ചെറുക്കാം നമുക്കൊരുമിച്ച് അർബുദത്തെ

അർബുദമെന്ന വിപത്തിന്റെ നിഴലിലാണ് ഇപ്പോഴും നാം വസിക്കുന്ന ലോകം. ശാസ്ത്ര സാങ്കേതിക തലത്തിൽ കൈവരിച്ച നേട്ടങ്ങളിലൂടെ നാം നേടിയെടുത്ത ചികിത്സാ രീതികളും രോഗപ്രതിരോധ മാർഗ്ഗങ്ങളുമായി അർബുദത്തിനെതിരായ പോരാട്ടങ്ങൾ മുന്നേറിക്കഴിഞ്ഞു

ലോകത്ത് അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ മുപ്പത് ശതമാനം കാൻസർ രോഗങ്ങളും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും അപകടകരമായ ഘടകങ്ങൾ ഒഴിവാക്കിയും തടയുവാൻ സാധിക്കും. രോഗം തുടക്കത്തിലേ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിൽ ഒന്ന് കാൻസർ രോഗങ്ങളും ഭേദമാക്കുവാൻ കഴിയും എന്നതാണ് വസ്തുത.

ജീവിതത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തച്ചുടയ്ക്കുന്ന ഒരു രോഗം. ആധുനിക മനുഷ്യന്റെ ഈ രോഗപ്പേടിയെ ഗവേഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികളിലൂടെയും മറികടക്കുവാൻ ശ്രമിക്കുകയാണ് വൈദ്യശാസ്ത്ര ലോകം. അർബുദത്തെ കീഴടക്കാം. അർബുദത്തിനു വേണ്ട ചികിത്സകളെ ആത്മവിശ്വാസത്തോടെ സമീപിക്കാം. കാൻസർ ചികിത്സയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായെന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. കാൻസർ ബാധിച്ച ശരീര ഭാഗത്തിനോ അവയവത്തിനോ കോട്ടം തട്ടാതെയുള്ള ശസ്ത്രക്രിയകളാണ് ഇതിൽ ഏറ്റവും പ്രധാനം. സ്തനാർബുദം ബാധിച്ചവർക്ക് സ്തനം നീക്കം ചെയ്യാതെ അവ നിലനിർത്തിക്കൊണ്ടുതന്നെ മികച്ച ചികിത്സ ലഭിക്കുന്നു. ചികിത്സയുടെ ഭാഗമായി ശരീരത്തിൽ വലിയ പാടുകൾ ഇല്ലാതെ തന്നെ ശസ്ത്രക്രിയകൾ നടത്താം. വായിലെ കാൻസർ ചികിത്സയ്ക്കുവേണ്ടി നാക്ക് മുറിക്കേണ്ടിവരുന്ന സാഹചര്യവും നിലവിലില്ല.

ജീവിത നിലവാരം ഉയർത്തിക്കൊണ്ടുള്ളതാണ് മറ്റൊരു രീതി. രോഗിയുടെ ശാരീരിക, മാനസിക, ആത്മീയ തലങ്ങളെക്കൂടി ഉൾപ്പെടുത്തുന്ന ചികിത്സ ഇതിന്റെ ഭാഗമാണ്. ഇവയൊക്കെ രോഗം വന്നതിനുശേഷമുള്ള ചികിത്സാരീതികളാണ്. എന്നാൽ രോഗബാധയ്ക്ക് മുൻപുതന്നെ ഒരാൾക്ക് രോഗത്തിനുള്ള സാധ്യത സ്ഥരീകരിക്കാം. സ്ക്രീനിങ് (മുൻകൂർ പരിശോധന) ആണ് ഇതിനുള്ള ഫലപ്രദ മാർഗം, ചില അർബുദങ്ങൾ സ്ക്രീനിങ്ങിലൂടെ കണ്ടെത്തി തടയാം. അർബുദബാധയുള്ളവരുടെ കുടുംബാംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതും പാരമ്പര്യമായി അർബുദ രോഗം വരുന്നത് തടയും.

ഇനി ബാഹ്യലക്ഷണങ്ങളിലൂടെയും രോഗസാധ്യത സ്ഥിരീകരിക്കാം. ചിലപ്പോൾ കൃത്യസമയത്തെടുക്കുന്ന കുത്തിവയ്പ്പു പോലും നിങ്ങളെ അർബുദബാധയിൽ നിന്ന് രക്ഷിക്കാം. ഹെപ്പറ്റൈറ്റിസ് ബി, സി കുത്തിവയ്പ് കരളിനെ ബാധിക്കുന്ന കാൻസറിൽ നിന്ന് രക്ഷിക്കും. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും നിലവിൽ കുത്തിവയ്പ്പുണ്ട്. 12 വയസിനുശേഷം ഈ കുത്തിവയ്പ്പെടുക്കാം. മാമോഗ്രാം വൻകുടൽ അർബുദങ്ങൾ നേരത്തെ തിരിച്ചറിയാനും ഗർഭാശയ മുഖത്തിലെ കാൻസറിന്റെ കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനും ആധുനിക വൈദ്യശാസ്ത്രം നൽകിയ സംഭാവനകൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഇത്തരം ചികിത്സകൾക്ക് വലിയ ചെലവുമില്ല

