വന്ധ്യത എന്നാൽ?

ഒരു സമൂഹത്തിന്റെ അടിസ്ഥാന ഘടകം ഒരു കുടുംബമാണ്. ആ കുടുംബം നിലനിൽക്കണമെങ്കിൽ പ്രജനനനം നടക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ കുടുംബം വളരുകയുള്ളു. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന വലിയെരു പ്രശ്നമാണ് വന്ധ്യത. ജീവിതരീതിയിൽ വന്ന മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവുമാണ് വികസിത രാജ്യങ്ങളിൽ വന്ധ്യത കൂടുന്നതിനു പിന്നിൽ.

കേരളത്തെ നോക്കുകയാണെങ്കിൽ ഏതൊരു വികസിത രാജ്യത്തെ പോലെയും കേരളവും അക്കാര്യത്തിൽ മുന്നിൽ നിൽക്കുകയും അതുപോലെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും തന്നെ ഈ വന്ധ്യത ഒരു വലിയ പ്രശ്നമായി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയുമാണ്.

വന്ധ്യത എന്ന വാക്കിന്റെ അർഥം തന്നെ കുഞ്ഞുങ്ങളില്ലാത്ത അവസ്ഥ എന്നാണ്. പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നം ഒരുപോലെ കാണപ്പെടുന്നുണ്ട്. അതായത് സത്രീയെ മാത്രം ഒരു വന്ധ്യ എന്നു പറയാൻ സാധിക്കില്ല. പുരുഷന്റെയും സ്ത്രീയുടെയും ഒരുപോലുള്ള ഏകീകരണം കൊണ്ടാണ് കുഞ്ഞ് ജനിക്കുന്നത്.

ഒരു സ്ത്രീയെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ ശേഷം ആറു മാസക്കാലമെങ്കിലും യാതൊരുവിധ തടസങ്ങളുമില്ലാതെ ദിവസേനയെന്നോണം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും സ്ത്രീ പുരുഷൻമാർ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നവരിൽ 60 ശതമാനം പേരിലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. ഒരു വർഷമാകുന്നകതോടെ 90 ശതമാനം പേരും ഗർഭിണികളാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു പത്തു ശതമാനം മാത്രമാണ് വന്ധ്യതയെ അഭിമുഖീകരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആഹാരരീതിയിൽ വന്ന വ്യത്യാസങ്ങളും ഈ വന്ധ്യതയെ വർധിപ്പിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭാശയ ശുദ്ധി, അണ്ഡോൽപാദനം വേണ്ട വിധത്തിൽ നടക്കുക, ഫലോപ്യൻ ട്യൂബുകളിൽ അണുബാധ ഉണ്ടാകാതിരിക്കുക, ജനനേന്ദ്രിയങ്ങൾ ആരോഗ്യത്തോടെ കാക്കുക എന്നിവയെല്ലാം ഒരുമിച്ചു നിൽക്കുമ്പോഴാണ് ഒരു സ്ത്രീക്ക് ഗർഭധാരണ ശേഷി ഉണ്ടാകുന്നത്.

പുരുഷനെ സംബന്ധിച്ചിടത്തോളം ബീജം വേണ്ട വിധത്തിൽ ആരോഗ്യത്തോടെ ഇരിക്കുക, ശുക്ലത്തിന്റെ അളവ് വേണ്ടവിധത്തിൽ ഉണ്ടാകുക, ബീജ നിർഗമന മാർഗങ്ങൾ എപ്പോഴും ശുചിയായിരിക്കുക, യാതൊരുവിധ രോഗങ്ങളുമില്ലാത്ത അവസ്ഥ. ഒരു ബീജത്തെ സംബന്ധിച്ച് അതിന് മൂന്നു ഭാഗങ്ങളാണുള്ളത് ഹെഡ് (തല), ബോഡി(ശരീരം), ടൈൽ(വാൽ). ബോഡി ഭാഗമാണാണ് എപ്പോഴും ഊർജ്ജദായകമായി നിൽക്കുന്നത്. തല ഭാഗം അണ്ഡത്തിലേക്ക് തുളച്ചു കയറാൻ സഹായിക്കുന്നു. വാൽ വേണ്ട ഗതിയിലേക്ക് കൊണ്ടു പോകുന്നു. ശുക്ലത്തിന്റെയും ബീജത്തിന്റെയും അളവ് വേണ്ട വിധത്തിൽ ഉണ്ടായിരിക്കുകയും ചെയ്താലും ബീജത്തിന്റെ ഘടനയിൽ വരുന്ന വ്യത്യാസങ്ങൾ പോലും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്.

© Copyright 2016 Manoramaonline. All rights reserved.