പ്രണയം 7 വിധം, നിങ്ങളുടേത് എങ്ങനെ?



പ്രണയം മനോഹരമായ വികാരമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടാവുകയുമില്ല. എന്നാൽ എല്ലാവരും ഒരുപോലെയാണോ പ്രണയിക്കുക? അല്ലേയല്ല.. പലരുടെയും പ്രണയം പല വിധത്തിലായിരിക്കും. മന:ശാസ്ത്രപ്രകാരം ഏഴു വിധത്തിലുള്ള പ്രണയങ്ങളുണ്ടത്രേ.. പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ റോബർട്ട് സ്റ്റീൻബര്‍ഗ് തന്റെ ട്രയാങ്കുലർ തിയറി ഓഫ് ലവിലൂടെ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. ഇതുപ്രകാരം പ്രണയത്തില്‍ പ്രധാനമായും മൂന്നു ഘടകങ്ങളാണുള്ളത്. പാഷൻ, ഇന്റിമസി, കംപാഷൻ എന്നിവയാണവ. ഈ മൂന്നു ഘടകങ്ങൾ വ്യത്യസ്ത വിധത്തിൽ പ്രണയത്തിൽ പ്രകടമാവുകയും അങ്ങനെ പ്രണയം ഏഴുതരമുണ്ടാവുകയും ചെയ്യുന്നു. അവയെതൊക്കെയെന്നു നോക്കാം.

ഇഷ്ടം/ സൗഹൃദം

നിങ്ങള്‍ക്ക് ചിലരോടൊക്കെ ഒരു അടുപ്പം തോന്നാറില്ലേ. നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സങ്കടകരവുമായ കാര്യങ്ങൾ കടന്നു പോവുമ്പോഴൊക്കെ അതെല്ലാം തുറന്നു പറയുന്ന ഒരാൾ. നിങ്ങൾ‌ അവരെ സ്നേഹിക്കുന്നുണ്ടെന്നതു ശരി തന്നെ. പക്ഷേ ഈ സ്നേഹം സൗഹൃദമോ വെറും ഇഷ്ടമോ മാത്രമാണ്.

ഇൻഫാച്വേഷൻ


ചിലരെ കാണുമ്പോൾ ഒരു പാഷൻ തോന്നും. അടങ്ങാത്ത തീവ്രമായ ഒരു വികാരം. അതു പെട്ടെന്നു മറ്റൊരാളോടു തോന്നുന്ന ശാരീരികവും മാനസികവുമായ അടുപ്പമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇൻഫാക്ച്വേഷൻ. ഇതൊരിക്കലും നീണ്ടുനിൽക്കണമെന്നില്ല. ഇന്റിമസിയോ കമ്മിറ്റ്മെന്റോ ഇല്ലാത്തതായിരിക്കും ഇത്തരം പ്രണയങ്ങൾ.

എംറ്റി ലവ്


ഇത്തരം പ്രണയങ്ങളിൽ നിങ്ങൾ മറ്റൊരാളിൽ അങ്ങേയറ്റം പ്രതിജ്ഞാബദ്ധരായിരിക്കും. എന്നാലോ പാഷനോ ഇന്റിമസിയോ ഒന്നും കാണില്ല. ഇവയെ പറയുന്നത് എംറ്റി ലവ് എന്നാണ്. പല കുടുംബങ്ങളിലും കാണുന്നത് ഇത്തരം സ്നേഹമാണ്.

റൊമാന്റിക് ലവ്


രണ്ടു വ്യക്തികൾ തമ്മിൽ ഇന്റിമസിയും പാഷനും ഉണ്ടാകുമ്പോഴാണ് അവിടെ റൊമാന്റിക് ലവ് രൂപപ്പെടുന്നത്. കമ്മിറ്റ്മെന്റ് ഇല്ലാത്ത ഇത്തരം പ്രണയങ്ങൾ ചിലപ്പോൾ അധികനാൾ നീണ്ടുപോയേക്കില്ല.

കംപാനിയനേറ്റ് ലവ്

ഇന്റിമസിയും കമ്മിറ്റ്മെന്റും കൂടിച്ചേരുമ്പോഴാണ് കംപാനിയനേറ്റ് ലവ് ഉണ്ടാകുന്നത്. സൗഹൃദത്തിനു സമാനമായിരിക്കും ഈ പ്രണയം. കൂടുതൽ വിവാഹ ജീവിതങ്ങളിലും ഇത്തരം പ്രണയമാണ് കാണാൻ കഴിയുക. പ്രത്യേകിച്ചും പ്രായമായവർക്കിടയിൽ പങ്കാളിയുടെ ശരീരത്തോടുള്ള പാഷനേക്കാൾ സുഹൃത്തിനു സമാനമായ പ്രണയമായിരിക്കും ഉണ്ടാവുക.

ദുർബലമായ പ്രണയം

ഇത്തരം പ്രണയങ്ങളിൽ അടങ്ങാത്ത പാഷനും കമ്മിറ്റ്മെന്റും ഉണ്ടായിരിക്കും പക്ഷേ അത്യാവശ്യമായും വേണ്ട ഇന്റിമസി മാത്രം കാണില്ല.

സമ്പൂർണമായ പ്രണയം

ഇന്റിമസിയും പാഷനും കമ്മിറ്റ്മെന്റും ഒരേ അളവിലുള്ള ബന്ധങ്ങളെയാണ് സമ്പൂർണ പ്രണയമെന്നു കണക്കാക്കുന്നത്. പല പ്രണയങ്ങളിലും കാണാൻ കഴിയാത്തതും ഇതുതന്നെയാണ്.