വന്ധ്യതാ ചികിത്സ എങ്ങനെ?

ആയുർവേദത്തിൽ ധാരാളം ഔഷധയോഗങ്ങളും ചികിത്സാപ്രയോഗങ്ങളും വന്ധ്യതയ്ക്കുണ്ട്. വന്ധ്യത പൂർണമായും ചികിത്സിച്ചു ഭേദമാക്കാമോ എന്നു ചോദിക്കുകയാണെങ്കിൽ വളരെ ചുരുങ്ങിയ ഒരു വിഭാഗത്തിനു മാത്രമേ ഇത് അപ്രാപ്യമാകുന്നുള്ളു. ജനനസഹജമായി വരുന്ന വന്ധ്യത, ഹോർമോണുകളുടെ വികാസം വേണ്ട വിധത്തിൽ ഇല്ലാതിരിക്കുക, സ്പേമിന്റെ വളർച്ച ഇല്ലാത്ത അവസ്ഥ, ജൻമനാ തന്നെ വികലമായിട്ടുള്ള ലൈംഗിക ഹോർമോണുകളും ലൈംഗികാവയവങ്ങളുടെ വളർച്ചക്കുറവും, ജൻമതാ തന്നെയുള്ള ഷൺഡത്വത്തെ നമുക്ക് ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ മറ്റു കാര്യങ്ങളിലെല്ലാം തന്നെ സ്നേഹസ്വേദ പ്രയോഗങ്ങൾ കൊണ്ടും ശരീരശുദ്ധികരമായ ചികിത്സകളെക്കൊണ്ടും ദോഷങ്ങളകറ്റി ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

വന്ധ്യതയ്ക്കു കാരണമായിട്ടുള്ള ഘടകങ്ങളെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ ദോഷങ്ങൾ മൂലമുണ്ടാകുന്ന വന്ധ്യതയിൽ കഷായ യോഗങ്ങളുണ്ട്. ഒബീസിറ്റി, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയ്ക്ക് ഉദ്വർത്തനം പോലുള്ള ചികിത്സകൾ കൊണ്ട്ശരീരത്തിന്റെ ഭാരം കുറയ്ക്കുക, അല്ലെങ്കിൽ വമന വിരേചനങ്ങളും പ‍ഞ്ചകർമ ചികിത്സയും കൊണ്ട് ശരീരശുദ്ധി വരുത്തുകയും എൻഡോക്രെയ്ൻ സിസ്റ്റത്തെ വേണ്ട രീതിയിൽ കൊണ്ടു വരികയും ചെയ്യുമ്പോൾ ദോഷങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഗർഭാശയത്തിനുണ്ടാകുന്ന വൈകല്യങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ആയിട്ടുള്ള കഷായയോഗങ്ങൾ കൊണ്ട് പരിഹരിക്കാവുന്നതാണ്. അണ്ഡവാഹിനിക്കുഴലിലുണ്ടാകുന്ന തടസങ്ങളും അണുബാധയുമൊക്കെ മാറ്റുന്നതിന് തൈലങ്ങളെ കൊണ്ടുള്ള ഉത്തരവസ്തി പ്രയോഗങ്ങൾ ഫലപ്രദമാണ്. എൻഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകളിലും തൈലങ്ങൾ ചേർത്തുള്ള വസ്തി ചെയ്യാവുന്നതാണ്.

വന്ധ്യതാനിവാരണത്തിനും പ്രത്യുൽപാദനശേഷിയെ വർധിപ്പിക്കുന്നതിനും യൂട്രസിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഉപയോഗിക്കാവുന്ന ഒന്നാണ് തിരുതാളി വേര്. തിരുതാളി സമൂലമായിട്ടും പാൽകഷായമായിട്ടും കഷായമായിട്ടും തിരുതാളി ചേർത്തുണ്ടാക്കുന്ന നെയ്യ് ഒക്കെ രണ്ടു മൂന്നു മാസക്കാലം ഗർഭസ്ഥാപനത്തിനായിട്ട് കഴിക്കാവുന്നതാണ്. തുടർച്ചയായി അബോർഷൻ വരുന്ന വ്യക്തികളിൽ തിരുതാളി നെയ്യ് സേവിക്കുന്നത് ഏറെ ഫലപ്രദമാണ്.

പുരുഷൻമാരുടെ ബീജത്തിന്റെ വളർച്ചയ്ക്കും ആരോഗ്യകരമായിട്ടുമിരിക്കുന്നതിന് വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. ഉഴുന്ന്, ചെറുപയർ മുളപ്പിച്ചത്, മധുരമായിട്ടുള്ളതും സ്നിഗ്ധമായിട്ടുള്ളതും അതുപോലെ നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം പുരുഷൻമാരിൽ അവരുടെ ബീജത്തിന്റെ കൗണ്ട് വർധിപ്പിക്കുന്നതിന് ഉത്തമമായിട്ടുള്ളതാണ്. വയൽച്ചുള്ളിയുടെ അരി, നായ്ക്കരുണ പരിപ്പ് എന്നിവ പൊടിച്ച് പാലിൽ ചേർത്തു കഴിച്ചാൽ ലൈംഗികശേഷി വർധിക്കുകയും ശുക്ലത്തിന്റെ അളവിനെ കൂട്ടാനും ബീജത്തിന്റെ ആരോഗ്യത്തിനും ഫലപ്രദമായിട്ടുള്ളതാണ്.

© Copyright 2016 Manoramaonline. All rights reserved.