ഒരു അക്കിടിയുടെ കഥ
പ്രകാശ് ബാരെ, സിനിമാ- നാടക പ്രവർത്തകൻ, നിർമ്മാതാവ്
ഡിഗ്രിയ്ക്ക് പഠിച്ചത് പാലക്കാട് NSS എന്ജിനീയറിംഗ് കോളേജിൽ ആയിരുന്നു. അന്ന്
കേരളത്തിലാകെ ആറ് എന്ജിനീയറിംഗ് കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികളും
എന്ജിനീയറിങ്ങും വലിയ സ്വരചേർച്ചയില്ലാത്ത കാലം. ആകെയുള്ള വിദ്യാർഥികളിൽ പത്തു
ശതമാനം പോലും വരില്ല പെൺകൊടികൾ. എന്നു വച്ചാൽ ഡിമാണ്ടും സപ്ലൈയും തമ്മിൽ അതിഭീകരമായ
അന്തരം. അതുകൊണ്ടുതന്നെയാവണം കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ലൈനായിരുന്നു
ആൺപിള്ളേർക്ക് പൊതുവെ. രാഷ്ട്രീയവും കവിതയും നാടകവും മദ്യപാനവുമൊക്കെ അന്തസ്സുള്ള
കാര്യങ്ങളായും പ്രണയത്തെ കളിയാക്കേണ്ടുന്ന ഒരു ബാലഹീനതയായുമാണ്
കരുതപ്പെട്ടിരുന്നത്. പ്രേമമൊക്കെ ആർട്സ് കോളേജ് പിള്ളാർക്ക് പറഞ്ഞതാണെന്ന ലൈൻ.
മരുന്നിനു പോലും പെൺതരികളില്ലാത്ത മെക്കാനിക്കൽ ബ്രാഞ്ചിലെ വിദ്വാന്മാരായിരുന്നു
ഇത്തരം നിഷേധാത്മക നിലപാടുകളിൽ മുന്നിൽ. മറ്റുള്ള ബ്രാഞ്ചിലുള്ള ഞങ്ങളാൽ ചിലർ
മനസ്സുകൊണ്ടെങ്കിലും ഈ ഔദ്യോഗിക പോളിസിയിൽ വെള്ളം ചേർക്കുമായിരുന്നു. പിയർ പ്രെഷർ
കാരണം അത് പലപ്പോഴും മൗനാനുരാഗമായൊ രഹസ്യമായൊ ആയിരിക്കും.
അന്നത്തെ നമ്മുടെ റോൾ മോഡൽസ് ജലജയും വേണു നാഗവള്ളിയുമൊക്കെയായിരുന്നു. അസ്തിത്വ
ദുഃഖം പേറുന്ന നായകനും മൌനം കൊണ്ട് വാചാലയാകുന്ന നായികയും. മിമിക്രി സംസ്ക്കാരം
തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ജോൺ എബ്രഹാമും ചുള്ളിക്കാടും കടമ്മനിട്ടയും ഒ വി
വിജയനുമൊക്കെയടങ്ങുന്ന ബുദ്ധിജീവികൾ തന്നെയായിരുന്നു കാമ്പസിലെ താരങ്ങൾ. അത്യാവശ്യം
രാഷ്ട്രീയവും നാടകാഭിനയവുമൊക്കെയായി നടന്നിരുന്ന എനിക്ക് അത്യാവശ്യം പ്രണയ
സാധ്യതകളൊക്കെ തെളിഞ്ഞു വന്നിരുന്നുവെങ്കിലും എന്റെ നന്മയിൽ അതീവ തൽപ്പരരായിരുന്ന
വലിയൊരു ആൺസുഹൃത്വലയം ഉണ്ടായിരുന്നതിനാൽ കളിയാക്കിയും പാരവച്ചും അതൊക്കെ മുളയിലേ
നുള്ളപ്പെടുമായിരുന്നു! അത് പലപ്പോഴും നമ്മുടെ തന്നെ മുൻചെയ്തികൾക്കുള്ള
പ്രത്യുപകാരവുമായിരിക്കും! പെൺകുട്ടികളുടെ ഭാഗത്തു നിന്ന് നോക്കിയാൽ "ഇവരോട്
ചേർന്നാൽ നന്മയോ"എന്ന് തോന്നിക്കും മട്ടിലായിരുന്നു കാര്യങ്ങൾ.
