കാൻസറും റേഡിയേഷൻ ചികിത്സയും

അർബുദ കോശങ്ങളെ എക്സ്-റേ, ഗാമാ-റേ മുതലായ രശ്മികൾ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സയാണു റേഡിയേഷൻ ചികിത്സ. ഈ ചികിത്സ ഓപ്പറേഷനു മുൻപോ, പിൻപോ തനിച്ചോ നൽകി വരുന്നു. രോഗം കാൻസറാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതോടെ മരണം ഉറപ്പായി എന്ന് കരുതുന്നവർ നമ്മുടെ നാട്ടിൽ ഇപ്പോഴും കുറവല്ല. ഈ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത തന്നെയാണ് ഇതിന് കാരണം. കാൻസർ രോഗത്തിന് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നവയാണ് ഭൂരിഭാഗം കാൻസർ രോഗങ്ങളും.

ചികിത്സ മൂന്ന് വിധം
കാൻസർ ചികിത്സ പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി എന്നിവയാണവ. കാൻസർ ബാധിച്ച കോശങ്ങളെ മുറിച്ചുമാറ്റിക്കൊണ്ടുള്ള ചികിത്സയാണ് ശസ്ത്രക്രിയ. അയണീകരിക്കപ്പെട്ട രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് റേഡിയേഷൻ ചികിത്സ അഥവാ റേഡിയോതെറാപ്പി. ഈ ചികിത്സകൾ ഒറ്റയ്ക്കോ ചിലപ്പോൾ സംയോജിപ്പിച്ചോ വേണ്ടി വന്നേക്കാം. കാൻസർ രോഗത്തിന്റെ സ്വഭാവവും വ്യാപ്തിയും കോശങ്ങളുടെ പ്രത്യേകതയും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ഏത് തരത്തിലുള്ള ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക അവയവത്തിൽ ഒതുങ്ങി നിൽക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കാണ് റേഡിയേഷനും ശസ്ത്രക്രിയയും പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പല അവയവങ്ങളിലും ബാധിച്ചതോ, കീമോതെറാപ്പിയുടെ കൂടെയോ, ശസ്ത്രക്രിയയ്ക്ക് മുമ്പോ പിന്നോ നൽകാറുണ്ട്. കാൻസർ ബാധിച്ച ഭാഗം, കാൻസർ കോശങ്ങളുടെ സ്വഭാവവും വ്യാപ്തിയും, രോഗിയുടെ ആരോഗ്യനില എന്നിവ കണക്കിലെടുത്താണ് റേഡിയേഷന്റെ അളവും ചികിത്സാ കാലയളവും നിശ്ചയിക്കുന്നത്.

ഈ ചികിത്സ നൽകുമ്പോൾ ചികിത്സ നൽകുന്ന മുറിയിൽ രോഗി തനിച്ചായിരിക്കും എന്നാൽ പുറത്തുനിന്ന് രോഗിയെ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങളുണ്ട്. ഈ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങുന്ന രോഗിയുടെ ശരീരത്തിൽ നിന്നും റേഡിയേഷൻ പ്രസരിക്കുകയില്ല. അവർക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് തടസമില്ല. ഓരോ ദിവസവും ഈ ചികിത്സയ്ക്കായി 2-5 മിനിറ്റുകൾ മാത്രമേ വേണ്ടി വരികയുള്ളൂ. ഇപ്രകാരം ദിവസവുമുള്ള ചികിത്സ (ആഴ്ചയിൽ ശനി , ഞായർ ഒഴികെ) മൂന്ന് മുതൽ ആറാഴ്ച വരെ നീണ്ടു നിൽക്കും.

സാധാരണ കോശങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്ന അർബുദ കോശങ്ങളിൽ അയണീകരിക്കപ്പെട്ട രശ്മികൾ പതിപ്പിക്കുമ്പോൾ കൂടുതൽ‍ നാശം സംഭവിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഡിയേഷൻ കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

റേഡിയേഷൻ ആധുനിക രീതികൾ
റേഡിയേഷൻ ചികിത്സയെ ടെലിതെറാപ്പി, ബ്രാക്കി തെറാപ്പി, ഇന്റേണൽ തെറാപ്പി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരത്തിൽ നിന്നും കുറച്ച് അകലെ വച്ചിരിക്കുന്ന റേഡിയോ ആക്ടീവ് രശ്മികൾ പുറപ്പെടുവിക്കുന്ന മെഷീൻ ഉപയോഗിച്ചുള്ള ചികിത്സയെ ടെലിതെറാപ്പി എന്ന് പറയുന്നു. ടെലി കൊബാൾട്ട് മെഷീനും ലീനിയർ ആക്സിലറേറ്ററും ഇതിനായി ഉപയോഗിക്കുന്നു. റേഡിയേഷൻ സ്രോതസ് കാൻസർ ബാധിച്ചിട്ടുള്ള അവയവത്തിനുള്ളിൽ കടത്തിവച്ചോ, ചേർത്തുവച്ചോ ഉള്ള ചികിത്സയെ ബ്രാക്കി തെറാപ്പി എന്ന് പറയുന്നു. ഗർഭാശയഗള കാൻസർ, കവിൾ, നാക്ക്, ചുണ്ട് എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഇത്തരം ചികിത്സ നൽകിവരുന്നു.

റേഡിയേഷൻ പ്രസരിപ്പിക്കുന്ന മരുന്നുകൾ ശരീരത്തിലേയ്ക്ക് കട‌ത്തിവിട്ടുകൊണ്ടുള്ള ചികിത്സയെ ഇന്റേണൽ തെറാപ്പി അഥവാ ന്യൂക്ലിയർ മെഡിസിൻ തെറാപ്പി എന്നു പറയുന്നു. തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസറിന് നൽകുന്ന റേഡിയോ-അയഡിൻ ചികിത്സ ഇതിന് ഉദാഹരണമാണ്. 1950 വരെ കിലോ വോൾട്ടേജ് എക്സ്-റേ മെഷീൻ ഉപയോഗിച്ചുള്ള ചികിത്സ പ്രചാരത്തിൽ ഉണ്ടായിരുന്നു. ശക്തി കുറഞ്ഞ ഇത്തരം റേഡിയേഷന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് അത് ഫലപ്രദമായിരുന്നില്ല.

എന്നാൽ അറുപതുകളിലും എഴുപതുകളിലും റേഡിയേഷൻ ഉൽപാദിപ്പിക്കുന്ന കോബോൾട്ട് മെഷിൻ സാർവത്രികമായി എന്നാൽ ആധുനിക കാലഘട്ടത്തിൽ എത്തിയ ലീനിയർ ആക്സിലേറ്ററുകൾ റേഡിയേഷൻ ചികിത്സയിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് വഴി വെച്ചു. ലീനിയർ ആക്സിലറേറ്റുകൾ ചികിത്സയുടെ ഫലമായുള്ള പാർശ്വഫലങ്ങൾ കുറയ്ക്കുവാനും സഹായിച്ചു. പിന്നീട് അൾട്രാ സൗണ്ട് സ്കാൻ, സി ടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ, ന്യൂക്ലിയർ സ്കാൻ എന്നീ നൂതന സ്കാനറുകൾ ഉപയോഗിച്ച് കാൻസർ ബാധിച്ച കോശങ്ങളുടെ വ്യാപ്തി കൃത്യമായി മനസിലാക്കുവാനായി. ഇത് റേഡിയേഷൻ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു.

ത്രിമാന കൺഫോർമൽ റേഡിയേഷൻ തെറാപ്പി( 3D-CRT) ഇന്റിൻസ്റ്റിക് മോഡുലേറ്റഡ് റേഡിയേഷൻ തെറാപ്പി (IMRT), ഇമേജ് ഗൈഡഡ് റേഡിയേഷൻ െതറാപ്പി (IGRT), റെസ് പിറേറ്ററി ഗേറ്റിങ് എന്നീ ചികിത്സകൾ ലീനിയർ ആക്സിലേറ്ററുകൾ വഴി രോഗികൾക്ക് ലഭിക്കുന്നു.

ഡോ. ടി കെ പദ്മനാഭൻ എം. ഡി
സീനിയർ കൺസൾട്ടന്റ്,
റേഡിയേഷൻ ഓങ്കോളജി
കിംസ് കാൻസർ സെന്റർ

 

© Copyright 2016 Manoramaonline. All rights reserved.