ഓഫിസിലും വേണം ചില കരുതലുകൾ

മലയാളികളിൽ നല്ലൊരു പങ്ക് കൂടുതൽ സമയം ചെലവിടുന്നത് ഓഫിസിന്റെ നാലു ചുവരുകൾക്കുള്ളിലാകും. ഓഫിസിൽ ആയിരിക്കുമ്പോൾ മാനസിക—ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ ഈ അശ്രദ്ധ പലർക്കും ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്നമായി മാറാം. അതുകൊണ്ടു തന്നെ ജോലിത്തിരക്കിനിടയിലും സ്വന്തം ആരോഗ്യത്തിൽ ഒരു കണ്ണ് ഏവർക്കും വേണം. പ്രത്യേകിച്ചും ഹൃദ്രോഗസാധ്യത ഉള്ളവർക്കും ഹൃദയാഘാതം വന്നവർക്കും.

ഹൃദ്രോഗ സാധ്യതയുള്ളവർ കോപവും ടെൻഷനും വേണ്ട
ഹൃദയാരോഗ്യത്തിനു പിരിമുറുക്കം ഒഴിവാക്കണം എന്ന തത്വം വീട്ടിൽ മാത്രം പാലിക്കപ്പെടേണ്ട ഒന്നല്ല. ഓഫിസിലും പിരിമുറുക്കമില്ലാത്ത സ്വസ്ഥമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുവാൻ ഒരാൾക്കു കഴിയണം. നിസാരമായ കാര്യങ്ങൾക്കു ടെൻഷൻ അടിച്ചു ഹൃദയത്തെ കുഴപ്പത്തിലാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അമിത രക്തസമ്മർദം ഹൃദ്രോഗഹേതുവാണ്. അതുകൊണ്ടു തന്നെ സമ്മർദവും പിരിമുറുക്കവും രക്തസമ്മർദത്തെ ഉയർത്തുന്നു. ഇതു ഹൃദയത്തിനു ക്ഷതമേൽപിക്കും.

കോപം മനസിന്റെയും ശരീരത്തിന്റെയും നിയന്ത്രണത്തെ താളംതെറ്റിക്കുന്ന വികാരമാണ്. കോപിക്കേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. കോപം വരുന്നുവെന്നു തോന്നലുണ്ടായാൽ ശ്വാസം ഉള്ളിലേക്കെടുത്തു വിടുക. ഇതു പലതവണ ആവർത്തിക്കാം.

ഓഫിസിൽ പുകവലിക്കരുത്. ഹൃദയാരോഗ്യത്തിനു പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പുകവലി സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഓർക്കണം. നിഷ്ക്രിയ ധൂമപാനം (പാസീവ് സ്മോക്കിംഗ്) ഏറെ അപകടകരമാണ്.

സഹപ്രവർത്തകരോടു സൗമ്യമായി പെരുമാറുക. മനസിനു ശാന്തത ലഭിക്കാൻ സൗമ്യമായ പെരുമാറ്റം സഹായിക്കും. ആശയവിനിമയം നന്നായാൽ ബന്ധങ്ങളും നന്നാവും.

മാനേജുമെന്റും ശ്രദ്ധിക്കുക
ജോലി സ്ഥലലത്ത് ആരോഗ്യപൂർണമായ അന്തരീക്ഷം തൊഴിലാളികൾക്കു നൽകേണ്ട കടമ മാനേജ്മെന്റിനുണ്ട്. ഹൃദ്രോഗികളായ തൊഴിലാളികൾക്കും പ്രത്യേകം കരുതൽ നൽകണം. ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഹൃദ്രോഗ സാധ്യതയുള്ളവർ മരുന്നുകൾ എപ്പോഴും കൂടെ കരുതുക. സഹപ്രവർത്തകർക്കും മരുന്നുകളെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതു വളരെ നല്ലത്.

ഓഫിസിൽ ഇടവേളകളിൽ മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ കഴിവതും വീട്ടിൽ തയാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഓഫിസിൽ ലിഫ്റ്റ് ഉപയോഗിക്കരുത്. പടികൾ നടന്നു കയറുക. ഒരു വ്യായാമവും ആകുമത്.

ധാരാളം യാത്ര ആവശ്യമായി വരുന്നവർ യാത്രയ്ക്കു മുന്നോടിയായി ഡോക്ടറെ കണ്ടു വേണ്ട നിർദേശങ്ങൾ സ്വീകരിക്കാൻ മറക്കരുത്. ആവശ്യമുള്ള മരുന്നുകളും യാത്രയിൽ ഒപ്പം കരുതുക.

ഹൃദയാഘാതം വന്നവർ രാത്രി ഷിഫ്റ്റുകൾ
സാധാരണയായി ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി 15 ദിവസം കഴിഞ്ഞാൽ ഓഫിസിൽ പോകാം. ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രം ഓഫിസിൽ പോവുക. കാരണം വ്യക്തികളുടെ ശാരീരികക്ഷമത വ്യത്യസ്തമായതിനാൽ വിശ്രമ ദിവസങ്ങൾ വ്യത്യാസപ്പെടും. ശാരീരിക അധ്വാനം കൂടുതലുള്ള ജോലികളിൽ നിന്നു വിട്ടു നിൽക്കുന്നതാണ് ഉത്തമം. അത്തരം ജോലികളിൽ നിന്ന് ഇളവ് അനുവദിക്കാൻ മേലധികാരിയോട് അപേക്ഷിക്കാം.

