലഭ്യമാണ്.

മിഥ്യ 2 : വേദനയെ ഗൗനിക്കണ്ട. അത് തനിയെ പൊയ്ക്കോളും.
യാഥാർഥ്യം: ശരീരത്തിലുള്ള മുറിവുകളുടെയോ ദോഷകരമായ മാറ്റങ്ങളുടെയോ പരിണിത ഫലമാണ് വേദന. വേദനയ്ക്ക് കാരണമാകുന്ന ശരീരഭാഗത്ത് ഞരമ്പുകൾക്കിടയിലെ നാഡിയെയും ശരീരഭാഗങ്ങളെയും ഉദ്ദീപിക്കുകയും അങ്ങനെ വേദന അനുഭവപ്പെടുവാൻ ആരംഭിക്കുന്നു. ഈ വേദന നീണ്ടു നിന്നാൽ അത് ഉറങ്ങിക്കിടക്കുന്ന അടുത്ത ഞരമ്പുകളെക്കൂടി തട്ടിയുണർത്തി അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇങ്ങനെ വേദന മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അനുവദിച്ചാൽ വേദനയുടെ കാഠിന്യവും വ്യാപ്തിയും വർധിക്കാനിട വരുത്തുന്നു. ദീർഘകാലം വേദന നിയന്ത്രിക്കാതെ കഴിയുന്ന സ്വതവേ നിശബ്ദരും കിടക്കകളിൽചുരുണ്ടു കിടക്കുന്നവരുമായി മാറുന്നു. ഇവർ വേദനയുമായി പൊരുത്തപ്പെട്ടു എന്ന് തോന്നിയേക്കാമെങ്കിലും സത്യം അതല്ല. ഒന്ന് കരയാനോ ഒച്ചവയ്ക്കാനോ ആകാത്തവിധം അവരുടെ കരുത്ത് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

മിഥ്യ 3 : വേദന സംഹാരിയെക്കാൾ നല്ലത് വേദന സഹിക്കുന്നതാണ്.
യാഥാർഥ്യം: വേദനയുണ്ടാകുമ്പോൾ കൂടുതൽ സ്ട്രെസ് അനുഭവപ്പെടുകയും കൂടുതൽ സ്ട്രെസ് ഹോർമോണുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് ഭീഷണിയാവുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വഴിവെയ്ക്കുകയും ചെയ്യുന്നു. വേദന അനുഭവിക്കുന്നവർ സാധാരണ നിഷ്ക്രിയരും., ചുരുണ്ടുകൂടി ഇരിക്കുന്നവരോ, കിടക്കുന്നവരോ ആയി മാറുന്നു. ഇത് പേശികളെയും എല്ലുകളെയും തളർത്തുകയും ചെയ്യുന്നു. യഥാർഥത്തിൽ കിടന്ന കിടപ്പിലാകുന്ന മിക്ക രോഗികൾക്കും കാരണമാകുന്ന മതിയായ സാന്ത്വന പിരിചരണത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലമാണ്.

