സുന്ദരിപ്പട്ടത്തിന്റെ തുടക്കം തര്‍ക്കത്തില്‍ നിന്ന്...

ഒരു അമേരിക്കന്‍ വേദിത്തര്‍ക്കത്തില്‍ നിന്നാണ് മിസ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി അഥവാ ദി ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ തുടക്കമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. 1952 മുതല്‍ എല്ലാവര്‍ഷവും കലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ നടന്നിരുന്നതാണ് മിസ് യൂണിവേഴ്സ് മത്സരം. എന്നാല്‍ 1960ല്‍ വേദിക്ക് ചെറിയൊരുമാറ്റം വന്നു. മിസ് യൂണിവേഴ്സ് മിയാമി ബീച്ചിലേക്ക് മാറ്റി. ഇതൊരു വിഭാഗത്തിനു പിടിച്ചില്ല. അവരെല്ലാവരും ചേര്‍ന്ന് ആവര്‍ഷം തന്നെ ലോങ് ബീച്ചില്‍ ഒരു സൌന്ദര്യമത്സരം നടത്താന്‍ തീരുമാനിച്ചു. ചുമ്മാ നടത്തിയാല്‍പ്പോരാ, പേരിലും നടത്തിപ്പിലും മിസ് യൂണിവേഴ്സോളം അല്ലെങ്കില്‍ അതിനും മുകളിലായിരിക്കണം പുതിയ മത്സരത്തിന്റെ സ്ഥാനം. അങ്ങിനെയാണ് ആദ്യമായി 1960ല്‍ മിസ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളുമായി ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റ് ആരംഭിക്കുന്നത്. തുടങ്ങിയ അതേ വര്‍ഷം തന്നെ ലോകത്തിലെ ഏറ്റവും മികച്ച സൌന്ദര്യമത്സരങ്ങളിലൊന്നായി അത് മാറി.

ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാല് സൌന്ദര്യമത്സരങ്ങളില്‍ (ദ് ബിഗ് ഫോര്‍ ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജന്റ്സ് എന്നാണീ നാല്‍വര്‍സംഘത്തിന്റെ പേര്- മിസ് ഇന്റര്‍നാഷണല്‍, മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ്, മിസ് എര്‍ത്ത്) എല്ലാം കൊണ്ടും ഒരുപടി മുന്നില്‍ത്തന്നെയുണ്ട് മിസ് ഇന്റര്‍നാഷണല്‍. കൂട്ടത്തില്‍ ഏറ്റവും പഴക്കം മിസ് വേള്‍ഡിനാണ്-1951ല്‍ ഇംഗണ്ടിലാണ് തുടക്കം. മിസ് യൂണിവേഴ്സ് 1952ലും. പിറകെയാണ് മിസ് എര്‍ത്തിന്റെ വരവ്. പാരിസ്ഥിതിക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയില്‍ ഉള്‍പ്പെടെ പ്രസംഗിക്കാനുള്ള അവസരമാണ് മിസ് എര്‍ത്തിനു ലഭിക്കുക. മിസ് ഇന്റര്‍നാഷണലിനുമുണ്ട് അത്തരമൊരു ചുമതല. സൌന്ദര്യം, സമാധാനം എന്നിവയുടെ വേള്‍ഡ് അംബാസഡര്‍മാരായിട്ടാണ് മിസ് ഇന്റര്‍നാഷണല്‍ പട്ടം നേടുന്നവരെ നിയോഗിക്കുന്നത്. ലോകസമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, അതിന്റെ പ്രചാരകരാവുക എന്നതാണ് ഈ സ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ മിസ് ഇന്റര്‍നാഷണല്‍ ഫണ്ട് എന്ന പേരില്‍ ഒരു പദ്ധതിയുമുണ്ട്. ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള പണംശേഖരിക്കുകയാണ് ലക്ഷ്യം.

മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിനെത്തുന്നവരും ഇതിലെ അംഗമാകും. യുനിസെഫ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇനി ബാക്കി ചരിത്രം: ലോങ് ബീച്ചില്‍ മിസ് ഇന്റര്‍നാഷണല്‍ സംഘവും അധികകാലം നിന്നില്ല. 1968 മുതല്‍ 70 വരെ ജപ്പാനില്‍ നടന്ന ഒസാക്ക വേള്‍ഡ് എക്സ്പോയോടോനുബന്ധിച്ച് ആ വര്‍ഷങ്ങളിലെ സൌന്ദര്യമത്സരം അങ്ങോട്ടു മാറ്റി. പിന്നെയും മത്സരം ലോങ് ബീച്ചില്‍ തിരിച്ചെത്തി. 1968 മുതല്‍ 2003 വരെ ടോക്ക്യോയായിരുന്നു മിസ് ഇന്റര്‍നാഷണലിന്റെ സ്ഥിരം വേദി. ഇടയ്ക്ക് ലോങ് ബീച്ചിലൊന്ന് തലകാണിച്ചത് 1971ല്‍. ഇടയ്ക്ക് 2004, 2006, 2009, 2010, 2011 വര്‍ഷങ്ങളില്‍ ചൈനയില്‍ ബീജിങ്ങിലുള്‍പ്പെടെ മത്സരം സംഘടിപ്പിച്ചു. 2008ല്‍ മക്കാവുവിലായിരുന്നു മത്സരം. 2012 മുതല്‍ ടോക്ക്യോയെ മിസ് ഇന്റര്‍നാഷണലിന്റെ സ്ഥിരം വേദിയായി തിരഞ്ഞെടുത്തിരിക്കുകയാണ്...