നിങ്ങൾ ഹൃദ്രോഗ ഭീഷണിയിലാണോ?

ചില ലക്ഷണങ്ങൾ, അവസ്ഥ, ശീലം തുടങ്ങിയവ നിങ്ങളുടെ ഹൃദയത്തിലെ രക്തധമനികളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയിലെത്തിച്ചേക്കാം (കൊറോണറി ഹാർട്ട് ഡിസീസ് – സി എച്ച് ഡി). ഈ അവസ്ഥകൾ റിസ്ക് ഫാക്റ്റുകൾ അഥവാ അപകട ഘടകം എന്നറിയപ്പെടുന്നു. നിലവിൽ ഹൃദ്രോഗമുള്ളവരിൽ ഈ അപകട ഘടകങ്ങൾ രോഗം ഗുരുതരമാകുന്നതിന് കാരണമാകാം.

സ്ത്രീകളിലും പുരുഷന്മാരിലും ഡി എച്ച് ഡിക്കുള്ള അപകട ഘടകങ്ങൾ ഒരു പോലെയാണ്. എന്നാൽ ചിലത് സ്ത്രീകളെ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി ബാധിച്ചേക്കാം. ഉദാഹരണത്തിന് പ്രമേഹം സ്ത്രീകളിൽ ഹൃദ്രോഗത്തിന് കൂടുതൽ കാരണമായേക്കാം. എന്നാൽ ഗർഭ നിരോധന ഗുളികകളും ആർത്തവവിരാമവും സ്ത്രീകളെ മാത്രം ബാധിക്കുന്ന അപകട ഘടകങ്ങളാണ്.

അറിയപ്പെടുന്ന ഒട്ടേറെ അപകട ഘടകങ്ങളുണ്ട്. ഹൃദയാഘാതത്തിനും ഹൃദ്രോഗ ബാധയ്ക്കുമുള്ള സാധ്യത നിങ്ങളിലുള്ള അപകട ഘടകത്തിന്റെയും അതിന്റെ തീവ്രതയെയും ആശ്രയിച്ചിരിക്കും. ഏതെങ്കിലും ഒരു അപകട ഘടകം ആണ് നിങ്ങൾക്കുള്ളതെങ്കിൽ അത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കും. രണ്ട് അപകട സാധ്യത ഉണ്ടെങ്കിൽ ഹൃദ്രോഗബാധയ്ക്കുള്ള സാധ്യത നാല് മടങ്ങാവും. മൂന്നോ അതിൽ കൂടുതലോ അപകട സാധ്യത ഉള്ളവരാണ് നിങ്ങളെങ്കിൽ ഹൃദ്രോഗ സാധ്യത പത്ത് മടങ്ങാണ്.

പുകവലി, പ്രമേഹം തുടങ്ങിയ ചില അപകട ഘടകങ്ങൾ ഉള്ളവർക്ക് ഹ‍ൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും.

അപകട ഘടകങ്ങളെ നിയന്ത്രിക്കാം

പുകവലി
നിയന്ത്രണവിധേയമാക്കാവുന്ന ഏറ്റവും വലിയ അപകട ഘടകമാണ് പുകവലി. പുകയിലയുടെ പുക ദീർഘ നാൾ ശ്വസിക്കുന്നവരിൽ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത കൂടുതലാണ്.

പുകവലി നിങ്ങളുടെ ധമനികളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂട്ടും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. നങ്ങൾ എത്രത്തോളം കൂടുതൽ പുകവലിക്കുന്നോ ഹൃദയാഘാതത്തിനുള്ള സാധ്യത അത്രത്തോളം വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോളും ട്രൈ ഗ്ലിസറൈ‍ഡും
ലിപോ പ്രൊട്ടീൻസ് എന്നറിയപ്പെടുന്ന ചെറിയ പാക്കേജുകളായി കൊളസ്ട്രോൾ നിങ്ങളുടെ രക്തത്തിലൂടെ സഞ്ചരിക്കും. ലോ ഡെൻസിറ്റി ലിംപോ പ്രൊട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ (എച്ച് ഡി എൽ) എന്നിങ്ങനെ രണ്ടു തരത്തിലുള്ള കൊളസ്ട്രോളുകളാണ് ഉള്ളത്.

എൽ ഡി എൽ കൊളസ്ട്രോളിനെ ചീത്ത കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. കോശങ്ങളിലേക്കും ധമനികളിലേക്കും കൊളസ്ട്രോളിനെ എത്തിക്കുന്നതിനാലാണ് ഇത് ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. എച്ച് ഡി എൽ കൊളസ്ട്രോൾ ആകട്ടെ, ധമനികളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനാൽ നല്ല കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്.

