ഞാൻ കാത്തിരിക്കുന്നു എന്റെ വാലന്റൈനായി;കൃഷ്ണപ്രഭ
ലക്ഷ്മി നാരായണൻ
ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വാലന്റൈനെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജീവിതത്തിൽ ഇതുവരെ വാലന്റൈന്സ് ഡേ ആഘോഷങ്ങളും ഉണ്ടായിട്ടില്ല. ഏതൊരു സാധാരണ ദിവസവും വന്നു പോകുന്നത് പോലെ തന്നെയാണ് ഞാൻ ഇത് വരെ ഈ ദിവസത്തെ കണ്ടിട്ടുള്ളത്. അല്ലെങ്കിൽത്തന്നെ, പ്രണയിക്കാൻ അല്ലെങ്കിൽ പ്രണയം തോന്നാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ജീവിതത്തിൽ, ഇതുവരെ പ്രണയം ഉണ്ടാകാതിരുന്നതിന് കാരണം ഞാൻ തന്നെയാണ്. കോളേജ് കാലഘട്ടത്തിലും പുറത്തുമൊന്നും ഒരിക്കലും ഞാൻ ഇത്തരം കാര്യങ്ങളോട് താൽപര്യം കാണിച്ചിരുന്നില്ല. എന്റെ സ്വഭാവം അത്ര പെട്ടന്ന് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഞാൻ ഇതുവരെ പ്രണയം എന്നതിനെ ജീവിതത്തിൽ അംഗീകരിച്ചിട്ടില്ല.
പുറമേ കാണുന്ന പോലത്തെ ഒരു വായാടി പെൺകുട്ടിയല്ല ഞാൻ. വ്യക്തിപരമായി എല്ലാകാര്യങ്ങളിലും സ്വന്തം നിലപാടുള്ള ആളാണ് ഞാൻ. അതിൽ ചില കാര്യങ്ങൾ പലർക്കും ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ എന്നെ അടുത്തറിയാവുന്നവർക്ക് എന്റെ ഈ സ്വഭാവം മനസിലാക്കാനാവും. പ്രണയം വിവാഹം എന്നിവയ്ക്ക് വേണ്ടി ഒരിക്കലും ഞാൻ എന്റെ കരിയർ, നൃത്തം , അഭിനയം എന്നിവ വേണ്ടെന്നു വയ്ക്കാൻ തയ്യാറല്ല. കാരണം
വർഷങ്ങളായി ഞാൻ ആഗ്രഹിച്ചു വന്നതാണ് സിനിമാ ഫീൽഡിൽ . ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി എന്റെ ഇത്രയും വർഷത്തെ സ്വപ്‌നങ്ങൾ ഞാൻ വേണ്ടെന്നു വയ്ക്കില്ല. ഇത്തരം കാര്യങ്ങൾ വേണ്ടെന്നു വയ്ക്കേണ്ടി വരുന്ന പ്രണയമോ ബന്ധമോ എനിക്ക് വേണ്ട. ഇത് പറഞ്ഞു എന്ന് കരുതി എന്നെ ഒരു അഹങ്കാരിയായി കാണരുത്. ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്തു പോകാൻ എനിക്കറിയാം . അതിനു തയ്യാറുമാണ്.
എന്റെ ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട്സ് എന്റെ അമ്മയും ചേട്ടനുമാണ്, ഇവരെ രണ്ടുപേരെയും ഉൾക്കൊള്ളാൻ കഴിയുന്ന , എന്റെ വ്യക്തിത്വത്തെ പൂർണ്ണമായി സ്വീകരിക്കുന്ന, വളർച്ചയുടെ ഓരോ പടവിലും കൂടെ നിൽക്കുന്ന ഒരു വാലന്റൈന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. അത് ഈ വർഷം കിട്ടിയില്ലെങ്കിൽ അടുത്ത വർഷം വരെ കാത്തിരിക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല