ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല 

ഗായത്രി

കാര്‍ത്തിക്കും ഭാര്യ ഉമയും

2017  ഫെബ്രുവരി 14  നു ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോൾ ചെന്നൈ നഗരത്തിലെ അണ്ണാ നഗറിലെ വീട്ടിൽ കാർത്തിക് നിറം കെട്ടുപോയ ഒരു പിടി സ്വപ്നങ്ങളുടെ ചിന്തയിലായിരിക്കും. കാരണം തന്റെ എല്ലാമെല്ലാമായ ഭാര്യ ഉമ മഹേശ്വരി ഇല്ലാത്ത കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യത്തെ പ്രണയദിനമാണിത്. കാർത്തിക്കിനെയും ഭാര്യ ഉമയെയും അത്രപെട്ടെന്ന് നമ്മളാരും മറക്കില്ല. കഴിഞ്ഞ മാസം ഭർത്താവുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പെട്ടു മരിച്ച യുവതിയുടെയും അവരുടെ 5  മാസം പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിന്റെയും കഥ ആരാണ് മറക്കുക. ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനേയും നഷ്ടപ്പെട്ട വിഷമത്തിൽ ബൈക്ക് യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തന്റെ അനുഭവത്തെ മുൻനിർത്തി കാർത്തിക് എഴുതിയ കുറിപ്പ് ഹൃദയം കൊണ്ടാണ്  ലോകം ഏറ്റുവാങ്ങിയത് . ‌

കാർത്തിക്കിനെ സംബന്ധിച്ചിടത്തോളം ഉമ ഇനിയില്ല എന്ന തിരിച്ചറിവ് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും ഉമാ മഹേശ്വരി എന്ന ഉമയെക്കുറിച്ചുള്ള ജീവിക്കുന്ന ഓർമ്മകൾ ഈ യുവാവിന് പ്രചോദനമാകുകയാണ്. അതുകൊണ്ടു തന്നെയാണ്, ഈ വാലന്റൈൻ ദിനം കാർത്തിക്കിനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാകുന്നതും. പ്രണയദിനം എത്തുന്നതിന് കുറച്ചു നാളുകൾക്കിപ്പുറം പ്രണയം മുറിഞ്ഞതിന്റെ വേദന മനോരമ ഓണ്‍ലൈനിനോടു പങ്കു വയ്ക്കുകയാണ് കാർത്തിക്. 

അവൾ , എന്റെ ഉമ ഉണ്ടായിരുന്നെങ്കിൽ ഇതു ഞങ്ങളുടെ പത്താമത്തെ പ്രണയദിനമാകുമായിരുന്നു. പ്രണയത്തിന്റെ ഒരു ദശാബ്ദക്കാലം. പത്താം വര്‍ഷം ആയതുകൊണ്ടു തന്നെ ആഘോഷങ്ങൾ ഗംഭീരമാകണം എന്നു ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. നീണ്ട 9 വർഷത്തെ പ്രണയത്തിനു ശേഷമാണ്  ഞങ്ങൾ വിവാഹിതരാകുന്നത്. കോളജിൽ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ഉമ. ആദ്യം ഞങ്ങൾ തമ്മിൽ കേവലം സൗഹൃദം മാത്രമായിരുന്നു. പിന്നീടത് പ്രണയത്തിനു വഴിമാറി. 9  വർഷങ്ങൾക്കു മുൻപുള്ള ഒരു ആഗസ്റ്റ് മാസത്തിൽ ഞാൻ തന്നെയാണ് എന്റെ പ്രണയം അവളോട് ആദ്യമായി തുറന്നു പറഞ്ഞത്, അവൾക്കും സമ്മതമായിരുന്നു.

പിന്നീട് പ്രണയത്തിന്റെ വസന്തകാലമായിരുന്നു ഞങ്ങൾക്കിടയിൽ. നിസാരകാര്യത്തിനു പോലും ഞങ്ങൾക്കിടയിൽ ഒരു വഴക്കുണ്ടായിട്ടില്ല. പരസ്പരം അത്രയും ക്ഷമയും സ്നേഹവും ഞങ്ങൾക്കുണ്ടായിരുന്നു. കൊടുമ്പിരി കൊണ്ട പ്രണയത്തിനിടയിലും ഞങ്ങൾ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ കണ്ടു. മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി, ജോലിയിൽ കയറാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഇതിനിടയിൽ ഞങ്ങളുടെ പ്രണയം വീട്ടുകാർ അറിഞ്ഞു. വിവാഹിതരാകാൻ താൽപര്യമുണ്ട് എന്നു ഞങ്ങൾ അറിയിച്ചെങ്കിലും അവർക്കു സമ്മതമല്ലായിരുന്നു. 

