ജന്മനായുള്ള ഹൃദ്രോഗം

നിങ്ങളുടെ കുട്ടിക്ക് ജന്മനാ ഹൃദ്രോഗം ഉണ്ടെന്ന വാർത്ത ആരെയാണ് പേടിപ്പെടുത്താത്തത്. എന്നാൽ ഓരോ നൂറു നവജാതശിശുക്കളിലും ഹൃദ്രോഗം കണ്ട് വരുന്നത് സാധാരണമാണ്. വൈദ്യ ചികിത്സാരംഗത്ത് നവീനരീതികളും ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയും ഹൃദയ സംബന്ധമായ അസ്വാഭാവികതയും മനസിലാക്കാൻ കഴിയും.

ജന്മനായുള്ള ന്യൂനതകൾ സർജറിയിലൂടെയോ കത്തെറ്റർ രീതിയിലൂടെയോ ചിലയവസരങ്ങളില്‍ മരുന്നിലൂടെയോ പരിഹരിക്കാൻ കഴിയും. സർജറിയും കതേറ്റർ രീതിയും ചേർന്നുള്ള ചികിത്സയും സാധാരണയാണ്. പീഡിയാട്രിക് ഹൃദയ ശാസ്ത്രക്രിയയിലെ നവീന വിദ്യകളും ഇന്റർവേഷനൽ കാതെറ്ററൈസേഷൻ രീതിയും ഫലപ്രദമായ മാർഗങ്ങളാണ്. എന്നാൽ ഒരു കേസിലും നുറു ശതമാനം ഗ്യാരണ്ടി പറയാൻ കഴിയില്ല; എങ്കിലും ഹൃദയ സംബന്ധിയായ പ്രശ്നങ്ങളുള്ള ഒട്ടു മിക്ക കുട്ടികളും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിച്ചു വരുന്നു.

ജന്മനാ ഹൃദയ വൈകല്യം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
ഗര്‍ഭത്തിന്റെ ആദ്യ 8 മുതൽ 9 വരെയുള്ള ആഴ്ചകളിൽ ഒന്നിലേറെ ജനിതക കാരണം കൊണ്ടോ പാരിസ്ഥിതിക ഘടകങ്ങൾ മൂലമോ ഹൃദയത്തിന്റെ വളർച്ചയും വികസനവും തടസ്സപ്പെട്ടേക്കാം. ചിലയവസരങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ കാരണം അറിയാൻ കഴിയും. ഗർഭകാലത്തിന്റെ ആദ്യ ത്രൈമാസങ്ങളിൽ പാരിസ്ഥിതിക ഘടകം മൂലം ഘടനാപരമായ അസ്വാഭാവികത സംഭവിച്ചേക്കാം (ഫെനിറ്റോൺ പോലെയുള്ള ആന്റി കൺവൾസെന്റ് മരുന്നുകളുടെ ഉപയോഗം, ഐസോട്രേട്ടിനോയിങ് ഡെർമറ്റോളജിക്കൽ മരുന്ന്, മാനസിക പിരിമുറുക്കം തടയുന്നതിനായുള്ള ലിഥിയം സാൾട്ട് ഉപയോഗം).

ഗർഭിണിയായിരിക്കെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ അമിത ഉപയോഗം, വ്യാവസായിക രാസപദാർത്ഥങ്ങളുടെ സാന്നിധ്യം എന്നിവ ശിശുവിന് ജന്മനാ ഹൃദയ വൈകല്യത്തിന് കാരണമാകാം. ക്രോമസോമിലെ അസ്വാഭാവികത മൂലം, അതായത് ക്രോമസോമുകൾ കൂടുതലാവുകയോ ചിലത് ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയും ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിലേക്ക് നയിക്കാം. പക്ഷേ, ഒട്ടുമിക്ക കേസുകളിലും ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിന്റെ കാരണം അജ്ഞാതമാണ്.

സൂചനകളും ലക്ഷണങ്ങളും
ജനനശേഷം, ജന്മനായുണ്ടാകുന്ന ഹൃദയ വൈകല്യത്തിന്റെ ആദ്യ സൂചന ഹൃദയത്തിലെ മർമ്മരമാണ്. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനൊപ്പം ഒരു മർമ്മരസ്വരം കേൾക്കാൻ കഴിയും.

എന്നാൽ എല്ലാ മർമ്മര സ്വരങ്ങളും ഹൃദ്രോഗ ലക്ഷണമല്ല. സാധാരണഗതിയിൽ ഹൃദയത്തിന്റെ മർമ്മര സ്വരം ഏതെങ്കിലും ഹൃദ്രോഗത്തിന്റെ സൂചനയല്ല. ചിലയവസരങ്ങളിൽ ഡോക്ടർക്ക് തന്റെ സ്റ്റെതസ്ക്കോപ്പിലൂടെ കേൾക്കുന്ന സ്വരത്തിലൂടെ ഹൃദ്രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയും. മറ്റു ചില കേസുകളിൽ ഹൃദയത്തിന്റെ എക്സ്റേ, ഇ കെ ജി, ഇ സി ജി തുടങ്ങിയ പരിശോധനകളിലൂടെ മർമ്മരസ്വരത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയും.

