സ്ത്രീ വന്ധ്യത: കാരണങ്ങൾ പലത്

പല രോഗങ്ങളുമായി ബന്ധപ്പെട്ടും ലൈംഗികാവയവങ്ങൾക്കു വരുന്ന വ്യത്യാസങ്ങൾ, വളർച്ചാക്കുറവ്, ഗർഭാശയത്തിന്റെ ശുദ്ധിക്കുറവ്, ആർത്തവദോഷങ്ങൾ, ഫലോപ്യൻ ട്യൂബിൽ വരുന്ന മാറ്റങ്ങൾ, ഓവം വേണ്ട വിധം വളർച്ച പ്രാപിക്കാതെ വരിക എന്നിവയെല്ലാം തന്നെ സ്ത്രീ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാകുന്നു.

ആർത്തവമില്ലാത്ത അവസ്ഥ പല കാരണങ്ങൾ കൊണ്ടു വരാം. ഓവുലേഷനിൽ വരുന്ന മാറ്റങ്ങൾ അല്ലെങ്കിൽ ധാതു പോഷണത്തിന്റെ അഭാവംഎന്നിവയാണ് ഇതിന്റെ പ്രധാന കാരണം. വളരെയധികം ആളുകൾ വന്ധ്യതയ്ക്കു കാരണമായി പറയുന്ന ഒരു രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ അന്തസ്തരം(എൻഡോമെട്രിയം) ആർത്തവത്തോടനുബന്ധിച്ച് വേണ്ട വിധത്തിൽ വളർന്ന് പൊട്ടി രക്തവും കോശങ്ങളും കലകളുമൊക്കെ പുറത്തേക്കു പോകുന്ന അവസ്ഥയാണ് ആർത്തവം. ഇങ്ങനെയുള്ള അവസ്ഥകളിൽ എൻഡോമെട്രിയം യൂട്രസിന്റെ അകത്തു മാത്രം വളർന്ന് വലുതായി വരുകയാണ് ചെയ്യുന്നത്. ചിലരിൽ ഇത് പുറത്തേക്കു വളർന്ന് പെരിടോണിയത്തിലേക്ക് വളർന്ന് വലുതാകുകയും അതിനോട് പറ്റിച്ചേർന്ന് വരികയും ചെയ്യുന്നു. ചിലരിൽ ഇത് ഗർഭാശയത്തിലേക്ക് നീണ്ടു വരുന്ന അവസ്ഥയുമുണ്ട്.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ആർത്തവം ആരംഭിക്കുന്ന അവസ്ഥയിൽ ഉള്ള ഒരു രോഗാവസ്ഥയാണിത്. കുട്ടികളിൽ ആദ്യാർത്തവം കാണുന്ന അവസ്ഥയിൽ തന്നെ ഇങ്ങനെയൊരു അവസ്ഥയിലേക്കു വരുന്നു. തുടക്കത്തിൽ തന്നെ അതു ശരിയായി ചികിത്സ ചെയ്തു പോകുകയാണെങ്കിൽ ഇത് വന്ധ്യതയ്ക്കു കാരണമാകാതെ രക്ഷപ്പെടാവുന്നതാണ്.

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രവുമായി സമീപിക്കുന്ന ഭൂരിഭാഗം പേരും അമിതവണ്ണക്കാരാണ്. തൈറോയ്ഡിൽ വരുന്ന വ്യത്യാസങ്ങൾ, തൈറോയ്ഡ് ഹോർമോണിൽ വരുന്ന മാറ്റങ്ങൾ എന്നിവ അമിതവണ്ണത്തിലേക്കു നയിക്കുന്നു. അമിതവണ്ണമുള്ള വ്യക്തികൾക്ക് ചികിത്സ ഇല്ലാതെ നോക്കാവുന്ന ഒരു അവസ്ഥയാണ് അമിതവണ്ണത്തെ കുറയ്ക്കുക എന്നത്. ദിവസേനയുള്ള വ്യായാമം, ചിട്ടയായ ആഹാര ക്രമീകരണം ഇവയിലൂടെ അമിതവണ്ണം മാറ്റാവുന്നതാണ്. അമിതവണ്ണം കുറയ്ക്കുകയും തൈറോയ്ഡിൽ വരുന്ന വ്യത്യാസങ്ങൾ നിയന്ത്രിക്കുകയും ചെയ്യുക വഴി പോളിസിസ്റ്റിക് ഓവറി പ്രശ്നം മാറ്റി വന്ധ്യത പരിഹരിക്കാവുന്നതാണ്.

ട്യൂബൽ പ്രഗന്നൻസി സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ഒരു സ്പേം അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടന്നാൽ അത് ഫലോപ്യൻ ട്യൂബിലൂടെ നീങ്ങി ഗർഭാശയത്തിലേക്കു വന്ന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുകയാണ് ചെയ്യുന്നത്. ഫലോപ്യൻ ട്യൂബിൽ വരുന്ന വളരെയധികം കാര്യങ്ങൾ ഈ ഭ്രൂണത്തിന്റെ ചലനത്തെയും സഞ്ചരാത്തെയും സഹായിക്കുന്നുണ്ട്. അതു വേണ്ട വിധത്തിൽ ആകാതെ വന്നാൽ ഈ ഭ്രൂണം ഫലോപ്യൻ ട്യൂബിൽ തന്നെ വളരുകയും ഒതു ലിമിറ്റഡ് സൈസിനെക്കാൾ അധികമാകുമ്പോൾ അതിന് അവിടെ വളരാൻ സാധിക്കാതെ വരികയും ട്യൂബ് പൊട്ടുകയുമൊക്കെ ചെയ്താൽ മാരകമായിട്ടുള്ള അവസ്ഥയിലേക്ക് അമ്മയെ കൊണ്ടുപോകുന്നു. ട്യൂബുലാർ പ്രഗ്നൻസി വന്നാൽ മിക്കവരിലും ശക്തമായ വേദന വന്ന് അത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ അതിനെ പുറത്തേക്കു കൊണ്ടു വരാൻ സാധിക്കും. താമസിച്ചാൽ ട്യൂബ് മുറിച്ചു കളയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.

© Copyright 2016 Manoramaonline. All rights reserved.