ജോലിക്കിടയിൽ ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ ശ്വാസതടസമോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. ഭാരമെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കുനിഞ്ഞു നിന്ന് ഭാരം ഉയർത്താൻ ശ്രമിക്കാതെ കാലു മടക്കി ഇരുന്നശേഷം ഭാരം ഉയർത്തുക. ഇത് ശരീരത്തിന് അധികം ആയാസം ഉണ്ടാകാതിരിക്കാൻ നല്ലതാണ്.

പേസ്മേക്കർ പോലുള്ള ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക കരുതൽ ആവശ്യമാണ്. ഓഫിസിൽ ഇലക്ട്രോ മാഗ്നറ്റ് പോലുള്ളവ ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടാൻ മറക്കരുത്.

യാത്രകൾ കരുതലോടെ
ഓഫിസിലേക്കു ബസിലാണ് യാത്രയെങ്കിൽ പിറകിലുള്ള സീറ്റിൽ ഇരിക്കരുത്. ശരീരത്തിന് ഉലച്ചിലുണ്ടാകാത്ത വാഹനം തിരഞ്ഞെടുക്കുക. നടക്കാവുന്ന ദൂരമാണെങ്കിൽ മെല്ലേ നടക്കാം. കാർ ഉള്ളവർ കഴിവതും തനിയെ ഡ്രൈവ് ചെയ്യരുത്. ഓഫിസ് ആവശ്യത്തിനായി ദൂരയാത്ര പോകേണ്ടി വന്നാലും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുക. യാത്രയിൽ ചികിത്സാരേഖകൾ കൂടെ കരുതാൻ മറക്കരുത്.

ഓഫിസിൽ ബഹളമയമായ അന്തരീക്ഷത്തിൽ നിന്നു വിട്ടു നിൽക്കുക. ശബ്ദം കൂടുന്നതു രക്തസമ്മർദം വർധിക്കാൻ കാരണമാകും. കൂടാതെ അധികസമയം എസി മുറിയിൽ ഇരിക്കുന്നത് ഒഴിവാക്കുക. അധിക നേരം ഒരേ ഇരിപ്പ് പാടില്ല. അരമണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റു നടക്കുന്നതു നല്ലതാണ്.

ഇടനേരങ്ങളിലെ ഭക്ഷണം
ചായയോ കാപ്പിയോ ദിവസവും രണ്ടു കപ്പിൽ കൂടുതൽ പാടില്ല. അതുകൊണ്ടു തന്നെ വീട്ടിൽ നിന്ന് ഇവ കുടിക്കുന്നവർ ഓഫിസിൽ കുടിക്കുന്നത് ഒഴിവാക്കുക. വീട്ടിലെ പോലെ ഓഫിസിലും ആരോഗ്യകരമായ ഡയറ്റ് പാലിക്കാൻ ശ്രദ്ധിക്കണം. ഓഫിസിൽ ഇടനേരങ്ങളിൽ ചിപ്സ് പോലുള്ള വറുത്ത ഭക്ഷണം കൊറിക്കുന്ന ശീലം ഒഴിവാക്കുക.

ഹൃദ്രോഗികൾ ഉറക്കമൊഴിക്കരുത് എന്നുള്ളതു കൊണ്ടുതന്നെ രാത്രി ഷിഫ്റ്റ് ജോലിയിൽ നിന്ന് ഒഴിവാക്കുക. കഴിക്കുന്ന മരുന്നുകൾ വീര്യം കൂടിയതാണെങ്കിൽ ജോലിക്കിടെ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇടയ്ക്ക് വിശ്രമിക്കുന്നത് നന്നായിരിക്കും.

നിങ്ങൾ ഒരു മേലുദ്യോഗസ്ഥനാണെങ്കിൽ കീഴ്ജീവനക്കാരോടു സൗമ്യമായി പെരുമാറുക. അവരോടു ശബ്ദമുയർത്തി സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അവരുടെ തെറ്റുകൾ സൗമ്യമായി പറഞ്ഞു മനസിലാക്കി കൊടുക്കുക. അമിതമായ വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

പിരിമുറുക്കത്തിന് അമിതമായി ഇരകളാകരുത്. ചെറിയ കാര്യങ്ങൾ പോലും ടെൻഷൻ ഉണ്ടാക്കുന്നവരാണെങ്കിൽ മനസ് ശാന്തമാക്കി നിലനിർത്താൻ യോഗയോ റിലാക്സേഷൻ മാർഗങ്ങളോ പരിശീലിക്കാം. ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ നേരിടുക.

ഹൃദയാഘാതം വന്നവർ സ്റ്റെപ്പുകൾ കയറുന്നത് കഴിവതും ഒഴിവാക്കുക. ലിഫ്റ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. പക്ഷേ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ചെറിയ നിലകളിലേക്ക് പടികൾ കയറാം. പൂർണ ആരോഗ്യം നേടി എന്നു ബോധ്യമായതിനുശേഷം ലിഫ്റ്റ് ഉപയോഗിക്കാതിരിക്കാം.

ഹൃദയാഘാതം വന്ന വ്യക്തിക്കു പ്രത്യേക പരിഗണന നൽകാൻ മാനേജുമെന്റുകൾ ശ്രദ്ധിക്കണം. സഹപ്രവർത്തകരും ഇവരുടെ കാര്യത്തിൽ ശ്രദ്ധയും കരുതലും കാണിക്കണം.