http://www.manoramaonline.com/

കൗമാരത്തിലും വേണം കരുതൽ

വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തെ ഹണിമൂൺ ജീവിതവും കഴിഞ്ഞശേഷമാണ് ഇന്നത്തെ കാലത്ത് പലരും കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതു തന്നെ. അപ്പോൾ മാത്രമാകും കൗമാരകാലത്തെ നിയന്ത്രണമില്ലാത്ത ജീവിതരീതിയും ഭക്ഷണക്രമവുമെല്ലാം കുഞ്ഞിക്കാൽ കാണുകയെന്ന സ്വപ്നം ദുഷ്കരമാക്കിയതായി അവർ പോലും അറിയുക.

പെൺകുട്ടിയുടെ ലൈംഗിക വളർച്ചയും വികാസവും ആരംഭിക്കുന്നതു മുതലേ, അമ്മയാവുക എന്ന വലിയ ഉത്തരവാദിത്തത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ശരീരത്തിൽ നടക്കുന്നു. അതുകൊണ്ടുതന്നെ ഈ മുന്നൊരുക്കങ്ങൾക്കു ദോഷം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അണ്ഡവിസർജനവും വന്ധ്യതയും
വന്ധ്യതയിലേക്കു നയിക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാന അണ്ഡവിസർജനത്തിലെ ക്രമക്കേടുകളാണ്. ആദ്യാർത്തവനാളുകളിൽ അണ്ഡവിസർജനത്തിലും മാസം തോറുമുള്ള രക്തസ്രാവത്തിലും ചില വ്യതിയാനങ്ങൾ കാണാം. ആ സമയത്ത് അവ അസാധാരണമല്ല.

പക്ഷേ, ആദ്യാർത്തവം കഴിഞ്ഞു രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടാൽ എന്തെങ്കിലും തകരാറുള്ളതായി കരുതണം. ഗൈനക്കോളജിസ്റ്റിനെ കണ്ട് വേണ്ട പരിശോധന നടത്തണം. അണ്ഡോൽപാദനം ക്രമം തെറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രമാണ്. ക്രമംതെറ്റിയ ആർത്തവത്തോടൊപ്പം അമിതവണ്ണവും ലക്ഷണമായി വരുന്ന പിസിഒഎസ് ഏറെ അപകടകരമാണ്.

എന്താണ് പ്രതിവിധി: അലസമായിരിക്കുന്ന സമയം കുറച്ചും ദൈനദിന ജീവിതം കൂടുതൽ പ്രവർത്തനക്ഷമമാക്കിയും ഭക്ഷണനിയന്ത്രണത്തിലൂടെയും അമിതവണ്ണം കുറച്ചാൽ തന്നെ മാറ്റം ഉണ്ടാകും.

സ്ത്രീകളിലെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതുതരം ക്രമക്കേടുകളും വന്ധ്യതയ്ക്കു കാരണമാകാം. ഇവയിൽ പ്രധാനപ്പെട്ടവയാണ് ലൈംഗികഅവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വീക്കവും അണുബാധകളും ക്ലീമീഡിയ പോലെയുള്ള ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണു പ്രധാനമായും ഇത്തരം അണുബാധകളുണ്ടാക്കുന്നത്.

എന്താണ് പ്രതിവിധി: സുരക്ഷിതമല്ലാത്ത വിവാഹപൂർവ ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുക.

ശുചിത്വം പ്രധാനം
ലൈംഗികബന്ധത്തിൽ കൂടിയോ അല്ലാതെയോ പകരുന്ന, കാൻഡിഡ പോലുള്ള അണുബാധകൾ കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ വഷളാവുകയും ഭാവിയിൽ ലൈംഗികബന്ധം തന്നെ വേദനാപൂർണമാവുകയും ചെയ്യാം. യോനിയുടെ ഉള്ളിലുള്ള പിഎച്ച് ശരിയായ അളവിൽ നിലനിൽക്കുമ്പോൾ കാൻഡിഡ ഉണ്ടാകാൻ സാധ്യത കുറവാണ്. രോഗപ്രതിരോധശക്തി കുറയുന്ന അവസരങ്ങൾ, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, അമിതമായ ഈർപ്പം തുടങ്ങിയ അവസ്ഥകളിൽ പിഎച്ച് വ്യതിയാനം വരുകയും നല്ല ബാക്ടീരിയകൾ ഇല്ലാതാവുകയും ചെയ്യും. ഇത് അണുബാധയ്ക്ക് അനുകൂലമായ അവസരം യോനിയിൽ സംജാതമാക്കും.