മൂന്നാമത്തെ വർഷമാണെന്നു തോന്നുന്നു. നാടകാഭിനയം കുറച്ചൂടെ ഉഷാറായി സർവ്വകലാശാല
ഇന്റർസോണിൽ ബെസ്റ്റ് ആക്ടർ ഒക്കെയായ വർഷം. അന്ന് ആറ്റു നോറ്റുണ്ടായ ഒരു പെൺസൌഹൃദം
എനിക്കുണ്ടായിരുന്നു. സംഭവം രഹസ്യമായിരുന്നെങ്കിലും ആ പെൺകുട്ടിയുടെ ഒരു മാല ഞാൻ
വാങ്ങി ധരിച്ചിരുന്നു. മുത്തൊക്കെ കോർത്ത വെള്ളിനിറമുള്ളൊരു മാല. അതിന്റെ കഥയാണിനി
പറയാൻ പോകുന്നത്.
കാമ്പസിന്നു പുറത്ത് അകത്തെത്തറ ഗ്രാമത്തിലായിരുന്നു അക്കാലത്തെ താമസം.
ഇട്ടിപ്പങ്ങി അച്ചൻ എന്നൊരാളുടെ കാമാക്ഷിനിലയം ലോഡ്ജ്‌മുറിയായിരുന്നു ആവാസകേന്ദ്രം.
ആറരയടി ഉയരവും, എഴുപതോളം പ്രായവും, ഇരുണ്ട നിറവുമുള്ള, മിക്കവാറും നേരം കോണകം
മാത്രം ധരിക്കുന്ന അച്ചനും ഭാര്യ കാമാക്ഷിയമ്മയും അവരുടെ കുറെയെരുമകളും ലോഡ്ജിനോട്
ചേർന്നുള്ള ചായ്പ്പിലായിരുന്നു താമസം. ഗ്രാമവാസികൾക്കിടയിൽ ഞങ്ങൾ അച്ചന്റെ മക്കൾ
എന്നാണ് അറിയപ്പെട്ടിരുന്നത്. കോളേജിൽ കാമാക്ഷിയൻസ് എന്നും. തൊട്ടു മുന്നിൽ
റോഡിന്നെതിർവശമായി സദാസമയം സിനിമാക്കഥകൾ വിളമ്പുന്ന, സ്ഥലത്തെ പ്രധാന എം ജി ആർ
ഭക്തനായ ഗോംബി എന്നൊരാളുടെ പെട്ടിക്കടയും അതിന്നു പുറകിൽ അയാളുടെ വീടും.
അതായിരുന്നു സെറ്റിംഗ്.
ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ ലോഡ്ജിനു വെളിയിലൊരു സ്റ്റൂളിലിരുന്ന് ജനറൽ
ബോഡിയൊക്കെ കാണിച്ചു ബക്കറ്റും ബ്രഷുമൊക്കെയായി അലക്കുപരിപാടിയിൽ
ഏർപ്പെട്ടിരിക്കുകയായിരുന്നു. ലോഡ്ജിന്റെ മുന്നിൽ റോഡ് വക്കത്തായിരുന്നു മറച്ചു
കെട്ടിയ കുളിമുറി. അതുകൊണ്ട് തന്നെ കുളിയും നനയുമൊക്കെ നാലാളറിയാതെ നടക്കുന്ന
പ്രശ്നമേയില്ലായിരുന്നു. റോഡിൽ പോകുന്നവരൊക്കെ കാണുന്നതിന്റെ ചമ്മൽ മാറ്റാനെന്ന
വണ്ണം ഉറക്കെ പാടുകയെന്നത് എന്റൊരു സമ്പ്രദായമായിരുന്നു. അന്നത് പ്രശ്നമായി. അത്
വഴി പോയൊരു ചെറുപ്പക്കാരൻ എന്നെ തുറിച്ചു നോക്കിയാണ് കടന്നു പോയത്. ഞാൻ ചിരിച്ചു
കാട്ടിയെങ്കിലും അയാൾ ഗൌരവം വിടാതെ നോക്കുക മാത്രമാണ് ചെയ്തത്. കുറച്ചു കഴിഞ്ഞപ്പോൾ
അയാൾ ഒന്ന് രണ്ടു പേരെയും കൂട്ടി അതെ വഴി തിരിച്ചും പോയി. അപ്പോഴും അയാൾ തിരിഞ്ഞു
തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. അലക്കൊക്കെ
വിജയകരമായി പൂർത്തിയാക്കി ഞാൻ കുളിച്ചു മുറിയടങ്ങി.
വൈകീട്ടായപ്പോഴത്തേക്കും ലോഡ്ജിനു മുന്നിൽ ഒരു വലിയൊരാൾക്കൂട്ടവും ബഹളവും. "ആരെടാ
ഇവിടെ കുരിശുമാലയിട്ടു അയ്യപ്പൻ പാട്ട് പാടിയത്! ഇറങ്ങി വാടാ!" എന്നായിരുന്നു
ആക്രോശം. അപ്പോഴാണ് ഞാനിട്ടിരുന്ന മാലയിൽ കുരിശുണ്ടായിരുന്നുവെന്നും പാടിയത്
അയ്യപ്പൻ പാട്ടായിരുന്നു എന്നും തിരിച്ചറിയുന്നത്. ഉചചയ്ക്ക് കണ്ട ചെറുപ്പക്കാരൻ
കുറേപ്പേരെ പറഞ്ഞിളക്കി കൊണ്ടുവന്നതാണ്. മതവികാരങ്ങൾ പെട്ടെന്ന് വ്രണിതങ്ങളായി!