അർബുദവും കാരണങ്ങളും
രാജ്യത്ത് ഓരോ വർഷവും പത്ത് ലക്ഷം പേരാണ് അർബുദബാധിതരാകുന്നത്. 2020ഓടുകൂടി കാൻസർ ബാധിതരുടെ എണ്ണത്തിൽ 15ശതമാനം വർധനവ് ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആധുനിക ജീവിത ശൈലികൾക്കും, ഭക്ഷണ രീതി, പുകവലി മറ്റി ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ പലതരത്തിലുള്ള അർബുദങ്ങൾക്ക് വഴി തെളിക്കുന്നു.40 കാൻസറുകൾക്കും കാരണമാകുന്നത് പുകയിലയുടെയും ലഹരി പദാർഥങ്ങളുടെയും ഉപയോഗമാണ്. തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസർ, അന്നനാളത്തിൽ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. വൃത്തി ഹീനമായ ജീവിത സാഹചര്യം ഗർഭാശയഗള കാൻസറിന് കാരണമാകുന്നു. ശുചിത്വം നിലനിർത്താൻ ശ്രമിക്കുന്ന ജീവിത ശൈലിയായതുകൊണ്ട് ഗർഭാശയ കാൻസർ കേരളത്തിൽ നാലിൽ ഒന്നായി കുറഞ്ഞു. മദ്യപാനവും, അണുബാധയ്ക്കും, വൈറൽ ഹെപ്പറ്റൈറ്റീസുമാണ് കരളിനെ ബാധിക്കുന്ന കാൻസറിനുള്ള പ്രധാന കാരണങ്ങൾ. സ്തനാർബുദം, കൊളോൺ കാൻസർ, യൂട്ടെറൈൻ കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം ജീവിത ശൈലിയിലെ പ്രശ്നമാണ്. ലക്ഷത്തിൽ 35 സ്ത്രീകൾക്ക് ഓരോ വർഷവും കേരളത്തിൽ സ്തനാർബുദം പിടിപെടുന്നു എന്നുള്ളതാണ് വസ്തുത.

അർബുദത്തെ പ്രതിരോധിക്കാം
കാൻസർ തടയുന്നതിനുള്ള പ്രധാനമായ രണ്ട് വഴികൾ വരാതെ പ്രതിരോധിക്കുകയും പരിശോധനകളിലൂടെ രോഗം മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുകയുമാണ് വേണ്ടത്. കാൻസറിന് ജീവിതശൈലിയുമായി ബന്ധമില്ല എന്ന ധാരണ മാറിയതോടെ രോഗപ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം കൈവന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി വഴി കാൻസറിനെ പ്രതിരോധിക്കാം ഫലപ്രദമായ രോഗപ്രതിരോധ ജീവിത ശൈലിയിലൂടെ മൂന്നിലൊരു കാൻസറിനെയും ഒഴിവാക്കാനാകുമെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വായ, ശ്വാസകോശം, സ്തനം എന്നിവയിലെ കാൻസറുകൾ ദുശ്ശീലങ്ങൾ ഒഴിവാക്കിയും ജീവിത ശൈലി പരിഷ്കരിക്കുകയും ചെയ്താൽ വലിയൊരു പരിധിവരെ അകറ്റി നിർത്താനാകും. രോഗം പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്തുകയാണ് രണ്ടാമത്തെ വഴി. ശരിയായ സമയത്തെ രോഗ നിർണയത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും തിരിച്ചു പിടിക്കുന്നത് പലപ്പോഴും ജീവിതം തന്നെയായിരിക്കും. എത്രയും നേരത്തെ രോഗ നിർണയം നടത്തുക എന്നതിന് ചികിത്സാ വിജയത്തിൽ പ്രാധാന്യമേറെയാണ്. രോഗം താരതമ്യേന എളുപ്പത്തിൽ ഭേദമാക്കാം എന്നതിനു പുറമേ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തുന്നത് സഹായിക്കും. സ്തനാർബുദം, ഗർഭാശയഗള കാൻസർ, ത്വക്കിലെ കാൻസർ, വായിലെ കാൻസർ, വൻകുടലിലെ കാൻസർ, കുട്ടികളിലെ ചിലതരം കാൻസറുകൾ എന്നിവ ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താനാകും.

തവിടുള്ള ഭക്ഷണം ശീലമാക്കുക
മാംസാഹാരം കുറയ്ക്കുക
ബീറ്റ്റൂട്ട്, കാരറ്റ്, ചക്ക, ബ്രോക്കോളി, തക്കാളി, പയർ വർഗങ്ങൾ തുടങ്ങിയവയോടൊപ്പം ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ ധാരാളം ഉപയോഗിക്കുക.
പച്ചക്കറികൾ അധികം വേവിക്കാതെ കഴിക്കുന്നതും അത്യുത്തമം
∙ കേരളത്തിന്റെ തനതു മസാലക്കൂട്ടുകൾ(മഞ്ഞൾ, ഇഞ്ചി, ജീരകം, കുരുമുളക്) ഉപയോഗിക്കുക. ധാരാളം നാരുകളടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക.

സാധാരണയായി കാണുന്ന വിവിധതരം അർബുദങ്ങൾ
∙ സ്തനാർബുദം
∙ ഗർഭാശയമുഖ അർബുദം(സെർവിക് കാൻസർ)
∙ ആമാശയ അർബുദം
∙ ഹെഡ് & നെക്ക് കാൻസർ(പുകവലി, ലഹരി പദാർഥം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്നത്, പ്രധാനമായും പുരുഷന്മാരിൽ കാണുന്നവ) പുരുഷന്മാരിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്
∙ ഓറൽ കാവിറ്റി കാൻസർ
∙ തൈറോയിഡിനെ ബാധിക്കുന്ന കാൻസർ
∙ രക്താർബുദം

ഡോ. ജയപ്രകാശ് മാധവൻ
സീനിയർ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ

© Copyright 2016 Manoramaonline. All rights reserved.