ജപ്പാനില്‍ ജറ്റാലിക്കയുടെ 'കേരളനടനം'

ഇന്ത്യയുടെ സുന്ദരി ജറ്റാലിക്ക കേരളത്തില്‍ വന്നിട്ടുണ്ടോയെന്നറിയില്ല, പക്ഷേ ജപ്പാനില്‍ കക്ഷിയെ താരമാക്കിയത് കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളായിരുന്നു. മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിലെ നാഷണല്‍ കോസ്റ്റ്യൂം മത്സരത്തിലാണ് ജറ്റാലിക്ക സ്വന്തം വേഷത്തില്‍ത്തന്നെ കേരള കലാരൂപങ്ങളെ ഇണക്കിച്ചേര്‍ത്തത്. ഒപ്പം ഇന്ത്യയുടെ തനത് വസ്ത്രരീതിയും ആഭരണങ്ങളും ചേര്‍ന്നപ്പോള്‍ ഭാരതത്തിന്റെ അഴക് ഒഴുകുകയായിരുന്നു റാംപില്‍. മയില്‍പ്പീലിക്കിരീടവും ലോങ് സ്കര്‍ട്ടിലെ മയില്‍പ്പീലിക്കാഴ്ചകളുമെല്ലാം ചേര്‍ത്തായിരുന്നു ഫെമിന മിസ് ഇന്ത്യ നാഷണല്‍ കോസ്റ്റ്യൂം മത്സരത്തില്‍ ജാറ്റലിക്ക റാംപിലെത്തിയത്. അവിടെ മികച്ച കോസ്റ്റ്യൂമിനുള്ള സമ്മാനവും ജാറ്റലിക്കയ്ക്കായിരുന്നു. അതിന്റെ ചുവടുപിടിച്ചായിരുന്നു മിസ് ഇന്റര്‍നാഷണലിലെ പ്രകടനം.

സമ്മാനം ലഭിച്ചില്ലെങ്കിലും കണ്ണിനു വിരുന്നാകുന്ന കാഴ്ചകളുമായിട്ടായിരുന്നു ജപ്പാനില്‍ ഇന്ത്യന്‍ സുന്ദരിയുടെ പ്രകടനം. പട്ടില്‍ത്തുന്നിയ ചോളിയും ലോങ് സ്കര്‍ട്ടുമായിരുന്നു ജറ്റാലിക്കയുടെ വേഷം. പാവാടക്കരയില്‍ തിളങ്ങുന്ന പട്ട്. ചുവപ്പും ഓറഞ്ചും നിറത്തിലുള്ള തുണികള്‍ പരസ്പരം ചേര്‍ത്ത് ഞൊറികള്‍ ചാര്‍ത്തി അഴകാക്കിയതായിരുന്നു സ്കര്‍ട്ട്. ചോളിയ്ക്കും സ്കര്‍ട്ടിനും ഇടയിലായി ഒരു നീല ടൈയും. കൈയിലും കഴുത്തിലും കാതിലുമെല്ലാം ഇന്ത്യന്‍ ആന്റിക് ആഭരണങ്ങള്‍. അതില്‍ത്തന്നെ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന നിര്‍മാണശൈലിയിലുള്ള കുന്ദന്‍ ആഭരണങ്ങളാണ് ഏറെ. (രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ രാജകുടുംബങ്ങള്‍ക്കായുണ്ടാക്കിത്തുടങ്ങിയതാണത്രേ കുന്ദന്‍ ആഭരണങ്ങള്‍.) ജാറ്റലിക്കയ്ക്കു പിറകിലായി തെയ്യക്കെട്ടിലുള്ളതുപോലെ ഒരു അലങ്കാരമുണ്ടായിരുന്നു. അതില്‍ ചില മുഖംമൂടികളും.

വിവിധ ഇന്ത്യന്‍ കലാരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നവ. ഏറ്റവും മുകളില്‍ത്തന്നെയായിരുന്നു കഥകളിമുഖത്തിന്റെ സ്ഥാനം. കഥകളിയുടെ ആണ്‍, പെണ്‍, കത്തിമുഖങ്ങള്‍. ഒപ്പം തെയ്യത്തിന്റെ മുഖവും യക്ഷഗാനത്തിലെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന മുഖംമൂടിയും. ശരിക്കും ഇന്ത്യന്‍ പാരമ്പര്യത്തെ മേലാകെ അണിഞ്ഞെത്തുകയായിരുന്നു ജാറ്റലിക്ക മിസ് ഇന്റര്‍നാഷണലിന്റെ റാംപില്‍.