പുരുഷ വന്ധ്യതയ്ക്കു പിന്നിൽ?

പുരുഷ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ട്. രോഗങ്ങളോടനുബന്ധിച്ച് പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുറേ നാളായി പ്രമേഹം ബാധിച്ച വ്യക്തിയാണെങ്കിൽ ലിംഗോദ്ധാരണ ശേഷി കുറയാം. ഇതും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്, അപൂർവം ചിലരിൽ ഞരമ്പ് തടിക്കൽ ( വെരിക്കോസ്) വന്ന് ശുക്ലം സഞ്ചരിക്കുന്ന മാർഗത്തിന് തടസം വരികയും ശുക്ലം കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും.

വന്ധ്യത ആഹാരശീലങ്ങളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. മദ്യപാനവും പുകവലിയും അധികരിച്ചിരിക്കുന്ന വ്യക്തികളിൽ സൗമ്യധാതു വളരെയധികം കുറയുകയും അത് ശുക്ലത്തിന്റെ ഗുണമേൻമ കുറയ്ക്കുകയും ചെയ്യുന്നു. സ്ഥിരമായ ടൂവീലറിൽ യാത്ര ചെയ്യുന്നവരിൽ ജനനേന്ദ്രിയങ്ങൾ ചൂടാകുകയും ബീജാണുക്കളുടെ വേണ്ട രീതിയിലുള്ള വളർച്ചയ്ക്ക് ഇത് തടസമാകുകയും ചെയ്യുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ജീൻസ് പോലുള്ളവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ജനനേന്ദ്രിയങ്ങളിൽ ചൂട് തങ്ങി നിൽക്കുകയും ഇത് ബീജത്തിന്റെ വളർച്ചയെ തടയുകയും കൗണ്ട് കുറയ്ക്കുകയും ചെയ്യുന്നു.

മാനസികമായ കാര്യങ്ങളും പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണ്. സ്വന്തം കഴിവിനെക്കുറിച്ചുള്ള മാനസികമായ പ്രശ്നങ്ങൾ, ടെൻഷൻ ഉണ്ടാകുക, ജോലിയിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ടെൻഷനുമായി ബന്ധപ്പെട്ടും സ്പേം കൗണ്ടിൽ വ്യത്യാസം വരികയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതല്ലാത്ത അവസ്ഥയിലേക്കെത്തുകയും ബീജസങ്കലന ശക്തി കുറയുകയും ചെയ്യുന്നു. ശുക്ലം പുറത്തേക്കു പോകാതെ ബീജനാളികളിൽ തടഞ്ഞുനിന്ന് അവിടെ കട്ടിയായി വരുന്ന ശുക്ലാസ്മരി എന്ന രോഗാവസ്ഥയും പുരുഷൻമാരിൽ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്.

© Copyright 2016 Manoramaonline. All rights reserved.