ഒരു ഡെസിലിറ്റർ രക്തത്തിൽ ഇത്ര മില്ലിഗ്രാം എന്ന തോതിലാണ് കൊളസ്ട്രോള്‍ അളക്കുന്നത്. ഒരു ഡെസിലിറ്ററിൽ 200 മില്ലിഗ്രാമിൽ കൂടുതൽ കൊളസ്ട്രോൾ കാണപ്പെടുകയോ എൽ ഡി എൽ കോളസ്ട്രോൾ 100 മില്ലിഗ്രാമിൽ കൂടുകയോ എച്ച് ഡി എൽ 50 മില്ലിഗ്രാമിൽ താഴുകയോ ചെയ്താൽ സ്ത്രീകളിൽ ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്.

ഉയർന്ന രക്ത സമ്മർദം
ഹൃദയം രക്തം പമ്പ് ചെയ്യുന്നതിന് അനുസരിച്ച് രക്തത്തെ ധമനികളിലേക്ക് തള്ളുന്ന ശക്തിക്കാണ് രക്തസമ്മർദം എന്ന് പറയുന്നത്. ഇതിന്റെ ശക്തിയോ വേഗതയോ കൂടിയാൽ അത് നിങ്ങളുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കും. രക്ത സമ്മർദ്ദം 120/ 80 മില്ലിഗ്രാമിൽ കൂടിയാൽ ഹൃദ്രോഗ സാധ്യതയും കൂടും.

പ്രമേഹമോ സാരമായ കിഡ്നി രോഗബാധയോ ഉണ്ടെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദം വ്യത്യസ്തമായി കണക്കാക്കാം. നിങ്ങള്‍ ഈ രണ്ടു രോഗബാധിതരാണെങ്കിൽ ഡോക്ടറെ കണ്ട് ആരോഗ്യകരമായ രക്ത സമ്മർദം നിലനിർത്തണം

ഡയബറ്റിസും പ്രീ ഡയബറ്റിസും
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ശരീരം ശരിയായ രീതിയിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയോ ഇൻസുലിൻ ശരീയായ രീതിയിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് മാറ്റുകയും അത് ഊർജ്ജമാക്കി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് രക്ത ധമനികളിൽ ഒരു ആവരണം രൂപപ്പെടുത്തും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലേതിനേക്കാൾ കൂടുതലാവുകയും എന്നാൽ പ്രമേഹ രോഗികളുടേതിനെ പോലെ അളവിലേക്ക് എത്തുകയും ചെയ്യാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ ഈ അവസ്ഥയും പ്രമേഹത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിച്ചേക്കാം. രണ്ടവസ്ഥയും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് വരാൻ സാധ്യത കൂടുതൽ.

ആർത്തവ വിരാമത്തിന് മുൻപ് ഈസ്ട്രജന്റെ സാന്നിധ്യം ഹൃദ്രോഗത്തിനെതിരെ സ്ത്രീകളിൽ സംരക്ഷണം തീർക്കും. എന്നാൽ പ്രമേഹ ബാധിതരായ സ്ത്രീകളിൽ‌ ഈസ്ട്രജൻ സാന്നിധ്യം വേണ്ടത്ര ഫലപ്രദമാക്കില്ല.

അമിത ഭാരം, അമിതവണ്ണം
ശരാശരിയിൽ കൂടുതൽ ഭാരവും വണ്ണവും ഉള്ള അവസ്ഥയാണ് അമിതവണ്ണത്തിലേക്കും അമിത ഭാരത്തിലേക്കും നയിക്കുന്നത്. ബോഡി മാസ് ഇൻഡക്സ് (ബി എം ഐ) ആണ് ഇതിന്റെ അളവ് കോൽ. നീളവും ഭാരവും കണക്ക് കൂട്ടിയാണ് ബി എം ഐ നിശ്ചയിക്കുന്നത്. പ്രായപൂർത്തിയായവരിൽ 18.5 മുതൽ 24.9 വരെയാണ് നോർമൽ ബി എം ഐ. 25 മുതൽ 29.9 വരെ അമിത ഭാരമായി കണക്കാക്കാം. മുപ്പതോ അതിന് മുകളിലോ ബി എം ഐ ഉള്ളവർ അമിതവണ്ണക്കാരായി കണക്കാക്കാം.

അമിത ഭാരം എങ്ങനെ ഹൃദ്രോഗ ഭീഷണി ഉയർത്തുന്നു എന്നറിയണമെങ്കിൽ നിങ്ങളുടെ ബി എം ഐയും അരവണ്ണവും കണക്കാക്കണം. 24.9 നേക്കാൾ കൂടുതലാണ് നിങ്ങളുടെ ബി എം ഐ എങ്കിൽ 35 ഇഞ്ച് ആണ് അരവണ്ണമെങ്കിൽ ഉറപ്പാണ്, നിങ്ങള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ അര വണ്ണം ഇടുപ്പ് അളവ് കൊണ്ട് ഹരിച്ചാൽ 0.9 നേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത ഏറെയാണ്.

