കുഞ്ഞിക്കാൽ കാണാൻ ആഗ്രഹം, പക്ഷേ...

കുഞ്ഞിക്കാൽ കാണുകയെന്നത് ഏതു ദമ്പതികളുടെയും സ്വപ്നമാണ്. കുഞ്ഞിനായി ഒരു വർഷത്തോളം ബന്ധത്തിലേർപ്പെട്ടിട്ടും ഗർഭിണിയായില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. സ്ത്രീയുടെ പ്രായം മുപ്പത്തിയഞ്ചിൽ ഏറെയാണെങ്കിൽ അതിനു മുമ്പുതന്നെ ഡോക്ടറെ കാണണം. വന്ധ്യതാ ചികിൽസയെക്കുറിച്ചുള്ള അജ്ഞതയാവാം പലരെയും വൈദ്യസഹായം തേടാൻ പ്രേരിപ്പിക്കാത്തത്. എത്രയും വേഗം മികച്ച ചികിൽസ തേടുന്നതാണ് വന്ധ്യത ചികിൽസയുടെ വിജയമന്ത്രം. ദമ്പതിമാരിൽ ആർക്കാണ് തകരാറ് എന്നു കണ്ടെത്തുന്നതാണ് ചികിൽസയുടെ ആദ്യ ഘട്ടം. ‌‌നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തകരാറുകൾ അനായാസം കണ്ടെത്താം.

തകരാറു കണ്ടെത്താൻ പരിശോധന
പുരുഷ വന്ധ്യതയുടെ കാരണം തേടി ആദ്യം നടത്തുന്നത് ബീജപരിശോധനയാണ്. സാധാരണ ബീജ പരിശോധനയിൽ ബീജത്തിന്റെ ഗുണമേന്മ, എണ്ണം, ചലനശേഷി, ആകൃതി എന്നിവ അറിയാൻ കഴിയുമെങ്കിലും ജനിതക വൈകല്യങ്ങൾ‌ കണ്ടെത്താൻ വിദഗ്ധ പരിശോധന അനിവാര്യമാണ്. ബീജത്തിന്റെ സാംപിൾ ഡിഎൻഎ ഫ്രാഗ് മെന്റേഷൻ (‍ഡിഎഫ്ഐ) പരിശോധനയ്ക്കു വിധേയമാക്കുകയാണ് ചെയ്യുന്നത്. ബീജത്തിന് 25 ശതമാനത്തിലേറെ ക്ഷതമുണ്ടെങ്കിൽ മൂന്നു മാസം മരുന്നു കഴിച്ച ശേഷം ബീജം വീണ്ടും പരിശോധിക്കണം.

സ്ത്രീകൾക്കു പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണനിലവാരം കുറയും. ഒപ്പം, ജനിതകപരമായ വ്യതിയാനങ്ങളുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും. ഈ അണ്ഡങ്ങൾ കൊണ്ടുണ്ടാകുന്ന ഭ്രൂണത്തിൽ ജനിതകതകരാറുകൾ കൂടുതലായി കാണുന്നു. ഇത്തരം ഗർഭം ആദ്യമാസങ്ങളിൽ തന്നെ അലസിപ്പോകാൻ സാധ്യതയുണ്ട്. ജനിക്കുന്ന കുട്ടിക്കു ഡൗൺ സിൻഡ്രോം പോലുള്ള രോഗസാധ്യതയും മാതാവിന്റെ പ്രായം കൂടുന്നതനുസരിച്ചു വർധിക്കുന്നു. ഇർഗാ (ERGA) എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന എൻഡോമെട്രിയൽ റിസപ്റ്റർ ജീൻ അസേ (Endometrial Receptor Gene Assay) സ്ത്രീ വന്ധ്യതാചികിൽസയിൽ ഫലപ്രദമാണ്. പലയാവർത്തി ഐവിഎഫിലൂടെ ഭ്രൂണം ഉദരത്തില്‍ നിക്ഷേപിച്ചിട്ടും ഗർഭധാരണം നടക്കാത്തവരിൽ ഇർഗാ ചികിൽസയിലൂടെയാണ് ഭ്രൂണം ഉദരത്തിൽ നിക്ഷേപിക്കാനുള്ള അനുയോജ്യ സമയം കണ്ടെത്താം.

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ
അന്തരീക്ഷമലിനീകരണം മുതൽ ഭക്ഷണത്തിൽ വന്ന മാറ്റങ്ങൾ വരെ പുരുഷ വന്ധ്യതയ്ക്ക് കാരണമാകാം. അരനൂറ്റാണ്ടിനിടെ ഇത്തരം മാറ്റങ്ങൾ ശരാശരി പുരുഷബീജത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ കുറവു വരുത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വൃഷണത്തിന്റെ താപനില ശരീരത്തെക്കാൾ മൂന്നു നാലു ഡിഗ്രി സെന്റിഗ്രേഡ് താഴെയാണ്. വൃഷണത്തിന് ഒരു സെക്കൻഡിൽ ഏകദേശം ആയിരം ബീജങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുണ്ട്. പക്ഷേ, വൃഷണസഞ്ചിയുടെ ചൂട് കൂടുമ്പോൾ ബീജോൽപാദനം കുറഞ്ഞ് ഉൽപാദനശേഷിയെ ബാധിക്കാം. പുരുഷന്റെ ഇന്നത്തെ ജീവിതശൈലി വൃഷണസഞ്ചിയുടെ താപനിലക്രമീകരണത്തെ ബാധിക്കുന്നുണ്ട്. ഇറുകിയ അടിവസ്ത്രം, ദീർഘദൂരം തുടർച്ചയായുള്ള ബൈക്ക് യാത്ര, പുകവലി, വൈഫൈ റേഡിയേഷൻ, അമിത ചൂടുള്ള വെള്ളത്തിലെ കുളി തുടങ്ങിയവ പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നു.

ജനിതക വൈകല്യങ്ങൾ എങ്ങനെ നേരിടാം
ജനിതക വൈകല്യങ്ങൾ നൂതന പരിശോധനകളിലൂടെ കണ്ടെത്തുകയാണ് വന്ധ്യതാ ചികിൽസയുടെ പുതിയ മുഖം. ജനിതക വൈകല്യമുളള ബീജങ്ങൾ ഗർഭധാരണത്തിനു തടസമാകും. കുഞ്ഞിനു ഡൗൺ സിൻഡ്രോം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. സ്പേം ഹാപ്ലോടൈപ്പിങ് (Sperm Haplotyping) പരിശോധനയിലൂടെ ഓരോ ബീജത്തിന്റേയും ക്രോമസോമിലെ വ്യത്യാസം കണ്ടെത്താനാകും.

OTHER STORIES
© Copyright 2018 Manoramaonline. All rights reserved.