സഹമുറിയന്മാർ എന്നെയൊരു മുറിയിൽ പൂട്ടിയിട്ട ശേഷം ആൾക്കൂട്ടത്തെ പറഞ്ഞു
സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവർക്കെന്നെ കയ്യിൽ കിട്ടിയേതീരൂ. ഞാൻ
ക്രിസ്ത്യാനിയല്ലെന്നും ഇനി പാടില്ലെന്നുമൊക്കെയവർ പറഞ്ഞുനോക്കുന്നുണ്ടായിരുന്നു.
എവിടെയേശാൻ! മണിക്കൂറുകൾ കഴിഞ്ഞിട്ടും തെറിവിളിയും വാതിലിന്മേലുള്ള ഇടിയും
കൂടിവന്നതെയുള്ളൂ.
സംഭവം കയ്യീന്നു പോയീന്നുറപ്പിച്ചപ്പോഴാണ് "ആർക്കാടാ എന്റെ മക്കളെ തല്ലേണ്ടത്?"
എന്ന് പാറയിൽ ചിരട്ടയുരക്കുന്ന ശബ്ദത്തിൽ ചോദിച്ചുകൊണ്ട് കോണകവും കൊടുവാളുമായി
അച്ഛൻ രംഗപ്രവേശം ചെയ്തത്. പുറകിൽ നിന്ന് "തലയും വാലും" എന്ന് അച്ചനെ ഇരട്ടപ്പേര്
വിളിച്ചു കളിയാക്കിയിരുന്ന നാട്ടുകാർ കക്ഷിയെ എത്ര പേടിച്ചിരുന്നുവെന്ന് അന്ന്
ഞങ്ങൾക്ക് മനസ്സിലായി. അച്ഛന്റെ പൂർവ്വാശ്രമ കഥകൾ നമ്മൾ ശരിക്കും
അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അച്ഛൻ ഒരു കൊലപാതക കേസിൽ പ്രതിയായിരുന്നത്രേ.
വേട്ടയ്ക്കിടയിൽ കാട്ടിൽ വച്ചൊരാളെ വെടിവച്ചു കൊന്ന കേസ്. കോടതിയിലെത്തിയപ്പോ അച്ഛൻ
നിഷ്കളങ്കമായി പറഞ്ഞത്രെ "തലയും വാലും കണ്ടില്ല. ഒരനക്കം കേട്ടു.. വച്ചു വെടി.
ആളാണെന്ന് അറിഞ്ഞില്ലാ യസമാ". അത് കേട്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടൂന്നാണ് ഒരു
കഥ. അന്ന് കിട്ടിയതാണ് തലയും വാലും എന്ന ഇരട്ടപ്പേര്.
ഏതായാലും അപ്രതീക്ഷിതമായ ഈ ട്വിസ്റോടു കൂടി ഞാൻ രക്ഷപ്പെട്ടു. ബഹളക്കാർ മുഴുവൻ
ഒറ്റയടിക്ക് സ്ഥലം കാലിയാക്കി. ഞങ്ങളും രായ്ക്കുരാമാനം ഹോസ്റ്റെലിലേക്ക് പാലായനം
ചെയ്തു. ബഹളത്തിനിടയ്ക്ക് ഊരിവച്ച ആ മാലയും കാണാതായതിനാൽ ആ സൌഹൃദത്തിന്റെ
കാര്യത്തിലും ഒരു തീർപ്പായിക്കിട്ടി! അഭ്യുദയകാംക്ഷികളായ കൂട്ടുകാരുടെ പതിവ്
സഹായമേതുമില്ലാതെ തന്നെ..
നമ്മുടെ സമൂഹം ഒരു പാട് മാറി. ഇന്നത്തെ തലമുറ കുറേക്കൂടി ഓപ്പൺ ആണ്, പ്രണയത്തിന്റെ
കാര്യത്തിൽ. പ്രൊഫഷണൽ കോളേജുകൾ ആർട്സ് കോളേജുകളുടെ ഒട്ടും പുറകിലല്ല. അവർക്കെല്ലാം
പ്രണയനിബദ്ധമായ ജീവിതം - വാലന്റൈൻസ് ദിവസവും - ആശംസിക്കുന്നു.