ചികിത്സയ്ക്കു മുൻപ് അറിയേണ്ട കാര്യങ്ങൾ

ഭാര്യക്കും ഭർത്താവിനും ചികിത്സയെക്കുറിച്ച് ഒരു പോലുള്ള അറിവ് നൽകാൻ ശ്രദ്ധിക്കണം. ലൈംഗികബന്ധം എങ്ങനെ ആവാം, എന്തെല്ലാം പ്രശ്നങ്ങൾ വന്നാലാണ് വന്ധ്യത ഉണ്ടാകുന്നത്? അവരുടേതായ വന്ധ്യതയ്ക്ക് കാരണമായിട്ടുള്ള ഘടകങ്ങൾ എന്നിവ മനസിലാക്കി കൊടുക്കണം. പലരുടെയും സംശയമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ശുക്ലം പുറത്തേക്ക് ഒഴുകിപോകുന്ന അവസ്ഥ, അല്ലെങ്കിൽ അകത്തേക്കു കടക്കാത്ത അവസ്ഥ എന്നിവയെക്കുറിച്ചൊക്കെ. ശുക്ലത്തിൽ 5000 ത്തോളം വരുന്ന സ്പേംസ് ഉണ്ട്. ഇതിൽ ഒന്നോ രണ്ടോ എണ്ണമാണ് ചിലപ്പോൾ ഗർഭാശയഗളത്തിലേക്കു കടക്കുന്നത്. ഇങ്ങനെ വരുന്ന അനേകം സ്പേമുകളിൽ ഒരെണ്ണമായിരിക്കും ഫലോപ്യൻ ട്യൂബിൽ ചെന്ന് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുന്നത്.

ഓരോരുത്തരിലും ശ്രദ്ധിച്ച് അവരുടേതായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുക. രണ്ടു പേർക്കും ഒരുപോലെ ചികിത്സ നൽകുമ്പോഴാണ് ഫലപ്രാപ്തി ഉണ്ടാകുന്നത്. ഒരു പുരുഷനിൽ സ്പേം കൗണ്ട് ആവശ്യത്തിനുണ്ടെങ്കിൽ തന്നെയും അത് ആരോഗ്യത്തോടെ ഇരിക്കുന്നതിനും സ്പേമിന്റെ അളവും ഗുണവുമൊക്കെ വേണ്ട വിധത്തിൽ നിലനിർത്തുന്നതിനും ആവശ്യമായിട്ടുള്ള ഔഷധങ്ങൾ കഴിക്കാൻ നൽകേണ്ടതാണ്.

ബീജത്തിന്റെ വളർച്ചയുടെ കാലഘട്ടം മൂന്നു മാസമാണ്. ഒരു മാസമോ അല്ലെങ്കിൽ രണ്ടാഴ്ചയോ മരുന്നു കഴിച്ചിട്ട് അതിന്റെ മാറ്റം വരാത്തതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. മൂന്നു മാസക്കാലം മരുന്ന് കഴിക്കുമ്പോഴാണ് പുരുഷൻമാരിൽ ബീജത്തിന്റെ അളവും ഗുണമേൻമയും മെച്ചപ്പെടുത്താൻ സാധിക്കുന്നത്.

വന്ധ്യതയുമായി സമീപിക്കുന്ന പലരിലും അവരുടേതായജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെയാണുള്ളത്. അതിൽ നിന്ന് എന്ത് വ്യത്യാസം വരുത്തണമെന്നതിനെക്കുറിച്ച് വേണ്ട മാർഗനിർദേശം നൽകണം. അമിതമായ പുകവലിക്കുന്നവർ, സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നവർ, ചൂട് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കൊക്കെ വേണ്ട രീതിയിലുള്ള നിർദേശങ്ങൾ നൽകണം.

വന്ധ്യതയിലേക്കു വന്നിരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് സാമൂഹികമായും കുടുംബപരമായും ഒക്കെ വളരെയധികം വിഷമങ്ങൾ നേരിടേണ്ട അവസ്ഥയായിരിക്കും. മാനസികമായും ശാരീരികമായും വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ സ്ത്രീക്ക് വേണ്ട രീതിയിലുള്ള ആശ്വാസവും സപ്പോർട്ടും നൽകണം. പരസ്പര പൂരകങ്ങളായി രണ്ടു പേരുടെയും ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യസ്ഥിതിയിലായിരിക്കും ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഇങ്ങനെ പൊതുവായുള്ള അറിവ് രണ്ടുപേർക്കും ഒരുമിച്ച് നൽകിയ ശേഷം ചികിത്സ തുടങ്ങാം. 90 ശതമാനം പേർക്കും കൃത്യമായ ചികിത്സയും ഫലപ്രാപ്തിയും ഇന്ന് ലഭിക്കുന്നുണ്ട്.

© Copyright 2016 Manoramaonline. All rights reserved.