എന്താണ് പ്രതിവിധി: ഇതു തടയാൻ ശുചിത്വത്തിൽ ഏറെ കരുതൽ വേണം. ഒരുപാട് ഇറുകി, വായുസഞ്ചാരമില്ലാത്ത അടിവസ്ത്രങ്ങൾ ഉപയോഗിക്കരുത്. രഹസ്യഭാഗങ്ങളിലെ രോമങ്ങൾ കൃത്യമായി നീക്കം ചെയ്യണം. ആർത്തവ സമയങ്ങളിൽ ദിവസവും കുളിക്കുകയും പാഡുകൾ സമയാസമയങ്ങളിൽ മാറ്റുകയും വേണം.

മരുന്ന് കഴിക്കുമ്പോൾ
മനോരോഗങ്ങൾക്കും വിഷാദത്തിനുമൊക്കെ കഴിക്കുന്ന ചില സൈക്യാട്രിക് മരുന്നുകൾ പ്രൊലാക്റ്റിൻ ഹോർമോണിന്റെ അളവ് കൂട്ടാം. ഇത് ആർത്തവം നീണ്ടുപോകാൻ ഇടയാക്കാം. കല്യാണമാകുമ്പോൾ ഇത്തരം മരുന്നുകളുടെ അളവു കുറയ്ക്കാൻ പറ്റുമോ എന്ന് ഡോക്ടറുടെ നിർദേശം തേടണം. ചെറുപ്രായത്തിലേ പ്രമേഹം വന്നവരും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരും പെട്ടെന്നു തന്നെ ചികിത്സ തേടണം.

അത്‌ലറ്റ്സുകളിലും മറ്റും ഭക്ഷണശീലങ്ങളോ വ്യായാമമോ ശരിയല്ലാതെ വന്നാൽ ആർത്തവം നിന്നുപോവുകയോ ക്രമക്കേടുകൾ ഉണ്ടാവുകയോ ചെയ്യാം. അതുകൊണ്ട് ഇങ്ങനെയുള്ളവർ ഭക്ഷണത്തിലും വ്യായാമത്തിലും പ്രത്യേകം കരുതലെടുക്കണം. തുടർച്ചയായി കടുത്ത ടെൻഷൻ ഉള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളിൽ അപൂർവമായി ആർത്തവപ്രശ്നങ്ങൾ കാണാറുണ്ട്. അതുകൊണ്ട് ടെൻഷൻ മനസിനെയും ശരീരത്തെയും കീഴ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

ചെറുപ്പത്തിൽ സംഭവിക്കുന്ന ലൈംഗികചൂഷണങ്ങൾ പെൺകുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത് വിവാഹശേഷം യോനീസങ്കോചം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ലൈംഗികബന്ധം അസാധ്യമാക്കുകയും അങ്ങനെ വന്ധ്യതയ്ക്കു കാരണമാവുകയും ചെയ്യും. അതുകൊണ്ട് ചെറുപ്പത്തിലേ തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുകയും സ്വന്തം ശരീരത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും വേണം.