മിക്ക കുട്ടികള്‍ക്കും ചെറിയ രീതിയിൽ കാണപ്പെടുന്ന ജന്മനായുള്ള ഹൃദ്രോഗത്തിന് പ്രത്യേക ചികിത്സകളൊന്നും ആവശ്യമില്ല. ചിലർക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുകയും ആദ്യ ഒരു വർഷത്തിനുള്ളിൽ തന്നെ ഇവർക്ക് ചികിത്സ നൽകുകയും വേണം. ശ്വാസകോശത്തിലെ തടസം മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇത്തരത്തിൽ ഒരു ലക്ഷണമാണ്. ഹൃദയത്തിൽ ഉണ്ടാകുന്ന ദ്വാരത്തിന്റെയോ മറ്റോ ഫലമായി ഇടത് ഭാഗത്ത് നിന്ന് വലത് ഭാഗത്തേക്കുണ്ടാകുന്ന അമിതമായ രക്തയോട്ടമാണ് ഇതിന് കാരണം. ചിലയവസരങ്ങളിൽ ഹൃദയത്തിന്റെ ഇടത് ഭാഗത്ത് രക്തയോട്ടം തടസപ്പെടുകയും ഇതുമ‌ൂലം ശ്വാസകോശത്തിൽ രക്തം തിങ്ങിനിറയുകയും ഇത് തിരികെ ഒഴുകുകയും ചെയ്യുന്നത് മൂലവും സംഭവിക്കാം. ഇത് കുഞ്ഞിന് പാലു കുടിക്കാൻ തടസം ഉണ്ടാക്കുകയും ആവശ്യത്തിന് ശരീരഭാരം കിട്ടാത്ത അവസ്ഥയിലേക്കും എത്തിക്കാം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യസഹായവും സർജറിയോ കാതട്ടറൈസേഷനോ നൽകണം.

രക്തത്തോടൊപ്പം ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്ന അവസ്ഥയിലും ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ചർമ്മത്തിന് നീല നിറം കാണപ്പെടുകയും സ്യാനോസിസ് എന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യും. ശ്വാസകോശത്തിലേക്ക് രക്തം എത്തിപ്പെടാതിരിക്കുകയോ ഹൃദയത്തിൽ ഉണ്ടാകുന്ന സുഷിരങ്ങൾ മൂലം ഹൃദയത്തിന്റെ വലതു ഭാഗത്ത് നിന്ന് ഇടത് ഭാഗത്തേക്ക് ഓക്സിജൻ കുറവുള്ള രക്തം ധാരാളമായി എത്തുന്നത് മൂലമോ ഇങ്ങനെ സംഭവിക്കാം. ഹൃദയത്തിൽ നിന്നുള്ള ധമനികളുടെ അസ്വാഭാവികത കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ സാഹചര്യങ്ങളിലെല്ലാം ഓക്സിജന്റെ അളവ് കുറവുള്ള രക്തം ശ്വാസകോശത്തിൽ നിന്ന് വരാനും ഓക്സിജൻ അടങ്ങാത്ത നീല രക്തം ശരീരത്തിൽ കലരാനും കാരണമാകും. ഇതാണ് ചര്‍മത്തിന് നീലനിറം കലരാൻ കാരണം.

ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾക്ക് ചികിത്സ
ഒട്ടു മിക്ക ഹൃദയ അസ്വാഭാവികതകൾക്കും ശൈശവത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഒറ്റ ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാൻ കഴിയും. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം, ട്രൈകസ്പിഡ് അട്രീഷ്യ പോലെയുള്ള സങ്കീർണമായ ഹൃദ്രോഗബാധിതർക്ക് നവജാതകാലം മുതൽ മൂന്ന് വർഷത്തിനുള്ളിൽ രണ്ടോ മൂന്നോ ഓപ്പറേഷനുകള്‍ വേണ്ടി വരും. ഇത്തരം കുട്ടികൾ ഒട്ടുമിക്ക സമയവും വീട്ടിൽ രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധയിലോ പീഡിയാട്രിക് കാർഡിയോളജിസ്റ്റിനൊപ്പമോ ശിശുരോഗ വിദഗ്ദ്ധർക്കൊപ്പമോ ആയിരിക്കും.

ഓപ്പറേഷൻ റൂമുകളേക്കാൾ കാർ‍ഡിയാക് കാതെറ്ററൈസേഷൻ ലാബുകളിലായിരിക്കും ഇവർക്ക് ചികിത്സ നൽകുക. ബലൂൺ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ വാൽവ്‌ലോ‌പ്ലാസ്റ്റി ഉൾപ്പെടെയുള്ള രീതികളായിരിക്കും ഇവരിൽ ഉപയോഗിക്കുക. ഈ പ്രക്രിയയിൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഒരു പ്രത്യേകതരം ബലൂൺ ഘടിപ്പിച്ച പ്ലാസ്റ്റിക് ട്യൂബ് രക്തക്കുഴലിലേക്ക് കടത്തിവിടും. തുടർന്ന് ബലൂൺ വീർപ്പിച്ച് രക്തക്കുഴലുകളിലോ ഹാർട്ടി വാൽവിലോ ഉള്ള തടസം മാറ്റും.

