സ്‌ത്രീകൾക്കിടയിൽ നടുവിന് വേദന ഏറെയാണെന്ന് കണക്കുകൾ

നടുവേദനക്കാരുടെ എണ്ണം ഏറിവരുന്നു. ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയുമൊക്കെ പ്രത്യേകത കളാകാം പലപ്പോഴും ഇതിനു കാരണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നട്ടെല്ല് നിവർത്തിപ്പിടിച്ച് പറയാവുന്ന കാര്യം ഇതാണ്, ഉറങ്ങുമ്പോൾ നട്ടെല്ലിന് ഏൽക്കുന്ന സമ്മർദ്ദം ഒരു ശതമാനമെന്ന് കരുതുക. നിൽക്കുമ്പോൾ അത് പത്താണ്. ഇരിക്കുമ്പോൾ അത് നാല്‌പതാണ്. ഇതിൽ നിന്ന്, നടുവിന് വേദനയും കുത്തിയിരിപ്പും തമ്മിലുള്ള ബന്ധം വ്യക്‌തം. എപ്പോഴും ഇരുന്ന് ജോലിചെയ്യുന്നവർ അവസാനം ‘ഇരുന്നു’’ പോകുന്നതിന്റെ കാര്യവും ഇതാണ്. വളയാത്ത നട്ടെല്ലെന്ന് ആലങ്കാരികമായി പറയാമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചാൽ നട്ടെല്ല് വെറുമൊരു അലങ്കാരമാവും എന്നതാണ് സത്യം. വഴങ്ങുന്ന, വളയുന്ന നട്ടെല്ല് ചെറുപ്പത്തിന്റെ ലക്ഷണമാണ്. കുട്ടികൾ എത്ര അനായാസമാണ് തലകുത്തി മറിയുന്നത്. നട്ടെല്ല് വഴങ്ങാതാകുമ്പോൾ പ്രായം ഏറിവരുന്നു എന്നുവേണം മനസിലാക്കാൻ. നടുവ് വിലങ്ങുമ്പോൾ പ്രായം പടികടന്നു വരുന്നതായി പെട്ടെന്ന് ഓർക്കണം.
മുൻകരുതൽ വേണം

ഇരുന്നുള്ള ജോലികൾ ഏറി വന്നതോടെ നടുവേദനക്കാരുടെ എണ്ണവും ഏറുകയാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന യുവതീയുവാക്കൾക്കിടയിൽ ഇത് സാധാരണമായിരിക്കുന്നു. അനങ്ങാതിരുന്ന് ശീലിച്ച് പിന്നീട് പെട്ടെന്ന് അല്‌പം കടുപ്പത്തിലുള്ള ജോലികൾ ചെയ്യുമ്പോഴും ഭാരം ഉയർത്തുമ്പോഴും മറ്റുമാണ് പെട്ടെന്ന് നടുവിന് വിലക്കം വരുന്നത്. ഒട്ടു മിക്കവരിലും ഒന്നു രണ്ടു ദിവസത്തെ വിശ്രമം കൊണ്ടു മാറാവുന്ന വിഷമതകളേ ഉണ്ടാകാറുള്ളൂ. പരിണാമത്തിന്റെ വഴിയിൽ, നാലുകാലുകളിലേക്കും സമ്മർദ്ദം ഏൽക്കും വിധമായിരുന്ന നട്ടെല്ലിന്റെ ഘടന പിന്നീട് രണ്ടുകാലുകളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ചിലർ പറയുന്നു. നടപ്പ് എന്ന പ്രക്രിയയുടെ സങ്കീർണതയും ഇതിലുണ്ട്. നമ്മുടെ നട്ടെല്ലിന്റെ ഘടനയ്‌ക്ക് കുത്തിയിരിപ്പ് അത്ര യോജിച്ചതല്ല എന്നു ചുരുക്കം

സ്‌ത്രീകൾക്കിടയിൽ നടുവിന് വേദന ഏറെയാണെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്‌കരായ സ്‌ത്രീകൾക്ക്. ആർത്തവം നിലയ്‌ക്കുന്നതോടെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. എല്ലിന്റെ ദൃഢത വർധിപ്പിക്കുന്നതിൽ കാൽസ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തിൽ ഈസ്‌ട്രോജൻ എന്ന സ്‌ത്രീ ഹോർമോണിന്റെ പ്രാധാന്യം ഏറെയാണ്. ആർത്തവം നിലയ്‌ക്കുന്നതോടെ ഈസ്‌ട്രജന്റെ അളവ് കുറയുന്നു. എല്ലിൽ കാൽസ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും. ഇങ്ങനെ വരുമ്പോൾ നട്ടെല്ലിന്റെ കാര്യമാണ് ഏറ്റവും കഷ്‌ടത്തിലാകുന്നത്. സ്‌ത്രീകൾ വെള്ളം കുടിക്കുന്നതിന്റെ അളവും വളരെ കുറവാണ്. ഡിസ്‌കിന് തേയ്‌മാനം സംഭവിച്ചും അകന്നും അതിനിടയിലേക്ക് മാംസം വളർന്നു കയറുന്നതായും കണ്ടുവരാറുണ്ട്. ഇങ്ങനെ മാംസം വളർന്ന് സുഷുമ്‌നയേയും മറ്റും ഞെരുക്കി കളയുന്നതിനാൽ ശരീരം തളർന്നു പോകാനും ഇടവന്നേക്കാം.

© Copyright 2018 Manoramaonline. All rights reserved...