ഉമയുടെ വീട്ടുകാർക്കായിരുന്നു കൂടുതൽ എതിർപ്പ്. കാരണം ഞങ്ങൾ രണ്ടു ജാതിയിൽ പെട്ടവരായിരുന്നു. അവർ ഉയർന്ന വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഉമയെ ഞാൻ പൊന്നു പോലെ നോക്കാം എന്നു വാക്ക് കൊടുത്തിട്ടും അവളെ എനിക്കു തരാൻ വീട്ടുകാർക്കു സമ്മതമല്ലായിരുന്നു. രജിസ്റ്റർ വിവാഹം ചെയ്തു ജീവിതം ആരംഭിക്കാൻ ഞങ്ങളുടെ കൂട്ടുകാർ ഏറെ നിർബന്ധിച്ചു എങ്കിലും ഉമയ്‌ക്കോ എനിക്കോ അതിൽ താല്‍പര്യം ഇല്ലായിരുന്നു. വീട്ടുകാർ പൂര്‍ണമനസോടെ വിവാഹം നടത്തി തരുന്ന നിമിഷത്തിനായി കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ആ കാത്തിരിപ്പിനിടയിൽ വർഷങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഞങ്ങളുടെ പ്രണയം ക്രമേണ ഇല്ലാതാകും എന്നു പറഞ്ഞവർക്കു തെറ്റി. അതു കൂടുതൽ ശക്തമാകുകയായിരുന്നു . ഒടുവിൽ മറ്റു മാർഗങ്ങളില്ലാതെ 2016  ആഗസ്റ്റ് മാസത്തിൽ ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.എല്ലാവരും ഏറെ കണ്ണുവെച്ച ഒന്നായിരുന്നു ഞങ്ങളുടെ പ്രണയം.

പ്രണയബദ്ധരായി ആദ്യ വാലന്റൈൻ ദിനം മുതൽ എല്ലാ പ്രണയദിനങ്ങളും ഞങ്ങൾ ആഘോഷിച്ചിരുന്നു. വാലന്റൈൻസ് ദിനത്തിൽ പരസ്പരം ഒരു കെട്ടു ചുവന്ന റോസാപ്പൂക്കൾ ഞങ്ങൾ കൈമാറുമായിരുന്നു. അവയെല്ലാം ഉമ പൊന്നു പോലെ സൂക്ഷിച്ചിരുന്നു. ഈ പ്രണയദിനത്തിൽ ആ ചുവന്ന റോസാപ്പൂക്കൾ തേടി അവൾ വരില്ല എന്നോർക്കുമ്പോൾ എനിക്കുണ്ടാകുന്ന നഷ്ടത്തിന്റെ വ്യാപ്തി പറഞ്ഞറിയിക്കാൻ ആകുന്നില്ല. എല്ലാ വിശേഷ ദിനങ്ങളിലും ഞങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറുമായിരുന്നു.

എന്റെ വസ്ത്രങ്ങളും ആക്സസറികളും ഉമയാണ് തെരെഞ്ഞെടുത്തിരുന്നത്, അവളുടേത് ഞാനും. പരസ്പരം ഇഷ്ടങ്ങൾ മനസിലാക്കുന്നു എന്നതായിരുന്നു ഞങ്ങളുടെ വിജയം. എല്ലാം ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് എനിക്കു നഷ്ടമായി എന്നു മനസിലാക്കുമ്പോഴും അടുത്ത ജന്മത്തിലും എനിക്കു പങ്കാളിയായി എന്റെ ഉമയെ തന്നെ കിട്ടണം എന്ന പ്രാർഥന മാത്രമേയുള്ളൂ. എന്റെ വീട്ടുകാരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. കാരണം, ഉമ എല്ലാവര്‍ക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.

കാർത്തിക്കിന് തന്റെ വാക്കിലും മനസിലും ഉമയോടുള്ള അടങ്ങാത്ത പ്രണയം മറച്ചു വയ്ക്കാനാവുന്നില്ല 

Related Articles
ഇതാ ഒരു മാതൃകാപ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്ക് മുന്നിൽ !
എന്റെ വാലന്റൈന് ഞാൻ ഏതു നിറത്തിലുള്ള പൂക്കൾ നൽകും
© Copyright 2017 Manoramaonline. All rights reserved.