സസ്യാഹാരികളും അർബുദവും

സസ്യാഹാരികൾക്ക് പൊതുവെ അർബുദം കുറവായാണ് കാണപ്പെടുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും അർബുദ സാധ്യത വളരെ കുറയ്ക്കുന്നു. നമ്മുടെ നാട്ടിൽ കാണുന്ന പേരയ്ക്കയും തണ്ണിമത്തനും മുന്തിരങ്ങയും ഓറഞ്ചും സവാളയുമൊക്കെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് അർബുദ സാധ്യത കുറയ്ക്കും. പഴവർഗ്ഗങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സി ഇ, ബീറ്റാ കരോട്ടിൻ മുതലായവ കാൻസർ പ്രതിരോധ പോഷകങ്ങളാണ്.

ഉയർന്ന തോതിലുള്ള അവശിഷ്ടമുണ്ടാക്കുന്ന ഭക്ഷണമാണ് (ഹൈ റെസിഡ്യൂ) ഭക്ഷണമാണ് ഉത്തമം. ഭക്ഷ്യനാരുകൾ (ഫൈബർ) ധാരാളമടങ്ങിയ സസ്യാഹാരം തന്നെയാണ് അതിൽ മുമ്പൻ. ഫാസ്റ്റ് ഫുഡ് ധാരാളമുപയോഗിച്ചു വരുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും കുടലിലെ കാൻസർ സാധാരണമാണ്. ഈ രോഗികളിൽ മിക്കവരും മലശോധന വല്ലപ്പോഴും മാത്രം ഉള്ളവരുമായിരുന്നു. ആഹാരം ദഹിച്ചശേഷം പുറത്തുപോകാൻ ഒന്നുമില്ലാത്ത ഭക്ഷണമായിരുന്നു അവർ കഴിച്ചിരുന്നതും. എന്നാൽ നമ്മുടെ ആഹാരത്തിൽ ദഹിക്കാതെ ശേഷിക്കുന്ന ഭക്ഷ്യനാരുകൾ ദഹനപാതയിലെ മാലിന്യങ്ങളെ തുടച്ചുമാറ്റാനും പുറന്തള്ളാനും ആഹാരഘടകങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സഹായിക്കും. ഈ പ്രവർത്തനങ്ങളിലൂടെ കുടലിലെ അർബുദ സാധ്യത തടയും.

കാൻസർ പ്രതിരോധിക്കാം
ഇന്ത്യയിൽ കാണുന്ന ക്യാൻസറിൽ പത്ത് മുതൽ പതിനഞ്ച് ശതമാനത്തോളം ഭക്ഷണമോ ഭക്ഷണരീതിയിലെ അപാകതയോ കൊണ്ടുണ്ടാകുന്നവയായി സംശയിക്കപ്പെടുന്നുണ്ട്. വികസിത രാജ്യങ്ങളിലാകട്ടെ മൂന്നിലൊന്ന് പങ്കും ഇത്തരത്തിലുള്ളതാണ്. വികസിത രാജ്യങ്ങളുടേതിന് സമാനമാവുകയാണ് കേരളവും. ഭക്ഷണമുൾപ്പെടുന്ന ജീവിതശൈലിയിലെ അപാകത മാത്രം പരിഹരിച്ചാൽ ഏതാണ്ട് നാൽപത് ശതമാനത്തോളം കാൻസർ രോഗങ്ങളും നമുക്ക് പ്രതിരോധിക്കാം.

ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം

© Copyright 2016 Manoramaonline. All rights reserved.