മിഥ്യ 4: വേദന സംഹാരികൾ അപകടകാരികൾ ആണ്. അതുകൊണ്ട് അവ ഒഴിവാക്കേണ്ടതാണ്
യാഥാർഥ്യം: ശരീരത്തിലെ രക്തസമ്മർദ്ദമോ ഷുഗറിന്റെ അളവോ നിയന്ത്രിക്കുന്ന ഗുളികകളെ നാം ഒരിക്കലും സംഹാരികൾ എന്നു വിളിക്കാറില്ല. എന്നാൽ വേദന നിയന്ത്രിക്കുന്ന മരുന്നുകളെ നാം പെയ്ൻ കില്ലേഴ്സ് എന്നു വിശേഷിപ്പിക്കുന്നു. ഇത് സാന്ത്വന ചികിത്സയോടും മരുന്നുകളോടുമുള്ള നമ്മുടെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു മരുന്നും ഒരു രോഗമില്ലാതെയോ അല്ലെങ്കിൽ ഡോക്ടറുടെ നിർ‌ദേശപ്രകാരമല്ലാതെയോ കഴിക്കുവാൻ പാടുള്ളതല്ല. എന്നാൽ ഏതെങ്കിലും ആരോഗ്യ പ്രശ്നത്തിന് മരുന്ന് കഴിക്കാതിരിക്കുന്നതും ശരീരത്തിന് ഹാനികരമാണ്. രോഗിയുടെ വേദന നിയന്ത്രിക്കാതിരിക്കുന്നത് രോഗിയുടെ ശരീരത്തിനും മനസിനും ദോഷകരമാണ് എന്ന യാഥാർഥ്യം നാം മനസിലാക്കുന്നു. സന്തോഷകരമായ അർഥമുള്ള ക്രിയാത്മകമായ ഒരു ജീവിതത്തിന് സാന്ത്വന ചികിത്സയും വേദനയ്ക്കുള്ള മരുന്നുകളും സഹായകമാകും. ചികിത്സയുടെ ഭാഗമായി മരുന്നുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ നിർബന്ധമായും പെയ്ൻ പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളുടെ നിർദ്ദേശം അനുസരിക്കേണ്ടതാണ്.

മിഥ്യ 5 : വേദന അസഹീനമാകുമ്പോൾ മാത്രമേ മരുന്നുകൾ കഴിക്കേണ്ട ആവശ്യമുള്ളു
യാഥാർഥ്യം: വേദനയെ ഗൗനിക്കാതിരിക്കുമ്പോൾ ഉറപ്പായും അത് കുറെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. രക്തസമ്മർദ്ദവും ഷുഗറും നിയന്ത്രിക്കുന്നതുപോലെ തന്നെ വേദനയ്ക്കുള്ള ചികിത്സ മുഴുവൻ സമയവും ലഭിക്കേണ്ടതാണ്

മിഥ്യ 6: മരിക്കുന്ന രോഗികൾക്ക് നൽകുന്നതാണ് മോർഫിൻ, അത് രോഗികളെ തളർത്തിക്കിടത്തുകയും അടിമകളാക്കുകയും ചെയ്യുന്നത് അപകടകാരിയായ മരുന്നാണ്.
യാഥാർഥ്യം: ലോകത്തെ എല്ലാ ഭാഗത്തും വേദനയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന മോർഫിൻ മരുന്നുകളെ ശേഷി നിർണ്ണയിക്കുന്ന അടിസ്ഥാന മാനദണ്ഡമാണ്. മോർഫിൻ രോഗികളെ വേദനയിൽ നിന്് ആശ്വാസം നൽകുന്നതിന് ഏതവസ്ഥയിലുള്ള രോഗത്തിനാണെങ്കിലും സഹായിക്കുന്നു. മോർഫിൻ ഒരു ഒറ്റമൂലിയല്ല. വേദന നിയന്ത്രിക്കുന്നതിന് മോർഫിൻ ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റ് വേദനയ്ക്കുള്ള മരുന്നുകളുടെ കൂടെയോ ഉപയോഗിക്കുന്നു. വേദന നിയന്ത്രിക്കുവാൻ‌ മോർഫിൻ മതിയായ അളവിൽ നൽകുന്നത് ഒരിക്കലും സഡേഷനു കാരണമാകില്ല. മോർഫിൻ ഉപയോഗിക്കുന്ന രോഗികൾക്ക് രോഗം ഭേദമാകുന്നതനുസരിച്ച് സാവധാനം അതിന്റെ ഉപയോഗം നിർത്താവുന്നതാണ്. എന്നാൽ ചികിത്സിച്ചു ഭേദമാകാനാകാത്ത അസുഖങ്ങൾക്ക് വേദനയിൽ നിന്ന് രോഗിക്ക് ആശ്വാസം നൽകുന്നതിന് മോർഫിൻ ഉപയോഗം തുടരാവുന്നതാണ്.

ഡോ. ബിജു രാഘവൻ
കൺസൽട്ടന്റ്-പെയ്ൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ
കിംസ് കാൻസർ സെന്റർ

© Copyright 2016 Manoramaonline. All rights reserved.