വജ്രം!

നിത്യപ്രണയത്തിന്റെ തിളക്കമാർന്ന പ്രതീകമായ വജ്രം ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട പ്രേമോപഹാരമായി മാറിയിരിക്കുന്നു. മുൻപ് സമ്പന്നർക്കിടയിൽ വിവാഹ നിശ്‌ചയച്ചടങ്ങിനണിയാനുള്ള മോതിരത്തിൽ പതിച്ചു മാത്രമായിരുന്നു വജ്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇന്ന് ഇടത്തരക്കാർക്കിടയിൽ പോലും ഇതിന് ഡിമാൻഡ് ഏറിയിരിക്കുന്നു. വൈരക്കല്ലു കമ്മലുകളോ മോതിരങ്ങളോ പെൻഡന്റോ ഇല്ലാത്ത സ്‌ത്രീകൾ സാധാരണക്കാർക്കിടയിൽ പോലും അപൂർവം. ഏറെ വില കൊടുത്ത് ആഗ്രഹിച്ചു വാങ്ങുന്ന വജ്രം ആജീവാനന്തം നിലനിൽക്കാൻ അവ വാങ്ങുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

രത്നക്കല്ലുകളുടെ മേന്മ തിരിച്ചറിയാൻ നാലു ‘സി’കൾ ശ്രദ്ധിച്ചാൽ മതി. ക്ലാരിറ്റി (വ്യക്‌തത), കട്ട് (മുറിച്ച രീതി), കളർ (രത്നത്തിന്റെ നിറം), കാരറ്റ് എന്നിവയാണ് നാലു ‘സി’കൾ. മറ്റു ധാതുക്കളുടെ സാന്നിധ്യമില്ലാത്ത തെളിമയുള്ള രത്നക്കല്ലുകളാണ് ഏറ്റവും മുന്തിയ ഇനം. ഇവയ്‌ക്ക് മനോഹാരിതയെന്ന പോലെ തന്നെ വിലയും ഏറും. കൃത്യതയോടെ ശാസ്‌ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് മുറിച്ചെടുത്ത, വിള്ളലുകള്ളില്ലാത്ത രത്നക്കല്ലുകൾക്കും ഇതു തന്നെയാണ് അവസ്‌ഥ. അല്ലാത്തവയ്‌ക്ക് വില കുറയും, ആവശ്യക്കാരും. മുറിച്ചെടുക്കുന്ന രത്നങ്ങൾ ആവശ്യക്കാരുടെ ഇഷ്‌ടപ്രകാരം വ്യത്യസ്‌ത ആകൃതിയിൽ ആഭരണങ്ങളിൽ സെറ്റു ചെയ്‌തു ലഭിക്കും. വജ്രത്തിന്റെ കാരറ്റ് ഉയരുന്നതനുസരിച്ചും വിലയേറും. നിറമില്ലാത്ത രത്നക്കല്ലുകൾക്കാണ് കേരളത്തിൽ ആവശ്യക്കാരേറെയുള്ളത്. എന്നാൽ നിറമുള്ള വൈരക്കല്ലുകളും ലഭ്യമാണ്. ചലച്ചിത്ര താരങ്ങളും മറ്റുമാണ് ഇതിന്റെ ആരാധകർ.

വജ്രം പതിപ്പിച്ച് സ്വർണാഭരണങ്ങൾ തയ്യാർ ചെയ്യുമ്പോൾ 18 കാരറ്റ് സ്വർണമാണ് സാധാരണയായി ഉപയോഗിക്കുന്നത്. രത്നക്കല്ലുകൾ സ്വർണത്തിൽ പതിച്ച് ആഭരണങ്ങൾ തയ്യാർ ചെയ്യുന്നവർ ഇപ്പോൾ കുറവാണ്. പ്ലാറ്റിനത്തിൽ വൈരം പതിപ്പിച്ച് ആഭരണങ്ങൾ പണിയുന്നതാണ് സമ്പന്നർക്കിടയിലെ പുതിയ പതിവ്. സാധാരണക്കാർക്കും ഇവിടെ ആശ്വാസത്തിനു വകയുണ്ട്. അവർക്കു വേണ്ടി വൈറ്റ് ഗോൾഡിൽ തീർത്ത ആഭരണങ്ങൾ വിപണിയിലുണ്ട്.

വജ്രാഭരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധ വേണം. വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബോക്‌സിനുള്ളിൽ തന്നെ അവ സൂക്ഷിക്കുന്നതാണ് നല്ലത്. ഉപയോഗിച്ച ശേഷം വിയർപ്പോടെ വജ്രാഭരണങ്ങൾ തിരികെ വയ്‌ക്കരുത്. അൽപം പഞ്ഞി ഉപയോഗിച്ച് അവയിൽ പറ്റിയ വിയർപ്പ് ഒപ്പി മാറ്റിയ ശേഷമേ ബോക്‌സിൽ വയ്‌ക്കാവൂ. മറ്റു സ്വർണാഭരണങ്ങൾക്കൊപ്പം അലസമായി ഇടുകയുമരുത്. രത്നക്കല്ലുകൾ വാങ്ങുമ്പോൾ അംഗീകൃത ഏജൻസിയുടേതു തന്നെ വാങ്ങണം. അവർ ഇതിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യും. വജ്രാഭരണങ്ങൾ നല്ലൊരു നിക്ഷേപമാണ്. ഇവയ്‌ക്ക് ഒരിക്കലും വിലയിടിയുന്നില്ല. വജ്രക്കല്ലുകൾ വിൽക്കുമ്പോൾ അതാത് സമയത്ത് വിപണിയിലുള്ള വില ലഭിക്കും.