ഇമേജ് മാറ്റി ഉജ്വല തിളത്തോടെ വജ്രം

വിലയ്‌ക്കൊപ്പം അളവിലും തൂക്കത്തിലും കടുപ്പം കുറച്ച് മേക്ക് ഓവർ നടത്തിയപ്പോൾ ആഡംബരത്തിന്റെ വജ്രത്തിളക്കം സാധാരണക്കാരന്റെ ആഭരണപ്പെട്ടിയിലും! പണക്കാരന്റെ ആമാടപ്പെട്ടിയിൽ നിന്ന് ഇടത്തരക്കാരന്റെ പെൻഡന്റിന്റെ തുമ്പിലേക്കു വജ്രത്തെ പ്രതിഷ്‌ഠിച്ചതു ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ എൻട്രി. സ്വർണത്തിന്റെയും വജ്രത്തിന്റെയും എക്കണോമിക്കൽ ആയ സമന്വയമാണ് ലൈറ്റ് വെയ്‌റ്റ് ഡയമണ്ട് ശ്രേണി. 6,000 രൂപയുടെ മൂക്കുത്തി മുതൽ 35,000 രൂപയുടെ ഡയമണ്ട് സെറ്റ് വരെ നീളുന്നു അവയുടെ നിര.

നെക്‌ലസുകൾ എന്ന സങ്കൽപത്തിൽ നിന്നു ലോങ് ചെയിനുകളുടെ ധാരാളിത്തത്തിലേക്ക് എത്തിയതാണ് ഏറ്റവും വലിയ മാറ്റം. നാലു ലക്ഷം രൂപ മുതൽ ഡയമണ്ട് ലോങ് ചെയിനുകൾ ലഭ്യമാണ്. ചെട്ടിനാട്, ലക്ഷ്‌മി ആഭരണങ്ങളും ഡയമണ്ടിലാണ് ഇപ്പോൾ ഏറെ ട്രെൻഡി. മയിൽ, പൂവ്, കർവ്‌ഡ് ഡിസൈനുകളൊക്കെ കടന്ന് ഇപ്പോൾ അബ്സ്‌ട്രാക്‌ട് പ്രിന്റുകളിലും ഡയമണ്ട് ആഭരണങ്ങൾ എത്തിത്തുടങ്ങി. ബ്രാൻഡഡ് ജ്വല്ലറിയാണ് ഇത്തരം പരീക്ഷണങ്ങൾ ഏറെയും. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വംഗി, ഹിപ് ചെയിൻ എന്നിവയും ഡയമണ്ടിൽ നിർമിച്ചു തുടങ്ങി. താലി, വിവാഹമോതിരം എന്നിവയിൽ ഡയമണ്ട് പതിക്കുമ്പോൾ കാശുള്ളവർ ഒരുപടി കൂടി കടന്ന് പ്ലാറ്റിനത്തിലാകും ചെയ്യുക.

വില കുറവായതിനാൽ അൺകട്ട് ഡയമണ്ടിനും ആവശ്യക്കാരേറെ. അൺകട്ട് ഡയമണ്ടിന്റെ വലിയ ചോക്കർ നെക്‌ലസാണ് വിവാഹനിശ്‌ചയദിനത്തിലെ ഹൈലൈറ്റ്. 18 കാരറ്റിൽ തീർത്ത ഇത്തരം ആഭരണങ്ങൾക്കു നേരിയ മഞ്ഞ കലർന്ന നിറമാണ് . ഒരുവശം മാത്രം പോളിഷ്‌ഡ് ആയതിനാൽ ലൈറ്റ് വെയ്‌റ്റും ആണ്. ഒപ്പം വിലയിലും ലൈറ്റ്.

18 കാരറ്റ് സ്വർണത്തിലാണ് സാധാരണ ഡയമണ്ട് പതിപ്പിക്കുക. വജ്രക്കല്ലിന്റെ ഗുണത്തിനും വലുപ്പത്തിനും ആനുപാതികമായി വിലയും കൂടും. ലൈറ്റ് വെയ്‌റ്റ് ശ്രേണിയിൽ ഏറ്റവും ഡിമാൻഡ് പെൻഡന്റുകൾക്കാണ്. 10000 മുതൽ 25,000 രൂപ വരെയുള്ള പെൻഡൻഡുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. വള, ലോക്കറ്റ്, ചെയിൻ, സ്‌റ്റഡ് അടങ്ങിയ ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ സെറ്റിനു 40, 000 രൂപയോളമാണുവില. ഇതേ ആഭരണങ്ങളടങ്ങിയ ബ്രൈഡൽ സെറ്റിനു പക്ഷേ, വില രണ്ട് ലക്ഷം കവിയും. റീസെയിൽ വാല്യുവാണ് ഡയമണ്ട് തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം. വിലയിടിയാനുള്ള സാദ്ധ്യത കുറവ്. വർഷങ്ങളെത്ര കഴിഞ്ഞാലും അന്നത്തെ മാർക്കറ്റ് വില ലഭിയ്‌ക്കും.