കർക്കടകത്തെ കമനീയമാക്കാം

പേരുദോഷമാണ് കർക്കടക മാസത്തിന്റെ ജാതകദോഷം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്ന് ചേർത്തുവിളിച്ചാലേ തൃപ്തി വരൂ! കർക്കടകത്തിൽ കല്യാണങ്ങൾ പോലും കുറവാണ്.എന്നാൽ, പ്രകൃതി കർക്കടകത്തിന് ഒന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ചും മഞ്ഞും മഴയും വെയിലും മാറിമാറി വരുന്ന കേരളത്തിൽ. കർക്കടകവും കുംഭവുമാണ് കേരളത്തിലെ രണ്ടു മിതശീതോഷ്ണ കാലങ്ങൾ. മകരക്കുളിര് കഴിഞ്ഞ് പ്രകൃതി തണുപ്പു വിടുന്ന കുംഭവും കൊടുംവേനൽ കഴിഞ്ഞ് പ്രകൃതി തണുക്കുന്ന കർക്കടവും സംസ്ഥാനാടിസ്ഥാനത്തിൽ എസി ഓൺ ചെയ്യുന്നു. ജീവിതയന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിത്. കാലത്തിന്റെ മാറ്റവും കർമത്തിലെ മാറ്റവും ശരീരത്തെ ബാധിക്കും. ശരീരം നിർമിച്ചിരിക്കുന്ന സപ്തധാതുക്കളും ക്ഷയിക്കും. വാതരോഗങ്ങളും വർധിക്കും. അതിനാൽ ഭക്ഷണക്രമവും ജീവിതക്രമവും ചെറിയ തോതിൽ ക്രമീകരിക്കേണ്ട സമയമാണിത്.

വേണ്ടതും വേണ്ടാത്തതും
ഇവ രണ്ടും സമന്വയിപ്പിച്ച വീണ്ടുവിചാരം കർക്കടകത്തിൽ അത്യാവശ്യം. തണുപ്പ് ക്രമേണ വർധിക്കുന്നതാണ് കാലം. ഭക്ഷണം, വിശ്രമം, മൈഥുനം, ഉറക്കം ഇവ ഏറ്റക്കുറച്ചിലില്ലാതെയും മിതമായും അനുവർത്തിക്കേണ്ട കാലമാണ് കർക്കടകം. വ്യായാമം അധികമാകാതെ ശ്രദ്ധിക്കണം.പനി മുതൽ വയറിളക്കം വരെ നീളുന്ന പകർച്ചവ്യാധികൾ കർക്കടകം എത്താൻവേണ്ടി കാത്തിരിക്കുകയാണ്. നനഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കാം. തണുത്ത ഭക്ഷണം പൂർണമായും വർജിക്കണം. എരിവിനും ചവർപ്പിനും മുൻതൂക്കം കൊടുക്കാം. ധാന്യങ്ങളും പയറും കൂടുതൽ കഴിക്കാം. ബാക്ടീരിയയും വൈറസും വെള്ളത്തിലൂടെയാണ് എത്തുന്നത്. വെള്ളം തിളപ്പിച്ചാറ്റിത്തന്നെ കുടിക്കണം. മഴമൂലം വെള്ളം ഒഴുകിനടന്ന് മലിനപ്പെടുന്നതാണ് ഒരു മാറ്റം. പഴയ വെള്ളവും പുതിയ വെള്ളവും കൂടി ചേരുമ്പോൾ കിണറ്റിലെ വെള്ളത്തിനും മിശ്രഭാവം വരും. തണുപ്പിൽ വീടിനുള്ളിൽ രോഗാണുക്കളുടെ സാന്നിധ്യം വർധിക്കും. വീടും പരിസരവും പുകയ്ക്കുന്നത് ഇവയെ പുറംതള്ളാനാണ്. ആവശ്യമെങ്കിൽ മാത്രം എല്ലാ വാതിലുകളും ജനലുകളും തുറന്നാൽ മതി. മാംസം വർജിക്കണമെന്നില്ലെങ്കിലും ദഹനക്കുറവിന് ഇടയാക്കുന്നതിനാൽ അമിത ഉപയോഗം കുറയ്ക്കണം. മോര് കാച്ചി ഉപയോഗിക്കാം, പക്ഷേ തൈര് വർജിക്കണം. പകൽ ഉറക്കം തീർത്തും ഒഴിവാക്കണം. ശരീരത്തിനും മനസ്സിനും നൈർമല്യമുള്ള കാലമായതിനാൽ ഉഴിച്ചിലും പിഴിച്ചിലും ഔഷധസേവയും അടങ്ങുന്ന സുഖചികിത്സയ്ക്കും കർക്കടകം ഉത്തമമാണ്.

മരുന്നുകഞ്ഞി
ശരീരത്തെ ആകെ പുനരുജ്ജീവിപ്പിക്കുകയാണു മരുന്നുകഞ്ഞി സേവയുടെ ലക്ഷ്യം. ക്ഷീണം മാറാനും വിശപ്പ് വർധിക്കാനും ധാതുക്കളുടെ പുഷ്ടിക്കും ഉതകുന്നവയാണ് മരുന്നുകഞ്ഞിയുടെ കൂട്ട്. മരുന്നു കഞ്ഞി വീട്ടിൽ തയാറാക്കാം. 41 ദിവസം തുടർച്ചയായി കഴിക്കാം.

ഉഴിച്ചിലും പിഴിച്ചിലും
ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാൽ ഉഴിച്ചിലിനും പിഴിച്ചിലിനും കർക്കടകം നല്ല സമയമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വർധനയ്ക്കും ശരീരത്തിലെ വിവസ്തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്.

പ്രായത്തെ മറക്കരുത്
ഓരോ പ്രായക്കാർക്കും ഓരോ തരത്തിലാണ് കർക്കടകത്തിലെ ചര്യ. കർക്കടകത്തിൽ ഒട്ടേറെ അസുഖങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ചുമ, പനി, വയറിളക്കം, വളംകടി, മറ്റു പകർച്ചവ്യാധികൾ എന്നിവ കർക്കടകത്തിൽ കുട്ടികളെ വിടാതെ പിന്തുടരും. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണവും ആവിയിൽ വേവിച്ച ഭക്ഷണവും ഇക്കാലത്ത് കുട്ടികൾക്കു നൽകാം. വനിതകൾക്ക് സൗന്ദര്യസംരക്ഷണത്തിന് ഉചിതമായ കാലമാണ് കർക്കടകം.

ദശപുഷ്പം ചൂടാം
രോഗപ്രതിരോധശേി വർധിപ്പിക്കുന്ന ദശപുഷ്പം കർക്കടകത്തിൽ മുടിയിൽ ചൂടുന്ന പതിവുണ്ട്. പൂവാംകുരുന്നില, മുയൽച്ചെവിയൻ, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണു ദശപു്പങ്ങൾ.