അസ്വാഭാവികതയുള്ള ഓപ്പണിങ് അല്ലെങ്കിൽ സുഷിരങ്ങൾ അടയ്ക്കുന്നതിനായി സർജറിക്ക് പകരം ട്രാൻസ്കാതെറ്റർ രീതിയാണ് ഉപയോഗിക്കുക. ചെറുതോ ആവശ്യമായ വലിപ്പമില്ലാത്തതോ ആയ വെന്‍ട്രിക്കുലാർ സെപ്റ്റൽ വൈകല്യമുള്ള കുട്ടികളിൽ ആവശ്യമായ വളർച്ച ഉണ്ടാവില്ല. ഇത്തരക്കാരിൽ സുഷിരം അടയ്ക്കുന്നതിന് മുൻപായി മരുന്ന് ഉപയോഗിക്കേണ്ടി വരും. ചില കുട്ടികൾക്ക് സർജറിക്ക് ശേഷവും തുടർച്ചയായി മരുന്ന് ഉപയോഗിക്കേണ്ടതായി വരും.

സർജറിയിലൂടെയോ മരുന്നിലൂടെയോ ആയാലും നിങ്ങളുടെ കുട്ടിക്ക് നിരന്തരം പീഡിയാട്രിക് കാർഡിയോളജിസ്റ്റിനെ സന്ദർശിക്കേണ്ടി വരും. ആദ്യ ഘട്ടങ്ങളില്‍ ഇത് എല്ലാ മാസവും അല്ലെങ്കില്‍ രണ്ടുമാസം കൂടുമ്പോൾ ആയിരിക്കും. എന്നാൽ ചികിത്സയ്ക്ക് ശേഷം ഇത് വർഷത്തിൽ ഒന്നായി കുറയ്ക്കാൻ കഴിയും. എക്സ്റേ, ഇലക്ട്രോ കാർഡിയോഗ്രാം, ഇക്കോ കാർഡിയോഗ്രാം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ചികിത്സ ഫലപ്രദമാണോ എന്ന് വിലയിരുത്തുക.

എന്തെങ്കിലും പ്രശ്നം സംശയിക്കപ്പെട്ടാൽ
ഹൃദ്രോഗ ചികിത്സ തേടുന്ന ഘട്ടത്തിലോ ചികിത്സാനന്തരമോ സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. നിങ്ങളുടെ കുട്ടി ശ്വസന പ്രക്രിയയ്ക്കായി സാധാരണയിൽ കവിഞ്ഞ ആയാസം എടുക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട മറ്റു സാഹചര്യങ്ങൾ
വായയ്ക്ക് ചുറ്റുമോ ചുണ്ടിലോ നീല നിറം കാണപ്പെട്ടാൽ, ശ്വസന തടസ്സമോ കൂടുതൽ തവണ ശ്വാസം എടുക്കുകയോ ചെയ്യേണ്ടി വന്നാൽ, വിശപ്പില്ലായ്മയോ മുലകുടിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ (നിറവ്യത്യാസത്തോടൊപ്പം) മുല കുടിക്കുമ്പോൾ അമിതമായി വിയർക്കുക, ആവശ്യമായ ശരീരഭാരം കൈവരിക്കാൻ കഴിയാതെ വരികയോ ഭാര നഷ്ടം സംഭവിക്കുകയോ ചെയ്താൽ, ഊർജ നഷ്ടം അനുഭവപ്പെട്ടാൽ, ദീർഘ നാളോ വിവരിക്കാൻ പറ്റാത്തതോ ആയ പനി. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

നിങ്ങളുടെ കുട്ടിയെ പരിചരിക്കുക
ഹൃദയ വൈകല്യം ഉള്ള കുട്ടിയെ മരുന്ന് നൽകുന്നതിലും മുലയൂട്ടുന്നതിലും ശ്രദ്ധിക്കുന്നതിനൊപ്പം കുട്ടിയെ എപ്പോഴും ആക്റ്റീവ് ആയി നിർത്താൻ ശ്രദ്ധിക്കുക. ശാരീരിക ആയാസം അധികം നൽകരുത്, എങ്കിൽ പോലും മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനോ ആക്റ്റീവ് ആകുന്നതിനോ തടസമില്ല. കാർഡിയോളജിസ്റ്റിനോട് ചോദിച്ച് കുട്ടികൾ എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്ന് കൃത്യമായി മനസിലാക്കുക. ഉദാഹരണത്തിന് ചില മത്സരങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്.

രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളെ അമിതമായി ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോൾ അവര്‍ ഒറ്റപ്പെട്ടു പോകാതെയും അത്തരമൊരു ചിന്ത അവരിൽ വളരാതെയും ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടി സാധാരണ കുട്ടിയെ പോലെയാണെന്നുള്ള ചിന്ത അവരിൽ ഉണ്ടാക്കുക.