ഗർഭനിരോധന ഗുളികകൾ
പുകവലി ശീലമുള്ള സ്ത്രീകളിലും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ഹൃദ്രോഗ സാദ്ധ്യതകൾ കൂടുതലാണ്. പുകവലി ശീലമില്ലാത്ത എന്നാൽ ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത എത്രത്തോളം ഉണ്ടാകും എന്നത് വ്യക്തമല്ല.

ശാരീരികക്ഷമതയുടെ അഭാവം
ശാരീരിക ആയാസം ഇല്ലാത്ത ആളുകളെക്കാൾ ശാരീരിക പ്രവർത്തനം ഉള്ളവർക്ക് ഹൃദ്രോഗ സാധ്യത കുറവാണ്. ശാരീരിക ആയാസം ഇല്ലാത്തവർക്ക് ബ്ലഡ് കൊളസ്ട്രോൾ, ട്രൈ ഗ്ലിസറൈഡ്, ഉയർന്ന രക്ത സമ്മർദം, പ്രമേഹം, പാരാഡയബറ്റിക്സ്, അമിതഭാരം, അമിതവണ്ണം തുടങ്ങിയ അപകട ഘടകങ്ങൾ കൂടാനും അതുവഴി ഹൃദ്രോഗ സാധ്യതയും ഏറെയാണ്.

അനാരോഗ്യകരമായ ഭക്ഷണ രീതി
അനാരോഗ്യകരമായ ഭക്ഷണ രീതി ഹൃദ്രോഗ സാധ്യത വർധിപ്പിക്കും ട്രാൻസ്ഫാറ്റ് അടങ്ങിയതും സാന്ദ്രത ഏറിയതുമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ എൽ ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. ഉപ്പ് കൂടിയ ഹൈ സോഡിയം ഭക്ഷണം രക്തസമ്മർദം ഉയരാൻ കാരണമാകും.

പഞ്ചസാരയുടെ അളവ് കൂടിയ ഭക്ഷണങ്ങൾ പോഷകഗുണമില്ലാത്ത വൈറ്റമിൻ, ധാതുക്കൾ അടങ്ങിയ കൂടുതൽ കലോറികൾ സമ്മാനിക്കും. ഇത് ഭാരം കൂടാൻ കാരണമാകുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

മദ്യത്തിന്റെ അമിത ഉപയോഗം ഭാരം കൂടാൻ കാരണമാകുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.

മാനസിക പിരിമുറുക്കം‍
മാനസിക പിരിമുറുക്കം ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. മാനസിക സമ്മർദം നാഡികളെ ചുരുക്കുകയും ഇത് ഉയർന്ന രക്ത സമ്മർദത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിച്ചേക്കാം.

നിയന്ത്രിക്കാൻ കഴിയാത്ത അപകട ഘടകങ്ങൾ

പ്രായവും ആർത്തവ വിരാമവും
പ്രായമേറുന്തോറും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത കൂടും. ചെറുപ്പകാലം മുതൽ ഹൃദയ ധമനികളിൽ രൂപപ്പെടുന്ന ആവരണം ഇതിലേക്ക് നയിച്ചേക്കാം.

55 വയസ് വരെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. ആർത്തവ വിരാമത്തിന് മുൻപ് വരെ ഈസ്ട്രജൻ സ്ത്രീകളിൽ ഹൃദ്രോഗത്തിനെതിരെ പ്രതിരോധം തീർക്കും. എന്നാൽ 55 വയസിന് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദ്രോഗ സാധ്യത ഏറെയാണ്.

കുടുംബ ചരിത്രം
ഹൃദ്രോഗ സാധ്യത കുടുംബത്തെ അല്ലെങ്കിൽ പാരമ്പര്യത്തെ ആശ്രയിച്ചിരിക്കും. 55 വയസിന് മുൻപ് നിങ്ങളുടെ പിതാവോ സഹോദരനോ 65 വയസിന് മുൻപ് നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ ഹൃദ്രോഗബാധിതരായെങ്കിൽ നിങ്ങൾക്കും ഹൃദ്രോഗം ഉണ്ടാകാൻ സാധ്യത ഏറെയാണ്. സ്ട്രോക് ബാധിതരായ, പ്രത്യേകിച്ച് ‘അമ്മ ഉണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത നിങ്ങൾക്കും കൂടുതലാണ്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗം ഉണ്ടെങ്കിൽ നിങ്ങളും ഒരു ഹൃദ്രോഗി ആകണമെന്നില്ല.

ജീവിതചര്യകളിൽ മാറ്റം വരുത്തുകയോ മരുന്ന് കഴിക്കുകയോ ചെയ്യുക വഴി പാരമ്പര്യമായുള്ള അപകട ഘടകം ഒഴിവാക്കാനോ ഹൃദ്രോഗ സാധ്യത പരമാവധി വൈകിപ്പിക്കാനോ കഴിയും.