ഭക്ഷണം എങ്ങനെ വേണം?
ചില പോഷകങ്ങൾ സ്ത്രീകളെ കൂടുതൽ പ്രത്യുൽപാദനക്ഷമതയുള്ളവരാക്കുമെന്നു പഠനങ്ങൾ പറയുന്നു. അമിനോ ആസിഡുകളാണ് ഇവയിൽ പ്രധാനം. ഇവ പ്രൊട്ടീനടങ്ങിയ ഭക്ഷണങ്ങളിലൂടെയാണു ലഭിക്കുന്നത്. മുട്ട, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിലെ വിറ്റമിൻ എ ലൈംഗിക ഹോർമോൺ ഉൽപാദനം വർധിപ്പിക്കും. അവശ്യം വേണ്ട മറ്റൊരു പോഷകഘടകമാണ് ബീറ്റാകരോട്ടിനുകൾ. ഇവ പ്രൊജസ്റ്ററോൺ ഹോർമോണിന്റെ ഉൽപാദനം കൂട്ടുകയും ആർത്തവചക്രം ക്രമമാക്കുവാൻ സഹായിക്കുകയും ചെയ്യും.

പയർ, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയിൽ ബീറ്റാകരോട്ടിൻ മതിയായ അളവിലുണ്ട്. ബി വിറ്റമിനുകളിലെ ബി—6, ബി—12 എന്നിവ ഗുണം ചെയ്യും. തവിട് നീക്കാത്ത ധാന്യങ്ങൾ, കുത്തരി, കോഴിയിറച്ചി, പയർവർഗങ്ങൾ, പച്ചിലക്കറികൾ എന്നിവയിൽ നിന്നും ബി—6 ലഭിക്കും. മത്തി, ആട്ടിറച്ചി എന്നിവയാണ് ബി—12 ന്റെ ഉറവിടങ്ങൾ. വിറ്റമിൻ സി (തക്കാളി, നാരങ്ങ, നെല്ലിക്ക), വിറ്റമിൻ ഇ (സോയ, അണ്ടിപ്പരിപ്പുകൾ) എന്നിവയോടൊപ്പം അയൺ, മഗ്നീഷ്യം എന്നീ ധാതുക്കളും വന്ധ്യത പ്രതിരോധിക്കും.

പച്ചിലക്കറികൾ, കുത്തരി, ഏത്തപ്പഴം എന്നിവ മഗ്നീഷ്യം ലഭിക്കാൻ കഴിക്കണം. കൊഴുപ്പു കുറഞ്ഞ മാംസം, മുട്ട, മീൻ, ഉണക്കപ്പഴങ്ങൾ എന്നിവ ഇരുമ്പിന്റെ സ്രോതസുകളാണ്. ശാരീരിക പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി പലഹാരങ്ങൾ എന്നിവ വല്ലപ്പോഴും മതി.

അമ്മ അറിയാൻ
ഒരു പെൺകുട്ടി അമ്മയാകാൻ പ്രാപ്തയാണോ എന്ന് അമ്മമാർക്കു തന്നെ കണ്ടെത്താം. ഒമ്പതു മുതൽ 12 വരെയുള്ള പ്രായത്തിനിടയിലാണു സ്തനവളർച്ചയും വികാസവും നടക്കുന്നത്. അത് കൃത്യമായി നടക്കുന്നുണ്ട് എന്ന് ശ്രദ്ധിക്കുക. ഇതിനുശേഷം ആറുമാസം കഴിയുമ്പോൾ ഗുഹ്യാഭാഗത്തും മറ്റും രോമവളർച്ച ആരംഭിക്കും. ഒപ്പം കക്ഷത്തിലും രോമവളർച്ചയുണ്ടാകും. ഇത് കൃത്യമായി വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം. വളർച്ചയുടെ നാലാംഘട്ടത്തിൽ വർഷം അഞ്ച് സെ മീ വീതം പൊക്കം വയ്ക്കാം. ഇതിനൊക്കെ ശേഷമാണ് ആദ്യാർത്തവം വരിക. മേൽപറഞ്ഞ വളർച്ചാഘട്ടങ്ങളിൽ ഏതെങ്കിലും വരാതിരുന്നാൽ ഡോക്ടറെ സമീപിച്ചു വേണ്ട പരിശോധനകൾ നടത്തണം.

OTHER STORIES
© Copyright 2016 Manoramaonline. All rights reserved.